Friday, January 10, 2014

ഉമ്മന്‍ ചാണ്ടിയുടെ നീക്കം പൊളിഞ്ഞു: വി എസ്

പാമോലിന്‍ കേസ് പിന്‍വലിക്കാനുളള സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ കാലങ്ങളായി താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഈ കോടതി വിധി. കഴിഞ്ഞ 22 കൊല്ലമായി സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ പാമോയില്‍ അഴിമതിക്കെതിരെ നിയമപോരാട്ടം നടത്തുകയാണ്. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കൂടി പ്രതിയാക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലവിലുണ്ട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പാമോലിന്‍ കേസ് ഫയല്‍ ചെയ്തത്. അഴിമതിക്കേസാണെന്നും അതിനാല്‍ ഈ കേസ് പരവതാനിക്കടിയിലേക്ക് തള്ളാന്‍ അനുവദിക്കുകയില്ലെന്നുമുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തത്. താന്‍ കൂടി ഈ കേസില്‍ ഉള്‍പ്പെടും എന്നുള്ള ഭയത്താലാണ് കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റ അഴിമതി ഭരണത്തിനും ഇത്തരത്തിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലൂടെ അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയുമാണ് ഈ വിധിയെന്ന് വിഎസ് പറഞ്ഞു.

നീതിബോധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം: കോടിയേരി

തിരു: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നീതിബോധമുണ്ടെങ്കില്‍ അദ്ദേഹം രാജിവെയ്ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കേസ് കോടതിയില്‍ വിചാരണയ്ക്കെടുത്താല്‍ നിലവിലെ സാഹചര്യത്തില്‍ പാമോലിന്‍ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പ്രതിയാകുമെന്ന് അദ്ദേഹത്തിനറിയാം. കുറ്റബോധം കൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ തന്നെ നേതൃത്വത്തില്‍ കേസ് പിന്‍വലിക്കാനായി കോടതിയെ സമീപിച്ചത്. കോടതി വിധി ഉമ്മന്‍ചാണ്ടിയുടെ മുഖത്തേറ്റ അടിയാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഉമ്മന്‍ചാണ്ടിയുടെ കീഴിലായിരുന്ന വിജിലന്‍സ് അദ്ദേഹത്തിന് പാമോലിന്‍ ഇടപാടില്‍ പങ്കില്ലെന്ന് വിധിയെഴുതി. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ റിവ്യു ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടത് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പാമോലിന്‍ കേസ്:അപ്പീല്‍ നല്‍കുമെന്ന് ചെന്നിത്തല

തിരു: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

deshabhimani

No comments:

Post a Comment