റെഡ് സല്യൂട്ട്, മുരളി അരങ്ങില്‍നിന്ന് മനസ്സുകളിലേക്ക് അനായാസേന കടന്നുകയറിയ അഭിനയപ്രതിഭ എന്ന വിശേഷണത്തിനും എത്രയോ ഉയരത്തിലാണ് മുരളിയുടെ സ്ഥാനം. മുഖത്ത് ചായം പൂശി വെള്ളിവെളിച്ചത്തിനുമുന്നില്‍ ആടിത്തിമിര്‍ത്ത് സ്വന്തം മടയിലേക്ക് തിരിച്ചുകയറുന്ന അഭിനയയന്ത്രമോ പ്രശസ്തിയുടെ കൊടുമുടിയില്‍നിന്ന് സകലതിനെയും പുച്ഛിച്ചുചിരിക്കുന്ന നക്ഷത്രമനുഷ്യനോ ആയിരുന്നില്ല മലയാളത്തിന്റെ മുരളി. അരുവിക്കരയുടെ മണ്ണില്‍ ലയിച്ചുചേര്‍ന്ന ആ മഹത്വം സിനിമയുടെ, നാടകത്തിന്റെ, സാഹിത്യത്തിന്റെ, മലയാളിമനസ്സിന്റെ പ്രാതിനിധ്യമായിരുന്നു; ഉശിരായിരുന്നു. ഉന്നതനായ കലാകാരനും പച്ചയായ മനുഷ്യനും സമര്‍പ്പിതനായ കമ്യൂണിസ്റുമായിരുന്നു മുരളി. ആ നിലയ്ക്ക് അതുല്യമായിരുന്നു ആ ജീവിതം. അരങ്ങിലും വെള്ളിത്തിരയിലും നിറഞ്ഞാടിയ മുരളി ജീവിതത്തില്‍മാത്രം അഭിനയിക്കാന്‍ അറിയാത്തവനായി. സമൂഹത്തിന്റെ വേദന സ്വന്തം വേദനയായി ഏറ്റുവാങ്ങാനും അനീതികളോട് പൊരുതാനും മുരളിക്കുമുന്നില്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല. രാഷ്ട്രീയ ചായ്വുകള്‍ പരസ്യപ്പെടുമ്പോള്‍ 'പൊതുസ്വീകാര്യത' നഷ്ടമാകുമെന്ന തിയറി മുരളി എന്ന രാഷ്ട്രീയക്കാരനെ തടഞ്ഞുനിര്‍ത്താന്‍ കെല്‍പ്പുള്ളതായിരുന്നില്ല. കമ്യൂണിസ്റാണ് താനെന്ന് അവസരം കിട്ടുമ്പോഴൊക്കെ അദ്ദേഹം വിളിച്ചുപറഞ്ഞു. ആലപ്പുഴയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ വോട്ടുതേടിയപ്പോഴും പൊതുയോഗങ്ങളില്‍ അണമുറിയാത്ത വാക്കുകളിലൂടെ രാഷ്ട്രീയപ്രശ്നങ്ങള്‍ വിശദീകരിച്ചപ്പോഴും ഒടുവില്‍ ചെങ്കൊടി പുതച്ച അന്ത്യയാത്രയിലും ആ കറകളഞ്ഞ രാഷ്ട്രീയക്കാരന്റെ അഭിമാനമാണ് തിളങ്ങിയത്. സഹനടനുള്ള സംസ്ഥാന പുരസ്കാരം മുതല്‍ ഭരത് അവാര്‍ഡുവരെ നീളുന്ന ബഹുമതികള്‍ മുരളിയിലെ അഭിനേതാവിനു കിട്ടിയ അംഗീകാരങ്ങളാണ്. ആശാന്‍ കവിതകളെക്കുറിച്ച് ഗഹനമായ ലേഖനമെഴുതുന്ന; ക്യൂബന്‍ വിപ്ളവത്തെക്കുറിച്ച് വൈകാരികമായി പ്രഭാഷണം നടത്തുന്ന; നാടകവേദിയില്‍ ഒറ്റയ്ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മുരളിയെ അത്ഭുതത്തോടെയേ സാംസ്കാരിക കേരളം കണ്ടിട്ടുള്ളൂ.
അകാലത്തെ ആ മരണത്തിലൂടെ മലയാളിക്കുണ്ടായത് അപരിഹാര്യമായ നഷ്ടമാണ്. ആ ഓര്‍മയ്ക്കുമുന്നില്‍ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു-
പ്രിയപ്പെട്ട മുരളി, റെഡ് സല്യൂട്ട്.
അകാലത്തെ ആ മരണത്തിലൂടെ മലയാളിക്കുണ്ടായത് അപരിഹാര്യമായ നഷ്ടമാണ്. ആ ഓര്‍മയ്ക്കുമുന്നില്‍ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു-
ReplyDeleteപ്രിയപ്പെട്ട മുരളി, റെഡ് സല്യൂട്ട്.