Sunday, October 11, 2009

രാഹുല്‍ ഗാന്ധി സുരക്ഷാനിയമവും കാറ്റില്‍പ്പറത്തി

മണിക്കൂറിന് നാലുലക്ഷം രൂപ വാടകയുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലെ കോളേജുകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി പ്രമുഖ വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച എല്ലാ മാനദണ്ഡവും ലംഘിച്ചു. അതീവസുരക്ഷാ പട്ടികയിലുള്ള രാഹുല്‍ മുന്‍കൂട്ടി നിശ്ചയിച്ച യാത്രാപരിപാടികള്‍ അട്ടിമറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും സംസ്ഥാന പൊലീസിനെയും വട്ടംകറക്കി. ചെലവുചുരുക്കലിന്റെ പേരില്‍ വാചകമടിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിക്കായി ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ ഫാല്‍ക്കന്‍ ജെറ്റ് വിമാനത്തിനു പുറമെ കേരളത്തില്‍ യാത്രചെയ്യാന്‍ ആറ് ബുള്ളറ്റ് പ്രൂഫ് കാറും മൂന്ന് ജാമര്‍ വാഹനവും ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗവും ട്രെയിനിലുമായി എത്തിച്ചിരുന്നു. വ്യോമസേനാ വിമാനത്തില്‍ കാറുകള്‍ വരെ കൊണ്ടുവന്നിട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ തള്ളി രാഹുലും സംഘവും കടപ്പുറത്തും ഹോട്ടലുകളിലും കറങ്ങി.

കെ എസ് യു സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രതിഭാവേട്ടയുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധി ഒക്ടോബര്‍ ഏഴിനു സംസ്ഥാനത്ത് എത്തിയത്. അന്നു കാലത്ത് ഒമ്പതരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നതു മുതല്‍ വൈകിട്ടത്തെ മടക്കയാത്ര വരെ എല്ലാ പരിപാടിയും രാഹുലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പിജി മുന്‍കൂട്ടി തയ്യാറാക്കിയതാണ്. അതനുസരിച്ച് സര്‍വ സുരക്ഷാസന്നാഹവും സംസ്ഥാന സര്‍ക്കാറും ഒരുക്കി. ഉച്ചവരെ നിശ്ചിത പരിപാടിക്കനുസരിച്ചു നീങ്ങിയ രാഹുല്‍ പിന്നീട് തോന്നിയപോലെ സഞ്ചാരം തുടങ്ങി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ്, കോഴിക്കോട് ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുമായി സംവാദമായിരുന്നു മുഖ്യപരിപാടി. ഇതിനിടെ, എറണാകുളം സെന്റ് തെരേസാസില്‍ ഓടിക്കയറി. അവിടെ പരിപാടി നിശ്ചയിക്കാത്തതിനാല്‍ പൊലീസ് ഒരു ക്രമീകരണവും ഏര്‍പ്പെടുത്തിയിരുന്നില്ല. വാഹനവ്യൂഹത്തില്‍ മുമ്പിലുണ്ടായിരുന്നവര്‍ ഇക്കാര്യമറിയാതെ നേവല്‍ബേസിലെ വിമാനത്താവളത്തിലേക്ക് പോയി. 25 മിനിറ്റോളം വനിതാകോളേജില്‍ കറങ്ങി. ഫാറൂഖ് കോളേജില്‍നിന്ന് ഇറങ്ങിയ ശേഷമാണ് രാഹുല്‍ ഗാന്ധിയും സംഘവും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസിനെയും വെള്ളം കുടിപ്പിച്ചത്. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൌസില്‍ വിശ്രമസൌകര്യവും ഭക്ഷണവും ഒരുക്കിയിരുന്നെങ്കിലും ദേശീയപാത ബൈപ്പാസില്‍ കണ്ട ഹോട്ടലില്‍ കയറി രാഹുല്‍ പൊറോട്ട തിന്നു. രണ്ടു കാപ്പിയും കുടിച്ചു. ഇതറിയാതെ പൈലറ്റ് വാഹനം നഗരത്തിലെത്തിയിരുന്നു. പൊറോട്ട തിന്നാന്‍ കയറിയ രാഹുലിനടുത്തേക്ക് പൈലറ്റ് സംഘം തിരിച്ചോടി. ഗസ്റ്റ് ഹൌസില്‍ എത്തിയപ്പോഴാണ് യുവനേതാവിന് നഗരം കാണാന്‍ മോഹമുദിച്ചത്. നിശ്ചയിച്ച സന്ദര്‍ശന പരിപാടികള്‍ അവസാനിച്ചതിനാല്‍ പൊലീസ് വ്യൂഹം മടങ്ങിയിരുന്നു. രാത്രി ഒരു മുന്നറിയിപ്പുമില്ലാതെ രാഹുല്‍ പുറത്തിറങ്ങി. പിറകെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും.

