Saturday, October 26, 2013

മുസഫര്‍നഗറിലെ യുവാക്കളെ പാക് ചാരസംഘടന വശത്താക്കുന്നുവെന്ന് രാഹുല്‍

മുസഫര്‍നഗറില്‍ വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ മുസ്ലിം യുവാക്കളെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ പ്രലോഭിപ്പിച്ച് തീവ്രവാദ പരിശീലനം നല്‍കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ 10-15 മുസ്ലിം ചെറുപ്പക്കാരടങ്ങിയ സംഘവുമായി ഐഎസ്ഐ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ഒരു ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനാണ് തന്നോടിത് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ അവകാശപ്പെട്ടു.

ആരോപണത്തിനെതിരെ മുസ്ലിം മത സംഘടനകള്‍ രംഗത്തുവന്നു. രാഹുല്‍ഗാന്ധിക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയെന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപിയും പറഞ്ഞു. ദേശാഭിമാനികളും സമാധാനപ്രിയരുമായ മുസ്ലിങ്ങള്‍ക്കെതിരെ ദുസ്സൂചനയുള്ള പരാമര്‍ശമാണ് രാഹുല്‍ഗാന്ധി നടത്തിയതെന്ന് മുസ്ലിം മതപണ്ഡിതന്‍ മൗലാനാ സൈഫ് അബ്ബാസ് നഖ്വി പറഞ്ഞു. വര്‍ഗീയകലാപത്തിന് ഇരയായവരുടെ വേദന ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പകരം പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്- അദ്ദേഹം പറഞ്ഞു. ഷഹര്‍ ഖാസി, മൗലാന അബ്ദുള്‍ ഇര്‍ഫാന്‍, മിയാന്‍ ഫരംഗി മഹാലി എന്നീ മുസ്ലിം മതപണ്ഡിതന്മാരും രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. എങ്ങനെയാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പാര്‍ടി ഭാരവാഹിമാത്രമായ രാഹുല്‍ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ ചോദിച്ചു.

deshabhimani

No comments:

Post a Comment