Friday, October 16, 2009

കൊടികുത്തി വാഴുന്ന അഴിമതി

നിരോധിച്ച കീടനാശിനി വില്‍ക്കാന്‍ 92 ലക്ഷം കോഴ

അമേരിക്കയില്‍ നിരോധിച്ച കീടനാശിനികള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് അനുമതി നേടാന്‍ ഒരു കേന്ദ്രഗവമെന്റ് ഉദ്യോഗസ്ഥന്‍ വാങ്ങിയത് 92 ലക്ഷംരൂപ. കരാറുകളും ബിസിനിസുകളും കൈമാറാന്‍ കോഴ വാങ്ങിയതില്‍ ഏറ്റവും ഗുരുതരമായ കേസാണത്. ഡൌ കെമിക്കല്‍സ് എന്ന കീടനാശിനി നിര്‍മാണക്കമ്പനിയുടെ ഉല്‍പ്പന്നമാണ് ഇന്ത്യയില്‍ വില്‍ക്കാന്‍ ശ്രമിച്ചത്. സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് കോഴ വാങ്ങിയത്. ഡൌവിന്റെ മുംബൈയിലെ ഉപസ്ഥാപനമായ ഡിനോകില്‍ കോര്‍പറേഷന്‍ പ്രൊട്ടക്ഷന്‍ ലിമിറ്റഡാണ് തുക
നല്‍കിയത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്.

വ്യവസായ ആവശ്യത്തിനുള്ള വാല്‍വ് ഉണ്ടാക്കുന്ന അമേരിക്കന്‍ കമ്പനിയായ കണ്‍ട്രോള്‍ കമ്പനീസ് ഇന്റര്‍നാഷണലിന്റെ പ്രതിനിധി മരിയ കാല്‍വിനോ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 4.63 കോടി രൂപയാണ് കൈക്കൂലി നല്‍കിയത്. അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ് ഹൌസ് എയര്‍ബ്രേക്ക് ടെക്നോളജീസ് എന്ന കമ്പനിയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ പയനീര്‍ ഫ്രാക്ഷന്‍ ലിമിറ്റഡ് 2001നും 2005നും ഇടയില്‍ ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയത് 63 ലക്ഷം രൂപയാണ്. എയര്‍കണ്ടീഷണറും റഫ്രിജറേറ്ററും നിര്‍മിക്കുന്ന അമേരിക്കന്‍ കമ്പനിയായ യോര്‍ക്ക് ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഇന്ത്യന്‍ നാവികസേനയില്‍നിന്ന് 215 കരാറുകള്‍ നേടിയെടുക്കാന്‍ 2000നും 2006നും ഇടയില്‍ 61 ലക്ഷം രൂപ കോഴ നല്‍കി. മാനേജ്മെന്റ് കസള്‍ട്ടന്‍സി സ്ഥാപനമായ എടി കീര്‍ണി ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം രണ്ട് അര്‍ധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കോഴയാകട്ടെ, 3.33 കോടി രൂപ. 2001നും 2003നും ഇടയിലാണ് ഇത് നല്‍കിയത്. ടെക്സ്റ്റ ഇന്റര്‍നാഷണല്‍ എന്ന അമേരിക്കന്‍ കമ്പനി 53 ലക്ഷം രൂപയാണ് 36 കരാറുകള്‍ നേടാന്‍ കോഴ നല്‍കിയത്. അമേരിക്കന്‍ എണ്ണക്കമ്പനിയായ പ്രൈഡ് ഇന്റര്‍നാഷണലും ചില സൌജന്യം ലഭിക്കാന്‍ വന്‍ തുക കോഴ നല്‍കി. അമേരിക്കന്‍- ഇസ്രയേല്‍ കമ്പനികളാണ് ഇത്തരത്തില്‍ വന്‍ തുക കോഴ കൊടുക്കുന്നത്.

അമേരിക്കയുമായുള്ള ആണവകരാര്‍ ഒപ്പിട്ടതോടെയാണ് പ്രതിരോധ ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നത്. ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസ് 10,000 കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ കരാര്‍ ലഭിക്കുന്നതിന് 900 കോടി രൂപയാണ് കോഴയായി നല്‍കിയത്.

