Thursday, January 9, 2014

കോണ്‍ഗ്രസിന് ഒറ്റസീറ്റും കിട്ടില്ല : പിണറായി

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റസീറ്റുപോലും ലഭിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ സംരക്ഷണ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. അത്രക്ക് ദ്രോഹമാണ് ഈ സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത്. നാലുവോട്ടിന് വേണ്ടി ആരുമായും കൂട്ടുകൂടാന്‍ തയ്യാറെടുക്കുകയാണവര്‍.

കോണ്‍ഗ്രസിന്റ മതനിരപേക്ഷത വാക്കുകളില്‍ മാത്രമാണ്. പലപ്പോഴും വര്‍ഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണ് അവരുടേത്. ഇത് സംസ്ഥാനത്ത് വര്‍ഗീയ ശക്തികളുടെ വളര്‍ച്ചക്കും ഇടയാക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിലും തീവ്രവാദശക്തികള്‍ വളര്‍ന്ന് വരുന്നുണ്ട്. അടുത്തിടെ മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നടത്തുന്ന നീക്കങ്ങളെ ബിജെപിക്ക് അംഗീകരിക്കേണ്ടി വന്നപ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ചില പാര്‍ടികള്‍ക്ക് ഇഷ്ടമായില്ല. അത് എന്‍ഡിഎയില്‍നിന്ന് വിട്ടുപോകാന്‍ അവരെ പ്രേരിപ്പിച്ചു. ഇതാണ് ബിഹാരിലും മുസാഫര്‍നഗറിലും കലാപങ്ങള്‍ക്കിടയാക്കിയത്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. നിരവധി സഹോദരിമാരാണ് ബലാല്‍സംഗത്തിനിരയായത്.
 
എന്നാല്‍ അവിടെയും കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമായി.നേതാവായ രാഹുല്‍ഗാന്ധിയുടെ മുസാഫര്‍നഗറിലെ സന്ദര്‍ശനം കടുത്ത പ്രതിഷേധത്തിനിടയാക്കി. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലെ ചെറുപ്പക്കാര്‍ പാകിസ്ഥാനില്‍ തീവ്രവാദ പരിശീലനത്തിന് പോയിട്ടുണ്ടെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. ഈ അഭിപ്രായത്തിന് സംഘപരിവാരിന്റെ അഭിപ്രായവുമായി വ്യത്യാസമൊന്നുമില്ല. വര്‍ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നാണ് ഇവയെല്ലാം കാണിക്കുന്നത്. രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷക ദ്രോഹനയങ്ങളും ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുകയാണെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment