മൂന്നു സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം അപ്രതീക്ഷിതമാണെന്ന് ആരും പറയാനിടയില്ല. മഹാരാഷ്ട്രയിലും അരുണാചല്‍പ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക് വീണ്ടും കയറുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം നേടാനായില്ല- വലിയ ഒറ്റക്കക്ഷി എന്ന പദവികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ടിടത്ത് കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരണം നിലനിര്‍ത്തുന്നതും ഹരിയാനയില്‍ 67 സീറ്റില്‍നിന്ന് നാല്‍പ്പതിലേക്ക് ചുരുങ്ങിയതും യുപിഎ സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാനാകില്ല.
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്ന് പരിശോധിച്ചറിയാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞിരുന്നു. അങ്ങനെ നോക്കിയാല്‍ മൂന്നു കാര്യം വ്യക്തമാകും.
ഒന്ന്: ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി തുടര്‍ന്നും ലഭിച്ചിരിക്കുന്നു.
രണ്ട്: കോണ്‍ഗ്രസിന് ഒട്ടും മുന്നേറാനായിട്ടില്ലെന്നു മാത്രമല്ല, അതിന്റെ ജനപിന്തുണ ഇടിഞ്ഞിരിക്കയുമാണ്.
മൂന്ന്: കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ രാഷ്ട്രീയശക്തിയുടെ ഐക്യപ്പെടല്‍ അനിവാര്യമായിരിക്കുന്നു.
മൂന്നു സംസ്ഥാനത്തും കാണാനായ പൊതുപ്രവണത ബിജെപി-കോണ്‍ഗ്രസ് ഇതര ശക്തികളുടെ അനൈക്യമാണ്. മഹാരാഷ്ട്രയില്‍ മൂന്നാംമുന്നണി നിലവില്‍വന്നെങ്കിലും മുഖ്യമുന്നണികള്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍ക്കൊള്ളുന്ന മൂന്നാംമുന്നണി മികച്ച പ്രകടനം കാഴ്ചവച്ചു എന്നത് സംശയരഹിതമാണ്. പന്ത്രണ്ടിടത്ത് ആ മുന്നണി വിജയം കണ്ടു. കോണ്‍ഗ്രസും ബിജെപിയുമല്ലാത്ത, ശിവസേനയും എന്‍സിപിയുമല്ലാത്ത കക്ഷികളുടെ കൂട്ടായ്മയ്ക്ക് മഹാരാഷ്ട്രയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകുമെന്ന് തെളിയിക്കുന്നതാണ് ഈ പ്രകടനം. എല്ലാറ്റിനുമുപരി ബിജെപി-ശിവസേന സഖ്യത്തിന്റെ തകര്‍ച്ചയാണ് കണ്ടത്. ഇരു പാര്‍ടികളിലെയും ആഭ്യന്തരപ്രശ്നങ്ങളും മഹാരാഷ്ട്ര നവനിര്‍മാ സേനയുടെ സാന്നിധ്യവും അവര്‍ക്ക് തിരിച്ചടിയായി.
മഹാരാഷ്ട്രയില്‍ 2004ലെ തെരഞ്ഞെടുപ്പില്‍ 140 സീറ്റാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനു കിട്ടിയത്. കോണ്‍ഗ്രസിന് 71 സീറ്റും എന്‍സിപിക്ക് 69 സീറ്റുമായിരുന്നു. ഇക്കുറി കോണ്‍ഗ്രസിന് 84 സീറ്റും എന്‍സിപിക്ക് 60 സീറ്റുമായി. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിച്ചപ്പോള്‍ എന്‍സിപിക്ക് കുറഞ്ഞു. വിദര്‍ഭയിലും മറ്റു പ്രദേശങ്ങളിലും കാര്‍ഷികമേഖലയുടെ വന്‍ തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും തൊഴില്‍മേഖലയുടെ തകര്‍ച്ചയും ഗവണ്‍മെന്റിനെതിരായ വികാരമുണ്ടാക്കിയിരുന്നു. അതിന്റെ പ്രതിഫലനം ജനവിധിയിലും പ്രകടമായി. ബാല്‍താക്കറെയുടെയും ശിവസേനയുടെയും പ്രാമാണിത്തം തകര്‍ന്നതാണ് മഹാരാഷ്ട്ര ഫലത്തിന്റെ മറ്റൊരു പ്രത്യേകത. 2004ല്‍ 116 സീറ്റ് നേടിയ ബിജെപി-ശിവസേന സഖ്യം ഇക്കുറി 90 സീറ്റില്‍ ഒതുങ്ങി. മഹാരാഷ്ട്ര നവനിര്‍മാസേന 15 സീറ്റ് നേടിയത് ബിജെപി-ശിവസേന മുന്നണിയെയാണ് ബാധിച്ചത്. ഹരിയാനയില്‍ 90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 സീറ്റ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഐഎന്‍എല്‍ഡിക്ക് 31 സീറ്റ് ലഭിച്ചു. ബിജെപിക്ക് നാലു സീറ്റേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസിതര പാര്‍ടികളുടെ വോട്ട് വിഘടിച്ചുപോയതാണ് ഹരിയാനയിലും കഷ്ടിച്ച് 40 സീറ്റ് നേടാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. 11 ലക്ഷം ജനങ്ങള്‍മാത്രമുള്ള അതിര്‍ത്തിസംസ്ഥാനമായ അരുണാചല്‍ പ്രദേശിന്റെ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നേടിയ തുടര്‍വിജയത്തിന് ദേശീയതലത്തില്‍ വലിയ പ്രാധാന്യമൊന്നും ആരും കല്‍പ്പിക്കുന്നില്ല. എന്നുമാത്രമല്ല, ആ സംസ്ഥാനത്തിന്റെ സവിശേഷമായ രാഷ്ട്രീയവും മറ്റുചില ഘടകങ്ങളുമാണ് ഫലം നിര്‍ണയിച്ചത്.
ചുരുക്കത്തില്‍, എതിര്‍വോട്ടുകള്‍ ഭിന്നിച്ചതാണ് മൂന്നു സംസ്ഥാനത്തും കോണ്‍ഗ്രസിന് നിലനില്‍പ്പിനുള്ള സഹായമായതെന്ന് തര്‍ക്കമില്ലാതെ വിലയിരുത്താം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ വിജയമായി ഇതിനെ കാണാനാകില്ല. യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമായും ഇതിനെ വിലയിരുത്താനാകില്ല. ലോക്സഭാതെരഞ്ഞെടുപ്പില്‍ പത്തില്‍ ഒമ്പതുസീറ്റും നേടിയ കോണ്‍ഗ്രസിന് ഹരിയാനയില്‍ കേവലഭൂരിപക്ഷത്തില്‍പോലും എത്താനാകാത്തത് ജനങ്ങള്‍ ആ പാര്‍ടിയെ തിരസ്കരിച്ചതുകൊണ്ടാണ്. ആ അര്‍ഥത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത് കനത്ത തിരിച്ചടിയുമാണ്. രണ്ടുവട്ടം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി മഹാരാഷ്ട്രയിലെ ദയനീയപ്രകടനത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകശക്തി അല്ലാതാവുകയാണ്. ശിവസേനയുടെ തോല്‍വി ബിജെപിയുടെ സുപ്രധാന സഖ്യകക്ഷിയുടെ അന്ത്യം കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ ശക്തമായ വര്‍ഗീയവിരുദ്ധവികാരം നിലനില്‍ക്കുന്നെന്ന് മഹാരാഷ്ട്ര കാണിച്ചുതരുന്നു. സാമ്രാജ്യ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ജനവികാരമാണ് കോണ്‍ഗ്രസിനെതിരെ നില്‍ക്കാന്‍ ഭൂരിപക്ഷം ജനങ്ങളെയും പ്രേരിപ്പിക്കുന്നതെന്നതും വസ്തുതയാണ്. ഈ ജനവികാരത്തിന് സംഘടിതരൂപം നല്‍കാനും അതിനെ രാഷ്ട്രീയവല്‍ക്കരിക്കാനുമുള്ള തുടര്‍ച്ചയായ ഇടപെടലിന്റെ അനിവാര്യതയിലേക്കാണ് ഈ തെരഞ്ഞെടുപ്പുഫലം വിരല്‍ചൂണ്ടുന്നത്. മഹാരാഷ്ട്രയില്‍ മൂന്നാംശക്തികള്‍ 12 സീറ്റ് നേടിയത് നിസ്സാരമല്ല. ഹരിയാനയിലെ കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ടികളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
ദേശീയതലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികളുടെ ഏകോപനവും വര്‍ഗീയവിപത്തും ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ജനവിരുദ്ധമുഖവും തുറന്നുകാട്ടിയുള്ള ജനമുന്നേറ്റവുമാണ് രാജ്യത്തെ രക്ഷിക്കാനുള്ള വഴി എന്നത് വീണ്ടും വീണ്ടും സ്പഷ്ടമാവുകയാണ്. അത്തരമൊരു മുന്നേറ്റത്തിന് നായകത്വം വഹിക്കാനാകുന്നത് ഇടതുപക്ഷത്തിനാണ്. ഈ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റേത്.
ദേശാഭിമാനി മുഖപ്രസംഗം 23-10-09
ഭാഗ്യത്തിനു CPM ഇവിടെ ഒന്നുമില്ലാത്തതു കൊണ്ട് തിരിച്ചടി കിട്ടിയില്ല രക്ഷപ്പെട്ടു... ഹാവൂ...
ReplyDeleteCPM Thakarpan prakadanam kazhchavachu ennu koode Deshabhimanikku ezhuthamayirunnu
ReplyDeleteദേശാഭിമാനി മുഖപ്രസവം.. :)
ReplyDelete