Friday, January 10, 2014

ഡല്‍ഹിയില്‍ കേന്ദ്രജീവനക്കാര്‍ ധര്‍ണ നടത്തി

ന്യൂഡല്‍ഹി: ഏഴാം കേന്ദ്ര ശമ്പളകമീഷനുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ സമര്‍പ്പിച്ച പരിഗണനാവിഷയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജീവനക്കാരുടെയും തൊഴിലാളികളുടെയും കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ഡല്‍ഹിയില്‍ ധര്‍ണ.

ഗ്രാമീണ ഡാക്ക് സേവകര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളഘടനയും ആനുകൂല്യങ്ങളും പരിശോധിക്കുക, സമഗ്രമായ പരിഷ്കരിച്ച ശമ്പളപാക്കേജ് തയ്യാറാക്കുക, ഇടക്കാലാശ്വാസം എത്രയുംവേഗം നിര്‍ണയിക്കുക, ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ശമ്പളപരിഷ്കരണം ഉറപ്പാക്കുക, ഗ്രാമീണ ഡാക്ക് സേവക്കുകളെ സ്ഥിരപ്പെടുത്തുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും ശമ്പളം പരിഷ്കരിക്കുകയും ചെയ്യുക, സ്വകാര്യവല്‍ക്കരണവും കരാര്‍വല്‍ക്കരണവും അവസാനിപ്പിക്കുക, പണിമുടക്ക് അവകാശം ഉറപ്പാക്കുകയും ട്രേഡ് യൂണിയന്‍ വേട്ടയാടല്‍ അവസാനിപ്പിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴും ജനങ്ങള്‍ സമരപാതയിലാണെന്ന് ധര്‍ണയെ അഭിസംബോധനചെയ്ത സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്‍പ്പെടെയുള്ള ദുരിതങ്ങളാണ് ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു ദിവസംപോലും മെനക്കെടാന്‍ തയ്യാറാക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. സര്‍ക്കാരിന്റെ പരിഷ്കാരങ്ങള്‍ കാരണം 2004ന് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പെന്‍ഷന്‍പോലും കിട്ടാത്ത അവസ്ഥയാണ്. അന്യായമായ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി രംഗത്തുവരണം- എ കെ പി പറഞ്ഞു. കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് കെ കെ എന്‍ കുട്ടി, സെക്രട്ടറി ജനറല്‍ എം കൃഷ്ണന്‍, ഉപദേഷ്ടാവ് എസ് കെ വ്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.

deshabhimani

No comments:

Post a Comment