Thursday, January 9, 2014

സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച് നീങ്ങണം: പിണറായി

ചെങ്ങോട്ടുകാവ്: സഹകരണ മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരായി സഹകാരികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുന്‍ സഹകരണമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണപ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ മേഖലയിലുള്ള എല്ലാവരും യോജിച്ച് നീങ്ങണം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇതിനെ തകര്‍ക്കുന്ന ആപത്ത് ശക്തമാണ്. അത് തടയണം. എങ്കില്‍ ഈ മേഖലയില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും-ചെങ്ങോട്ടുകാവ് വനിതാ സഹകരണസംഘം കെട്ടിടം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് സഹകരണരംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. നേരത്തെ സഹകരണമേഖലക്ക് നല്ല പിന്തുണയായിരുന്നു സര്‍ക്കാര്‍ നല്‍കിയത്. ഈ മേഖലക്ക് ഒട്ടേറെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായി എന്നതാണ് കേരളീയാനുഭവവും. എന്നാല്‍ ആഗോളവല്‍ക്കരണ നയം വന്നതോടെ ചിത്രം മാറി. ഇളവും സഹായവുമില്ലാതായി. അന്തസ്സുറ്റതാണ് കേരളത്തിലെ സഹകരണരംഗത്തെ വായ്പാമേഖല. ഇപ്പോള്‍ നിക്ഷേപത്തിന് ആദായനികുതി നിര്‍ബന്ധമാക്കി. അടുത്തകാലത്തുണ്ടായ ഭരണഘടനാ ഭേദഗതിയും പാര്‍ലമെന്റ് അംഗീകരിച്ച ബാങ്കിങ് ഭേദഗതിയും സഹകരണരംഗത്തെ ദോഷകരമായി ബാധിക്കും. വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടിനോട് കേരളത്തില്‍ മാറിവന്ന സര്‍ക്കാരിനെല്ലാം ഒരേ സമീപനമായിരുന്നു. ഭരണഘടനാ ഭേദഗതി, ബാങ്കിങ് ഭേദഗതി ഇവയോടും ഇതേ നിലപാടാണ്. സഹകരണ നിയമത്തില്‍ ഭേദഗതിക്കനുസൃതമായി മാറ്റംവരുത്തിയെങ്കിലും കര്‍ശനമായി നടപ്പാക്കിയിട്ടില്ല. സഹകരണരംഗം ഒറ്റക്കെട്ടായി പൊതുഅഭിപ്രായം ഉയര്‍ത്തിയതിനാലാണിത്. എന്നാല്‍ ഇത് എല്ലാകാലത്തും സാധിക്കുമോ. ഇക്കാര്യത്തില്‍ സഹകരണമന്ത്രിയുടെ ശുഭാപ്തിവിശ്വാസത്തോട് യോജിക്കാനാവില്ല. ഈ ഭേദഗതികള്‍ വന്നാല്‍ വിവരണാതീതമായ ഉപദ്രവമാകും അനുഭവിക്കുക. അതിനാല്‍ ഈ ആപത്തിനെതിരെ എല്ലാ മേഖലയിലെ സഹകാരികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയായി.

ചെങ്ങോട്ടുകാവ് വനിതാസഹകരണസംഘത്തിന് പുതിയ കെട്ടിടം

ചെങ്ങോട്ടുകാവ്: സഹകരണ മേഖലയില്‍ വനിതകളുടെ കൂട്ടായ്മയായ ചെങ്ങോട്ടുകാവ് വനിതാസഹകരണസംഘത്തിന് പുതിയ കെട്ടിടമായി. ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിനടുത്താണ് പുതിയ കെട്ടിടം. 1377 മെമ്പര്‍മാരുമായി സ്ത്രീകളുടെ ചെറുകിട തൊഴില്‍ ജീവിതസംരംഭങ്ങള്‍ക്ക് തുണയായി ആറു വര്‍ഷം മുമ്പാണ് സംഘം രൂപീകരിച്ചത്. നിലവില്‍ 2.38 രൂപ കോടി നിക്ഷേപമുണ്ട്. 1.76 കോടി രൂപ വായ്പയും നല്‍കി. 55,735 രൂപ ലാഭവുമായി വികസനത്തിന്റെ കുതിപ്പിലാണ് സംഘത്തിന് സ്വന്തം ആസ്ഥാനമായത്. ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിനടുത്ത് നിര്‍മിച്ച കെട്ടിടം മുന്‍സഹകരണമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വനിതകളടക്കം നൂറുകണക്കിന് സഹകാരികള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഉദ്ഘാടനം.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയായി. സഹകരണ അസി. രജിസ്ട്രാര്‍ എ വി അനില്‍കുമാര്‍ കംപ്യൂട്ടറും മുന്‍ എംഎല്‍എമാരായ പി വിശ്വന്‍ സ്ട്രോങ്റൂമും ഇ നാരായണന്‍നായര്‍ റെഡിമെയ്ഡ് ആന്‍ഡ് ടൈലറിങ് യൂണിറ്റും ഉദ്ഘാടനം ചെയ്തു. കൗണ്ടര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ദാമോദരനും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി എം കോയ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സീനത്ത്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ ഭാസ്കരന്‍ ചേനോത്ത്, മേലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍, കേരള ഗ്രാമീണബാങ്ക് ശാഖാ മാനേജര്‍ വി ടി സദാനന്ദന്‍, ഗോപിനാഥ് ചെറുവാട്, പി പി മമ്മത്കോയ, വി ടി വിജയന്‍, എം കെ സത്യപാലന്‍, പി ചാത്തപ്പന്‍, കുഞ്ഞിക്കണ്ണന്‍ തട്ടാരി, ടി കുഞ്ഞിക്കണ്ണന്‍, സിപിഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്, നാടക-സിനിമാ നടന്‍ ചേമഞ്ചേരി നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി കെ കെ ദിലേഷ് റിപ്പോര്‍ട് അവതരിപ്പിച്ചു. കെട്ടിടം പണിത കരാറുകാരന്‍ കുന്നേരി ഹരിക്ക് പിണറായി ഉപഹാരം നല്‍കി. പിണറായി വിജയന് സംഘത്തിന്റെ ഉപഹാരം പ്രസിഡന്റ് ടി വി ഗിരിജ സമ്മാനിച്ചു. ടി വി ഗിരിജ സ്വാഗതവും ടി മാധവന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment