Saturday, August 29, 2009

ഗോര്‍ക്കിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന ബൂര്‍ഷ്വാ പത്രങ്ങളിലെ കെട്ടുകഥ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബൂര്‍ഷ്വാ വര്‍ത്തമാനപ്പത്രങ്ങള്‍ ഏറ്റവും സംഭ്രമജനകമായ ഒരു വാര്‍ത്താശകലത്തിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ഗോര്‍ക്കിയെ പുറത്താക്കിയെന്ന വാര്‍ത്ത. ഫ്രാന്‍സിലെ എല്‍ എക്ലയര്‍, ലെ റാഡിക്കല്‍, ജര്‍മ്മനിയിലെ ബര്‍ലിനര്‍ ടാഗെബ്ലാറ്റ്, റഷ്യയിലെ അള്‍ട്രോ റോസി, റെച്ച്, റുസ്കൊയെ സ്ലോവോ, നോവോയെവ്രമ്യ എന്നീ പത്രങ്ങള്‍ ഇതില്‍ പെടുന്നു. ഈ വിവരം കെട്ട റിപ്പോര്‍ട്ടിന്റെ ഒരു നിഷേധം വോര്‍വാര്‍ട്സ് ഇതിനകം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രോലത്താരിയുടെ പത്രാധിപസമിതി പല പത്രങ്ങള്‍ക്കും നിഷേധക്കുറിപ്പ് അയച്ചുവെങ്കിലും ബൂര്‍ഷ്വാ പത്രലോകം അത് അവഗണിക്കുകയും ഈ അപവാദം പെരുപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.

അതെങ്ങനെ ആരംഭിച്ചു എന്ന് കാണാന്‍ വിഷമമില്ല. ഒരു വാക്കിന് ഒരു പൈസ വീതം പ്രതിഫലം പറ്റുന്ന ഏതോ കൂലിയെഴുത്തുകാരന്‍ “ഒട്ട്സോവിസ”*ത്തെയും “ദൈവസൃഷ്ടി”**യെയും സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസത്തെപ്പറ്റി അടക്കം പറച്ചില്‍ യാദൃച്ഛയാ കേള്‍ക്കുകയുണ്ടായി. ( ഈ പ്രശ്നം ഏതാണ്ടൊരു കൊല്ലക്കാലമായി പരസ്യമായി പാര്‍ട്ടിയില്‍ സാമാന്യമായും, “പ്രോലത്താരി”***യില്‍ വിശേഷിച്ചും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.) പക്ഷേ, അയാള്‍ തനിക്ക് ലഭിച്ച വിവരശകലങ്ങള്‍ കൂട്ടിത്തുന്നുന്നതില്‍ ഏറ്റവും നീചമായ ഒരു കൂട്ടിക്കുഴയ്ക്കല്‍ നടത്തുകയും സാങ്കല്‍പ്പികമായ “അഭിമുഖസംഭാഷണങ്ങ“ളില്‍ നിന്നും മറ്റും “നല്ലൊരു സംഖ്യ” സമ്പാദിക്കുകയും ചെയ്തു.

ഈ അപവാദപ്രചരണത്തിന്റെ ലക്ഷ്യം അത്ര തന്നെ വ്യക്തമാണ്. ഗോര്‍ക്കി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിടണമെന്ന് ബൂര്‍ഷ്വാ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ആളിക്കത്തിക്കുവാനും അവയെ സംബന്ധിച്ച് വികൃതമാക്കപ്പെട്ട ഒരു ചിത്രം നല്‍കുവാനും ബൂര്‍ഷ്വാ പത്രലോകം അവരാലാവുന്നതെല്ലാം ചെയ്യുന്നുണ്ട്.

