Thursday, January 9, 2014

സരിതയാത്ര: മന്ത്രിയുടെയും പൊലീസിന്റെയും വാദം ബാലിശം

സരിതയെ ഗതാഗതക്കുരുക്കില്ലാതെ വേഗത്തില്‍ ജയിലില്‍ എത്തിക്കാനാണ് എറണാകുളത്തുനിന്ന് ദേശീയപാത ഒഴിവാക്കി പുതുപ്പള്ളി വഴി പോയതെന്ന ആഭ്യന്തരമന്ത്രിയുടെയും പൊലീസിന്റെയും വാദം പൊളിയുന്നു. ജയില്‍ റെക്കോര്‍ഡ് പ്രകാരം ദേശീയപാതയിലൂടെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തിന് പോയതിനെക്കാള്‍ രണ്ടേകാല്‍ മണിക്കൂര്‍ അധികസമയം പുതുപ്പള്ളി വഴിയുള്ള യാത്രക്ക് വേണ്ടി വന്നു. പുതുപ്പള്ളി വഴിപോയത് ട്രാഫിക് ബ്ലോക്ക് കണക്കിലെടുത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബുധനാഴ്ച സഭയില്‍ പറഞ്ഞു.

സരിത ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെയും പൊലീസിന്റെയും വിശദീകരണങ്ങള്‍ വിശ്വസനീയമല്ലെന്ന് വ്യക്തം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് തിരുവനന്തപുരം വനിതാ ജയിലില്‍നിന്ന് സരിതയെ കൊല്ലം ആലപ്പുഴ ദേശീയപാതയിലൂടെ എറണാകുളത്ത് കോടതിയില്‍ കൊണ്ടുപോയത്. നാലേകാല്‍ മണിക്കൂര്‍ യാത്രകൊണ്ട് പകല്‍ 10.45ന് കോടതിയിലെത്തി. 12.15ഓടെ കോടതിയില്‍നിന്ന് തിരികെയാത്ര ആരംഭിച്ചതായി ജയിലില്‍ റെക്കോര്‍ഡിലുണ്ട്. പുതുപ്പള്ളി വഴിയുള്ള തിരുവനന്തപുരം യാത്ര ജയിലില്‍ എത്തിയത് ആറേകാല്‍ മണിക്കൂര്‍ എടുത്ത് വൈകിട്ട് 6.30നാണ്. രണ്ടേകാല്‍ മണിക്കൂര്‍ ഈ യാത്രക്ക് അധികമായി എടുത്തു. സമയലാഭത്തിന് വേണ്ടിയായിരുന്നില്ല ഈ യാത്ര എന്ന് വ്യക്തം.

ദേശീയപാതയിലൂടെ പോയാല്‍ ഗതാഗതക്കുരുക്കുണ്ടായാല്‍ നാട്ടുകാര്‍ സരിതയെ കണ്ട് റോഡില്‍ തടിച്ചുകൂടും എന്ന മുടന്തന്‍ ന്യായവും കൂടെപ്പോയ പൊലീസുകാര്‍ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പിവലയുള്ള, കര്‍ട്ടനിട്ടു മറച്ച ടവേരയിലായിരുന്നു സരിതയുടെ യാത്ര. ഈ വാഹനത്തിനുള്ളിലുള്ളവരെ പുറത്തു കാണാനാവില്ല. നാടന്‍ ഭക്ഷണം നല്‍കാനാണ് സരിതയെ പുതുപ്പള്ളിയിലെ തട്ടുകടയില്‍ ഇറക്കിയതെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്

deshabhimani

No comments:

Post a Comment