Friday, October 30, 2009

നീര്‍ത്തൂ ഈ അധിക്ഷേപം

ഉമ്മന്‍ചാണ്ടിക്ക് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീ ഉമ്മന്‍ചാണ്ടി,

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുംവിധം കള്ളവോട്ട് ആക്ഷേപങ്ങള്‍ താങ്കള്‍ കഴിഞ്ഞ കുറേ നാളായി ഉന്നയിക്കുകയാണല്ലോ. സ്വാര്‍ഥരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ഈ അധിക്ഷേപമെന്ന് പ്രകടമാണെങ്കിലും ഒരുനാടിനെയും ജനതയെയും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണതെന്ന് ഓര്‍മ്മിപ്പിക്കട്ടെ. പൌരാവകാശവും അതിന്റെ ഭാഗമായ വോട്ടവകാശവും സ്വതന്ത്രമായി വിനിയോഗിക്കുന്നതു തടയുന്ന തരത്തിലുള്ള ഭീഷണിയും ഇടപെടലുകളും താങ്കളുടെ പങ്കാളിതത്തോടെ നടക്കുമ്പോള്‍ ജനാധിപത്യം എന്ന വാക്കിനുതന്നെ അര്‍ത്ഥം നഷ്ടപ്പെടുന്നു.

കണ്ണൂരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചേര്‍ത്തുവെന്നും അതിന് വ്യാജരേഖകള്‍ ഉപയോഗിച്ചുവെന്നും മറ്റുമുള്ള ആക്ഷേപം അടിസ്ഥാനരഹിതമെന്ന് കണക്കുകളും വസ്തുതകളും നിരത്തി ഞങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത് താങ്കളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ാവഴിയില്ലല്ലോ. നിയമാനുസൃതം വോട്ടവകാശം ലഭിക്കേണ്ടുന്ന പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചിതരേഖകള്‍ സഹിതം അര്‍ഹരായ ആര്‍ക്കും അപേക്ഷിക്കാം. അതിലേതെങ്കിലും രേഖ വ്യാജമാണെന്ന് ഇതുവരെ അത് ഔദ്യോഗികമായി പരിശോധിച്ചവര്‍ പറഞ്ഞിട്ടില്ല. അഞ്ച് ഘട്ടങ്ങളിലായി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ നടത്തിയ പരിശോധനയിലും എല്‍ഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന ആക്ഷേപിക്കപ്പെട്ടിട്ടില്ല. കമീഷന് ലഭിക്കാത്ത മറ്റ് വല്ല വിവരവും അങ്ങയുടെ പക്കല്‍ ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ മഹനീയസ്ഥാനത്തെ ഓര്‍ത്തെങ്കിലും തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു. അതിന് അങ്ങേക്ക് സാധിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ നടത്തുന്ന സത്യവിരുദ്ധപ്രചാരണം അവസാനിപ്പിക്കാമോ?

കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് ഭൂരിപക്ഷംകിട്ടുമെന്ന് താങ്കളും പാര്‍ടിയുടെ മറ്റ് നേതാക്കളും അവകാശപ്പെടുന്നുണ്ട്. ആ അവകാശവാദം ആത്മാര്‍ത്ഥമെങ്കില്‍ എന്തിന് വോട്ടര്‍മാരെയാകെ അപഹസിക്കും വിധം അവരെല്ലാം വ്യാജന്മാരാണെന്ന പ്രചാരണം? അതിന് താങ്കളെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയകാരണങ്ങള്‍ കണ്ണൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ തരിച്ചറിയുമെന്ന് കരുതാനുള്ള വിവേകം താങ്കളില്‍നിന്ന് പ്രതീക്ഷിച്ചുകൂടെ? കണ്ണൂരിന്പുറത്തുള്ളവരെ തെറ്റിദ്ധാരണയുടെ ഇരുളില്‍ നിര്‍ത്താനുള്ളതോ ഈ ആത്മവഞ്ചനാപരമായ പ്രചാരണം?

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെച്ചൊല്ലി അതൃപ്തിയും അസ്വസ്ഥതയും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരില്‍ തിളച്ചുമറിയുകയാണെന്ന യാഥാര്‍ത്ഥ്യം താങ്കള്‍ കണ്ണൂരില്‍ വന്നപ്പോഴെങ്കിലും നേരിട്ടനുഭവിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ. . സ്വന്തം അണികളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം താങ്കളുടെ പാര്‍ട്ടി നേതൃത്വം എതിര്‍പ്പ് നേരിടുന്നു. ഈ വിഷമകരമായ അവസ്ഥ മറികടക്കാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധജ്വരം ഉണര്‍ത്തി അണികളെ ഏകോപ്പിക്കാന്‍ കഴിയുമോയെന്ന എളുപ്പവഴിയല്ലേ വോട്ടര്‍പട്ടിക വിവാദം?

യുപിഎ ഭരണം തുടരുന്ന ജനവിരുദ്ധനയങ്ങളും കേരളത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന ആസിയന്‍കരാറുമടക്കമുള്ള പ്രശ്നങ്ങളും യുഡിഎഫിനെ പ്രതിക്കൂട്ടിലാണ് നിര്‍ത്തുന്നത്. കണ്ണൂര്‍ നഗരമുള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ അനാസ്ഥയും അതുമൂലമുണ്ടായ പിന്നോക്കാവസ്ഥയും ഇവിടെ നിന്ന് ജയിച്ചുപോയവരെ ജനങ്ങളുടെ മുന്നില്‍ മുഖം കാണിക്കാന്‍ പറ്റാത്ത ദുസ്ഥിതിയിലെത്തിച്ചിരിക്കുന്നു. ഒരുഭാഗത്ത് സ്ഥാനാര്‍ത്ഥിയുടെ അസ്വീകാര്യത, സ്വന്തം പാര്‍ട്ടിയിലെ അതൃപ്തി, കാലകാലമായി ജയിച്ചുവന്ന മണ്ഡലത്തിന്റെ വികസനമുരടിപ്പ്, മണ്ഡലം കൈവിട്ടുപോവുകയാണെന്ന ഭീതി- ഇതെല്ലാം മറച്ച് വെക്കാന്‍ വോട്ടര്‍പട്ടികവിവാദം മാത്രമാണ് താങ്കളുടെ ചേരി ഉയര്‍ത്തുന്ന ഒറ്റമൂലി. സൂര്യനെ മറയ്ക്കാന്‍ പാഴ്‌മുറം ഉപയോഗിക്കുകയല്ലേ താങ്കള്‍?

വോട്ടര്‍പട്ടികയില്‍ സ്വന്തം പേര് കൂട്ടിചേര്‍ക്കുന്നതിന് ജനങ്ങള്‍ ഇത്രയേറെ പീഡിപ്പിക്കപ്പെട്ട മറ്റൊരു അനുഭവം രാജ്യത്തെവിടെയുണ്ട്? എല്ലാ നിയമനടപടികളും പൂര്‍ത്തീകരിച്ച് ഒരു ദിവസം മുഴുവന്‍ ക്യൂവില്‍ നിന്ന് പൌരാവകാശത്തിന്റെ ഭാഗമായി വോട്ടവകാശം നേടിയവര്‍ ഇങ്ങനെ അധിഷേപിക്കപെടേണ്ടവരോ? കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പലവട്ടം നടത്തിയ പരിശോധനക്ക് പുറമെ കേന്ദ്ര-ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള സ്വാധീനം ഉപയോഗിച്ച് ജില്ലക്ക് പുറത്തുള്ള വിവിധതട്ടിലുള്ള ഉദ്യോഗസ്ഥന്മാര്‍ ഈ വോട്ടര്‍മാരുടെ വാസസ്ഥലം പരിശോധിക്കുകയും നേരിട്ട് ചോദ്യം ചെയ്യുകയുമുണ്ടായില്ലേ?. അതിന് ശേഷം സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് അധികതര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ താങ്കള്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഇല്ല എന്നത് സത്യമല്ലേ?. ആ റിപ്പോര്‍ട്ടുകളാകെ പഠിച്ചശേഷം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ചൌള കണ്ണുരിലെ വോട്ടര്‍പട്ടിക നിയമാനുസൃതമാണെന്നും കുറ്റമറ്റതാണെന്നും അതിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയത് അംഗീകരിക്കാന്‍ താങ്കള്‍ എന്തിന് മടിക്കുന്നു?

