Monday, November 4, 2013

പ്രവാസികളുടെ പുനരധിവാസം ജലരേഖ

പ്രവാസികളുടെ ക്ഷേമത്തിന് കേരളസര്‍ക്കാര്‍ രൂപീകരിച്ച നോര്‍ക്ക റൂട്ട്സ് നോക്കുകുത്തിയായി. സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണ നടപടി ആരംഭിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ പുനരധിവാസ പദ്ധതിയില്‍ നല്‍കിയ അപേക്ഷകള്‍ നോര്‍ക്കയില്‍ പൊടിപിടിക്കുകയാണ്്. നിതാഖാത്ത് നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനാകാതെ സൗദിയിലെ ജയില്‍ജീവിതം കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളികളെ തിരിഞ്ഞുനോക്കാത്ത സര്‍ക്കാര്‍ നാട്ടിലെത്തിയവരെയും വഞ്ചിച്ചു. മടങ്ങിവരുന്ന മുഴുവന്‍ മലയാളികളെയും പുനരധിവസിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തി കൈയടി നേടിയ സംസ്ഥാന സര്‍ക്കാര്‍ 50000 അപേക്ഷയാണ് നോര്‍ക്കവഴി പുനരധിവാസത്തിനെന്ന പേരില്‍ വാങ്ങിവച്ചത്. നോര്‍ക്ക തയ്യാറാക്കിയ അപേക്ഷാ ഫോറത്തില്‍ വിശദമായ ചോദ്യാവലിയും ഉണ്ടായിരുന്നു. എന്ത് തൊഴിലാണ് നാട്ടില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്, ഗള്‍ഫിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര രൂപയാണ് യാത്രാച്ചെലവ് വേണ്ടത്, വീടിനടുത്ത് സ്വയം തൊഴില്‍ചെയ്യാന്‍ ആഗ്രഹമുണ്ടോ, പലിശരഹിത വയ്പ വാങ്ങാന്‍ തയ്യാറാണോ എന്നിങ്ങനെ ഒരു ഡസന്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതി വാങ്ങിയാണ് ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ നോര്‍ക്കയില്‍ സ്വീകരിച്ചത്. മുഴുവന്‍ അപേക്ഷകളും തലസ്ഥാനത്തെ ആസ്ഥാന മന്ദിരത്തില്‍ കൊണ്ടുവന്ന് തള്ളിയതല്ലാതെ മറ്റൊരു നടപടിക്കും അധികാരികള്‍ തയ്യാറായില്ല. ഈ ഇനത്തില്‍ ഒരു ആനുകൂല്യവും നല്‍കിയില്ല. വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കെ സി ജോസഫ് നോര്‍ക്കയെ ഉപേക്ഷിച്ച മട്ടാണ്.

സൗദിയില്‍ ഞായറാഴ്ച നിതാഖത്ത് നിയമ സമയപരിധി അവസാനിച്ചപ്പോഴും ആയിരങ്ങളാണ് നാട്ടിലേക്ക് വരാനാകാതെ കഴിയുന്നത്. ഇവരെ സഹായിക്കുന്നതിനുപകരം അപമാനിക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം മന്ത്രി കെ സി ജോസഫ് നടത്തിയത്. സര്‍ക്കാരിന്റെ സഹായത്തോട് പ്രവാസികള്‍ വിമുഖത കാണിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് പച്ചക്കള്ളമാണെന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ പറഞ്ഞു. മടങ്ങിവരുന്നവരുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒരു ടിക്കറ്റിന്റെ തുകപോലും ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് റിയാദിലെ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി തല്‍ഹത്ത് പൂവച്ചല്‍ പറഞ്ഞു. ചില സന്നദ്ധസംഘടനകള്‍ രണ്ടോ മൂന്നോ പേര്‍ക്ക് ആഴ്ചയില്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. ഇത് സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്താനാണ് ശ്രമം. നിതാഖത്ത് സമയപരിധി പ്രഖ്യാപിച്ചതില്‍ പിന്നെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രസ്താവനകള്‍ നടത്തിയതല്ലാതെ ഒന്നും ചെയ്തില്ല. നോര്‍ക്കയില്‍ ആകെ അറ്റസ്റ്റേഷന്‍ മാത്രമാണ് നടക്കുന്നത്. ഈ വകയില്‍ സമ്പാദിച്ച കോടികള്‍ നോര്‍ക്ക അധികാരികളുടെ വിനോദയാത്രകള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നാണ് ആക്ഷേപം. മന്ത്രി അവഗണിച്ച നോര്‍ക്കയെ സിഇഒയും കൈവിട്ടു. നിലവില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കേന്ദ്ര- പ്രവാസികാര്യവകുപ്പിലേക്ക് ചേക്കേറിയതായാണ് സൂചന.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment