Monday, August 31, 2009

മുനീറിന്റേത് രാഷ്ട്രീയ- മാധ്യമ അഴിമതി

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് കേന്ദ്രമന്ത്രിസ്ഥാനത്തിരുന്ന് വിശ്വാസികളുടെ ഹജ്ജ് മോഹമാണ് വിറ്റ് കാശാക്കിയതെങ്കില്‍, സംസ്ഥാന നേതാവ് അധികാര ദുര്‍വിനിയോഗവും അതിന്റെ ഭാഗമായ വഞ്ചനയും നടത്തിയതായി കോടതിയില്‍ തെളിഞ്ഞിരിക്കുന്നു. ഹജ്ജ് ക്വോട്ട അഴിമതിയില്‍നിന്ന് അഹമ്മദിനെ രക്ഷിക്കാന്‍ അസ്വാഭാവികമായ നീക്കങ്ങള്‍ പലതും നടക്കുന്നു എന്നുള്ള ഡല്‍ഹി വാര്‍ത്തകള്‍ക്കു നടുവിലാണ് മുന്‍ മന്ത്രി എം കെ മുനീറിനെ കോടതി വണ്ടിച്ചെക്കുകേസില്‍ ശിക്ഷിച്ചതായുള്ള വിവരം പുറത്തുവരുന്നത് എന്നത് യാദൃച്ഛികമാകാം. മുസ്ളിംലീഗ് എന്ന പാര്‍ടിയും അത് ഉള്‍പ്പെടുന്ന യുഡിഎഫ് മുന്നണിയും അഴിമതിയുടെ ദുഷിച്ച മാര്‍ഗത്തില്‍ എത്രത്തോളം മുന്നേറി എന്നുതെളിയിക്കുന്ന സംഭവങ്ങളാണ് രണ്ടും.

ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ. എം കെ മുനീറിനെ തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അമീര്‍ അലി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം തടവ് കൂടി അനുഭവിക്കണം. പൊതുമരാമത്തുമന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പ എന്ന പേരില്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചുകൊടുക്കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ഈ ശിക്ഷ എന്നതുകൊണ്ട് 'വണ്ടിച്ചെക്ക് കേസ്' എന്ന് ലളിതമായി പറഞ്ഞുപോകുന്നുണ്ടെങ്കിലും അതിലുമപ്പുറം അധികാരസ്ഥാനത്തുനിന്നുള്ള അഴിമതി, അതിനുവണ്ടി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യല്‍ എന്നിങ്ങനെയുള്ള സുപ്രധാന പ്രശ്നങ്ങളാണ് ഈ കേസില്‍ പരിശോധിക്കപ്പെടേണ്ടത്.

പൊതുമരാമത്തുവകുപ്പ് യുഡിഎഫ് കാലത്ത് കൈകാര്യം ചെയ്തിരുന്നത് എം കെ മുനീറാണ്. അതേ വകുപ്പിന്റെ പണികള്‍ വന്‍തോതില്‍ ഏറ്റെടുത്തുനടത്തുന്ന കരാറുകാരനായ കോട്ടയം വെള്ളാപ്പള്ളിയില്‍ മാത്യു അലക്സില്‍നിന്ന് 25 ലക്ഷം രൂപ വായ്പയെന്ന വ്യാജേന വാങ്ങി വഞ്ചിച്ച കേസിലാണ് ശിക്ഷ. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് വണ്ടിച്ചെക്ക് നല്‍കിയത്. മന്ത്രിസ്ഥാനമുപയോഗിച്ചാണ് പണം പറ്റിയതെന്നതില്‍ ഒരു തര്‍ക്കവുമില്ല. മന്ത്രിയായിരുന്നുകൊണ്ട് കരാറുകാരെ വശപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പൊതുമരാമത്തുജോലികള്‍ അനര്‍ഹര്‍ക്ക് നല്‍കിയുമാണ് ഇന്ത്യാവിഷന്‍ ചാനല്‍ മുനീര്‍ നടത്തിയതെന്ന ആക്ഷേപം പുതിയതല്ല. പലവട്ടം ഞങ്ങള്‍തന്നെ അത് ചൂണ്ടിക്കാട്ടിയതാണ്.

ഇപ്പോള്‍ ശിക്ഷിച്ചതിനുപുറമെ സമാന സ്വഭാവമുള്ള കേസ് വേറെയുമുണ്ട്. 20 ലക്ഷം രൂപ കടമായി വാങ്ങി വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് മുനീറിനെതിരെ കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ത്യാ വിഷന്റെ പേരില്‍ വായ്പയെടുത്ത് സംസ്ഥാന സഹകരണ ബാങ്കിനെ കബളിപ്പിച്ചതു സംബന്ധിച്ച് മുനീറിനും കൂട്ടര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിരുന്നു. എട്ടു കോടി രൂപയാണ് സംസ്ഥാന സഹകരണ ബാങ്കിനു നഷ്ടപ്പെട്ടത്. മന്ത്രി വിളിച്ച് കടംചോദിച്ചാല്‍ കരാറുകാര്‍ ലക്ഷങ്ങള്‍ കൊടുക്കുന്നത് വെറുതെയല്ലെന്നും ആ ഇടപാടില്‍ അടങ്ങിയിരിക്കുന്നത് അഴിമതിയുടെ ഏറ്റവും നീചമായ രൂപമാണെന്നും മനസ്സിലാക്കാന്‍ സാമാന്യബോധം മതി. ഇതിപ്പോള്‍, കൊടുത്ത പണം തിരികെ ചോദിക്കാനുള്ള ആര്‍ജവം ഒരു കരാറുകാരന്‍ കാണിച്ചതുകൊണ്ടാണ് കേസായതും ശിക്ഷ വന്നതും.

എന്നാല്‍, മുനീറിന്റെ 'സേവനം' ഇനിയും പ്രതീക്ഷിക്കുന്നവരും നിയമപരമായ വഴികള്‍ തേടി വിവാദമുണ്ടാക്കേണ്ടെന്നു ചിന്തിക്കുന്നവരും കൊടുത്ത പണത്തിന്റെ പ്രയോജനം യുഡിഎഫ് ഭരണകാലത്തു കിട്ടിയവരും അനേകമുണ്ട്. അത്തരക്കാരുടെ ചെലവിലാണ് ഇന്ത്യാ വിഷന്‍ എന്ന വാര്‍ത്താ ചാനല്‍ ഉയര്‍ന്നു പൊന്തിയതും നിലനിന്നതും. കേരളത്തിലെ യുഡിഎഫ് രാഷ്ട്രീയത്തിലെ വിശുദ്ധ മുഖമായാണ് മാധ്യമങ്ങള്‍ എം കെ മുനീറിനെ അവതരിപ്പിക്കാറുള്ളത്. മിസ്റ്റര്‍ ക്ളീന്‍ പരിവേഷം നല്‍കി വിമര്‍ശനങ്ങളില്‍നിന്ന് രക്ഷിച്ച് മാധ്യമങ്ങള്‍ കൊണ്ടുനടക്കുന്ന ആ നേതാവ് സ്വന്തം പാര്‍ടിയിലെയും മുന്നണിയിലെയും മറ്റുള്ളവരെപ്പോലെയോ അതിനേക്കാള്‍ ഉയര്‍ന്ന അളവിലോ കൊടിയ അഴിമതിക്കാരനാണെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത് നീതിപീഠംതന്നെയാണ്. അതില്‍ അപ്പീലിന്റെയോ കൂടുതല്‍ പരിശോധനയുടെയോ ആവശ്യംപോലും ഉദിക്കുന്നില്ല.

മുനീര്‍ എന്ന കുറ്റവാളിയെ സംരക്ഷിക്കാന്‍ മുസ്ളിംലീഗ് ഏതറ്റംവരെ പോകും എന്നറിയാനുള്ള താല്‍പ്പര്യം എല്ലാ ജനങ്ങള്‍ക്കുമുണ്ടാകും. ഇ അഹമ്മദിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ ഏതുവാതിലും മുട്ടാന്‍ ലജ്ജയില്ലാത്തവര്‍ക്ക്, മുനീറിനുവേണ്ടി അത്തരം ശ്രമം നടത്താനുള്ള പഴുതുപോലും അവശേഷിക്കുന്നില്ല എന്നതാണ് വാസ്തവം.

രാഷ്ട്രീയ അഴിമതിയോടൊപ്പം തന്നെ, മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങളെ എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതും അഴിമതിയില്‍ മാധ്യമങ്ങള്‍ എങ്ങനെ പങ്കാളികളാകുന്നുവെന്നതും തെളിയിക്കുന്നതുകൂടിയാണ് മുനീര്‍ ശിക്ഷിക്കപ്പെട്ട കേസ്. ചെയര്‍മാന്‍ പദവിയിലിരിക്കുന്ന തന്നെക്കുറിച്ചായാല്‍പോലും നിര്‍ഭയം റിപ്പോര്‍ട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ത്യാവിഷനുണ്ടെന്നാണ്, കുഞ്ഞാലിക്കുട്ടി കേസ് കൈകാര്യംചെയ്തതില്‍ സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നപ്പോള്‍ മുനീര്‍ പറഞ്ഞത്.