നഗരത്തിലെ ഒരു ഹോട്ടലിലായിരുന്നു അടുത്ത പ്രകടനം. അവിടത്തെ മത്സ്യവിഭവങ്ങളെക്കുറിച്ച് എന്‍ എസ് യു പ്രസിഡന്റ് ഹൈബി ഈഡന്റെ വിവരണം കേട്ട് കയറിയെന്നാണ് മനോരമ, മാതൃഭൂമി വെളിപ്പെടുത്തല്‍. രാത്രി 9.30 മുതല്‍ 11.03 വരെ രാഹുലും കൂട്ടരും ഹോട്ടലില്‍ ചെലവഴിച്ചെന്നും എല്ലാ വിഭവവും തൊട്ടുനോക്കി രുചിച്ചെന്നുമൊക്കെയാണ് പിറ്റേന്ന് മാധ്യമങ്ങള്‍ വിവരിച്ചത്. ഗസ്റ്റ് ഹൌസിലെത്തിയ ശേഷം ജിംനേഷ്യത്തില്‍ പോകണമെന്നായി. രാത്രിയിലെ ജിംനേഷ്യം പരിപാടി സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കി. ബുധനാഴ്ച വൈകിട്ട് മടങ്ങാന്‍ നിശ്ചയിച്ചിരുന്നെങ്കിലും വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് രാഹുല്‍ കേരളം വിട്ടത്. സുരക്ഷാ ക്രമീകരണങ്ങള്‍ പാടേ ലംഘിച്ചെങ്കിലും രാഹുല്‍ ഗാന്ധിക്ക് ഒരിടത്തും നേരിയ പ്രശ്നംപോലും അഭിമുഖീകരിക്കേണ്ടി വന്നില്ല. കേരളത്തില്‍ ക്രമസമാധാനനില പാടേ തകര്‍ന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുറവിളി കൂട്ടുന്ന ഘട്ടത്തിലാണ് അതീവസുരക്ഷാ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രാഹുല്‍ ഗാന്ധി ഊരുചുറ്റിയത്.

ദേശാഭിമാനി 10 ഒക്ടോബര്‍ 2009

3 comments:

  1. മണിക്കൂറിന് നാലുലക്ഷം രൂപ വാടകയുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലെ കോളേജുകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി പ്രമുഖ വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച എല്ലാ മാനദണ്ഡവും ലംഘിച്ചു. അതീവസുരക്ഷാ പട്ടികയിലുള്ള രാഹുല്‍ മുന്‍കൂട്ടി നിശ്ചയിച്ച യാത്രാപരിപാടികള്‍ അട്ടിമറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും സംസ്ഥാന പൊലീസിനെയും വട്ടംകറക്കി. ചെലവുചുരുക്കലിന്റെ പേരില്‍ വാചകമടിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിക്കായി ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ ഫാല്‍ക്കന്‍ ജെറ്റ് വിമാനത്തിനു പുറമെ കേരളത്തില്‍ യാത്രചെയ്യാന്‍ ആറ് ബുള്ളറ്റ് പ്രൂഫ് കാറും മൂന്ന് ജാമര്‍ വാഹനവും ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗവും ട്രെയിനിലുമായി എത്തിച്ചിരുന്നു. വ്യോമസേനാ വിമാനത്തില്‍ കാറുകള്‍ വരെ കൊണ്ടുവന്നിട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ തള്ളി രാഹുലും സംഘവും കടപ്പുറത്തും ഹോട്ടലുകളിലും കറങ്ങി.

    ReplyDelete
  2. രാഹുലിന്റെ കാര്‍ കൊണ്ട് വരാന്‍ വരെ വ്വിമാനം.... തേക്കടിയില്‍ മരണപെട്ട പാവങ്ങളുടെ ശരീരം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍കാരിന്റെ കയ്യില്‍ വിമാനമില്ല....

    ഇനി കേരളത്തിന്റെ പടി കയറാന്‍ സമ്മതിക്കരുത് രാഹുല്‍ എന്ന രാഷ്ട്രിയ കോമാളിയെ..

    ReplyDelete
  3. നാടകമേ ....ഉലകം ...എന്താ ....ചെലവ്‌ "ചുരുക്കല്‍ "......നമ്മളെ കുരുക്കല്‍.....യ്യോ ഞാനൊന്നും മിണ്ടിയില്ലേ .....നമ്മള്‍ ഭൂതലോകത്താ ....സംഭവാമി ..യുഗേ ...യുഗേ .... ചിലവ് ചുരുക്കല്‍ കീ ജയ്‌ ...രാഹുലന്‍ ജി കീ ജയ്‌ ...അടുത്ത പാര്‍ലമന്റ്‌ പ്രസംഗത്തില്‍ "കലാവതി "മാത്രല്ലാ ....നമ്മുടെ കോയിക്കോട്ടെ ചായപ്പീടികെലെ മമ്മത് കാക്കയും പെടുമല്ലോ ....അത് പോരെ .....

    ReplyDelete