പരമോന്നത തെരഞ്ഞെടുപ്പ് സംവിധാനമായ കമീഷന്റെ വിശദ പരിശോധനാറിപ്പോര്‍ട്ടുകളും നിഗമനവും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാണ് താങ്കളും താങ്കളുടെ മുന്നണിയും അതിനെ അനുകൂലിക്കുന്ന മാധ്യമങ്ങളും സംഘടിത പ്രചാരവേല തുടര്‍രുന്നത്. രാജ്യത്തെ ഏതുമണ്ഡലത്തിലെ വോട്ടര്‍പട്ടികയിലും ചില തെറ്റുകളും കുറ്റങ്ങളും വിട്ടുപോകലും കണ്ടേക്കാം. അതിനപ്പുറത്തുള്ള എന്താണ് താങ്കള്‍ക്ക് കണ്ണൂരിനെക്കുറിച്ച് ചൂണ്ടിക്കാണിക്കാനുള്ളത്? താരതമ്യേന സ്ഥലത്തില്ലാത്ത വോട്ടര്‍മാരുടെ എണ്ണം കുറവുമാത്രമുള്ള പട്ടികയാണ് കണ്ണൂരില്‍ പ്രസീദ്ധീകരിച്ചത് എന്ന് ആ പട്ടിക പരിശോധിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് മനസ്സിലാക്കാനാവുന്നുണ്ട്. താങ്കളെ പ്രയാസപ്പെടുത്തുന്ന വിഷയവും അതുതന്നെയാവും എന്ന് കരുതട്ടെ.

യുഡിഎഫ് കണ്ണൂരില്‍ മുമ്പ് ഭൂരിപക്ഷം നേടുന്നതില്‍ മണ്ഡലത്തിനകത്തെ താമസക്കാരല്ലാത്ത പതിനായിരത്തിലേറെ പേരുടെ വ്യാജവോട്ടുകള്‍ പ്രധാനഘടകമായിരുന്നു എന്ന വസ്തുത ഞങ്ങള്‍ എല്‍ഡിഎഫുകാരെക്കാള്‍ താങ്കള്‍ക്കാവുമല്ലോ അറിയാവുന്നത്. ഇത്തവണ അത്തരം വ്യാജവോട്ടുകളില്‍ ഗണ്യമായ പങ്ക് ഇപ്പോള്‍പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓരോ ബൂത്തിലെയും പട്ടിക പരിശോധിച്ച് ഇത്തരം വ്യാജവോട്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ടഫോറത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ 5999 വ്യാജവോട്ടര്‍മാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കി. കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് നടന്ന വിശദമായ പരിശോധനയിലാണ് യുഡിഎഫ് കാലാകാലമായി സംരക്ഷിച്ച് ഉപയോഗിച്ചിരുന്ന പതിനായിരത്തിലേറെ വോട്ടര്‍മാരില്‍ കുറെവോട്ട് തള്ളിയത്. ഇതില്‍പ്പെട്ട നാലായിരത്തില്‍പരംവോട്ടുകള്‍ ഇപ്പോഴും യുഡിഎഫ് അനുകൂലവ്യാജവോട്ടര്‍മാരായി കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിലനില്‍ക്കുന്നുണ്ട്. സ്വന്തം വിജയത്തിനാധാരമായി കാത്തുസൂക്ഷിച്ച വോട്ടുകള്‍ ഒരുമിച്ച് തള്ളപ്പെട്ടതില്‍ താങ്കള്‍ക്ക് അമ്പരപ്പും വിഷമവുമുണ്ടായതില്‍ ഞങ്ങള്‍ അസ്വാഭാവികത കാണുന്നില്ല.

കണ്ണൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിച്ചതിന്റെ ഫലമായി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ എത്ര വോട്ടര്‍മാരുണ്ടെന്ന് കണ്ണൂരിലെ അനുയായികളോട് താങ്കള്‍ അന്വേഷിച്ചാലും. അങ്ങനെ യുഡിഎഫ് പൌരസ്വാതന്ത്യ്രം നിഷേധിച്ചവര്‍ രേഖകള്‍ നേടി വോട്ടര്‍പട്ടികയില്‍ വന്നത് താങ്കളുടെ പാര്‍ട്ടിക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യം തന്നെ. അവര്‍ക്ക് അവകാശപ്പെട്ടത് അവര്‍ നേടി എന്നു കരുതി സമാധാനിക്കുന്നതിന് പകരം അവരെല്ലാം വ്യാജന്മാരും കള്ളന്മാരുമാണെന്ന് അധിക്ഷേപിക്കുന്നത് മാന്യതയാണോ?

