Tuesday, August 25, 2009

ബിജെപിയുടെ പ്രതിസന്ധി

വേറിട്ടൊരു പാര്‍ടി എന്ന് അവകാശപ്പെട്ടിരുന്ന ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥ എത്രമാത്രം പരിതാപകരമാണെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ആ പാര്‍ടിയില്‍ നടക്കുന്നത്. ജിന്നയെ വാഴ്ത്തിയതിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതിന്റെ വിവാദം കത്തിനില്‍ക്കുമ്പോഴാണ് സുധീന്ദ്രകുല്‍ക്കര്‍ണി ബിജെപി വിടുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ ഉപദേശകനും അദ്വാനിയുടെ പ്രസംഗം എഴുത്തുകാരനുമായ കുല്‍ക്കര്‍ണിക്ക് ബിജെപിയുടെ നയരൂപീകരണത്തില്‍ നല്ല പങ്കുണ്ടായിരുന്നു. അദ്വാനി പ്രസിഡന്റായിരുന്ന കാലത്ത് ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന കുല്‍ക്കര്‍ണി അഭിപ്രായസ്വാതന്ത്ര്യം നിലനിര്‍ത്താനാണ് ബിജെപി വിടുന്നതെന്നാണ് പറഞ്ഞത്. ജനാധിപത്യപ്രവര്‍ത്തന രീതികളൊന്നും ബിജെപിയിലില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. ജസ്വന്ത് സിങ്ങിനെ പുറത്താക്കിയ രീതിയെ ശക്തിയായി വിമര്‍ശിച്ചതിനും ഈ ധ്വനിയാണ് ഉണ്ടായിരുന്നത്.

കേന്ദ്രനേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് പരിഹാസ്യമായ അവസ്ഥയിലേക്ക് ആ പാര്‍ടിയെ എത്തിച്ചിരിക്കുന്നു. ബിജെപി ശക്തമായ സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഉത്തരാഞ്ചലിലെ വിമതകലാപത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയെ മാറ്റുന്നതിന് ബിജെപി നിര്‍ബന്ധിതമായി. രാജസ്ഥാനിലെ പ്രതിപക്ഷനേതാവ് വസുന്ധര രാജയോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് ഇതുവരെ തയ്യാറായിട്ടില്ല. രാജ്യസഭാ നേതാവായി അരുണ്‍ ജെയ്റ്റ്ലിയെ നിശ്ചയിച്ചതും ലോക്സഭാ ഉപനേതാവായി സുഷമ സ്വരാജിനെ നിശ്ചയിച്ചതും തര്‍ക്കമുണ്ടാക്കിയിരുന്നു. യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കളും കലഹത്തിന്റെ വഴിയിലാണ്. അധികാരം നഷ്ടപ്പെട്ടതിനുശേഷം ബിജെപിക്ക് കരകയറാന്‍ കഴിയുന്നില്ലെന്നു തിരിച്ചറിഞ്ഞ പലരും ആ പാര്‍ടിയില്‍നിന്ന് വിട്ടുപോവുകയാണ്.

ആറുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം വീണ്ടും അധികാരത്തില്‍ കയറാന്‍ കഴിയുമെന്നാണ് തിളങ്ങുന്ന ഇന്ത്യയെ അവതരിപ്പിച്ച് ബിജെപി കരുതിയത്. ബിജെപിയുടെ വര്‍ഗീയ അജന്‍ഡയെ അന്ന് ജനങ്ങള്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വകാര്‍ഡ് ഇറക്കാനാണ് ബിജെപി ശ്രമിച്ചത്. മോഡിയെ ഉയര്‍ത്തിക്കാണിച്ചും വര്‍ഗീയവിഷം വമിപ്പിക്കുന്ന വരുണ്‍ഗാന്ധി മോഡല്‍ പ്രസംഗങ്ങളിലൂടെയും ഇതാണ് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ജനം അത് തള്ളിക്കളയുകയാണ് ചെയ്തത്. പ്രതിപക്ഷത്തിരുന്നപ്പോഴൊന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ലമെന്റിനകത്തും പുറത്തും സമരം ചെയ്യുന്നതിന് അവര്‍ തയ്യാറായില്ല. സാമ്പത്തികനയത്തിലും വിദേശനയത്തിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യസ്തതയില്ലെന്ന് ശരിയായി മനസ്സിലാക്കുന്നതിന് ഇത് സഹായിച്ചു. പുതിയ യുപിഎ സര്‍ക്കാരിനോടുള്ള സമീപനത്തിലും ഇത് തെളിഞ്ഞുകാണാം. ഇതൊന്നും മനസ്സിലാക്കാതെ ഇരുട്ടില്‍ കറുത്ത പൂച്ചയെ തപ്പുന്ന പണിയാണ് ബൈഠക്കുകളിലൂടെ നടത്തുന്നത്. ആ സന്ദര്‍ഭത്തിലാണ് കൂനിന്‍മേല്‍ കുരുവെന്ന മട്ടില്‍ തമ്മിലടിയും ചേരിപ്പോരും മുറുകുന്നത്.

