കേരളീയസമൂഹത്തിന്റെ പൊതുബോധം എങ്ങനെയാണ് രൂപംകൊള്ളുന്നത് എന്ന അന്വേഷണം പ്രസക്തമാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ആടിനെ പട്ടിയാക്കുന്നതിലും പേപ്പട്ടിയാക്കുന്നതിലും പിന്നെ അതിനെ തല്ലിക്കൊല്ലുന്നതിലും ചിലര്‍ കാണിക്കുന്ന വൈഭവം കേരളത്തിന്റെ പഴയ ഓര്‍മകളുടെ കറുത്ത ഭാഗമാണെങ്കിലും ഇന്ന് അതിന്റെ ഏറ്റവും വൃത്തികെട്ട പ്രയോഗത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. അതിനായി ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയുടെ പ്രയോഗംവരെ നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തമായ ആയുധമായി മാധ്യമം മാറിയിരിക്കുന്നു. മാധ്യമം എന്ന വിശേഷണത്തിനകത്ത് ഇന്ന് അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മാത്രമല്ല ഉള്ളത്. പുതിയ മാധ്യമം എന്ന വിശേഷമുള്ള ഇ- മാധ്യമങ്ങളും അക്കൂട്ടത്തില്‍പ്പെടും. കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഇന്നത്തെ പ്രധാന മാധ്യമങ്ങളിലൊന്നാണ്. ഇന്റര്‍നെറ്റ് വിപുല സാധ്യതകളാണ് പുത്തന്‍ മാധ്യമരൂപങ്ങളുടെ നിര്‍മാണത്തിനു നല്‍കുന്നത്. വെബ്സൈറ്റുകളും ബ്ളോഗുകളുമെല്ലാം സ്വാധീനമുള്ള പുതുരൂപങ്ങളാണ്.
അച്ചടിമഷി പുരണ്ടതെന്തും സത്യമാണെന്നു കരുതുന്ന ശക്തമായ മാധ്യമസ്വാധീനമുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യന്‍ ജനാധിപത്യം കുരുതികൊടുക്കപ്പെട്ട അടിയന്തരാവസ്ഥയുടെ കാലത്തും മലയാളി അത് മനസിലാക്കിയത് പത്രം വായിച്ചാണെന്നും അതുകൊണ്ടാണ് നേട്ടങ്ങളുടെ സുവര്‍ണകാലമായി അതിനെ വിലയിരുത്തി വീണ്ടും കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ വോട്ടുചെയ്തതെന്നും ചിലര്‍ പറയുന്നത് പ്രസക്തമാണ്. രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഏതൊരാളും താന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിന്റെ സാധൂകരണത്തിനായി ആദ്യം പറയുന്നത് താനത് പത്രത്തില്‍ വായിച്ചെന്നാണ്. ഇപ്പോള്‍ അത് ഒന്നുകൂടി മാറിയിരിക്കുന്നു. ടെലിവിഷന്‍ ചാനലില്‍ കണ്ട ദൃശ്യത്തിന്റെ പിന്‍ബലത്തിലാണ് പല വാദമുഖങ്ങളും ശക്തിപ്പെടുന്നത്. കാണുന്നതെല്ലാം സത്യമാണെന്ന് കരുതുന്നവര്‍ ക്യാമറ കളവ് പറയില്ലെന്ന് ആധികാരികമായി പറയുകയുംചെയ്യും. കാഴ്ചകൊണ്ടുള്ള കമ്പളിപ്പിക്കല്‍ മിക്കവാറും ആളുകള്‍ വിശ്വസിക്കുകയുമില്ല.
ടിയാനെന്‍മെന്‍ സ്ക്വയര്‍ സംഭവത്തിനുശേഷം ലോകത്തെ മിക്കവാറും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രം ഇതിന്റെ ഉദാഹരണമായിരുന്നു. ഒരു കുട്ടി പട്ടാള ടാങ്കിന്റെ മുമ്പില്‍ നില്‍ക്കുന്ന ഒറ്റച്ചിത്രം സൈനിക ഭീകരതയുടെ ഭയപ്പെടുത്തുന്ന ബിംബങ്ങളാണ് ജനമനസ്സില്‍ സൃഷ്ടിച്ചത്. പട്ടാള ടാങ്കിന്റെ തേരോട്ടത്തില്‍ ചതഞ്ഞരഞ്ഞുപോയ കുട്ടിയെക്കുറിച്ചുള്ള വിശദമായ വാര്‍ത്തകളുടെ അകമ്പടിയും ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍, ടാങ്കിനു മുമ്പില്‍നിന്ന കുട്ടി പാട്ട് പാടിക്കൊണ്ട് ആ ടാങ്കിനു മുകളിലേക്ക് കയറുകയും പിന്നീട് താഴോട്ടിറങ്ങി അടുത്ത ടാങ്കിന്റെ മുമ്പില്‍ നിന്ന് അതിന്റെ മുകളിലേക്ക് കയറി ഇറങ്ങിപ്പോവുകയുമായിരുന്നു ചെയ്തതെന്ന് പിന്നീട് പ്രചരിച്ച വീഡിയോദൃശ്യം വ്യക്തമാക്കി. പക്ഷേ, ആ ചിത്രം സൃഷ്ടിച്ച പൊതുബോധം തീര്‍ത്തും വ്യത്യസ്തമായിരുന്നു.
കേരളത്തില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിനെതിരെ പ്രചണ്ഡ പ്രചാരവേല നടന്ന സന്ദര്‍ഭത്തില്‍ മലയാള മനോരമയും ഈ പണി കുറെക്കൂടി വികൃതമായി അനുകരിക്കുകയുണ്ടായി. കൊല്‍ക്കത്തയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആക്രമണം എസ്എഫ്ഐയുടെ കേരളത്തിലെ അക്കൌണ്ടില്‍ ആക്കിക്കൊടുക്കാനാണ് അവര്‍ ശ്രമിച്ചത്. ചിത്രത്തിന്റെ ദുരുപയോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വി എസിനെ പിബിയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്. കേന്ദ്രകമ്മിറ്റി രേഖ തങ്ങള്‍ക്ക് കിട്ടിയെന്ന് ആഘോഷപൂര്‍വം കാഴ്ചക്കാരെ അറിയിച്ച് ഒരു ചാനല്‍ രേഖയുടെ ദൃശ്യങ്ങളും തല്‍സമയം കാണിക്കാന്‍ തുടങ്ങി. എത്ര കാണിച്ചിട്ടും ഒരു പേജില്‍ കുടുതല്‍ സ്ക്രീനില്‍ തെളിയുന്നില്ല. കാണുന്ന പേജിന്റെ അറ്റത്ത് ഒരു വിരല്‍ തെളിഞ്ഞുനില്‍ക്കുന്നത് കാണുന്നവരുടെ ദൃഷ്ടിയില്‍ എളുപ്പത്തില്‍പെടുകയുംചെയ്യും. യോഗത്തിന്റെ വിഷ്വല്‍ എടുക്കാന്‍ വന്നവര്‍ ആരോ ഒരാള്‍ വായിച്ചുകൊണ്ടിരുന്ന രേഖയുടെ ദൃശ്യവുംകൂടി പകര്‍ത്തി. അതാണ് ചോര്‍ന്നുകിട്ടിയ രേഖയുടെ ദൃശ്യമായി തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരുന്നത്. ഇങ്ങനെയാണ് കാഴ്ചയുടെ ദുരുപയോഗം മാധ്യമം സമര്‍ഥമായി നടത്തുന്നത്.
