Thursday, October 22, 2009

പ്രതിപക്ഷ എതിര്‍പ്പിന്റെ പഴമയും പുതുമയും

"ക്രമസമാധാനം അപകടത്തില്‍'', "ഗുണ്ടകള്‍ അഴിഞ്ഞാടുന്നു'', "പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുന്നു'' എന്നും മറ്റുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന 'മാ'മാധ്യമങ്ങളും ചില ചാനലുകളും കൊണ്ടുപിടിച്ച പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനവര്‍ പൊലീസ് സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കുന്നു. അവരുടെ ഈ പ്രചാരണകോലാഹലത്തിന് ഒരു പുതുമയും ഉള്ളതായി കാണുന്നില്ല. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ ഇത് ആറാംതവണയാണ് കമ്യൂണിസ്റ്റുപാര്‍ടി ഒറ്റയ്ക്കും പിന്നെ മുന്നണിയായും കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. ഈ ഓരോ ഘട്ടത്തിലും അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുന്ന കോണ്‍ഗ്രസ് മുന്നണി അധികാരം തിരിച്ചുപിടിക്കാനുള്ള കുറുക്കുവഴിയായി ആശ്രയിക്കുന്നത് പൊലീസിനെയും അതിനെ നയിക്കുന്ന ഗവമെന്റിന്റെ പൊലീസ് നയത്തെയുമാണ്. ഇതില്‍ ആദ്യത്തേതും (1957-59) ഇപ്പോഴത്തേതും തമ്മിലുള്ള എതിര്‍പ്പിന്റെ പഴമയും പുതുമയും ഇതെഴുതുന്ന ആളുടെ സര്‍വീസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അല്‍പ്പം കുറിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് ഗവണ്‍മെന്റ് "തൊഴില്‍പ്രശ്നത്തില്‍ പൊലീസ് ഇടപെടുകയില്ല'' എന്ന പൊലീസ് നയപ്രഖ്യാപനത്തോടൊപ്പം കൃഷിക്കാരെയും തൊഴിലാളികളെയും കര്‍ഷകത്തൊഴിലാളികളെയും മറ്റും അടിച്ചമര്‍ത്താന്‍ ജന്മികള്‍ക്കും മുതലാളിമാര്‍ക്കും തോട്ടമുടമകള്‍ക്കുംവേണ്ടി മുന്‍കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ സംസ്ഥാനത്ത് ഉടനീളം വിന്യസിപ്പിക്കുന്ന പൊലീസ് സബ്‌ക്യാമ്പുകള്‍ ഒന്നൊന്നായി പിന്‍വലിച്ചു. ഈ നയം തൊഴിലെടുക്കുന്നവരുടെ ഇടയില്‍ എത്ര വലിയ ആഹ്ളാദമാണ് ഉണ്ടാക്കിയതെന്ന് പറയേണ്ടതില്ലല്ലോ? ഈ നയത്തിനെതിരെ ഇന്നത്തെ പ്രതിപക്ഷനേതാക്കളുടെ മുന്‍ഗാമികളായ അന്നത്തെ പ്രതിപക്ഷനേതാക്കളായ പട്ടം താണുപിള്ള മുതല്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍വരെയുള്ളവര്‍ രംഗത്തുവന്നു. അവര്‍ "പൊലീസിന്റെ അധികാരം കവര്‍ന്നെടുത്തു, ക്രമസമാധാനം തകര്‍ന്നു'' എന്നും മറ്റുമുള്ള മുദ്രാവാക്യം ഉയര്‍ത്തി. കേരള രാഷ്ട്രീയത്തില്‍ ആദ്യമായി കേട്ട ആ മുദ്രാവാക്യം ആര്‍ക്കുവേണ്ടിയാണ് ഉയര്‍ത്തിയതെന്നും ആരുടെ ക്രമവും സമാധാനവുമാണ് തകര്‍ന്നതെന്നും പകല്‍വെളിച്ചംപോലെ വ്യക്തമാണ്. ജന്മികള്‍, മുതലാളിമാര്‍, തോട്ടമുടമകള്‍ എന്നിവരെ സംരക്ഷിക്കാനായിരുന്നു അവരുടെ ലക്ഷ്യം.

