Friday, January 10, 2014

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് വിജിലന്‍സ് കോടതി

തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് ഉത്തരവിട്ട ജഡ്ജി കെ ഹരിപാല്‍ കേസ് പരിഗണനക്കായി ഫെബ്രുവരി 22ലേക്ക് മാറ്റി. കേസില്‍ ഏഴ് പേര്‍ക്കെതിരായ നിയമനടപടികള്‍ തുടരും. സര്‍ക്കാരിന്റെ അപേക്ഷ പൊതുതാല്‍പര്യത്തിന് എതിരാണെന്നും കോടതി ചുണ്ടിക്കാട്ടി. കേസ് പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, വി എസ് സുനില്‍കുമാര്‍ എംഎല്‍എ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. കേസ് പിന്‍വലിച്ച് തടിയൂരാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിക്കുള്ള ഇരുട്ടടിയായി വിജിലന്‍സ് കോടതിയുടെ വിധി. പ്രധാന സാക്ഷികളും പ്രതികളും മരിച്ചുപോയെന്നും ഈ കേസിന്റെ പേരില്‍ ഇനിയും ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13നാണു കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 15നു ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിന്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കി. 1991ല്‍ നടന്ന പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 1997ലാണു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.കരുണാകരന്‍ മന്ത്രിസഭഭ 15,000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, ചീഫ് സെക്രട്ടറി എസ് പത്മകുമാര്‍, അഡീഷണല്‍ സെക്രട്ടറി സക്കറിയ മാത്യു, സിവില്‍ സപ്ലൈസ്എംഡി ജിജി തോംസണ്‍, വകുപ്പു സെക്രട്ടറി പി.ജെ തോമസ് എന്നിവരടക്കം എട്ടു പ്രതികളായിരുന്നു കേസില്‍.

1993ലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നു കേസിനാധാരം. നിയമവിരുദ്ധമായും ചട്ടങ്ങള്‍ മറികടന്നും മലേഷ്യയില്‍നിന്നു പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ രണ്ടു കോടിയിലധികം രൂപ സര്‍ക്കാരിനു നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. 2001ല്‍ അന്വേഷണം പൂര്‍ത്തിയായി. 2003ല്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, ഇടപാടു നടക്കുന്ന കാലത്തു ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കണമെന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി 2011ല്‍ ഉത്തരവിട്ടു. ഇത് വിവാദങ്ങള്‍ക്കിടയാക്കിയതോടെ ജഡ്ജി പിന്മാറുകയും കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്കു മാറ്റുകയുമായിരുന്നു. പാമോലിന്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2012ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു പാമോലിന്‍ കേസ് അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റ വിമുക്തമാക്കണമെന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു

deshabhimani

No comments:

Post a Comment