ഏതൊരു ചിത്രവും എടുക്കാന്‍ അസാധാരണമായ മികവ് കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് ചിലതിന്റെ ചിത്രം; കൊടുക്കരുതെന്ന നിര്‍ബന്ധബുദ്ധിയുമുണ്ട്. കൊട്ടാരസദൃശമായ വീടുള്ള കമ്യൂണിസ്റ്റ് എന്ന ബഹുമതി മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത വ്യക്തിയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍, ഒരു മാധ്യമത്തിനും ആ കൊട്ടാരവീടിന്റെ ദൃശ്യം വേണ്ട. അത് കാണിച്ചാല്‍ തങ്ങള്‍ കെട്ടിപ്പൊക്കുന്ന നുണ ഒറ്റയടിക്ക് തകര്‍ന്നുപോകുമെന്നതിനാല്‍ ആ ശ്രമത്തിന് അവര്‍ തയ്യാറാകുന്നില്ല. മനുഷ്യബോധത്തെ സ്വാധീനിക്കുന്നതിനും പൊതുസമ്മതത്തെ നിര്‍മിക്കുന്നതിനും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന തന്ത്രത്തിന്റെ ഒരു ചെറുഭാഗം മാത്രമാണിത്. ഇന്നത്തെ ലോകത്ത് മാധ്യമം ചെലുത്തുന്ന സ്വാധീനത്തെ തിരിച്ചറിഞ്ഞാണ് അവര്‍ ഈ രീതി അവലംബിക്കുന്നത്.
വ്യവസായ യുഗത്തിന്റെ ഉല്‍പ്പന്നമായാണ് മാധ്യമം അതിന്റെ ഇടംതേടുന്നത്. പ്രത്യയശാസ്ത്രത്തിന്റെ നൂറ്റാണ്ടായി കരുതപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ച അച്ചടിവിദ്യ, പ്രചാരണത്തിന്റെ പുതിയ ആകാശമാണ് തുറന്നിട്ടത്. അങ്ങനെ ഇരുപതാം നൂറ്റാണ്ട് പ്രചാരണത്തിന്റേതായി മാറി. പത്രം വായിക്കുകയോ ടെലിവിഷന്‍ കാണുകയോ ചെയ്യുന്ന ഒരാളെ അയാളറിയാതെ സ്വാധീനിക്കാനും തങ്ങളുടെ താല്‍പ്പര്യത്തിന് അനുസൃതമായി അഭിപ്രായം പറയുന്നവരാക്കി മാറ്റാനും ഒരു പരിധിവരെ മാധ്യമങ്ങള്‍ക്ക് കഴിയുന്നെന്ന യാഥാര്‍ഥ്യം മറന്നിട്ട് കാര്യമില്ല. മാധ്യമം യഥാര്‍ഥത്തില്‍ ഭരണവര്‍ഗത്തിന്റെ ഉപകരണമാണ്. ഭരണവര്‍ഗത്തിന്റെ ഉപകരണമായ ഭരണകൂടം അടിച്ചമര്‍ത്തിക്കൊണ്ടു മാത്രമല്ല ദീര്‍ഘകാലത്തേക്ക് ആധിപത്യം നിലനിര്‍ത്തുന്നത്. പട്ടാളവും കോടതിയും ജയിലും പൊലീസുമെല്ലാം ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തുന്ന ഉപകരണങ്ങളാണ്. എന്നാല്‍, ദീര്‍ഘകാലത്തേക്ക് ഒരു സമൂഹത്തെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ചേരുന്നവരാക്കി നിലനിര്‍ത്തുന്നതിന് മറ്റുരീതികള്‍ ആവശ്യമാകുമെന്ന് ഗ്രാംഷിയും അല്‍ത്തൂസറും പറയുകയുണ്ടായി. അല്‍ത്തൂസര്‍ അതിനെ പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണമെന്ന് വിളിച്ചു. നിലവിലുള്ള വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ അവബോധത്തെ രൂപപ്പെടുത്താനാണ് ഈ ഉപകരണങ്ങള്‍ ശ്രമിക്കുന്നത്. സമര്‍ഥമായ തന്ത്രങ്ങളുടെ അങ്ങേയറ്റം ആസൂത്രണമായ പ്രയോഗങ്ങളിലൂടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മതം പ്രധാന പ്രത്യയശാസ്ത്ര ഉപകരണമാണ്. നിലവിലുള്ള വ്യവസ്ഥ മാറില്ലെന്ന ധാരണതന്നെയാണ് അതുവഴി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസവും ഇക്കൂട്ടത്തില്‍ പ്രധാനമാണ്. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയ്ക്ക് അകത്തുനിന്ന് തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്ന ട്രേഡ് യൂണിയനുകളും സംഘടനകളും ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമാണ്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമാണ് മാധ്യമം. ഭരണവര്‍ഗ താല്‍പ്പര്യങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങളാണെന്നു തോന്നിപ്പിക്കുന്ന പ്രതീതികളുടെ നിര്‍മാണമാണ് മാധ്യമം നടത്തുന്നത്. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഈ പ്രക്രിയയുടെ ഗതിവേഗം വര്‍ധിപ്പിച്ചു. ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തിന്റെ സമസ്തമേഖലകളിലും ഇടപെടുന്നതിനും സ്വാധീനം ചെലുത്തുന്നതിനും ഇന്ന് കഴിയുന്നു. സാങ്കേതികവിദ്യയുടെ നിയന്ത്രണം ആരുടെ കൈയിലാണോ അവരാണ് സംവേദനത്തിന്റെ തന്ത്രവും ഉള്ളടക്കവും തീരുമാനിക്കുന്നത്. മനസ്സിന്റെ കൈകാര്യകര്‍തൃത്വത്തിന്റെ വ്യവസായമെന്നാണ് ചിലര്‍ മാധ്യമ വ്യവസായത്തെ വിളിക്കുന്നത്. ചിന്ത, കാഴ്ചപ്പാട്, അഭിപ്രായം, വിശ്വാസം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നിരന്തരം ഇടപെട്ടാണ് ഈ ദൌത്യം നിര്‍വഹിക്കുന്നത്. ഒരു നാണയത്തിനു രണ്ടുവശമുള്ളതുപോലെ ഏതൊരു സംഭവത്തിനും രണ്ടു തലമുണ്ടാകുമെന്നാണ് ഇവര്‍ പഠിപ്പിക്കുന്നത്. വ്യാഖ്യാനത്തിലാണ് കാര്യമിരിക്കുന്നത്. കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതിനും അതുവഴി സമ്മതത്തെ നിര്‍മിക്കുന്നതിനും ഇതുവഴി ശ്രമിക്കുന്നു. ചിന്ത, കാഴ്ചപ്പാട്, അഭിപ്രായം, വിശ്വാസം എന്നിങ്ങനെ എല്ലാതലത്തിലും കണ്ടീഷനിങ് നടത്തുകയാണ് മാധ്യമം ചെയ്യുന്നത്.