അന്നത്തെ പൊലീസ് നയത്തെ എതിര്‍ത്തത് ശരിയായില്ല എന്ന് പുനഃചിന്തനം നടത്തിയവര്‍ ആരെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നെങ്കില്‍ അവരുടെ അറിവിലേക്കായി മറ്റൊരു അനുഭവംകൂടി ഇവിടെ കുറിക്കാം. കമ്യൂണിസ്റ്റ് വിരുദ്ധജ്വരം തലയ്ക്കുകയറി മത്തുപിടിച്ച കോണ്‍ഗ്രസുകാര്‍ ഏത് ഹീനമാര്‍ഗം അവലംബിച്ചും ആ ഗവണ്‍മെന്റിനെ തട്ടിമറിക്കാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റ് പ്രയോഗത്തിലാക്കിയ പൊലീസ് നയത്തിന്റെ ഭാഗമായി ജന്മികളുടെയും മുതലാളിമാരുടെയും തോട്ടമുടമകളുടെയും പക്കല്‍നിന്ന് പൊലീസ് സേനയിലെ ഒരു വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന അവിഹിത ആനുകൂല്യങ്ങളും അമിതാധികാരങ്ങളും നഷ്ടപ്പെട്ടതില്‍ അസംതൃപ്തരായ പൊലീസുകാരെ ഉപയോഗപ്പെടുത്തി ഗവണ്‍മെന്റിനെതിരെ ഒരു അട്ടിമറി സമരം നടത്താന്‍ അവര്‍ ശ്രമിച്ചു. 1957 സെപ്തംബറില്‍ 'ഉണ്ണാവ്രത' രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ആ സമരം അന്നത്തെ പൊലീസ് മന്ത്രിയായിരുന്ന ശ്രീ. വി ആര്‍ കൃഷ്ണയ്യരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെത്തുടര്‍ന്ന് അലസിപ്പോവുകയുംചെയ്തു. പക്ഷേ, കോണ്‍ഗ്രസും അവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പട്ടം താണുപിള്ളയുടെ പ്രജാസോഷ്യലിസ്റ്റുപാര്‍ടിയും വെറുതെയിരുന്നില്ല. സേനയ്ക്കുള്ളിലെ അസംതൃപ്തവിഭാഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് ഡിപ്പാര്‍ട്മെന്റില്‍ നടത്തിക്കൊണ്ടിരുന്ന പരിഷ്കാരങ്ങള്‍ വക്രീകരിച്ച് അതിന് വിപരീതഫലം ഉണ്ടാകത്തക്കവിധം പ്രവര്‍ത്തനം നടത്തി സേനയ്ക്കുള്ളിലെ ഗവണ്‍മെന്റ് വിരുദ്ധവികാരം വളര്‍ത്തിക്കൊണ്ടുവന്നു. പ്രതിപക്ഷമുന്നണിയുടെ ചില പത്രങ്ങള്‍ പൊലീസ് സ്ഥാപനങ്ങളില്‍ സൌജന്യമായിട്ടാണ് വിതരണം നടത്തിയിരുന്നത്. അതുവഴി പൊലീസ് സേനയില്‍ വളര്‍ത്തിയെടുത്ത ഗവണ്മെന്റ് വിരുദ്ധവികാരം വിമോചനസമരത്തെ ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നതില്‍ വലിയ സഹായംചെയ്തു.

പ്രതിപക്ഷ പിന്‍ബലത്തോടെ സേനയ്ക്കുള്ളില്‍ നടന്നുകൊണ്ടിരുന്ന ഈ ഗവണ്മെന്റ് വിരുദ്ധ പ്രവര്‍ത്തനം അച്ചടക്കവിരുദ്ധമാണെന്ന് പറഞ്ഞ് എതിര്‍ത്ത പൊലീസുകാരെ വിമോചനസമരഗുണ്ടകള്‍ ആക്രമിച്ചു പരിക്കേല്‍പ്പിക്കാന്‍വരെ തയ്യാറായി. ഇത്തരത്തില്‍ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അക്കാലത്ത് പ്രതിപക്ഷപിന്‍ബലത്തോടെ അച്ചടക്കവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പൊലീസുകാരില്‍ പലരും അന്ന് തങ്ങള്‍ ചെയ്തത് തെറ്റായി എന്നുപറഞ്ഞ് പശ്ചാത്തപിക്കുന്നവരും ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്.

അമ്പതുവര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിന്റെ സാമൂഹ്യ സാമ്പത്തികഘടനയില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ആ മാറ്റം പൊലീസ് സേനയിലും പ്രതിഫലിച്ചിരിക്കുന്നു എന്നുവച്ച് പൊലീസ് സേന കുറ്റമറ്റതായി എന്ന് അവകാശപ്പെടുന്നില്ല. മറ്റു പല മേഖലകളിലും എന്നപോലെ സമൂഹത്തോട് ഒരു ബാധ്യതയും ഇല്ലാത്ത ഒരു വിഭാഗം സേനയിലുമുണ്ട്. അവരുടെ സംഖ്യ കുറച്ചുകൊണ്ടുവരുവാന്‍ അവിടെ നടക്കുന്ന സംഘടനാപ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞിട്ടുമുണ്ട്. മാന്യമായി തൊഴില്‍ചെയ്ത് സര്‍വീസ് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന എല്ലാതലങ്ങളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് അതിനാവശ്യമായ സംരക്ഷണവും അതിനാവശ്യമായ പശ്ചാത്തലസൌകര്യവും ഒരുക്കിക്കൊടുക്കാന്‍ കൂടെക്കൂടെ അധികാരത്തില്‍വന്ന ഇടതുപക്ഷഗവമെന്റുകള്‍ക്കായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം ഇപ്പോള്‍ ഇടതുപക്ഷഗവണ്മെന്റ് പ്രയോഗത്തിലാക്കുന്ന പൊലീസ് നയത്തെയും ആ നയത്തെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്താന്‍.

