Thursday, January 9, 2014

വനാവകാശ നിയമലംഘനം: പ്രധാനമന്ത്രിക്ക് വൃന്ദ കത്തയച്ചു

മാനദണ്ഡം ലംഘിച്ച് വനമേഖലകളില്‍ അടിക്കടി വന്‍കിട സ്വകാര്യപദ്ധതികള്‍ക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുന്നതിനെതിരെ സിപിഐ എം പിബി അംഗം വൃന്ദ കാരാട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചു. ആദിവാസിഅവകാശങ്ങള്‍ പരിഗണിക്കാതെയും ഗ്രാമസഭകളുടെ അനുമതിയില്ലാതെയും വനാവകാശനിയമം ലംഘിച്ചും അനുമതി നല്‍കുന്നതിലും പ്രതിഷേധം അറിയിച്ചു. പദ്ധതികള്‍ക്കായി കൂടുതല്‍ വനഭൂമി ഏറ്റെടുക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം ചട്ടങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ചിരിക്കുകയാണെന്നും കത്തില്‍ പറഞ്ഞു.

ഗ്രാമസഭകളുടെ അധികാരം ഉദ്യോഗസ്ഥരിലേക്ക് കൈമാറുകയെന്ന ലക്ഷ്യമാണ്് ഭേദഗതികള്‍ക്കു പിന്നില്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരത്തോടെയാണ് മന്ത്രാലയത്തിന്റെ നീക്കം. വനാവകാശ നിയമപ്രകാരം ഇക്കാര്യങ്ങളില്‍ അന്തിമ അധികാരം ഗ്രാമസഭകള്‍ക്കും മേല്‍സമിതികള്‍ക്കുമാണ്. ഈ അധികാരം പൂര്‍ണമായും കലക്ടറില്‍ നിക്ഷിപ്തമാക്കുന്ന ഭേദഗതിയാണ് നിര്‍ദേശിക്കപ്പെട്ടത്. അവകാശങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നതാണ് പ്രധാന ഭേദഗതി. വനാവകാശ നിയമപ്രകാരം കാലാവധി മൂന്നുമാസമാണ്. പ്രക്രിയ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരവും കലക്ടര്‍ക്ക് കൈമാറുകയാണ്. നേരത്തെ ഈ അധികാരം ഗ്രാമസഭയ്ക്കായിരുന്നു. വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ നിയമം വീണ്ടും ദുര്‍ബലമാക്കുകയാണ്.

2008 ജനുവരിക്കും 2011 ആഗസ്തിനുമിടെ 1,82,389 ഹെക്ടര്‍ വനഭൂമി വിവിധ പദ്ധതികള്‍ക്കായി കൈമാറിയതായി മന്ത്രാലയം വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. 2012ല്‍ 2216 ഹെക്ടര്‍ വനഭൂമി കൈമാറ്റംചെയ്തു. 2013ല്‍ ആദ്യ നാലുമാസങ്ങളില്‍ മാത്രം 3143 ഹെക്ടര്‍ വനഭൂമി കൈമാറ്റംചെയ്തു- 42 ശതമാനം വര്‍ധന. കൈമാറ്റംചെയ്യപ്പെട്ട ഭൂമിയില്‍ 42 ശതമാനവും ഖനനാവശ്യത്തിനാണ്. എന്നാല്‍, എത്ര ആദിവാസി കുടുംബങ്ങള്‍ കുടിയൊഴിക്കപ്പെട്ടുവെന്ന് കണക്കുകളില്ല. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നഗ്നമായ നിയമലംഘനമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റേതെന്നും വൃന്ദ പറഞ്ഞു.

deshabhimani

No comments:

Post a Comment