Friday, January 10, 2014

നിയമസാധുതയുള്ള കൊള്ളയടി: സുകോമള്‍ സെന്‍

കൊച്ചി: തൊഴിലാളികളുടെയും ജീവനക്കാരുടെയും പണം നിയമപ്രാബല്യത്തോടെ കൊള്ളയടിക്കുന്നതിനുള്ള അവസരമാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ മുതലാളിത്വത്തിനും കുത്തകകള്‍ക്കും ഒരുക്കുന്നതെന്ന് അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ദേശീയ ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സുകോമള്‍ സെന്‍ പറഞ്ഞു. 31ന് നാഗ്പുരില്‍ ചേരുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ദേശീയ സമ്മേളനം ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപംനല്‍കും. എഫ്എസ്ഇടിഒ എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ സംഘടിപ്പിച്ച പെന്‍ഷന്‍ സംരക്ഷണ സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ "നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ ഭരണഘടനാപരമായ അവകാശം" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പെട്ടിക്കട തുടങ്ങാന്‍പോലും ആയിരങ്ങള്‍ മുടക്കേണ്ടപ്പോള്‍ ഒരു മൂലധനവും ഇല്ലാതെ തൊഴിലാളികളുടെയടക്കംപോക്കറ്റില്‍ കൈയിടാനുള്ള അവസരമാണ് പുതിയ പെന്‍ഷന്‍ സമ്പ്രദായം. ജീവനക്കാരുടെ പണം ഓഹരിവിപണിയിലും ഇതര മൂലധനത്തിലും അവരറിയാതെ ഉപയോഗിക്കപ്പെടും. എത്ര തുക പെന്‍ഷന്‍ ലഭിക്കുമെന്ന ഉറപ്പുപോലുമില്ല. ഭാവിയില്‍ പെന്‍ഷന്‍പോലും ഇല്ലാത്ത സ്ഥിതി ഉണ്ടാകും. തുല്യജോലിക്ക് തുല്യവേതനമെന്ന ഭരണഘടനാ തത്വമാണ് ഇതുവഴി അട്ടിമറിക്കപ്പെടുന്നത്. സര്‍ക്കാര്‍ പെന്‍ഷന്‍ പണം നിക്ഷേപിക്കുന്ന ബാങ്കോ ഓഹരിവിപണിയോ തകര്‍ന്നാല്‍ ആരാണ് പണം തിരികെ നല്‍കുക. ഈ ചോദ്യം ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്.

എളമരം കരീം 

എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് "പെന്‍ഷന്‍ സംരക്ഷണം പ്രക്ഷോഭത്തിന്റെ അനിവാര്യത" എന്ന വിഷയത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് വര്‍ഷത്തില്‍ 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ നല്‍കുമ്പോഴാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ കവരുന്നത്. രാജ്യത്തെ 50 കോടിയോളം തൊഴിലാളികളില്‍ 45 കോടി പേര്‍ക്കും ആനുകൂല്യവും ജോലിസുരക്ഷിതത്വവും ജോലിസ്ഥിരതയുമൊന്നും ഇല്ലാത്ത സ്ഥിതിയാണ്. ഇന്ത്യയില്‍ ആനുകൂല്യം അനുഭവിക്കുന്ന തൊഴിലാളികള്‍പോലും ആഴ്ചയില്‍ 48 മണിക്കൂര്‍ പണിചെയ്യേണ്ടി വരുമ്പോള്‍ വികസിത രാജ്യങ്ങളില്‍ 35 മണിക്കൂര്‍ ജോലിചെയ്താല്‍ മതി. മാധ്യമങ്ങള്‍ ജനകീയസമരങ്ങളെ കണ്ടില്ലെന്നു നടിച്ച് അരാജകസമരങ്ങളെ ബോധപൂര്‍വം വാഴ്ത്തുകയാണ്. ലോകശ്രദ്ധ ആകര്‍ഷിച്ച ദ്വിദിന പണിമുടക്കിനു പിന്നാലെ ഡിസംബറില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഭൂരിപക്ഷം മാധ്യമങ്ങളും തമസ്കരിച്ചത് സമരം ഉദാരവല്‍ക്കരണ നയത്തിന് എതിരായതിനാലാണ്. അതേസമയം ഹസാരെയുടെയും രാംദേവിന്റെയുമൊക്കെ പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന സമരത്തിന് ഇവര്‍ അമിത പ്രാധാന്യം നല്‍കുന്നു. ചെങ്ങറസമരത്തെ പിന്തുണയ്ക്കുന്നവര്‍ വയനാട്ടിലെ ആദിവാസി ക്ഷേമസമിതിയുടെ ഭൂസമരത്തെ കണ്ടില്ലെന്നു നടിക്കുന്നു.

deshabhimani

No comments:

Post a Comment