4000 കോടി രൂപയുടെ വ്യഭിചാരമാഫിയ, 10000 കോടിയുടെ ഹവാല മാഫിയ, 9500 കോടിയുടെ മദ്യമാഫിയ, 12000 കോടിയുടെ വാഹന മാഫിയ, 10000 കോടിയുടെ റിയല്‍എസ്റ്റേറ്റ് മാഫിയ എന്നിവ അടങ്ങുന്ന അധോലോകസാമ്രാജ്യം കേരളത്തിലുണ്ടെന്ന് ഒരു ഡിജിപിയാണ് വെളിപ്പെടുത്തിയത്. ഇത് ഒറ്റദിവസംകൊണ്ട് വളര്‍ന്നുവന്നതല്ല. 1991ല്‍ തുടങ്ങിവച്ച പുതിയ സാമ്പത്തികനയത്തിന്റെ ഫലമാണ്. 2001-2006ലെ യുഡിഎഫ് ഭരണം ഇവരുടെ വളര്‍ച്ചയ്ക്ക് ആക്കം വര്‍ധിപ്പിക്കുകയും ചെയ്തു. മുന്‍കാലത്തെ മുതലാളിമാരുടെയും ജന്മികളുടെയും തോട്ടമുടമകളുടെയും സ്ഥാനമാണ് യുഡിഎഫ് അവര്‍ക്ക് കല്‍പ്പിച്ചുനല്‍കിയിട്ടുള്ളത്. യുഡിഎഫ് നേതാക്കളുടെയും അവരുടെ പ്രവര്‍ത്തകരുടെയും ആ മുന്നണിയുടെ ആകെയുള്ള പ്രവര്‍ത്തനത്തിന്റെയും സാമ്പത്തികസ്രോതസ്സ് ഈ മാഫിയ സാമ്രാജ്യംതന്നെയാണ്. ഈ മാഫിയ സംഘത്തിന്റെ അരുമസന്തതികളാണ് ഗുണ്ടകള്‍, ചാവേറുകള്‍, കൂലിത്തല്ലുകാര്‍. അവര്‍ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുന്നത് കുറച്ചൊന്നുമല്ല. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമസഭയ്ക്കകത്തും പുറത്തും ഇടതുപക്ഷം നടത്തിയ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമാണ് വൈകിയാണെങ്കിലും കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റ് ഒരു ഗുണ്ട ഓര്‍ഡിനന്‍സ് എങ്കിലും പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമായത്. ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതല്ലാതെ ഒരു ഗുണ്ടയെപ്പോലും അറസ്റ്റുചെയ്ത് തടങ്കലില്‍വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഥവാ അതിന് അവരുടെ യജമാനന്മാര്‍ അവരെ അനുവദിച്ചില്ല. എവറസ്റ്റ്, ഹിമാലയ ചിട്ടി തട്ടിപ്പുകമ്പനികള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് ഉണ്ടാക്കിയ കൃത്രിമ മോട്ടോര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ചാവേറുകളായ പ്രതികളെ തൊടാന്‍പോലും യുഡിഎഫ് ഗവമെന്റിനായില്ല, അതിന് എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു.

ഇടതുപക്ഷഗവണ്മെന്റ് അധികാരത്തില്‍വന്ന് കുറച്ചുസമയംകൊണ്ടുതന്നെ ഗുണ്ടാനിയമം (ഓര്‍ഡിനന്‍സ് അല്ല) നിയമസഭയില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്ത് അംഗീകരിച്ചു. അതുപ്രകാരം 450 ഗുണ്ടകള്‍ക്കെതിരെ ഡിറ്റന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. അതില്‍ 358 പേരെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അവര്‍ ഗുണ്ട പ്രവര്‍ത്തനത്തിന് ഉപയോഗിച്ച 1346 വാഹനങ്ങള്‍ കണ്ടുകെട്ടി. പിടികിട്ടാനുള്ള പ്രതികളുടെ സ്വത്തുവകകളും കണ്ടുകെട്ടി. ഇതിന്റെയൊക്കെ ഫലമായി ജനങ്ങളുടെ സ്വൈരജീവിതം വലിയ അളവോളം ഭദ്രമായി. ഇടതുപക്ഷ ഗവമെന്റിന്റെ പ്രതിജ്ഞാബദ്ധമായ ഈ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ് 2008ല്‍ മൂന്നാംതവണയും ക്രമസമാധാനപാലനത്തിന് ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന ബഹുമതി കേരളം നേടിയത്. ആ ബഹുമതി യുഡിഎഫ് നേതാക്കളുടെ നേതാവായ കേന്ദ്രക്യാബിനറ്റ് മന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങിയ വാര്‍ത്തയും ചിത്രവും ആവുന്നത്ര തമസ്കരിക്കാനാണ് യുഡിഎഫും അവരുടെ മാധ്യമങ്ങളും ശ്രമിച്ചത്.

ഇനി നമുക്ക് 2009ലേക്ക് വരാം. കഴിഞ്ഞ നാലും അഞ്ചും വര്‍ഷമായി പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞ പ്രതികളെ പൊലീസ് സമര്‍ഥമായി പിടികൂടുന്ന വാര്‍ത്തകള്‍ വരാത്ത ദിവസങ്ങളില്ല. അതും യുഡിഎഫിന്റെ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതും ജനങ്ങള്‍ കാണുന്നുണ്ട്. കഴിഞ്ഞ ആഗസ്ത് 22ന് വധിക്കപ്പെട്ട മുത്തൂറ്റ് പോള്‍ വധക്കേസ് ഇത്രയധികം വാര്‍ത്താപ്രാധാന്യം നേടാന്‍ കാര്യം എന്താണ്? അതിലെ പ്രതികളെ പൊലീസ് പിടികൂടിയത് കേരളപൊലീസിന്റെ സാമര്‍ഥ്യംകൊണ്ടും അതിന് ഗവമെന്റില്‍നിന്ന് ലഭിച്ച പിന്തുണയുംകൊണ്ടാണ്. ഇതില്‍നിന്ന് ഗവണ്‍മെന്റിന് ഉണ്ടാകുന്ന പ്രശസ്തി എത്രത്തോളം താഴ്ത്താമോ അത്രത്തോളം താഴ്ത്താനാണ് യുഡിഎഫും അവരുടെ മാധ്യമങ്ങളും ശ്രമിച്ചത്. ഈ കേസിലെ രണ്ട് പ്രധാന പ്രതികളെ പിടിക്കാതെ പൊലീസ് അവരെ രക്ഷിക്കുന്നെന്നും ഒളിപ്പിക്കുന്നെന്നും മറ്റുമുള്ള പ്രചാരണവും തുടങ്ങി. ഈ രണ്ടു പ്രതികള്‍ ദുബായില്‍ ഒളിച്ച് താമസിക്കുന്ന ഹോട്ടലിന്റെ മുന്‍വശത്തുനിന്നാണ് താന്‍ സംസാരിക്കുന്നതെന്ന് ഒരു യുഡിഎഫ് ചാനല്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തത് നാം കാണുകയുണ്ടായി. അതിന് തൊട്ടടുത്ത ദിവസമാണ് അവരെ തിരുനല്‍വേലിയില്‍നിന്ന് പിടികൂടിയത്. സാധാരണഗതിയില്‍ പ്രതികളെ പിടികൂടാതെ അവരെ സംരക്ഷിക്കുന്നെന്നുപറഞ്ഞ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്നത് വാദിഭാഗക്കാരാണ്. എന്നാല്‍, ഇവിടെ പ്രതികളും അവരെ സംരക്ഷിക്കുന്ന യുഡിഎഫുമാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇത് കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ അപൂര്‍വസംഭവമാണ്.

പോള്‍ വധക്കേസില്‍ മുങ്ങിപ്പോയ മറ്റൊരു കൊലപാതകക്കേസാണ് എറണാകുളം ജില്ലയിലെ വട്ടേക്കുന്നം ജുമാമസ്ജിദിലെ ആദരണീയനായ ബഷീര്‍ ഹാജിയുടെ വധം. ഇതില്‍ തെളിവുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടെന്നാണ് പരക്കെ ചര്‍ച്ചചെയ്തിരുന്നത്. ഇതിലെ പ്രതികളെ പിടികൂടുന്നതിന് പൊലീസിനെ സഹായിക്കാന്‍ ജനങ്ങള്‍ രൂപീകരിച്ച ആക്ഷന്‍ കൌസിലില്‍ യുഡിഎഫ് നേതാക്കളും കടന്നുകൂടി, അതിനെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു. അവര്‍കൂടി പങ്കെടുത്ത ആക്ഷന്‍ കൌസില്‍ യോഗം പ്രമേയം തയ്യാറാക്കി നിവേദനവുമായി സെന്‍ട്രല്‍ റേഞ്ച് ഐജി വിന്‍സന്‍എം പോളിന്റെ പക്കല്‍ ചെല്ലുമ്പോള്‍ അവരുടെ മുന്നിലേക്ക് പ്രതികളെ പിടിച്ച് ഹാജരാക്കിയാണ് പൊലീസ് അതിന് മറുപടി പറഞ്ഞത്. ഇതില്‍ ആഹ്ളാദചിത്തരായ പ്രദേശവാസികള്‍ പൊലീസിന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി, ബാനറുകള്‍ കെട്ടി ഉയര്‍ത്തിയത് ഇന്നും ദേശീയ പാതയോരത്ത് കാണാന്‍ കഴിയുന്നുണ്ട്. കേരളപൊലീസിന് ലഭിക്കുന്ന ഈ അപൂര്‍വ ബഹുമതി യുഡിഎഫ് നേതാക്കള്‍ കാണാതെ കണ്ണടയ്ക്കുകയാണ്.