ഏതൊരു വാര്‍ത്തയും വ്യത്യസ്ത അരിപ്പകളിലൂടെ കടന്നുപോകുന്നുവെന്ന് നോംചോംസ്കി പറയുകയുണ്ടായി. ഉടമസ്ഥരുടെ താല്‍പര്യങ്ങള്‍ക്കൊപ്പം പ്രധാനപ്പെട്ട അരിപ്പയായി കമ്യൂണിസ്റ്റ് വിരുദ്ധതയെ ഉപയോഗിക്കുന്നെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനും ചേര്‍ന്നെഴുതിയ സമ്മതിയുടെ നിര്‍മിതി എന്ന പുസ്തകം മാധ്യമത്തിന്റെ രാഷ്ട്രീയം നന്നായി അവതരിപ്പിക്കുന്നതാണ്. യഥാര്‍ഥത്തില്‍ സമ്മത നിര്‍മാണമെന്ന പ്രയോഗത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന് ചോംസ്കി തുറന്നുപറയുന്നുണ്ട്. ജനതയുടെ മനസ്സിനെ സ്വാധീനിക്കുന്നതിനും യുദ്ധത്തില്‍ വിജയിക്കുന്നതിന് ആവശ്യമായ അവബോധം ഒരുക്കുന്നതിനുംവേണ്ടി ആവിഷ്കരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് പഠിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് നിശ്ചയിച്ച ക്രീല്‍ കമീഷന്റെ പ്രോജക്ടിന്റെ പേരായിരുന്നു സമ്മതനിര്‍മാണമെന്നത്. എങ്ങനെയാണ് നുണകളുടെ പെരുമഴകളിലൂടെ പൊതുബോധം നിര്‍മിക്കുന്നതെന്ന് ആധികാരികമായി പ്രയോഗത്തിലൂടെ ലോകത്തെ പഠിപ്പിച്ച വ്യക്തിയായിരുന്നു ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായിരുന്ന ഗീബല്‍സ്. നുണയെ തുടര്‍ച്ചയായ ആവര്‍ത്തനംവഴി സത്യമാക്കി മാറ്റാമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പിടിച്ചെടുത്ത് ആധിപത്യം സ്ഥാപിക്കുന്ന രാജ്യങ്ങളിലെ ഗ്രന്ഥശാലകളെയാണ് ഹിറ്റ്ലര്‍ ആദ്യം കേന്ദ്രീകരിച്ചിരുന്നത്. പോളണ്ടിന്റെ സാംസ്കാരിക മേഖലയില്‍ പ്രധാന സംഭാവനകള്‍ നല്‍കിയ ക്ളാസിക്കുകള്‍ കത്തിച്ചുകളയാന്‍ അദ്ദേഹം ആഹ്വാനംചെയ്തു. അതിനു പകരം അശ്ളീലസാഹിത്യം പ്രചരിപ്പിക്കുന്നതിന് എല്ലാ സഹായവും നല്‍കി. അടഞ്ഞ മനസ്സിനെയാണ് ഫാസിസം ആഗ്രഹിക്കുന്നത്. നിരന്തരം ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നാല്‍ ഗൌരവമായ ചിന്തയുടെ പരിസരത്തെ ഇല്ലാതാക്കാന്‍ കഴിയും.
ഇന്ത്യയിലെ പത്രവിപ്ളവം എന്ന കൃതിയില്‍ റോബിന്‍ ജെഫ്രി, മലയാള മനോരമയും മാതൃഭൂമിയും ആധിപത്യം സ്ഥാപിക്കുന്നതിനു നടത്തിയ യുദ്ധത്തില്‍ ഈ അടവ് പ്രയോഗിക്കുന്നത് ഉദാഹരണസഹിതം വെളിപ്പെടുത്തുന്നുണ്ട്. മലബാറിലെ മാതൃഭൂമിയുടെ ആധിപത്യത്തെ നേരിടുന്നതിനു മനോരമ ഉപയോഗിച്ച പ്രധാന സംഭവം പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണമായിരുന്നു. ക്രൈംത്രില്ലറിന്റെ ഞരമ്പുമുറുക്കുന്ന ത്രസിപ്പിക്കലായി വാര്‍ത്താവതരണം മാറി. നക്സല്‍ ആക്രമണത്തിന്റെ രാഷ്ട്രീയവും ഇതരവുമായ എല്ലാ തലങ്ങളെയും നിരാകരിച്ചു. അന്നു പ്രസിദ്ധീകരിച്ച അജിതയുടെ ചിത്രംപോലും ഈ ലക്ഷ്യത്തോടെയായിരുന്നു. അതോടെ പത്രത്തിന്റെ പ്രചാരം ഒറ്റയടിക്ക് 50,000 കോപ്പിയോളം വര്‍ധിച്ചു. ഉപരിപ്ളവകരമായ അവതരണ രീതിയിലൂടെ വായനക്കാരനെ എങ്ങനെ മയക്കിക്കിടത്താമെന്നു പഠിപ്പിക്കുകയായിരുന്നു ആ പത്രം.
സമീപകാലത്ത് ചില അശ്ളീല മാസികകള്‍ കേരളീയ സമൂഹത്തില്‍ വഹിക്കുന്ന പങ്ക് വിശദീകരിക്കേണ്ടതില്ല. ഇക്കിളിപ്പെടുത്തുന്ന രീതിയില്‍നിന്ന് തുടങ്ങി വ്യക്തിഹത്യയുടെ ആഹ്ളാദപ്രയോഗത്തിന്റെ ഉപകരണങ്ങളായി അവ മാറി. സിപിഐ എം വിരുദ്ധരുടെ പ്രധാന ആയുധമായ ഒരു അശ്ളീല പ്രസിദ്ധീകരണം തങ്ങളെ മഞ്ഞപ്പത്രമെന്ന് വിളിക്കരുതെന്ന് പറയുകയുണ്ടായി. അങ്ങനെ പറയണമെങ്കില്‍ ഒന്നുകില്‍ ആ പ്രസിദ്ധീകരണത്തിന്റെ മൌലിക സ്വഭാവത്തില്‍ മാറ്റം വരണം. അല്ലെങ്കില്‍ മറ്റു പ്രസിദ്ധീകരണങ്ങളുടെ സ്വഭാവം ഇതിനോട് യോജിക്കുന്ന രീതിയില്‍ മാറണം.
കേരളത്തിലെ ചില പ്രധാനപത്രങ്ങള്‍ അശ്ളീല പ്രസിദ്ധീകരണങ്ങളെ നാണിപ്പിക്കുന്ന രീതിയിലേക്ക് അധഃപതിച്ചുവെന്നത് യാഥാര്‍ഥ്യമാണ്.