ഇവിടെ ഒരു മന്ത്രിയായ മുനീര്‍, ഇന്ത്യാവിഷനുവേണ്ടി അഴിമതിപ്പണം പറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്ത ആ ചാനല്‍ കണ്ടതേയില്ല. സഹോദര ചാനലുകള്‍ക്കും അത് പ്രാധാന്യമുള്ളതോ ചര്‍ച്ചചെയ്യപ്പെടേണ്ടതോ ആയ വാര്‍ത്തയായി തോന്നിയില്ല. ലജ്ജാശൂന്യമായ യുഡിഎഫ് ദാസ്യമാണ് ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങളാകെ കാണിച്ചത്. ഇതേകൂട്ടര്‍ മറ്റു പലകേസുകളും ആവേശത്തോടെ ചാടിപ്പിടിക്കുന്നതും കൊലയാളിയായ ഗുണ്ടയുടെ അമ്മയെ കണ്ടെത്തി അഭിമുഖം നടത്തി അവര്‍ പറയുന്നതാണ് പരമമായ സത്യം എന്നരീതിയില്‍ പ്രചാരണം നടത്തിയതും കഴിഞ്ഞ ദിവസമാണ് നാം കണ്ടത്. എല്‍ഡിഎഫ് സര്‍ക്കാരിനെയും പൊലീസിനെയും വിവാദത്തില്‍ കുളിപ്പിക്കാനുള്ള പണിയായിരുന്നു അത്. അത്തരക്കാര്‍തന്നെ മുനീറിനെ ശിക്ഷിച്ച കോടതിവിധി അവഗണനാര്‍ഹമായ സാധാരണ വാര്‍ത്തയാക്കുന്നു. അഴിമതിക്കാരും അവരെ സംരക്ഷിക്കുന്നവരുമാണ് മാധ്യമ രംഗത്തും ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ഇതിനര്‍ഥം. അത്തരക്കാരെ തുറന്നുകാട്ടാനുള്ള ബഹുജന വികാരമാണ് കേരളത്തില്‍ ഉയരേണ്ടത്. പൊതുജന മധ്യത്തില്‍ ഇവരുടെ പൊയ്മുഖം വലിച്ചുകീറുകതന്നെ വേണം.

ദേശാഭിമാനി മുഖപ്രസംഗം 31 ആഗസ്റ്റ് 2009

1 comment:

  1. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് കേന്ദ്രമന്ത്രിസ്ഥാനത്തിരുന്ന് വിശ്വാസികളുടെ ഹജ്ജ് മോഹമാണ് വിറ്റ് കാശാക്കിയതെങ്കില്‍, സംസ്ഥാന നേതാവ് അധികാര ദുര്‍വിനിയോഗവും അതിന്റെ ഭാഗമായ വഞ്ചനയും നടത്തിയതായി കോടതിയില്‍ തെളിഞ്ഞിരിക്കുന്നു. ഹജ്ജ് ക്വോട്ട അഴിമതിയില്‍നിന്ന് അഹമ്മദിനെ രക്ഷിക്കാന്‍ അസ്വാഭാവികമായ നീക്കങ്ങള്‍ പലതും നടക്കുന്നു എന്നുള്ള ഡല്‍ഹി വാര്‍ത്തകള്‍ക്കു നടുവിലാണ് മുന്‍ മന്ത്രി എം കെ മുനീറിനെ കോടതി വണ്ടിച്ചെക്കുകേസില്‍ ശിക്ഷിച്ചതായുള്ള വിവരം പുറത്തുവരുന്നത് എന്നത് യാദൃച്ഛികമാകാം. മുസ്ളിംലീഗ് എന്ന പാര്‍ടിയും അത് ഉള്‍പ്പെടുന്ന യുഡിഎഫ് മുന്നണിയും അഴിമതിയുടെ ദുഷിച്ച മാര്‍ഗത്തില്‍ എത്രത്തോളം മുന്നേറി എന്നുതെളിയിക്കുന്ന സംഭവങ്ങളാണ് രണ്ടും.

    ReplyDelete