യുഎസ് കമ്പനികള്‍ക്ക് കരാര്‍: 10.65 കോടി കോഴ വാങ്ങി

അമേരിക്കന്‍ കമ്പനികള്‍ക്ക് കരാറുകളും സൌജന്യങ്ങളും അനുവദിക്കുന്നതിന് രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയത് പുറത്തായി. കസ്റംസ്, എക്സൈസ്, കമേഴ്സ്യല്‍ ടാക്സ്, റെയില്‍വേ, നാവികസേന, ഇന്ത്യന്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡ്, മഹാരാഷ്ട്ര സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് അമേരിക്കന്‍ കമ്പനികളില്‍നിന്ന് കോഴ കൈപ്പറ്റിയത്.

ഉദ്യോഗസ്ഥര്‍ 10.65 കോടി രൂപ കോഴ വാങ്ങിയെന്ന് വ്യക്തമായി. ഇതുസംബന്ധിച്ച് ഈവര്‍ഷം മെയ് 12ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീരാശങ്കര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറി ടി കെ എ നായര്‍ക്ക് കത്തെഴുതിയിരുന്നു. അഞ്ചുമാസമായിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് നടപടി തടസ്സപ്പെടുത്തിയതെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മിസൈല്‍ കരാറിനായി ഇസ്രയേല്‍ കമ്പനി 900 കോടി രൂപ കോഴ നല്‍കിയത് വന്‍വിവാദമായിരുന്നു. അമേരിക്കയിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട് (എഫ്സിപിഎ) അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടിസംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീരാശങ്കര്‍ പ്രധാനമന്ത്രികാര്യാലയത്തിന് കത്തെഴുതിയത്. ബിസിനസ് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വിദേശ ഉദ്യോഗസ്ഥര്‍ക്ക് കോഴനല്‍കുന്നത് വിലക്കുന്നതാണ് ഈ അമേരിക്കന്‍നിയമം. കോഴ വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മീരാശങ്കര്‍ കത്തില്‍ ആവശ്യപ്പെട്ടു.

(വി ബി പരമേശ്വരന്)

കൊടികുത്തി വാഴുന്ന അഴിമതി

ആഗോളവല്‍ക്കരണം അഴിമതിയുടേതുകൂടിയാണ്. ഊഹവിലയിലും പൊലിപ്പിച്ചുകാട്ടലിലും അധിഷ്ഠിതമായ വാണിജ്യരീതികള്‍ അഴിമതിക്ക് വന്‍തോതില്‍ വളമിടുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രധാന കരാറുകള്‍ നേടിക്കൊടുക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വന്‍തുക കോഴ വാങ്ങിയെന്ന വാര്‍ത്ത അതുകൊണ്ടുതന്നെ അതിശയകരമല്ല-അതേസമയം ആശങ്കാജനകമാണ് താനും. ഡൌ കെമിക്കല്‍സ് എന്ന കമ്പനിയുടെ, അമേരിക്കയില്‍ നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ 92 ലക്ഷം രൂപ കോഴവാങ്ങിയെന്ന വിവരം ഇക്കൂട്ടത്തില്‍ ഞെട്ടിപ്പിക്കുന്നതുതന്നെയാണ്.

ജനങ്ങള്‍ക്ക് ഹാനികരമായ കീടനാശിനി അടിച്ചേല്‍പ്പിക്കുന്നതിനുള്ള കൂലിയാണ് ഈ 92 ലക്ഷം. കുട്ടികളെ ഏറെ ദോഷകരമായി ബാധിക്കുന്ന കീടനാശിനിയാണിത് എന്നത് തെളിയിക്കപ്പെട്ടതാണ്. മാത്രമല്ല, ഡൌ കമ്പനിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ ക്രിമിനല്‍ സ്വഭാവത്തിന് പിഴ ചുമത്തിയതുമാണ്. കസ്റ്റസ്, എക്സൈസ്, വാണിജ്യനികുതി, റെയില്‍വേ, നാവികസേന, ഇന്ത്യന്‍ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡ്, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് അമേരിക്കന്‍ കമ്പനികളില്‍നിന്ന് കോഴ കൈപ്പറ്റിയതായി തെളിഞ്ഞിരിക്കുന്നത്. ഇവര്‍ 10.65 കോടി രൂപ കോഴ വാങ്ങിയതിന്റെ വിവരങ്ങളാണ് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീരാശങ്കര്‍ രേഖാമൂലം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.