തിരുത്തു'കള്‍ ഉണ്ടാകുന്നില്ല
മാധ്യമം സമ്മതം നിര്‍മിക്കുന്നത് നേരിട്ടുള്ള ഇടപെടലുകളിലൂടെയല്ല. പകരം തന്ത്രപരമായാണ്. പഴയകാല മാധ്യമ ദൌത്യനിര്‍വഹണത്തില്‍ ചില അംഗീകൃത രീതികളുണ്ടായിരുന്നു. വാര്‍ത്ത സത്യസന്ധമായി നല്‍കുകയും അതു സംബന്ധിച്ച അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കുകയുമാണ് ലോകത്താകെ അംഗീകരിച്ചിരുന്ന പഴയ രീതി. എന്നാല്‍, ഇന്ന് ആ വ്യത്യാസം അപ്രത്യക്ഷമായി. വാര്‍ത്തയും വിശകലനവും അഭിപ്രായപ്രകടനവും തമ്മില്‍ അതിര്‍വരമ്പുകളില്ലാതായി. തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനു കൃത്രിമമായി വാര്‍ത്തകള്‍ പടച്ചുവിടുന്നത് അംഗീകരിക്കപ്പെട്ട രീതിയായി. സമ്മത നിര്‍മാണത്തിന് നിരവധി രീതികള്‍ മാധ്യമം സ്വീകരിക്കുന്നുണ്ട്. അതിലൊന്ന് പര്‍വതീകരണവും തമസ്കരണവുമാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന മാധ്യമം താല്‍പ്പര്യത്തിനു എതിരായ വാര്‍ത്തകളെ ബോധപൂര്‍വം തമസ്കരിക്കും. കോടതിയില്‍ നല്‍കുന്ന സ്വകാര്യ അന്യായങ്ങളില്‍ മേല്‍കീഴ് നോക്കാതെ കേസ് ചാര്‍ജ് ചെയ്യാന്‍ വിധിക്കുന്ന ചില ന്യായാധിപന്മാരുണ്ട്. ചിലര്‍ ഇതിനായി അവസരം കാത്തിരിക്കും.
ലാവ്ലിനുമായി ബന്ധപ്പെട്ട കേസില്‍ അഭ്യന്തരമന്ത്രിക്കും പിണറായിക്കുമെതിരെ കേസെടുക്കണമെന്ന് സമീപകാലത്ത് ഒരു കോടതി വിധിക്കുകയുണ്ടായി. മാതൃഭൂമിക്കും മലയാളമനോരമയ്ക്കും ഇത് ലീഡ് വാര്‍ത്തയായി. സാധാരണഗതിയില്‍ ചില കോടതികള്‍ സ്വീകരിക്കുന്ന നടപടിക്രമമെന്ന രീതിയില്‍ നല്‍കേണ്ട പ്രാധാന്യത്തേക്കാള്‍ അധിക പരിഗണന നല്‍കുന്നത് അഭിപ്രായ രൂപികരണത്തെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നതിനാണ്. സമാനമായ മറ്റൊരു വിധി കണ്ണൂര്‍ ജില്ലയില്‍നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ്ങിനുശേഷമുണ്ടായി. ക്വട്ടേഷന്‍സംഘവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ നല്‍കിയ കേസിലും കോടതി കേസെടുത്ത് അന്വേഷിക്കാന്‍ വിധിക്കുകയുണ്ടായി. പിണറായിക്കെതിരായ വാര്‍ത്ത വന്‍ തലക്കെട്ടോടെ ലീഡാക്കിമാറ്റിയവര്‍ ഈ വാര്‍ത്ത മുക്കിക്കളഞ്ഞു. ലാവ്ലിന്‍ കേസില്‍ കാര്‍ത്തികേയന്റെ പങ്ക് പ്രത്യേകം അന്വേഷിക്കണമെന്ന സിബിഐ കോടതിയുടെ സമീപകാല നിര്‍ദേശത്തിന്റെ അവതരണത്തിലും ഈ പങ്ക് കാണാം. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സമന്‍സ് അയക്കാന്‍ തീരുമാനിക്കുന്നത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അതിനു വാര്‍ത്താപ്രാധാന്യം കുറയും. എന്നാല്‍, പ്രതിപ്പട്ടികയില്‍ ഇല്ലാത്തയാളെ സംബന്ധിച്ച് വീണ്ടും അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നത് അസാധാരണമാണ്. അതുകൊണ്ടുതന്നെ അതിനു വാര്‍ത്താമൂല്യം കൂടും. ഇത് നന്നായി അറിയാവുന്ന പത്രമാണ് ഹിന്ദു. എന്നാല്‍, പിണറായിക്ക് സമന്‍സ് അയച്ചതിനായിരുന്നു ആ പത്രത്തില്‍ മുന്‍തൂക്കം.
മലിനീകരണ നിയന്ത്രണബോര്‍ഡിലെ ഒരഴിമതിക്കാരനുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍(അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും മറ്റും) ഇക്കഴിഞ്ഞ ദിവസം പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, സംഭവം നടന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എന്നത് മാത്രം മറച്ചുവച്ചു-എല്‍ഡിഎഫിനെതിരെയാണ് കോടതി പറഞ്ഞതെന്ന തെറ്റിദ്ധാരണ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. രണ്ടാമത്തെ രീതി നുണകളുടെ നിര്‍മാണമാണ്. നിര്‍മിത കഥകളിലൂടെ മനുഷ്യമനസ്സിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രചാരണതന്ത്രങ്ങളെ സമര്‍ഥമായി അപഗ്രഥിച്ച മൈക്കേല്‍ ബാല്‍ഫര്‍ അഞ്ചുതരത്തിലുള്ള നിര്‍മിത കഥകളെ അവതരിപ്പിക്കുന്നുണ്ട്. സത്യമാണെന്ന ആത്മാര്‍ഥ ധാരണയോടെ നടത്തുന്ന വ്യാജപ്രസ്താവനകളാണ് അതിലൊന്ന്. കല്‍പ്പിച്ചുകൂട്ടി പറയുന്ന നുണകളാണ് രണ്ടാമത്തേത്. സൂചനകളിലൂടെ പരത്തുന്ന തെറ്റിദ്ധാരണകളാണ് അടുത്തത്. സത്യത്തിന്റെ തമസ്കരണമാണ് നാലാമത്തേത്. വാര്‍ത്തകളിലെ പക്ഷപാതിത്വത്തിന് ഉപയോഗിക്കുന്ന വസ്തുതകളാണ് അവസാനത്തേത്. അകത്തുനിന്ന് വരുന്ന രീതിയിലാണ് മിക്കവാറും നിര്‍മിതകഥകള്‍ സൃഷ്ടിക്കുന്നത്. മലയാളിയുടെ സാംസ്കാരിക ജീവിതത്തെ വല്ലാതെ മലീമസമാക്കുംവിധമാണ് മാധ്യമങ്ങള്‍ ചീഞ്ഞളിഞ്ഞ നുണകളുടെ മലവെള്ളപ്പാച്ചില്‍ അഴിച്ചുവിടുന്നത്.
