Thursday, January 9, 2014

ജനസമ്പര്‍ക്കം പന്തലിന് മാത്രം ചെലവ് 19.75 ലക്ഷം

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് പന്തലിന് മാത്രം ചെലവഴിച്ചത് 19.75 ലക്ഷം രൂപ. ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്ത സാമ്പത്തിക സഹായമാവട്ടെ വെറും 56.55 ലക്ഷം രൂപ മാത്രം. കഴിഞ്ഞ നവംബര്‍ 22ന് തേക്കിന്‍കാട് മൈതാനിയില്‍ താല്‍ക്കാലിക പന്തലുകള്‍ നിര്‍മിച്ചായിരുന്നു പരിപാടി. 6459 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള പന്തലാണ് നിര്‍മിച്ചത്. തൃശൂര്‍ ചേലക്കോട്ടുകര തോട്ടത്തില്‍ വീട്ടില്‍ ടി കെ മുരളി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് പന്തലിന് ചെലവായ തുകയുടെ വിവരം ലഭിച്ചത്. സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ച് നടത്തിയ മേളകളായിരുന്നു ജനസമ്പര്‍ക്കമെന്ന് ശരിവയ്ക്കുന്നതാണ് പന്തലിന്റെ ചെലവ്. മറ്റ് ചെലവുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചതായി കാണാം.

ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡിസംബര്‍ 16ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ തൃശൂരില്‍ 56,55,000 രൂപ ധനസഹായം വിതരണം ചെയ്തുവെന്നാണ് കണക്ക്. ജനസമ്പര്‍ക്ക പരിപാടിക്ക് ചെലവഴിച്ച മൊത്തം തുക എത്രയെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ ജില്ലാ ഭരണകൂടം ഇനിയും തയ്യാറായിട്ടില്ല. വിവരം ലഭിക്കുന്നതിന് കലക്ടറേറ്റിലെ കെ സെക്ഷന്‍ സൂപ്രണ്ടിന് അയച്ചുവെന്നാണ് മറുപടി. ജില്ലകളില്‍ ആര്‍ഭാടമായി കോണ്‍ഗ്രസ് മേളയാക്കി മാറ്റിയ ജനസമ്പര്‍ക്ക പരിപാടിയുടെ മൊത്തം ചെലവ് പുറത്തുവിടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതാണ് മറുപടി നല്‍കാത്തത്.

deshabhimani

No comments:

Post a Comment