അവരുടെ അധ്വാനം വിഫലമാണ്. അവയ്ക്കെല്ലാം അങ്ങേയറ്റം അവജ്ഞയോടു കൂടി മാത്രം മറുപടി പറയത്തക്കവിധം സഖാവ് ഗോര്‍ക്കി തന്റെ മഹത്തായ കലാസൃഷ്ടികളിലൂടെ റഷ്യയിലും ലോകത്തെങ്ങുമുള്ള തൊഴിലാളി പ്രസ്ഥാനവുമായി അത്യന്തം ഗാഢമായി സ്വയം ബന്ധപ്പെട്ടിരിക്കുന്നു.

പ്രോലത്തിരി, ലക്കം 50
നവംബര്‍ 28(ഡിസംബര്‍ 11), 1909

*

* ഒട്ട്സോവിസം - തിരികെ വിളിക്കുക എന്നര്‍ത്ഥമുള്ള “ഒട്ട്സോവാട്” എന്ന റഷ്യന്‍ വാക്കില്‍ നിന്ന്. പിന്തിരിപ്പത്വത്തിന്റെ കാലഘട്ടത്തില്‍ നിയമവിധേയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്നും, മൂന്നാം ഡ്യൂമയില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. “ഒട്ട്സോവിസ്റ്റുകള്‍” എന്നാണ് അവര്‍ അറിയപ്പെട്ടത്. അവരുടെ സിദ്ധാന്തം “ഒട്ട്സോവിസം”.

** ദൈവസൃഷ്ടി - സ്ലോളിപ്പന്‍ പിന്തിരിപ്പത്വത്തിന്റെ കാലത്ത് ഉടലെടുത്ത ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ മതപര തത്വശാസ്ത്രപ്രവണത. 1905-07 ലെ വിപ്ലവത്തിന്റെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ബുദ്ധിജീവികള്‍ മാര്‍ക്സിസം ഉപേക്ഷിക്കുകയും ഒരു പുതിയ ‘“സോഷ്യലിസ്റ്റ്” മതം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

*** പ്രോലത്താരി (Proletari) - റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയുടെ നാലാം (ഐക്യ) കോണ്‍ഗ്രസിനു ശേഷം ബോള്‍ഷെവിക്കുകള്‍ സ്ഥാപിച്ച ഒരു നിയമവിരുദ്ധ വര്‍ത്തമാനപ്പത്രം. 1906ല്‍ പ്രസിദ്ധീകരണമാരംഭിച്ചു.

കടപ്പാട്: മാര്‍ക്സിസ്റ്റ് സംവാദം

1 comment:

  1. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബൂര്‍ഷ്വാ വര്‍ത്തമാനപ്പത്രങ്ങള്‍ ഏറ്റവും സംഭ്രമജനകമായ ഒരു വാര്‍ത്താശകലത്തിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ഗോര്‍ക്കിയെ പുറത്താക്കിയെന്ന വാര്‍ത്ത. ഫ്രാന്‍സിലെ എല്‍ എക്ലയര്‍, ലെ റാഡിക്കല്‍, ജര്‍മ്മനിയിലെ ബര്‍ലിനര്‍ ടാഗെബ്ലാറ്റ്, റഷ്യയിലെ അള്‍ട്രോ റോസി, റെച്ച്, റുസ്കൊയെ സ്ലോവോ, നോവോയെവ്രമ്യ എന്നീ പത്രങ്ങള്‍ ഇതില്‍ പെടുന്നു. ഈ വിവരം കെട്ട റിപ്പോര്‍ട്ടിന്റെ ഒരു നിഷേധം വോര്‍വാര്‍ട്സ് ഇതിനകം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രോലത്താരിയുടെ പത്രാധിപസമിതി പല പത്രങ്ങള്‍ക്കും നിഷേധക്കുറിപ്പ് അയച്ചുവെങ്കിലും ബൂര്‍ഷ്വാ പത്രലോകം അത് അവഗണിക്കുകയും ഈ അപവാദം പെരുപ്പിച്ചുകൊണ്ടിരിക്കുകയുമാണ്...

    ReplyDelete