തോമസ് ഐസക്കിന്റെ മുംബൈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്ത ഇതിന്റെ സമീപകാല ഉദാഹരണമാണ്. മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെ “സ്വാധീനിക്കുന്നതിനായി ഐസക് രഹസ്യ സന്ദര്‍ശനം നടത്തിയെന്നത് മാതൃഭൂമിയിലെ ബൈലൈന്‍ വാര്‍ത്തയായിരുന്നു. അമേരിക്കയില്‍നിന്ന് വരുന്ന മകളെ സ്വീകരിക്കുന്നതിനായി ഐസക് മുംബൈയില്‍ എത്തിയിരുന്നുവെന്നതില്‍നിന്ന് നിര്‍മിച്ചെടുത്ത നുണ എത്ര വിശ്വാസ്യതയോടെയാണ് മാതൃഭൂമി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഐസക് മുംബൈയില്‍ എത്തിയ സമയത്ത് മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ രാജധാനി എക്സ്പ്രസിലായിരുന്നെന്നതുപോലും മനസിലാക്കാതെ നുണ അച്ചടിച്ചുവിട്ട രീതി മഞ്ഞപ്പത്രങ്ങളെപോലും ലജ്ജിപ്പിക്കുന്നതാണ്. മറ്റൊരു ഉദാഹരണമാണ് വരദാചാരിയുടെ തലപരിശോധന. ലാവ്ലിന്‍ കേസില്‍ പിണറായി അമിത താല്‍പ്പര്യമെടുത്തു എന്നതിന് ആധികാരിക തെളിവായി ഉപയോഗിച്ചിരുന്ന കാര്യം തെറ്റാണ് എന്ന് അതേ പത്രങ്ങളുടെ കോപ്പികളോടെ ദേശാഭിമാനി വെളിപ്പെടുത്തിയപ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുകയാണ് സത്യത്തിന്റെ സന്ദേശവാഹകരെന്ന് സ്വയം പ്രഖ്യാപിക്കുന്ന പത്രങ്ങള്‍ ചെയ്തത്. യഥാര്‍ഥത്തില്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാണിത്.
ലാവ്ലിന്‍ കേസില്‍ അഡ്വക്കറ്റ് ജനറലിനെ സ്വാധീനിക്കുന്നതിന് സിപിഐ എം നേതൃത്വം ശ്രമിച്ചെന്നു വരുത്തുന്നതിനായി നിര്‍മിച്ച മറ്റൊരു നുണയായിരുന്നു ഫോണ്‍ ചോര്‍ത്തല്‍. യഥാര്‍ഥത്തില്‍ പിണറായി കുറ്റവാളിയാണെന്നും കുറ്റവിചാരണയില്‍നിന്ന് രക്ഷപ്പെടുന്നതിനായി അഡ്വക്കറ്റ് ജനറലിനെ പോലും സ്വാധീനിക്കുന്നെന്ന് വരുത്തിതീര്‍ക്കാനുമാണ് അതുവഴി ശ്രമിച്ചത്. ഗത്യന്തരമില്ലാതെ സിബിഐക്ക് ഇത് നിഷേധിക്കേണ്ടി വന്നപ്പോള്‍ ആ വാര്‍ത്ത പാര്‍ശ്വവല്‍ക്കരിക്കുകയുംചെയ്തു. അങ്ങേയറ്റം ആസൂത്രിതമായ നുണനിര്‍മാണത്തിന്റെയും തന്ത്രപരമായ പ്രചാരവേലയുടേയും വര്‍ത്തമാനകാലത്തെ ഏറ്റവും പ്രധാന ഉദാഹരണമാണ് ലാവ്ലിന്‍ കേസ്. ഭരണകൂടത്തിന്റെ വ്യത്യസ്ത സ്വഭാവത്തിലുള്ള ഉപകരണങ്ങളെ സമര്‍ഥമായി കൂട്ടിയിണക്കി ഉപയോഗിക്കുന്ന ആധുനിക ഗീബല്‍സിയന്‍ തന്ത്രത്തിന്റെ പ്രയോഗമായിരുന്നു അത്. കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുകയും അത് പ്രധാന വാര്‍ത്തയാക്കി മാധ്യമങ്ങളില്‍ ഉപയോഗിക്കുകയുംചെയ്യുക, അതിനെ ആസ്പദമാക്കി വിശകലനങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്തുക എന്നീ രീതികളിലൂടെ കൃത്രിമമായി പൊതുബോധത്തെ നിര്‍മിക്കാനാണ് ശ്രമിച്ചത്. തകര്‍ന്നുവീണ നുണകളുടെ നീണ്ട നിരയെ അവഗണിക്കുകയുംചെയ്തു. ആരാണ് കരാറിന് ഉത്തരവാദി, ധാരണപത്രത്തിന്റെ അനുബന്ധമായി പറയുന്ന ഉപകരണങ്ങളുടെ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ളൈ കരാര്‍ ഒപ്പുവയ്ക്കുന്നത് എങ്ങനെയാണ് കുറ്റമാകുന്നത്, എന്താണ് പിണറായിയുടെ വ്യക്തിപരമായ നേട്ടം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എങ്ങനെ വ്യക്തിയുടെ നേട്ടമായി മാറും എന്നിങ്ങനെയുള്ള കേവല യുക്തിയുടെ ചോദ്യങ്ങളൊന്നുംതന്നെ മാധ്യമങ്ങളെ അലോസരപ്പെടുത്തിയില്ല.
വാക്കുകളുടെ സമര്‍ഥമായ പ്രയോഗമാണ് സമ്മതനിര്‍മാണത്തിന്റെ മറ്റൊരു രീതി. ഓരോ വാക്കും കൃത്യമായ അര്‍ഥത്തെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വാക്കിനു രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കമുണ്ട്. ബാബറി പള്ളി തകര്‍ക്കുന്നതിന് ഏറെമുമ്പു തന്നെ ചില മാധ്യമങ്ങള്‍ 'തര്‍ക്കമന്ദിരം' എന്ന വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. എന്‍ എസ് മാധവന്റെ 'തിരുത്ത്' എന്ന ചെറുകഥ വാക്കിന്റെ വ്യത്യസ്ത പ്രയോഗങ്ങളെ സമര്‍ഥമായി അവതരിപ്പിക്കുന്നുണ്ട്. ബാബറി പള്ളി തകര്‍ക്കപ്പെട്ടതില്‍ ഏറെ പരിക്ഷീണനായിരുന്ന കഥയിലെ 'പത്രാധിപര്‍' ഏറെ വൈകി ലീഡ് വാര്‍ത്തയുടെ തലക്കെട്ട് നോക്കുകയുണ്ടായി. തര്‍ക്കമന്ദിരം തകര്‍ത്തു എന്ന തലക്കെട്ട് വിറയ്ക്കുന്ന കൈകളോടെ തന്റെ പെന്‍സില്‍കൊണ്ടു വെട്ടിത്തിരുത്തി ബാബറി പള്ളി എന്ന് അദ്ദേഹം എഴുതി. തര്‍ക്കമന്ദിരം എന്ന വാക്ക് പ്രയോഗിക്കുമ്പോള്‍ തര്‍ക്കമുള്ള മന്ദിരമാണ് അതെന്നും അങ്ങനെയുള്ള ഒന്ന് തകര്‍ക്കുന്നതില്‍ വലിയ തെറ്റില്ലെന്നുമുള്ള അവബോധത്തെയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍, ബാബറി പള്ളി എന്ന വാക്ക് പ്രയോഗിക്കുന്നതോടെ അവബോധത്തില്‍ വിപ്ളവകരമായ പൊളിച്ചെഴുത്താണ് നടക്കുന്നത്. അത് തകര്‍ക്കപ്പെട്ടെന്ന് വായിക്കുമ്പോള്‍ മതനിരപേക്ഷ വാദികളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വില കൂടി എന്നു വായിക്കുന്ന ഒരാള്‍ക്ക് പ്രത്യേകിച്ച് ഒരു വികാരവും പെട്ടെന്നു തോന്നിയെന്നു വരില്ല. വില സ്വാഭാവികമായി കയറിയതാണെന്നുവരെ തോന്നിയെന്നുവരാം. എന്നാല്‍, വില കൂട്ടി എന്നാണ് പ്രയോഗിക്കുന്നതെങ്കില്‍ സ്ഥിതി മാറുന്നു. ആരാണ് കൂട്ടിയതെന്ന സ്വാഭാവിക ചോദ്യം ഉയരും. കൂടി എന്ന വാക്ക് സമരസപ്പെടുത്തുകയാണ് ചെയ്യുന്നതെങ്കില്‍ കൂട്ടി എന്ന പദം വായനക്കാരനെ സമരോത്സുകമാക്കും. അക്ഷരത്തിന്റെ വളവുകളില്‍പോലും രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്നു ചുരുക്കം. സംഘര്‍ഷം, ഏറ്റുമുട്ടല്‍, ആക്രമണം എന്നീ വാക്കുകളും താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ പ്രയോഗിക്കുന്നവയാണ്.