കണ്ണൂര്‍ നഗരം ജില്ലയുടെ ഭരണകേന്ദ്രം കൂടിയാണ്. ജോലിയുടെ ഭാഗമായും മറ്റ് കാരണങ്ങളാലും പലരും ജില്ലാ ആസ്ഥാനമായ നഗരത്തിലേക്ക് താമസം മാറുന്നത് അസ്വാഭാവികമോ? കോട്ടയം ജില്ലക്കാരനായ താങ്കള്‍ തിരുവനന്തപുരത്ത് പുതുപ്പള്ളി വീടുവെച്ച അനുഭവമെങ്കിലും ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മനസ്സില്‍ വരുമല്ലോ. മാറി വന്നവര്‍ ഇവിടുത്തെ സ്ഥിരതാമസത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ രേഖകളും സമര്‍പ്പിച്ച് തങ്ങള്‍ നേരത്തെ ഉള്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ നിന്ന് പേര്മാറ്റി ഇപ്പോള്‍ താമസിക്കുന്ന മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നത് നിയമാനുസൃതമല്ലെന്ന് പറയാന്‍ താങ്കള്‍ക്ക് കഴിയുമോ? അത്തരം 1370 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് കമീഷന്‍ പറയുന്നത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയും ബന്ധുക്കളും ഉള്‍പ്പെടെ അതിലുണ്ട്. കുഞ്ഞിമംഗലത്തെ വോട്ടറായിരുന്ന ഡിസിസി സെക്രട്ടറിയും കുടുംബവും പള്ളിക്കുന്നില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ രണ്ടിടത്ത് വോട്ടില്ലെന്ന വിലാപവുമായി നടക്കുകയാണ്. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി, താങ്കളുടെ പാര്‍ട്ടി നേതാവായ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വോട്ട് പോലും പഞ്ചാബിലോ ഡല്‍ഹിയിലോ അല്ലാതെ ആസ്സാമിലാണെന്ന വിവരം ഞാന്‍ താങ്കള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ.

കണ്ണൂരിലെ വ്യാജവോട്ടര്‍മാരെ തിരക്കിയാല്‍ താങ്കളുടെ പാര്‍ടിക്കാര്‍ നിലനിര്‍ത്തുന്ന 4200 ഓളം വരുന്ന പേരുകളാണ് കാണുക. അതല്ലെന്ന് സ്ഥാപിക്കാന്‍ താങ്കളെ വിനയപൂര്‍വം വെല്ലുവിളിക്കട്ടെ. താങ്കളുടെ വീരവാദവും വെല്ലുവിളികളും നേരിടാന്‍ ഈ വസ്തുത മതിയാവുമെന്ന് പ്രതീക്ഷിക്കട്ടെ. അനധികൃതമായി പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ നിയമാനുസൃതം നീക്കം ചെയ്യണമെന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് പകരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനും ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് വരുതിയിലാനും ആക്രമിക്കാനും അണികളെ നിയോഗിക്കുന്നതില്‍ ഏതുതരം ജനാധിപത്യമാണ് താങ്കള്‍ ദര്‍ശിക്കുന്നത്?

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കേന്ദ്രഭരണം ഉപയോഗിക്കുന്നത് താങ്കള്‍ വാഴ്ത്തുന്ന 'ജനാധിപത്യ'ത്തിന്റെ ഭാഗമോ? കേന്ദ്രസേനയെ ഇറക്കണമെന്നും ജില്ലക്ക് പുറത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ മാത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇന്നാട്ടിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന താങ്കള്‍ പറയുമ്പോള്‍, അത് സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെയും പൊലീസിനെയും അപമാനിക്കലല്ലേ? വോട്ട് ചെയ്യാന്‍ പോകുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുമെന്ന ഭീഷണി കൊണ്ട് വോട്ടര്‍മാര്‍ പിന്തിരിയുമെന്നാണോ താങ്കള്‍ കരുതുന്നത്. സ്വന്തം അണികളെയും ജനങ്ങളെയും അഭിമുഖീകരിക്കാന്‍ കഴിയാത്തഅവസ്ഥ മറികടക്കാന്‍നാടിനെ ആകെ അപമാനിക്കുന്ന ഈ നികൃഷ്ടമായ പ്രചാരവേലയില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ഥിക്കുന്നു. കണ്ണൂരിന്‍െ അപമാനിക്കാനും ഇവിടത്തെ ജനങ്ങളെയാകെ മേശക്കാരായി ചിത്രീകരിക്കാനുമുള്ള ശ്രമം അപകടകരമെന്നു മനസ്സിലാക്കി പിന്‍മാറാനുള്ള വിവേകം താങ്കളില്‍നിന്ന് പ്രതീക്ഷിക്കട്ടെ.

