Thursday, January 9, 2014

തലസ്ഥാനത്ത് വിദ്യാര്‍ഥിവേട്ട

സംസ്ഥാനത്തെ കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കി വിദ്യാഭ്യാസക്കച്ചവടം കൊഴുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നടത്തിയ വിദ്യാര്‍ഥിമാര്‍ച്ച് പൊലീസ് ചോരയില്‍ മുക്കി. ബുധനാഴ്ച രാവിലെ എസ്എഫ്ഐ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയാണ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും കൂടാതെ മുപ്പതിലേറെ ഗ്രനേഡും പ്രയോഗിച്ചത്. പിരിഞ്ഞുപോയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്നും വേട്ടയാടി. നിരവധിപേര്‍ക്ക് ഭീകരമര്‍ദനമേറ്റു.

യൂണിവേഴ്സിറ്റി കോളേജില്‍ കയറി വിദ്യാര്‍ഥി വേട്ടയ്ക്കുള്ള ശ്രമം ചെറുത്തപ്പോള്‍ ക്യാമ്പസിനകത്തേക്ക് ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. ആള്‍ക്കൂട്ടത്തിനു നേരെ എറിയരുതെന്ന മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുള്ള മാരകശേഷിയുള്ള ഗ്രനേഡുകളാണ് ഉപയോഗിച്ചത്. വിഷപ്പുക നിറഞ്ഞതോടെ നിയമസഭാ കവാടം മുതല്‍ യൂണിവേഴ്സിറ്റി കോളേജുവരെയുള്ള ഭാഗങ്ങളില്‍ യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം ശരത്, പാളയം ഏരിയ കമ്മിറ്റി അംഗം അക്ഷയ്, നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം നൗഫല്‍, യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അഭിനന്ദ് എന്നിവരടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് നിയമസഭാ കവാടത്തില്‍ എത്തും മുമ്പുതന്നെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ബോധക്ഷയമുണ്ടായി.

നിയമസഭയില്‍നിന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എത്തി. സമരത്തെ ചോരയില്‍മുക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു. പിരിഞ്ഞുപോയ വിദ്യാര്‍ഥികളെയാണ് യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ് എന്നിവിടങ്ങളില്‍ പൊലീസ് വളഞ്ഞാക്രമിച്ചത്. വിദ്യാര്‍ഥികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെയും യാത്രക്കാരെയും ആശുപത്രികളിലേക്ക് മാറ്റി. പൊലീസ് അതിക്രമം അറിഞ്ഞ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, ആര്‍ രാജേഷ് എംഎല്‍എ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍ എന്നിവരെത്തി. നിയമസഭാ മാര്‍ച്ചില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, കേന്ദ്രകമ്മിറ്റി അംഗം ബാലമുരളി, ജില്ലാ സെക്രട്ടറി എം എന്‍ അന്‍സാരി, സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ലെനിന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment