Thursday, January 9, 2014

മനോരമ ഭൂമി തട്ടിപ്പ്; ക്രമക്കേട് അന്വേഷിക്കണം: ഡിവൈഎഫ്ഐ

കോഴിക്കോട്: തലക്കുളത്തൂരില്‍ മലയാള മനോരമക്കുവേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിലേക്കുള്ള റോഡിന് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

തലക്കുളത്തൂര്‍ പുറക്കാട്ടിരി മലയിലാണ് മലയാള മനോരമക്ക് പ്രസ്സും അനുബന്ധകെട്ടിടങ്ങളും നിര്‍മിക്കുന്നതിന് ഭൂമി വാങ്ങിയത്. പ്രദേശത്ത് കടുത്ത ജലക്ഷാമം ഉണ്ടാകുന്ന രൂപത്തില്‍ മല പൂര്‍ണമായും കെട്ടിടത്തിനുവേണ്ടി നിരപ്പാക്കിയിരിക്കുകയാണ്. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റ അനുമതിയില്ലാതെയാണ് നിര്‍മാണപ്രവൃത്തി നടത്തിയത്. പ്രസ്തുത കെട്ടിടത്തിലേക്ക് വലിയ കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെ കടന്നുപോകുന്നതിന് വീതിയുള്ള റോഡ് ആവശ്യമായതിനാല്‍ ഇടനിലക്കാരെ ഉപയോഗിച്ചാണ് റോഡിന്വേണ്ടി സ്ഥലം വാങ്ങിയത്. ഇങ്ങനെ വാങ്ങിക്കൂട്ടിയ ഭൂമിയില്‍ രണ്ടര സെന്റ് സ്ഥലം വ്യാജരേഖ ഉണ്ടാക്കിയാണ് വാങ്ങിയത്. സ്ഥലത്തിന്റ യഥാര്‍ഥ ഉടമസ്ഥര്‍ ഈ പ്രശ്നത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. സ്ഥലം മനോരമക്ക് പോക്കുവരവ് ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ സ്ഥലം വില്ലേജ് ഓഫീസറെ റവന്യൂവകുപ്പ് സ്ഥലം മാറ്റി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം, കോഴിക്കോട് തഹസില്‍ദാര്‍, ചില പ്രാദേശിക കോണ്‍ഗ്രസ്നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മനോരമക്കുവേണ്ടി ഈ ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനാല്‍ സ്ഥലം യഥാര്‍ഥ ഉടമക്ക്തന്നെ വിട്ടു കൊടുക്കണം. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥര്‍ക്കും മനോരമക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേത്യത്വം കൊടുക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment