Thursday, October 1, 2009

തലശേരി കലാപത്തെപ്പറ്റി തന്നെ

തലശേരി കലാപത്തിനു പിന്നില്‍ സിപിഐ എം ആയിരുന്നുവെന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ ആരോപണം ചരിത്രവസ്തുതകളെ നിഷേധിക്കുന്നതും ആര്‍എസ്എസ് ആക്രമണത്തിനിരയായ ജനങ്ങളോടുള്ള അവഹേളനവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കലാപശേഷം സ്വന്തം മുഖംരക്ഷിക്കാന്‍ ജനസംഘവും ആര്‍എസ്എസും ഇതേ ആരോപണം ഉന്നയിച്ചതാണ്. ജസ്റ്റിസ് വിതയത്തില്‍ കമീഷനും ജനങ്ങളും അത് തള്ളി. മഹാത്മജിക്കു നേരെ നിറയൊഴിച്ച ഗോഡ്സെയുടെ സംഘടനാബന്ധംപോലും പിന്നീട് നിഷേധിച്ച ആര്‍എസ്എസിന്റെ കാപട്യപാരമ്പര്യമാണ് തന്റെ പുസ്തകത്തിലൂടെ ഒ രാജഗോപാല്‍ പിന്തുടരുന്നതെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ കടന്നുകയറാന്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതായിരുന്നു തലശേരി കലാപം. ആര്‍എസ്എസ് രാജ്യത്ത് ആസൂത്രണം ചെയ്തുനടത്തിയ മറ്റേതു വര്‍ഗീയ കലാപവും പോലെ ചിട്ടപ്പെടുത്തിയ ഒന്നായിരുന്നു അത്. വന്‍തോതില്‍ നുണക്കഥയും ഊഹാപോഹവും പരത്തി ജനങ്ങളിലാകെ ന്യൂനപക്ഷ വിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ജീവന്‍ നല്‍കിയും മതസൌഹാര്‍ദം പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കണമെന്നാണ് അന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പാര്‍ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തത്. സിപിഐ എം പ്രവര്‍ത്തകര്‍ ശക്തമായി രംഗത്തിറങ്ങിയതുകൊണ്ടാണ് കലാപം ആളിപ്പടരാതിരുന്നത്. പാര്‍ടി ആഹ്വാനം അനുസരിച്ച് അക്രമികളെ ചെറുത്ത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും അവരുടെ ആരാധനാലയങ്ങള്‍ക്കും സ്വത്തുവകകള്‍ക്കും സംരക്ഷണം നല്‍കുകയും ചെയ്ത 'കുറ്റ'ത്തിനാണ് സിപിഐ എം മാങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റി അംഗം യു കെ കുഞ്ഞിരാമനെ ആര്‍എസ്എസ് കൊലപ്പെടുത്തിയത്. ആ കൊലയാളികളെയാണ് രാജഗോപാല്‍ വെള്ളപൂശുന്നത്.

1971 ഡിസംബര്‍ 28നാണ് തലശേരി കലാപം തുടങ്ങിയത്. 1972 ഫെബ്രുവരി 14ന് ജസ്റ്റിസ് ജോസഫ് വിതയത്തിലിനെ അന്വേഷണ കമീഷനായി നിയമിച്ചു. 1972 മെയ് 31ന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമീഷന്‍ വിധി പറയുംമുമ്പ്, സിപിഐ എം ആണ് കലാപത്തിനു പിന്നിലെന്ന് മാര്‍ക്സിസ്റ്റ് വിരുദ്ധമുന്നണിയും അവരുടെ ഗവമെന്റ് വക്താക്കളും ആരോപിച്ചു. കലാപത്തിനിടയില്‍ സംഭവിച്ച നഷ്ടം കണക്കാക്കുന്നതിന് രൂപീകരിച്ച കമ്മിറ്റികളില്‍നിന്ന് സിപിഐ എമ്മിനെ മാറ്റിനിര്‍ത്തി. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഐ എം അന്വേഷണ നടപടികള്‍ ബഹിഷ്കരിച്ചത്. സ്വന്തം വാദം സിപിഐ എം അവതരിപ്പിക്കാതിരുന്നിട്ടുപോലും കലാപത്തിനു പിന്നില്‍ സിപിഐ എം ഉണ്ടെന്ന് കമീഷന്‍ പറഞ്ഞിട്ടില്ല. മറിച്ച് ആര്‍എസ്എസിന്റെ പങ്കാളിത്തം വ്യക്തമായി ചൂണ്ടിക്കാട്ടി. ആര്‍എസ്എസിനോടൊപ്പം തന്നെ, അന്ന് ഭരണകക്ഷിയായിരുന്ന മുസ്ളിംലീഗിന്റെ ചെയ്തികളും ഭൂരിപക്ഷ സമുദായത്തിലെ മുസ്ളിംവിരുദ്ധ വികാരം ശക്തിപ്പെടുത്താന്‍ സഹായിച്ചെന്ന് വിതയത്തില്‍ കമീഷന്‍ ചൂണ്ടിക്കാട്ടി.

കമീഷന്‍ റിപ്പോര്‍ട്ടിന്റെ 220-ാം ഖണ്ഡികയില്‍ ആക്രമണവിധേയരായ മുസ്ളിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സിപിഐ എമ്മിന്റെ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തെന്ന് വ്യക്തമാക്കുന്നുണ്ട്. സിപിഐ എം നേതാക്കളാരും തന്നെ കലാപത്തില്‍ ഭാഗഭാക്കായില്ലെന്നും കമീഷന്‍ എടുത്തുകാട്ടി. മാത്രമല്ല, കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ കൊടികെട്ടിയ ഒരു കാറില്‍ സഞ്ചരിച്ച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും കമീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പാര്‍ടിയും ചെയ്തിട്ടില്ലാത്ത കാര്യമാണ് സിപിഐ എം ചെയ്തതെന്ന് കമീഷന്‍ വ്യക്തമാക്കി. ബീഡിത്തൊഴിലാളികള്‍ സംഘടിതമായി കലാപത്തെ ചെറുത്തതും കമീഷന്‍ എടുത്തുപറഞ്ഞതാണ്. കലാപം ആസൂത്രിതമായിരുന്നെന്നും കമീഷന്‍ കണ്ടെത്തി.

മേലൂട്ട് മഠപ്പുരയിലേക്കുള്ള കലശഘോഷയാത്ര ടൌഹാള്‍ റോഡ് വഴിയാണ് സഞ്ചരിക്കാറുള്ളത്. എരഞ്ഞോളി പാലത്തിനടുത്തുനിന്ന് ഒന്നരമൈല്‍ സഞ്ചരിച്ച് മഠപ്പുരയില്‍ എത്തേണ്ട ഘോഷയാത്ര വഴിമാറി ഒവി റോഡിലൂടെയാണ് പോയത്. ആ ദൂരം രണ്ടേമുക്കാല്‍ മൈല്‍വരും. സാധാരണനിലയില്‍നിന്ന് വ്യത്യസ്തമായി ഘോഷയാത്രയില്‍ സ്ത്രീകളോ, കുട്ടികളോ ഉണ്ടായിരുന്നില്ല. മുസ്ളിങ്ങളുടെ ഉടമസ്ഥതയിലുള്ള നൂര്‍ജഹാന്‍ ഹോട്ടലില്‍നിന്നാണ് കലശഘോഷയാത്രയ്ക്കു നേരെ ചെരിപ്പെറിഞ്ഞതെന്ന കഥ അക്രമത്തിനു വേണ്ടി കെട്ടിച്ചമച്ചതാണെന്ന് കമീഷന്‍ കണ്ടെത്തി. ഈ യാഥാര്‍ഥ്യങ്ങള്‍ ഒ രാജഗോപാലിന് നിഷേധിക്കാനാകുമോ?

ആര്‍എസ്എസിന്റെ ന്യൂനപക്ഷ വേട്ടയും നരാധമത്വവും ത്യാഗപൂര്‍വം ചെറുത്തുനിന്ന പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്. ആ പാരമ്പര്യത്തെ നിഷേധിക്കാനോ കരിതേച്ചുകാട്ടാനോ ഉള്ള ഒരു ശ്രമവും വിലപ്പോവില്ലെന്ന് പിണറായി ഓര്‍മിപ്പിച്ചു.

ദേശാഭിമാനി 01 ഒക്ടോബര്‍ 2009

1 comment:

  1. തലശേരി കലാപത്തിനു പിന്നില്‍ സിപിഐ എം ആയിരുന്നുവെന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ ആരോപണം ചരിത്രവസ്തുതകളെ നിഷേധിക്കുന്നതും ആര്‍എസ്എസ് ആക്രമണത്തിനിരയായ ജനങ്ങളോടുള്ള അവഹേളനവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കലാപശേഷം സ്വന്തം മുഖംരക്ഷിക്കാന്‍ ജനസംഘവും ആര്‍എസ്എസും ഇതേ ആരോപണം ഉന്നയിച്ചതാണ്. ജസ്റ്റിസ് വിതയത്തില്‍ കമീഷനും ജനങ്ങളും അത് തള്ളി. മഹാത്മജിക്കു നേരെ നിറയൊഴിച്ച ഗോഡ്സെയുടെ സംഘടനാബന്ധംപോലും പിന്നീട് നിഷേധിച്ച ആര്‍എസ്എസിന്റെ കാപട്യപാരമ്പര്യമാണ് തന്റെ പുസ്തകത്തിലൂടെ ഒ രാജഗോപാല്‍ പിന്തുടരുന്നതെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete