Thursday, January 9, 2014

20നും 21നും ബാങ്ക് പണിമുടക്ക്

ബാങ്ക് മേഖലയിലെ ഒമ്പത് ദേശീയ ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ മുഴുവന്‍ ബാങ്കുകളിലെയും ജീവനക്കാരും ഓഫീസര്‍മാരും 20നും 21നും പണിമുടക്കും. ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങള്‍ പിന്‍വലിക്കുക, കാലാവധി കഴിഞ്ഞ ശമ്പളകരാര്‍ പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഫോറം സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെയും പ്രവര്‍ത്തനപാരമ്പര്യമുള്ള സ്വകാര്യ ബാങ്കുകളെയും തകര്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വേതനകരാര്‍ പുതുക്കാന്‍ ആറുവട്ടം ചര്‍ച്ച നടത്തിയിട്ടും പുരോഗതിയില്ല. മാത്രമല്ല, മാനേജ്മെന്റ് ഇഷ്യൂസ് എന്ന പേരില്‍ ബദല്‍ അവകാശപത്രിക മുന്നോട്ടുവയ്ക്കുകയും അതില്‍ ധാരണയാക്കാനുമാണ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) ശ്രമം. തുല്യജോലിക്ക് തുല്യവേതനം എന്ന തത്വവും ഇല്ലാതായി. വിലക്കയറ്റത്തിന് ആനുപാതികമായ വേതനവര്‍ധന ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുന്നു. തൊഴില്‍ഭാരം ഏറുകയും ചെയ്തു. ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറയ്ക്കുന്നു. കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെ 50 അക്കൗണ്ട് ഉടമകള്‍ മാത്രം കിട്ടാക്കടമായി നല്‍കാനുള്ളത് 40,528 കോടി രൂപയാണ്. ഇതിനു പുറമെ 82 ലക്ഷം കോടി നിക്ഷേപമുള്ള ബാങ്കിങ്മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനും ആക്കംകൂട്ടി. 10 ന് പ്രധാനമന്ത്രി, ധനമന്ത്രി, ഐബിഎ ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം അയക്കും. 17ന് ജില്ല-ടൗണ്‍ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. 20ന് രാവിലെ ആറുമുതലാണ് പണിമുടക്ക്.

യുഎഫ്ബിയു കണ്‍വീനര്‍ സി ഡി ജോസണ്‍, എസ് എസ് അനില്‍ (ബെഫി), പി വി മോഹനന്‍ (എഐബിഒസി), ടി എം പ്രകാശ് (എന്‍സിബിഇ), കെ സത്യനാഥന്‍ (എഐബിഒഎ), കെ ജെ ജോസഫ് (ഐഎന്‍ബിഒസി), വി ബി അനന്തനാരായണന്‍ (എന്‍ഒബിഡബ്ല്യു) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment