Saturday, October 26, 2013

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ചര്‍ച്ച അലസി; എസ്എഫ്ഐ നേതാക്കളെ അറസ്റ്റ്ചെയ്തു

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍നിന്ന് അന്യായമായി പുറത്താക്കിയ എട്ടു വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ്ചെയ്തു. ഇതിനിടെ, പ്രശ്നപരിഹാരത്തിനായി കേരള സര്‍വകലാശാല മുന്‍കൈയെടുത്ത് നടത്തിയ അനുരഞ്ജന ചര്‍ച്ച മാനേജ്മെന്റിന്റെ പിടിവാശിയെത്തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു.

പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടാക്കടയില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാര സമരം നടത്തിവരുന്ന എം എസ് കിച്ചുവിനെ സന്ദര്‍ശിക്കാനാണ് ടി പി ബിനീഷ്, ജില്ലാസെക്രട്ടറി അന്‍സാരി, പ്രസിഡന്റ് സിബി തുടങ്ങിയവര്‍ എത്തിയത്. ഈ സമയമാണ് അനുരഞ്ജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞ വിവരം അറിഞ്ഞത്. അതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാട്ടാക്കടയില്‍ പ്രിന്‍സിപ്പല്‍ സ്നേഹലതയുടെ കോലവുമായി പ്രകടനംനടത്തി. കോളേജിന് മുന്നില്‍ കോലം കത്തിച്ചു. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ കോളേജിന് മുന്നിലെ കാട്ടാക്കട- നെയ്യാര്‍ഡാം റോഡ് ഉപരോധിച്ചു. ഉപരോധം ടി പി ബിനീഷ് ഉദ്ഘാടനംചെയ്തു. അന്‍സാരി സംസാരിച്ചു. കാട്ടാക്കട സിഐ സി ശ്രീകുമാര്‍, എസ്ഐ യഹിയ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് ടി പി ബിനീഷ്, ജില്ലാനേതാക്കളായ അന്‍സാരി, നീരജ്, ഏരിയ നേതാക്കളായ അഖില്‍, ഗോകുല്‍, സുമേഷ്, വിനീഷ് എന്നിവരെ അറസ്റ്റ്ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയും സമരസഹായ സമിതിയും കാട്ടാക്കട പൊലീസ്സ്റ്റേഷന് മുന്നിലേക്ക് പ്രകടനംനടത്തി. ഒരുമണിക്കൂറിനുശേഷം ബിനീഷ് ഉള്‍പ്പെടെയുള്ളവരെ ജാമ്യത്തില്‍വിട്ടയച്ചു. പൊലീസ്സ്റ്റേഷന് മുന്നില്‍നിന്ന് നേതാക്കളെ പ്രകടനമായി സമരപ്പന്തലിലേക്ക് ആനയിച്ചു.

കഴിഞ്ഞ 101 ദിവസമായി കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം തിങ്കളാഴ്ച മുതല്‍ ജില്ലാതലങ്ങളിലേക്കും സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കുമെന്നും അകാരണമായി പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുത്താല്‍മാത്രമേ സമരം അവസാനിക്കൂവെന്നും ബിനീഷ് അറിയിച്ചു. നിരാഹാരസമരം അവസാനിപ്പിക്കാന്‍ ജില്ലാഭരണകൂടം ഇടപെടണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. എട്ട് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 101 ദിവസമായി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍വകലാശാല അധികൃതര്‍ മുന്‍കൈ എടുത്ത് മാനേജ്മെന്റുമായും കോളേജ് യൂണിയന്‍ ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. പുറത്താക്കിയ എട്ട് വിദ്യാര്‍ഥികളെയും തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നു. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് നിരത്തിയ വാദമുഖങ്ങള്‍ ആകെ പൊളിഞ്ഞങ്കിലും തിരിച്ചെടുക്കില്ലെന്ന നിലപാടിലായിരുന്നു കോളേജ് അധികൃതര്‍. മാനേജ്മെന്റ് നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെ കഴിഞ്ഞ ഒമ്പത് ദിവസമായി നടത്തിവരുന്ന നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥിനേതാക്കളും അറിയിച്ചു. ഒരുവര്‍ഷം വേണമെങ്കിലും കോളേജ് അടച്ചിടുമെന്ന് പറഞ്ഞ കോളേജ് അധികൃതര്‍ക്ക് പിന്നീട് ഇതില്‍നിന്ന് പിന്നോട്ടുപോകേണ്ടിവന്നു. സ്ഥലത്തില്ലാത്ത കോളേജ് മാനേജര്‍ മടങ്ങിയെത്തിയശേഷം രണ്ടുദിവസത്തിനകം വീണ്ടും ചര്‍ച്ചനടത്തി പരിഹാരം കാണാമെന്ന് കോളേജ് അധികൃതര്‍ സര്‍വകലാശാലാ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

നിരാഹാരസമരം പത്താംദിനത്തിലേക്ക്

കാട്ടാക്കട: എട്ട് വിദ്യാര്‍ഥികളെ അന്യായമായി പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിനു മുന്നില്‍ എസ്എഫ്ഐ നടത്തിവരുന്ന നിരാഹാരസമരം പത്താംദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ഒമ്പതു ദിവസമായി നിരാഹാരസമരം നടത്തിവന്ന എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി എം എസ് കിച്ചുവിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതോടെ വെള്ളിയാഴ്ച ഉച്ചയോടെ കിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ കിച്ചുവിനെ പരിശോധിച്ച മെഡിക്കല്‍ സംഘം രക്തസമ്മര്‍ദം താഴ്ന്ന നിലയിലാണെന്നും രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്നും പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിച്ചുവിനെ അറസ്റ്റ് ചെയ്ത് കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിച്ചുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നേരെത്തെ സമരപ്പന്തലിലും പിന്നീട് ആശുപത്രിയിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കിച്ചുവിനെ സന്ദര്‍ശിച്ചിരുന്നു. കിച്ചുവിനെ അറസ്റ്റ് ചെയ്ത് മാറ്റിയതിനെത്തുടര്‍ന്ന് എസ്എഫ്ഐ കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവും കോളേജ് യൂണിറ്റ് പ്രസിഡന്റും കോളേജില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയുമായ ഷൈന്‍ദാസ് നിരാഹാരം ആരംഭിച്ചു. ടി പി ബിനീഷ് രക്തഹാരമണിയിച്ച് നിരാഹാരസമരം ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ചയും സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചെങ്കിലും നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സമരപ്പന്തലില്‍ എത്തി പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നു. എസ്എഫ്ഐയുടെയും സമരസഹായസമിതിയുടെയും നേതൃത്വത്തില്‍ കാട്ടാക്കട ജങ്ഷനില്‍ പ്രകടനം നടത്തി.

deshabhimani

No comments:

Post a Comment