Thursday, August 20, 2009

ഗവായിക്ക് ഇപ്പോള്‍ അറ്റോര്‍ണി ജനറലിനെ വേണം

ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍, ഗവര്‍ണര്‍ ആര്‍ എസ് ഗവായ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടുമെന്ന വാര്‍ത്ത നിയമ-രാഷ്ട്രീയ വൃത്തങ്ങളില്‍ കൌതുകമുണര്‍ത്തുന്നു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന്, അഡ്വക്കറ്റ് ജനറലിന്റെ ഉപദേശവുംകൂടി പരിഗണിച്ച് മന്ത്രിസഭ തീരുമാനിച്ചതിനെ മറികടക്കാന്‍ ഗവര്‍ണര്‍ ആശ്രയിച്ചത് അജ്ഞാതനായ മുന്‍ ഹൈക്കോടതി ജഡ്ജിയെയായിരുന്നു. അന്ന് അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അഭിപ്രായം തേടാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ ഇനി അറ്റോര്‍ണി ജനറലിനെ തേടിപ്പോകുമെന്ന മാതൃഭൂമി വാര്‍ത്ത ഉണര്‍ത്തുന്നത് പരിഹാസം.

തന്നിഷ്ടപ്രകാരം രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടാതെ ആര്‍ എസ് ഗവായ് വളഞ്ഞ വഴി സ്വീകരിച്ചത്. ഈ പ്രശ്നം എന്തായാലും സുപ്രീംകോടതിയില്‍ വരും. അപ്പോള്‍ ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍തന്നെ കോടതിയില്‍ വരുന്നതാണ് നല്ലത്. പിണറായിയുടെ ഹര്‍ജിയില്‍ സിബിഐയെ എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. തെളിവുകളോ യുക്തിയോ ഇല്ലാതെ ലാവ്ലിന്‍ കേസില്‍ തന്നെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാണ് പിണറായി ആവശ്യപ്പെടുന്നത്. സിബിഐയെക്കൂടി എതിര്‍കക്ഷിയാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ തിടുക്കപ്പെട്ട് നിയമകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുതുടങ്ങിയതെന്ന് വാര്‍ത്ത സൂചിപ്പിക്കുന്നു.

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. സുപ്രീംകോടതി അഭിപ്രായം ആരായുകയോ നോട്ടീസ് ലഭിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുള്ളൂ. അതിനു വിരുദ്ധമായ നടപടി സങ്കുചിത-കക്ഷിരാഷ്ട്രീയമാണ്. മുന്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണെന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 197 അനുശാസിക്കുന്നു. സംസ്ഥാന ഗവമെന്റ് എന്നാല്‍, മന്ത്രിസഭയല്ല ഗവര്‍ണര്‍ മാത്രമാണ് എന്നാണ് ഗവായിയുടെയും സിബിഐയുടെയും നിലപാട്. ഇതു നടപ്പാക്കുന്നതിനുവേണ്ടി ഗവര്‍ണറും സിബിഐയും കേന്ദ്രഭരണകക്ഷിയും ഒത്തുകളിച്ച് ഗൂഢമാര്‍ഗങ്ങളിലൂടെ മുന്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുകയായിരുന്നു. ഇതിന്റെ കള്ളി സുപ്രീംകോടതിയില്‍ പൊളിഞ്ഞുപോകുമെന്ന ആശങ്ക കാരണമാണ് കോടതി ആവശ്യപ്പെടാതെ കേസില്‍ ഇടപെടുന്ന ഗവര്‍ണറുടെ നടപടി.

പിണറായിക്കെതിരായ സിബിഐ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദത്തിന് അടിസ്ഥാനമുണ്ടെന്ന് സിബിഐ കോടതിയുടെ ഉത്തരവുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനുള്ള കരാര്‍ ലാവ്ലിന് നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ ആദ്യം പ്രതിയാക്കേണ്ടത് ജി കാര്‍ത്തികേയനെയാണെന്ന് നിയമകേന്ദ്രങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയി രുന്നു. കാര്‍ത്തികേയനെ ഒഴിവാക്കുകയും പിണറായിയെ പ്രതിയാക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അഡ്വക്കറ്റ് ജനറലും ചൂണ്ടിക്കാട്ടി. എന്നാല്‍, അതിനെ മറികടന്ന് കുറ്റപത്രവുമായി കോടതിയിലെത്തിയപ്പോള്‍ കോടതി ഉത്തരവിട്ടത് കാര്‍ത്തികേയന്റെ പങ്ക് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു.

ആര്‍ എസ് ബാബു ദേശാഭിമാനി

1 comment:

  1. ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍, ഗവര്‍ണര്‍ ആര്‍ എസ് ഗവായ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടുമെന്ന വാര്‍ത്ത നിയമ-രാഷ്ട്രീയ വൃത്തങ്ങളില്‍ കൌതുകമുണര്‍ത്തുന്നു. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന്, അഡ്വക്കറ്റ് ജനറലിന്റെ ഉപദേശവുംകൂടി പരിഗണിച്ച് മന്ത്രിസഭ തീരുമാനിച്ചതിനെ മറികടക്കാന്‍ ഗവര്‍ണര്‍ ആശ്രയിച്ചത് അജ്ഞാതനായ മുന്‍ ഹൈക്കോടതി ജഡ്ജിയെയായിരുന്നു. അന്ന് അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അഭിപ്രായം തേടാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ ഇനി അറ്റോര്‍ണി ജനറലിനെ തേടിപ്പോകുമെന്ന മാതൃഭൂമി വാര്‍ത്ത ഉണര്‍ത്തുന്നത് പരിഹാസം.

    ReplyDelete