ലാവ്ലിന്‍ കേസിന്റെ അന്വേഷണം നടക്കുന്ന സന്ദര്‍ഭത്തില്‍ വാക്കിന്റെ സൂക്ഷ്മമായ പ്രയോഗം തെളിഞ്ഞുകാണുകയുണ്ടായി. കേസ് അന്വേഷിക്കുന്ന സിബിഐ മുന്‍ വൈദ്യുതി മന്ത്രിമാരായിരുന്ന പിണറായി വിജയന്‍, എസ് ശര്‍മ, ജി കാര്‍ത്തികേയന്‍, കടവൂര്‍ ശിവദാസന്‍ എന്നിവരുടെ മൊഴി എടുക്കുകയുണ്ടായി. നാലുപേരും ഒരേ തലത്തിലുള്ളവരാണ്. ആ സന്ദര്‍ഭത്തില്‍ പിണറായി കേസില്‍ പ്രതിയായിരുന്നില്ല. എന്നാല്‍, പിണറായിയെ ചോദ്യംചെയ്തു എന്നതായിരുന്നു മാതൃഭൂമി ലീഡ് വാര്‍ത്തയ്ക്ക് നല്‍കിയ തലക്കെട്ട്. ശര്‍മയുടെയും കടവുര്‍ ശിവദാസന്റെയും ജി കാര്‍ത്തികേയന്റെയും മൊഴിയെടുത്തു എന്ന് വാര്‍ത്തയില്‍ എഴുതിയ പത്രം പിണറായിയെ ചോദ്യംചെയ്തെന്നും വ്യക്തമാക്കി. തിരക്കിനിടയില്‍ തലക്കെട്ട് മാത്രം വായിക്കുന്ന ഒരാള്‍ അതില്‍നിന്ന് എത്തിച്ചേരുന്ന നിഗമനം വ്യക്തമാണ്. ചോദ്യം ചെയ്യുന്നത് പ്രതിയെയും മൊഴിയെടുക്കുന്നത് സാക്ഷിയില്‍നിന്നുമാണെന്ന സാധാരണ ധാരണയില്‍ നില്‍ക്കുന്ന വായനക്കാരനില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് സമ്മതം നിര്‍മിക്കുകയാണ് ഇതുവഴി ചെയ്യുന്നത്.
വേണ്ടത് ബദല്‍ മാധ്യമ സംസ്കാരം
തലക്കെട്ട്, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവയും സമ്മതനിര്‍മാണത്തിനുള്ള ഉപകരണങ്ങളായി മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ബിംബനിര്‍മാണമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന മറ്റൊരു രീതി. ഗോര്‍ബച്ചേവിനെ മഹാനായി ചിത്രീകരിക്കാന്‍ ലോകമാധ്യമങ്ങള്‍ ശ്രമിച്ച കാലം മറക്കേണ്ട സമയമായിട്ടില്ല. പെരിസ്ട്രോയിക്കയും ഗ്ളാസ്നോസ്റ്റും സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാന്‍ സഹായകരമായിരിക്കുമെന്ന് ശരിയായി തിരിച്ചറിഞ്ഞ സാമ്രാജ്യത്വശക്തികള്‍ ഗോര്‍ബച്ചേവിനെ അതിനു സഹായകരമാകുന്ന രീതിയില്‍ ഉയര്‍ത്തപ്പിടിച്ചു. ചെഷസ്ക്യൂവിനെക്കുറിച്ചുള്ള പര്‍വതീകരിച്ച അവതരണങ്ങള്‍ ഇതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ചികിത്സപോലും ശരിയായി ലഭിക്കാതെ അദ്ദേഹം മരിച്ചത് മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനായി ശ്രമിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ പലപ്പോഴും ഇടതുപക്ഷമുഖം അണിയാറുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. അതിതീവ്ര ഇടതുപക്ഷ മുഖംമൂടി അണിഞ്ഞ് അനുഭാവികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കടുത്ത വലതുപക്ഷ സംഘടനയായ ജമാഅത്തെ ഇസ്ളാമിയുടെ മുഖപത്രമായ മാധ്യമം പലപ്പോഴും കടുത്ത ഇടതുപക്ഷ തീവ്രവാദത്തിന്റെ മുഖംമൂടിയണിയുന്നത് ഇടതുപക്ഷത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനും തങ്ങള്‍ക്ക് കടന്നുകയറുന്നതിനുള്ള വഴിയൊരുക്കുന്നതിനുമാണ്.
സംഭവങ്ങളെ വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് മറ്റൊരു തന്ത്രം. വ്യക്തിയെ അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുന്ന രീതി ഇതിന്റെ ഭാഗമാണ്. വ്യക്തി ശരിയാണെന്നും പ്രസ്ഥാനം തെറ്റാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. വ്യക്തികള്‍ ഇന്നുണ്ടാവുകയും നാളെ ഇല്ലാതിരിക്കുകയും ചെയ്യും. എന്നാല്‍, പ്രസ്ഥാനം തുടര്‍ച്ചയാണ്. അതിനെ തകര്‍ക്കുന്നതിനായി അടര്‍ത്തിയെടുത്ത് മഹത്വവല്‍ക്കരണം നടത്തും. ഒരാളെ ഒറ്റ തിരിച്ച് മഹത്വവല്‍ക്കരിക്കുന്നതും മറ്റൊരാളെ അടര്‍ത്തിയെടുത്ത് അവഹേളിക്കുന്നതും ഒരു നാണയത്തിന്റെ രണ്ടുവശംമാത്രമാണ്. അതുകൊണ്ടാണ് വിപ്ളവകാരികള്‍ വലതുപക്ഷത്തിന്റെ മഹത്വവല്‍ക്കരണത്തെ ഭയപ്പെടുന്നത്. മനോരമ തന്നെക്കുറിച്ച് നല്ലതു പറഞ്ഞാല്‍ തനിക്ക് എന്തെങ്കിലും തെറ്റുപറ്റിയോയെന്ന് സംശയിക്കണമെന്ന് ഇ എം എസ് പറഞ്ഞത് പ്രസക്തം. ഇത്തരം ശ്രമങ്ങള്‍ പലപ്പോഴും ധൃതരാഷ്ട്രാലിംഗനമാണ്. അത് സ്നേഹത്തിന്റെ ആശ്ളേഷമല്ല, ഞെരിച്ചുകൊല്ലുന്നതിനുള്ള ശ്രമമാണ്. നേരിട്ടുള്ള ആക്രമണത്തെ എളുപ്പം തിരിച്ചറിയാന്‍ കഴിയുമെന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ തന്ത്രം പ്രയോഗിക്കുന്നത്.