മറുവശത്ത് ആര്‍എസ്എസ് തങ്ങളുടെ പിടി മുറുക്കുന്നതിനു ശ്രമിക്കുകയാണ്. ബിജെപിക്ക് യുവനേതൃത്വം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇപ്പോഴത്തെ നേതൃത്വത്തിനു ജനങ്ങളുടെയും പാര്‍ടിയുടെയും അംഗീകാരമില്ലെന്ന കാര്യവും അവര്‍ വ്യക്തമാക്കി. ഈ ഗുരുതരമായ സാഹചര്യം സ്വയം ശിഥിലമാകുന്നതിലേക്കാണ് ബിജെപി പോകുന്നത് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. തീവ്ര വര്‍ഗീയനിലപാട് പിന്തുടരുന്നതിനെയും ആര്‍എസ്എസ് പിടിമുറുക്കുന്നതിനെതിരെയും ബിജെപിക്കകത്ത് വ്യത്യസ്ത അഭിപ്രായം ശക്തിപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനെപ്പോലും പിന്നിലാക്കുന്ന രൂപത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും മറ്റും ബിജെപിയിലും ശക്തിപ്പെടുന്നു. ചിന്തന്‍ ബൈഠക്കുകള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന അസുഖമല്ലിത്. ബിജെപിയുടെ ശരീരത്തെ കാര്‍ന്നുതിന്നുന്ന ഈ രോഗങ്ങള്‍ ആ പാര്‍ടിയുടെ രൂപീകരണത്തില്‍ത്തന്നെ ഉള്ളടക്കംചെയ്തതാണ്. സ്വയം തല്ലിത്തകര്‍ന്ന യാദവകുലത്തിന്റെ അവസ്ഥയിലേക്കാണ് ആ പാര്‍ടി പോകുന്നതെന്നു സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.

ദേശാഭിമാനി മുഖപ്രസംഗം 25 ആഗസ്റ്റ് 2009

1 comment:

  1. വേറിട്ടൊരു പാര്‍ടി എന്ന് അവകാശപ്പെട്ടിരുന്ന ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥ എത്രമാത്രം പരിതാപകരമാണെന്നു തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ആ പാര്‍ടിയില്‍ നടക്കുന്നത്. ജിന്നയെ വാഴ്ത്തിയതിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതിന്റെ വിവാദം കത്തിനില്‍ക്കുമ്പോഴാണ് സുധീന്ദ്രകുല്‍ക്കര്‍ണി ബിജെപി വിടുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ ഉപദേശകനും അദ്വാനിയുടെ പ്രസംഗം എഴുത്തുകാരനുമായ കുല്‍ക്കര്‍ണിക്ക് ബിജെപിയുടെ നയരൂപീകരണത്തില്‍ നല്ല പങ്കുണ്ടായിരുന്നു. അദ്വാനി പ്രസിഡന്റായിരുന്ന കാലത്ത് ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന കുല്‍ക്കര്‍ണി അഭിപ്രായസ്വാതന്ത്ര്യം നിലനിര്‍ത്താനാണ് ബിജെപി വിടുന്നതെന്നാണ് പറഞ്ഞത്. ജനാധിപത്യപ്രവര്‍ത്തന രീതികളൊന്നും ബിജെപിയിലില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. ജസ്വന്ത് സിങ്ങിനെ പുറത്താക്കിയ രീതിയെ ശക്തിയായി വിമര്‍ശിച്ചതിനും ഈ ധ്വനിയാണ് ഉണ്ടായിരുന്നത്.

    ReplyDelete