ഇതൊന്നും മനസ്സിലാക്കാതെ ക്രമസമാധാനം അപകടത്തിലെന്നും പൊലീസ് കുറ്റവാളികളുടെ സങ്കേതമാണെന്നും പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന 'മ' മാധ്യമങ്ങളും വിളിച്ചുപറയുന്നത് ആരെ രക്ഷിക്കാനാണ്? 1957-59 ലെ പോലെ ഇതിന്റെ തനിയാവര്‍ത്തനത്തിന് രണ്ട് വ്യത്യാസമുണ്ട്.
1. 1957-59ല്‍ ജന്മിമാരുടെയും മുതലാളിമാരുടെയും തോട്ടമുടമകളുടെയും രക്ഷയ്ക്കുവേണ്ടിയാണ് "ക്രമസമാധാനം അപകടത്തില്‍'' എന്നുപറഞ്ഞതെങ്കില്‍ ഇന്ന് അവരുടെ സ്ഥാനത്ത് വളര്‍ന്നുവന്ന മാഫിയകളുടെയും അവരുടെ ചാവേറുകളുടെയും സംരക്ഷണത്തിനുവേണ്ടിയാണ് അവര്‍ ആ മുദ്രാവാക്യം ആവര്‍ത്തിക്കുന്നത്.

2. 1957-59ല്‍ പൊലീസ് സേനയില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ഗവണ്‍മെന്റിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. അതിന് ഇപ്പോള്‍ കഴിയാതെ ഇന്ന് പൊലീസിനെ അടച്ചാക്ഷേപിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

കെ ജെ ജോര്‍ജ് ഫ്രാന്‍സിസ് ദേശാഭിമാനി 22 ഒക്ടോബര്‍ 2009

1 comment:

  1. .."ക്രമസമാധാനം അപകടത്തില്‍'', "ഗുണ്ടകള്‍ അഴിഞ്ഞാടുന്നു'', "പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുന്നു'' എന്നും മറ്റുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന 'മാ'മാധ്യമങ്ങളും ചില ചാനലുകളും കൊണ്ടുപിടിച്ച പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനവര്‍ പൊലീസ് സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കുന്നു. അവരുടെ ഈ പ്രചാരണകോലാഹലത്തിന് ഒരു പുതുമയും ഉള്ളതായി കാണുന്നില്ല. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയില്‍ ഇത് ആറാംതവണയാണ് കമ്യൂണിസ്റ്റുപാര്‍ടി ഒറ്റയ്ക്കും പിന്നെ മുന്നണിയായും കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. ഈ ഓരോ ഘട്ടത്തിലും അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുന്ന കോണ്‍ഗ്രസ് മുന്നണി അധികാരം തിരിച്ചുപിടിക്കാനുള്ള കുറുക്കുവഴിയായി ആശ്രയിക്കുന്നത് പൊലീസിനെയും അതിനെ നയിക്കുന്ന ഗവമെന്റിന്റെ പൊലീസ് നയത്തെയുമാണ്. ഇതില്‍ ആദ്യത്തേതും (1957-59) ഇപ്പോഴത്തേതും തമ്മിലുള്ള എതിര്‍പ്പിന്റെ പഴമയും പുതുമയും ഇതെഴുതുന്ന ആളുടെ സര്‍വീസ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അല്‍പ്പം കുറിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്......

    ReplyDelete