ഗീബല്‍സ് ഇതിനെ ശരിയായി നിര്‍വചിച്ചിട്ടുണ്ട്. വിപ്ളവം നടത്താന്‍ രണ്ടു വഴിയുണ്ട്. പ്രതിപക്ഷത്തെ, തോക്കുകാരുടെ മേന്മ അവരെക്കൊണ്ട് അംഗീകരിപ്പിക്കുന്നതുവരെ യന്ത്രത്തോക്കുകള്‍ കൊണ്ട് വെടിവച്ചുകൊണ്ടിരിക്കും. അതാണ് ലളിതമായ മാര്‍ഗം. മറിച്ച് രാഷ്ട്രത്തെ ഒരു മാനസികവിപ്ളവത്താല്‍ മാറ്റിമറിക്കുകയും അങ്ങനെ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്നതിനുപകരം സ്വപക്ഷമാക്കി മാറ്റുകയും ചെയ്യാം. ഞങ്ങള്‍ നാഷണല്‍ സോഷ്യലിസ്റ്റുകള്‍ രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. ഗീബല്‍സിന്റെ സിദ്ധാന്തം സമര്‍ഥമായി പ്രയോഗിക്കാന്‍ ശ്രമിക്കുന്നതാണ് മലയാളത്തിലെ നല്ലൊരു പങ്ക് മാധ്യമങ്ങളും. ഇതാണ് ചിലരെ അടര്‍ത്തിയെടുത്ത് കൊണ്ടാടുന്ന പ്രവണത.
വിവരങ്ങളുടെ ശകലീകൃതമാണ് സമ്മതനിര്‍മാണത്തിന്റെ അടുത്തരീതി. സമഗ്രതയെയും പരസ്പര ബന്ധത്തെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഹേബര്‍മാസ് നിരീക്ഷിച്ചതുപോലെ അറിവിനു മൂന്നുതലമുണ്ട്. വിവരം, വ്യാഖ്യാനം, വിമര്‍ശം എന്നീ തലങ്ങളാണവ. കേവലം വിവരങ്ങള്‍മാത്രം നിരത്തിവയ്ക്കുകയാണ് ചില സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ ചെയ്യുന്നത്. പ്രശ്നത്തെ സമഗ്രമായി സമീപിക്കുന്നതില്‍നിന്ന് ശരിയായ വ്യാഖ്യാനങ്ങളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതകളെ ഇത്തരം വാര്‍ത്തകള്‍ തകര്‍ത്തുകളയുന്നു. കേവലമായ വിവരങ്ങളില്‍നിന്ന് തിരിച്ചറിവിലേക്ക് എത്തുന്നതിന് അനുവദിക്കാതിരിക്കുന്നതിനാണ് മാധ്യമം ശ്രമിക്കുന്നത്. മനുഷ്യന്റെ മറവിയെ നന്നായി ഉപയോഗിക്കുന്നതില്‍ വിജയിച്ചവരാണ് മാധ്യമങ്ങള്‍. പുതിയ വാര്‍ത്തകളുടെ തള്ളിക്കയറ്റം പഴയതിനെ മറവിയിലേക്കു തള്ളിവിടും.
കഴിഞ്ഞ തെരഞ്ഞെടുപ്പു സന്ദര്‍ഭത്തില്‍ പിഡിപിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇതിനു നല്ല ഉദാഹരണമാണ്. കളമശേരിയില്‍ ബസ് കത്തിച്ച സംഭവം പ്രധാന വാര്‍ത്തയായി കുറെ ദിവസം നിറഞ്ഞുനിന്നു. മഅ്ദനിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും രക്ഷപ്പെടുത്തുന്നതിന് ഇടതുപക്ഷം ശ്രമിക്കുന്നെന്ന പ്രതീതിയാണ് ഈ വാര്‍ത്ത വഴി സൃഷ്ടിച്ചത്. എന്നാല്‍, ബസ് കത്തിക്കുന്ന സമയത്ത് കേരളത്തില്‍ യുഡിഎഫ് ഭരണമായിരുന്നെന്നും ഉമ്മന്‍ചാണ്ടിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തതെന്നുമുള്ള യാഥാര്‍ഥ്യം ആളുകളിലേക്ക് എത്താതിരിക്കുന്നതിന് മാധ്യമം നന്നായി ശ്രമിച്ചു. മറവികള്‍ക്കെതിരായ ഓര്‍മകളുടെ വീണ്ടെടുക്കലിന്റെ സമരംകൂടിയാണ് രാഷ്ട്രീയം എന്ന മിലന്‍ കുന്ദേരയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നതാണ് ഈ അനുഭവം.
വ്യാമോഹനിര്‍മാണമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന മറ്റൊരു രീതി. ഇന്ത്യയെ രക്ഷപ്പെടുത്തുന്നതിന് ഉദാരവല്‍ക്കരണത്തിന്റെ വഴി മാത്രമേയുള്ളെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരുന്നു. മാര്‍ഗരറ്റ് താച്ചറുടെ പ്രസംഗത്തില്‍ ആദ്യമായി പ്രയോഗിച്ച 'ടിന' ഒരു സിദ്ധാന്തമായി ലോകത്താകെ വികസിപ്പിക്കുന്നതില്‍ സമ്മതനിര്‍മാണം പ്രധാന പങ്കാണ് വഹിച്ചത്. ഇന്ത്യയിലെ വര്‍ഗീയതയുടെ വളര്‍ച്ചയിലും കേരളത്തിലെ ക്യാമ്പസുകളെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമത്തിലും ഈ തന്ത്രത്തിന്റെ പ്രയോഗം തെളിഞ്ഞുകാണാം.
സമ്മതനിര്‍മാണത്തിന്റെ സമീപകാലരൂപങ്ങളില്‍ പ്രധാനമാണ് ചര്‍ച്ചകളും ജനങ്ങളുടെ അഭിപ്രായവും. സാംസ്കാരിക നായകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന ലേബലില്‍ നിഷ്പക്ഷ മുഖത്തോടെ ചില സ്ഥിരം മുഖങ്ങളെ മലയാള ചാനലുകളിലും കാണാം. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ ഇടതുപക്ഷ ചിന്തകന്റെ ലേബലില്‍ പ്രത്യക്ഷപ്പെടും. സിപിഐയുടെ അഭിഭാഷക സംഘടനയുടെ നേതാവും എല്‍ഡിഎഫ് സര്‍ക്കാരിനു കീഴില്‍ ഒരു വകുപ്പിന്റെ അഭിഭാഷകനുമായിരിക്കുന്ന സിപിഐ എം വിരുദ്ധതയുടെ ആള്‍രൂപമായ സ്ത്രീനാമധാരി സ്വതന്ത്ര വിമര്‍ശകനായി വേഷംകെട്ടും. ഇവരുടെ അഭിപ്രായമാണ് നിഷ്പക്ഷരുടെ അഭിപ്രായമെന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.
