Thursday, October 24, 2013

സൗജന്യ യൂണിഫോം മുടങ്ങുന്നത് കമീഷനില്‍ തട്ടി

അധ്യയനവര്‍ഷം പകുതി പിന്നിട്ടിട്ടും സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ യൂണിഫോം എത്തിയില്ല. എസ്എസ്എ വഴി നല്‍കുന്ന സൗജന്യയൂണിഫോമിനുള്ള തുണി ഇക്കുറി മില്ലുകളുമായിനേരിട്ട് കരാറുണ്ടാക്കി വാങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഉദ്ദേശിച്ച കമീഷന്‍ ലഭിക്കാത്തത്മൂലം പദ്ധതി നീളുകയാണ്. പ്രഖ്യാപനം നടപ്പാക്കാതെ 25 ലക്ഷം വിദ്യാര്‍ഥികളെയാണ് സര്‍ക്കാര്‍ വഞ്ചിച്ചത്. പ്ലാന്‍ഫണ്ടില്‍നിന്ന് സ്കൂള്‍ യൂണിഫോമിനായി വകയിരുത്തിയ 100 കോടി രൂപ മറ്റാവശ്യങ്ങള്‍ക്കായി വകമാറ്റാനാണ് ഇപ്പോള്‍ നീക്കം.

കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ സ്കൂളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍, എസ്സി, എസ്ടി വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്കും രണ്ട് ജോഡി സൗജന്യ യൂണിഫോം നല്‍കിത്തുടങ്ങിയത്. ഈ വര്‍ഷം മുതല്‍ എയ്ഡഡ് സ്കൂളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 60 ശതമാനം കേന്ദ്രഫണ്ടും അഞ്ച് ശതമാനം സംസ്ഥാനത്തിന്റേതും 35 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടേതുമാണ്. ഒരു വിദ്യാര്‍ഥിക്ക് രണ്ടുജോഡി യൂണിഫോം തുണിക്ക് 400 രൂപയാണ് അനുവദിക്കുക. പിടിഎയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധി ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റിയും പര്‍ച്ചേസ്കമ്മിറ്റിയും രൂപീകരിച്ചായിരുന്നു കഴിഞ്ഞവര്‍ഷം തുണി വാങ്ങിയത്. എസ്എസ്എ മുഖേന ഫണ്ടും ലഭിച്ചിരുന്നു. പിടിഎ നടത്തുന്ന ഇടപാടില്‍ സുതാര്യത പോരാ എന്നു പറഞ്ഞാണ് ഇക്കുറി വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഏറ്റെടുത്തത്. ഇതിന് ടെക്സ്റ്റൈല്‍ മില്ലുകാരില്‍നിന്നും വ്യാപാരികളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 14 കമ്പനികള്‍ മുന്നോട്ടു വന്നെങ്കിലും കമീഷന്‍ വാഗ്ദാനം ചെയ്തത് രണ്ടു കമ്പനികള്‍ മാത്രം. കൂടുതല്‍ കമീഷന്‍ ചോദിച്ചതുമൂലമാണെന്നറിയുന്നു അവരുമായും കരാറായില്ല. വസ്ത്രവ്യാപാരത്തില്‍ 40 ശതമാനം വരെ കമീഷന്‍ ലഭിക്കുമെന്നറിഞ്ഞാണ് സര്‍ക്കാരിലെ ഉന്നതര്‍ തന്നെ നേരിട്ട് തുണി വാങ്ങാനിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ത്തന്നെ എല്ലാ കുട്ടികള്‍ക്കും യൂണിഫോം ലഭിച്ചിരുന്നു. ഇത്തവണ യൂണിഫോം നല്‍കാത്തതില്‍ എസ്എഫ്ഐ, കെഎസ്ടിഎ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി വന്നപ്പോള്‍ ഓണത്തിന് കൊടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും മറ്റ് അധികൃതരും പറഞ്ഞു. ഇപ്പോള്‍ ബക്രീദും വിദ്യാരംഭ അവധികളും പിന്നിട്ടപ്പോള്‍ സ്കൂള്‍ യൂണിഫോം വിസ്മരിക്കപ്പെട്ട അവസ്ഥയിലായി.
(വി എം രാധാകൃഷ്ണന്‍)

deshabhimani

No comments:

Post a Comment