Friday, January 10, 2014

എടിഎമ്മുകളിലേക്ക് മാറ്റുന്ന പണത്തിലും തിരിമറി

ബാങ്കില്‍നിന്ന് എടിഎമ്മുകളിലേക്ക് കൊണ്ടുപോകുന്ന പണം സ്വകാര്യ ഏജന്‍സികള്‍ തിരിമറി നടത്തുന്നതായി വ്യാപക ആക്ഷേപം. കറന്‍സി ചെസ്റ്റുകളില്‍നിന്ന് എടുക്കുന്ന പണത്തില്‍ ഒരുഭാഗം എടിഎമ്മുകളില്‍ അടയ്ക്കാതെ കൈവശംവച്ച് മറിച്ചുനല്‍കി പണമുണ്ടാക്കുകയാണ് ചില ഏജന്‍സികള്‍. ബാങ്കില്‍നിന്ന് എണ്ണി തിട്ടപ്പെടുത്തുന്ന പണം എടിഎമ്മുകളിലേക്ക് മാറ്റുമ്പോള്‍ കംപ്യൂട്ടറില്‍ കൃത്രിമം നടത്തിയും തുക മുഴുവന്‍ അടയ്ക്കാതെയും തിരിമറി നടത്തുന്നതായാണ് ആക്ഷേപം.

എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നത് പ്രധാനമായും രാജ്യത്തെ നാല് സ്വകാര്യസ്ഥാപനങ്ങളാണ്. കേരളത്തില്‍ എസ്ബിടി മാത്രമാണ് സ്വന്തം നിലയില്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നത്. മറ്റ് ബാങ്കുകളെല്ലാം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. ബാങ്കുകള്‍ക്ക് എല്ലാ ജില്ലയിലും കറന്‍സി ചെസ്റ്റുകളുണ്ട്. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കറന്‍സി ചെസ്റ്റുകള്‍. തിരിമറി നടക്കുന്നത് ഇവിടെനിന്ന് പുറത്തുപോകുന്ന പണത്തിലാണ്. എടുക്കുന്ന അതേ നോട്ടുകളല്ല പലപ്പോഴും എടിഎമ്മില്‍ നിറയ്ക്കുന്നത്. ഏജന്‍സികള്‍ക്ക് എടിഎമ്മുകളില്‍ യഥാര്‍ഥത്തില്‍ നിക്ഷേപിക്കേണ്ടതിനേക്കാള്‍ മൂന്നുലക്ഷം രൂപ അധികം കറന്‍സി ചെസ്റ്റില്‍നിന്നെടുക്കാം. ഇത് എടിഎമ്മിലെ എക്സ്ട്രാ ട്രേയില്‍ നിക്ഷേപിക്കണം. എന്നാല്‍ കറന്‍സി ചെസ്റ്റില്‍നിന്ന് ഇത്രയും തുക എടുത്താലും ഈ ട്രേയില്‍ വയ്ക്കാറില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തു മാസംമുമ്പ് കനറാ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ ഇത്തരം കൃത്രിമം നടന്നത് ശാഖാ മാനേജര്‍ കൈയോടെ പിടിച്ചു. ബിന്നില്‍ വയ്ക്കേണ്ട തുകയില്‍ അഞ്ച് ലക്ഷത്തിലധികം രൂപയാണ് ഏജന്‍സിക്കാര്‍ കുറച്ചത്. ബാങ്കിലേക്കുള്ള കംപ്യൂട്ടര്‍ വിവരം തെറ്റായി രേഖപ്പെടുത്തിയാണ് കൃത്രിമം നടത്തിയത്. സര്‍ക്കാര്‍ സേവനമെല്ലാം ബാങ്ക്വഴിയാക്കുന്നതോടെ കൂടുതല്‍ പണം എടിഎമ്മില്‍ നിക്ഷേപിക്കേണ്ടിവരും. ഇതോടെ സ്വകാര്യ ഏജന്‍സികള്‍ക്ക് തിരിമറി ചെയ്യാനും കൂടുതല്‍ പൊതുപണം ലഭിക്കും. അതേസമയം എടിഎം സൗകര്യത്തിനു നിരക്കുവയ്ക്കുന്നതുവഴി സാധാരണ ജനങ്ങളുടെ പണം നഷ്ടപ്പെടുകയും ചെയ്യും.

എടിഎമ്മുകളില്‍നിന്ന് കള്ളനോട്ട് കിട്ടുന്നതായും പരാതി ഉയരുന്നുണ്ട്. ഇതുമായി ബാങ്കിന്റെ ശാഖയില്‍ എത്തുന്ന ഇടപാടുകാരന് ലഭിക്കുന്ന മറുപടി തങ്ങളല്ല എടിഎമ്മില്‍ പണം നിറയ്ക്കുന്നത് എന്നാണ്. ഇത് നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയെ ബന്ധപ്പെട്ടാല്‍ മറുപടിയില്ലെന്ന് മാത്രമല്ല ഭീഷണിയുമുണ്ടാകും. കള്ളപ്പണം കൈയില്‍വച്ചാല്‍ പൊലീസ് കേസാകുമെന്ന പേടിയാല്‍ പലരും നോട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്.
(മഞ്ജു കുട്ടികൃഷ്ണന്‍)

deshabhimani

No comments:

Post a Comment