അതുപോലെതന്നെയാണ് പൊതുജനാഭിപ്രായ അവതരണവും. കൃത്യമായ രാഷ്ട്രീയമുള്ളവരെയാണ് സാധാരണ ജനമായി രംഗത്തിറക്കുന്നത്. വി എസിനെതിരെ കേന്ദ്രകമ്മിറ്റി നടപടി എടുത്ത സന്ദര്‍ഭത്തില്‍ സിഎന്‍എന്‍ ഐബിഎനില്‍ പ്രത്യക്ഷപ്പെട്ട നിഷ്കളങ്കനായ ജനം അധിനിവേശവിരുദ്ധ സമിതിയെന്ന കമ്യൂണിസ്റ്റ് വിരുദ്ധ സംഘമായിരുന്നു. ആ ചാനല്‍ കാണുന്നവര്‍ തിരിച്ചറിയില്ലെന്ന ധൈര്യത്തിലായിരിക്കും ഈ വേഷംകെട്ടല്‍. എല്ലാം കണക്കാണെന്നു വരുത്തിത്തീര്‍ക്കുന്ന പൊതുവല്‍ക്കരണത്തിന്റെ രീതിയും മാധ്യമതന്ത്രാണ്. സിപിഐ എമ്മും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലെന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമം അതിന്റെ ഭാഗമാണ്.
മാധ്യമത്തിന്റെ ഇത്തരം ശ്രമങ്ങളുടെ അളവിനെ നിര്‍ണയിക്കുന്നതില്‍ ഉടമസ്ഥത പ്രധാന പങ്കുവഹിക്കുന്നുണ്ട്. മാധ്യമരംഗത്തെ കുത്തകകളെ സംബന്ധിച്ച് പുസ്തകം എഴുതിയ ബ്യാന്‍ഗഡി ക്യാന്‍ ഈ മേഖലയില്‍ വര്‍ധിച്ചുവരുന്ന സംയോജനങ്ങളെയും ഏറ്റെടുക്കലിനെയും വിശദീകരിക്കുന്നുണ്ട്. ലോകത്തെ പ്രധാന കുത്തക കമ്പനികളുടെ കൈയിലാണ് പ്രധാന മാധ്യമങ്ങളെല്ലാംതന്നെ. അവ പ്രതിനിധാനംചെയ്യുന്ന വര്‍ഗരാഷ്ട്രീയംതന്നെയാണ് ഉള്ളടക്കത്തെ നിര്‍ണയിക്കുന്നത്. ഒരു മാധ്യമവും യഥാര്‍ഥത്തില്‍ സ്വതന്ത്രമല്ല. തങ്ങള്‍ നിഷ്പക്ഷമാണെന്ന് പ്രയോഗത്തിലൂടെ വായനക്കാരനിലോ കാഴ്ചക്കാരനിലോ തോന്നിപ്പിക്കാന്‍ ഒരു മാധ്യമത്തിനു കഴിഞ്ഞാല്‍ അത് അവരുടെ പ്രൊഫഷണല്‍ മികവിന്റെ വിജയമാണ്. ഇന്നത്തെ മലയാളിയുടെ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും പ്രതിലോമപരമായി സ്വാധീനിച്ച് കൃത്രിമമായ പൊതുബോധത്തെ രൂപപ്പെടുത്തനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നു തിരിച്ചറിയേണ്ടതും ബദല്‍ മാധ്യമ സംസ്കാരത്തെ ശക്തിപ്പെടുത്തേണ്ടതും ഇന്നത്തെ കാലത്ത് പരമപ്രധാനമാണ്.
പി രാജീവ്
മാര്‍ക്സിസ്റ്റ് സംവാദത്തിലും, 2009 ഒക്ടോബര്‍ 13,14,15 തീയതികളിലെ ദേശാഭിമാനി ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ചത്
കേരളീയസമൂഹത്തിന്റെ പൊതുബോധം എങ്ങനെയാണ് രൂപംകൊള്ളുന്നത് എന്ന അന്വേഷണം പ്രസക്തമാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ആടിനെ പട്ടിയാക്കുന്നതിലും പേപ്പട്ടിയാക്കുന്നതിലും പിന്നെ അതിനെ തല്ലിക്കൊല്ലുന്നതിലും ചിലര്‍ കാണിക്കുന്ന വൈഭവം കേരളത്തിന്റെ പഴയ ഓര്‍മകളുടെ കറുത്ത ഭാഗമാണെങ്കിലും ഇന്ന് അതിന്റെ ഏറ്റവും വൃത്തികെട്ട പ്രയോഗത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. അതിനായി ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയുടെ പ്രയോഗംവരെ നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തമായ ആയുധമായി മാധ്യമം മാറിയിരിക്കുന്നു. മാധ്യമം എന്ന വിശേഷണത്തിനകത്ത് ഇന്ന് അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മാത്രമല്ല ഉള്ളത്. പുതിയ മാധ്യമം എന്ന വിശേഷമുള്ള ഇ- മാധ്യമങ്ങളും അക്കൂട്ടത്തില്‍പ്പെടും. കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഇന്നത്തെ പ്രധാന മാധ്യമങ്ങളിലൊന്നാണ്. ഇന്റര്‍നെറ്റ് വിപുല സാധ്യതകളാണ് പുത്തന്‍ മാധ്യമരൂപങ്ങളുടെ നിര്‍മാണത്തിനു നല്‍കുന്നത്. വെബ്സൈറ്റുകളും ബ്ളോഗുകളുമെല്ലാം സ്വാധീനമുള്ള പുതുരൂപങ്ങളാണ്.
ReplyDeleteഹെന്റമ്മോ... പ്രിയ അരിവാള്‍ ശക്തീ .. ആദ്യത്തെ മുന്നു ഖണ്ഡിക വായിച്ചതിന്റെ അഭിപ്രായം പറയാം.... ഒന്നാമതായി മാധ്യമങ്ങള്‍ കള്ളം മാത്രമേ പരയുന്നുല്ലു എങ്കില്‍ സത്യം അറിയാനുള്ള വഴിയെന്താണ്...
ReplyDeleteപാര്‍ട്ടി സര്‍ക്കുലാരോ...
ചുമ്മാ പറ ചങ്ങാതീ ....
അരിവാളിനെ കുറിച്ചു മോശം പറയ്ഞ്ഞാല്‍ അത് പറയുന്നവന്‍ കള്ളന്‍
അത് പറയുന്നവന്റെ വാപ്പ കള്ളന്‍
അത് പറയുന്നവന്റെ ഉമ്മ കള്ളന്‍
എന്ന ലൈന് അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ കുര്‍ബാനയില്‍ നന്നായി ചെലവാകും എന്നല്ലാതെ... ഹെന്റമ്മോ.... എന്ത് മാത്രം വലിയ ലേഖനമാണ്....
ഇത് അന്ചിലോന്നായി ചുരുക്കാന്‍ എന്ത് ചെയ്യണം...
ചുമ്മാ ഒന്ന് വായിക്കാനുള്ള ആഗ്രഹം കൊണ്ട്പറഞ്ഞതാണ്...
മുഴുവന്‍ വായിക്കാന്‍ നോക്കു സാപ്പി. വല്ല ഉത്തരവും സ്വയം കണ്ടുപിടിക്കാന്‍ പറ്റുന്നുണ്ടോ എന്നറിയണ്ടേ?
ReplyDelete