ഈ കത്തുകിട്ടിയിട്ട് അഞ്ചുമാസം കഴിഞ്ഞു. കോഴവാങ്ങിയവര്‍ ഇപ്പോഴും ഊനമില്ലാതെ നടക്കുന്നു. ഒരുതരത്തിലുമുള്ള നടപടിയുമുണ്ടായിട്ടില്ല. ബിസിനസ് നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വിദേശ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കുന്നത് തടയാന്‍ അമേരിക്കയില്‍ നിയമമുണ്ട്. അതനുസരിച്ചാണ് ഇടപാടുകള്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 4.63 കോടി, റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് 63 ലക്ഷം, ഇന്ത്യന്‍ നാവികസേനയിലെ ചിലര്‍ക്ക് 61 ലക്ഷം എന്നിങ്ങനെയുള്ള നീണ്ട കോഴക്കണക്കാണ് മീരാശങ്കര്‍ എഴുതി അറിയിച്ചിട്ടുള്ളത്.

ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്ര സമൂഹത്തില്‍ തകര്‍ത്ത് തരിപ്പണമാക്കുന്ന അനുഭവമാണിത് എന്നതിനൊപ്പം, രാജ്യത്ത് അഴിമതി എത്രത്തോളം വേരോടിയിട്ടുണ്ട് എന്നും ഇതിലൂടെ തെളിയുകയാണ്. കേവലം ഉദ്യോഗസ്ഥതലത്തില്‍മാത്രം ഒതുങ്ങുന്നതല്ല ഈ അഴിമതി. എന്‍ഡിഎ ഭരണകാലത്തും യുപിഎ വന്നപ്പോഴും പ്രതിരോധ ഇടപാടുകളില്‍ കണക്കില്ലാത്ത അഴിമതി നടന്നിട്ടുണ്ടെന്നത് ഇന്ന് രഹസ്യമല്ല. ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രീസ് 10,000 കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ കരാര്‍ ലഭിക്കുന്നതിന് 900 കോടി രൂപ കോഴ നല്‍കിയത് പുറത്തുവന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്താണ്. അംബാസഡറില്‍നിന്ന് രേഖാമൂലം വിവരം ലഭിച്ചിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം യുപിഎ നേതൃത്വത്തിന്റെ അഴിമതിയോടും അഴിമതിക്കാരോടുമുള്ള വിധേയത്വത്തെയാണ് സൂചിപ്പിക്കുന്നത്. പ്രശ്നത്തില്‍ ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്താനും അമേരിക്കന്‍ കമ്പനികളില്‍നിന്ന് എറിഞ്ഞുകിട്ടുന്ന നോട്ടുകെട്ടുകള്‍ക്കായി രാജ്യത്തെ വഞ്ചിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും കേന്ദ്ര ഗവമെന്റ് തയ്യാറാകണം.

(ദേശാഭിമാനി മുഖപ്രസംഗം)

1 comment:

  1. ആഗോളവല്‍ക്കരണം അഴിമതിയുടേതുകൂടിയാണ്. ഊഹവിലയിലും പൊലിപ്പിച്ചുകാട്ടലിലും അധിഷ്ഠിതമായ വാണിജ്യരീതികള്‍ അഴിമതിക്ക് വന്‍തോതില്‍ വളമിടുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രധാന കരാറുകള്‍ നേടിക്കൊടുക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വന്‍തുക കോഴ വാങ്ങിയെന്ന വാര്‍ത്ത അതുകൊണ്ടുതന്നെ അതിശയകരമല്ല-അതേസമയം ആശങ്കാജനകമാണ് താനും. ഡൌ കെമിക്കല്‍സ് എന്ന കമ്പനിയുടെ, അമേരിക്കയില്‍ നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ 92 ലക്ഷം രൂപ കോഴവാങ്ങിയെന്ന വിവരം ഇക്കൂട്ടത്തില്‍ ഞെട്ടിപ്പിക്കുന്നതുതന്നെയാണ്.

    ReplyDelete