വിശ്വസ്തതയോടെ,
പി ശശി
അഴീക്കോടന്‍ മന്ദിരം,
തളാപ്പ്, കണ്ണൂര്‍

4 comments:

 1. ഉമ്മന്‍ചാണ്ടിക്ക് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ തുറന്ന കത്ത്

  പ്രിയപ്പെട്ട ശ്രീ ഉമ്മന്‍ചാണ്ടി,

  കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുംവിധം കള്ളവോട്ട് ആക്ഷേപങ്ങള്‍ താങ്കള്‍ കഴിഞ്ഞ കുറേ നാളായി ഉന്നയിക്കുകയാണല്ലോ. സ്വാര്‍ഥരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ഈ അധിക്ഷേപമെന്ന് പ്രകടമാണെങ്കിലും ഒരുനാടിനെയും ജനതയെയും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണതെന്ന് ഓര്‍മ്മിപ്പിക്കട്ടെ. പൌരാവകാശവും അതിന്റെ ഭാഗമായ വോട്ടവകാശവും സ്വതന്ത്രമായി വിനിയോഗിക്കുന്നതു തടയുന്ന തരത്തിലുള്ള ഭീഷണിയും ഇടപെടലുകളും താങ്കളുടെ പങ്കാളിതത്തോടെ നടക്കുമ്പോള്‍ ജനാധിപത്യം എന്ന വാക്കിനുതന്നെ അര്‍ത്ഥം നഷ്ടപ്പെടുന്നു.

  ReplyDelete
 2. ഏഷ്യാനെറ്റിലെ ഫോക്കസില്‍ പ്രകാശന്‍മാസ്റ്ററോട് വാര്‍ത്ത വായിക്കുന്ന ആളിന്‍റെ ചോദ്യം "കോണ്‍ഗ്രസ്സുകാര്‍ വീട്ടില്‍ക്കേറി ഭീഷണിപ്പെടുത്തിയെങ്കില്‍ ആ വീട്ടുകാര്‍ക്ക് പോലീസില്‍ പരാതിപ്പെട്ടൂടെ, എന്തിന്‌ LDF ആ പ്രശ്നം ഏറ്റെടുക്കണം എന്ന്". പിന്നെ, "വിജയപ്രതീക്ഷ ഉണ്ടെങ്കില്‍ LDF എന്തിനു മാധ്യമങള്‍ക്കെതിരെ കേസു കൊടുക്കണം എന്ന്". മാസ്റ്ററുടെ മറുപടി പക്ഷേ, ചോദ്യകര്‍ത്താവ് ശ്രദ്ധിക്കുന്നു പോലുമില്ല.

  കണ്ടുകൊണ്ടിരിക്കുന്നവര്‍ പൊട്ടന്മാരാണെന്നു ധരിച്ചിട്ടോ, അതോ ചോദ്യകര്‍ത്താവ് പൊട്ടനായിട്ടോ ഇത്ത്രം പ്രഹസനങ്ങളെന്ന് ഇതു വരെ മനസ്സിലായില്ല...

  ReplyDelete
 3. പിന്നേ.... പ്രകാശന്‍ മാസ്റ്റര്‍ വിജയപ്രതീക്ഷ ഉണ്ടാവാനുള്ള, ഉണ്ടാക്കാനുള്ള കോപ്പെല്ലാം വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റിയിട്ടുണ്ടല്ലൊ, പിന്നെ ഇഷ്ടം പോലെ പ്രതീക്ഷ പുലര്‍ത്താം.

  ReplyDelete
 4. നന്ദി അനിയന്‍‌കുട്ടി. നന്ദി പാഞ്ഞിരപാടം.

  പാഞ്ഞിരപാടം പറയുന്നത് അപ്പോള്‍ ഇത്തവണ അബ്ദുള്ളക്കുട്ടി തോല്‍ക്കും എന്നാണോ? ആ കീ ബോര്‍ഡ് പൊന്നായിരിക്കട്ടെ! :)

  ReplyDelete