Saturday, October 26, 2013

റബര്‍വില ഇടിച്ചത് ഇറക്കുമതി

രണ്ടുമാസം മുമ്പു വരെ കിലോയ്ക്ക് 200 രൂപയോളമെത്തിയ റബറിന്റെ വില ഇടിച്ചത് അമിതമായ ഇറക്കുമതി. ഇറക്കുമതി തീരുവ കിലോയുടെ 20 ശതമാനമാക്കണമെന്ന വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം അട്ടിമറിച്ച് കേന്ദ്ര ധനമന്ത്രി പി ചിദംബരമാണ് അനിയന്ത്രിതമായ ഇറക്കുമതിക്ക് വഴിയൊരുക്കിയത്. ഇത് കാര്‍ഷികമേഖലക്ക് കനത്ത തിരിച്ചടിയായപ്പോള്‍ കോടികളുടെ ലാഭമാണ് രാജ്യത്തെ വന്‍കിട ടയര്‍ കമ്പനികള്‍ ഉണ്ടാക്കിയത്.

റബര്‍ ഇറക്കുമതിക്ക് അന്താരാഷ്ട്ര വിലയുടെ 20 ശതമാനം നികുതി അടയ്ക്കണമെന്ന വ്യവസ്ഥ 2010 വരെ നിലവിലുണ്ടായിരുന്നു. 2010 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 20 രൂപ ആയി തീരുവ കുറച്ചു. ടയര്‍ വ്യവസായികള്‍ക്ക് ഇറക്കുമതിക്ക് നല്‍കിയ ആനുകൂല്യങ്ങളെല്ലാം വില തകര്‍ച്ചയിലും തുടരുന്നു. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ടയര്‍ കമ്പനികളുമായി ഒത്തുകളിക്കുകയാണ്. റബര്‍ വില 242 രൂപയായി ഉയര്‍ന്നപ്പോഴാണ് വ്യവസായികള്‍ക്ക് വേണ്ടി ഇറക്കുമതി ചുങ്കം കുറച്ചത്. 2009-10 കാലയളവില്‍ 15 ശതമാനമാണ് നികുതിയടച്ച് ഇറക്കുമതി ചെയ്തത്. നികുതി ഇളവ് വന്നതോടെ ഇറക്കുമതി കുത്തനെ കൂടി. റബര്‍ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 2011-12 ല്‍ ഇറക്കുമതി 31 ശതമാനമായിരുന്നു. 2012-13 ല്‍ 47 ശതമാനമായി. 2013 സെപ്തംബര്‍ വരെ 66 ശതമാനമാണിത്. ഉല്‍പ്പാദനം കുറഞ്ഞിട്ടും വില കൂടാത്തതിന് കാരണം അനിയന്ത്രിതമായ ഇറക്കുമതിയാണ്.

2012 ഏപ്രില്‍ മുതല്‍ സെപ്തംബവരെ റബര്‍ ഇറക്കുമതി 1,12,641 ടണ്‍ ആയിരുന്നു. ഇത് 2013 ഏപ്രില്‍-സെപ്തംബറില്‍ 1,80,962 ടണ്ണായി. 68,321 ടണ്ണിന്റെ വര്‍ധന. 2012 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഉല്‍പ്പാദനം 3,95,700 ടണ്‍ ആയിരുന്നു. 2013ല്‍ ഉല്‍പ്പാദനം 3,34,000 ടണ്‍ ആയി കുറഞ്ഞു. കുറവ് 52,400 ടണ്‍. സാമ്പത്തിക വര്‍ഷത്തെ അര്‍ധവാര്‍ഷിക കണക്കനുസരിച്ച് ഉല്‍പ്പാദനത്തില്‍ 13.26 ശതമാനത്തിന്റെ കുറവുണ്ടായി. കേരളത്തില്‍ 63,000 മുതല്‍ 95,000 ടണ്‍ വരെയാണ് പ്രതിമാസ റബര്‍ ഉല്‍പ്പാദനം. മികച്ച സീസണായ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇത് 90,000 മുതല്‍ 95,000 ടണ്‍ വരെ എത്താറുമുണ്ട്. തുടര്‍ച്ചയായ മഴയില്‍ ഈ വര്‍ഷം മാസങ്ങളോളം ടാപ്പിങ് നടന്നിരുന്നില്ല. മഴ മൂലം ജൂണ്‍ മുതല്‍ നാലു മാസം ടാപ്പിങ് പൂര്‍ണമായും മുടങ്ങിയത്. ഇക്കാരണത്താല്‍ 40 ശതമാനം ഉല്‍പ്പാദനം കുറഞ്ഞു. ശരാശരി വിപണി വിലയായ 155 രൂപ പ്രകാരം കണക്കാക്കുമ്പോള്‍ 372 കോടി രൂപയാണ് ഈ വിധം നഷ്ടമായത്.

ടാപ്പിങ് തൊഴിലാളിക്കുള്ള കൂലിയും രാസവള വിലവര്‍ധനയും കണക്കിലാക്കുമ്പോള്‍ റബര്‍ കൃഷി നഷ്ടത്തിലാണെന്ന് കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തരംതിരിക്കാത്ത റബര്‍ 145-146 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. സീസണില്‍ ഉല്‍പ്പാദനം കൂടുന്നതോടെ ഇനിയും കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് റബര്‍ വില്‍ക്കേണ്ടിവരും.

deshabhimani

No comments:

Post a Comment