ഇന്ത്യ ഇപ്പോഴും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ എണ്ണപ്പെട്ട ഒരു നാടായി അറിയപ്പെടുന്നതിന് ഞാന്‍ കാണുന്ന മൂന്നു കാരണംഇവയാണ്- നമ്മുടെ തെരഞ്ഞെടുപ്പിന്റെ വിജയപൂര്‍വമായ നിലനില്‍പ്പ്, നമ്മുടെ കോടതികളുടെ സാമാന്യമായ വിശ്വാസ്യത, ജനസംഖ്യയുടെ വലുപ്പം. ഇന്ത്യയുടെ വ്യവസായ- വാണിജ്യ വികസനം, വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി, വിദേശനയത്തിന്റെ സഫലത, ദാരിദ്യ്രനിര്‍മാര്‍ജനം, അഴിമതി നിയന്ത്രണം തുടങ്ങിയ ദേശീയ ലക്ഷ്യങ്ങളില്‍ നാം എത്രയോ പിറകില്‍പെട്ടിരിക്കെ തെരഞ്ഞെടുപ്പ്, നിയമവ്യവസ്ഥ എന്നീ രണ്ടിനത്തില്‍ താരതമ്യേന നമ്മള്‍ വളരെ മുമ്പിലാണ്. ജനസംഖ്യാ വര്‍ധന ഒരുപാട് ദോഷങ്ങള്‍ക്കു കാരണമായിട്ടുണ്ടെങ്കിലും മനുഷ്യശക്തി എന്നത് വലിയൊരു ബലത്തിന്റെ വരമാണ്. തെരഞ്ഞെടുപ്പിന്റെ ഈ ബഹുമാന്യതയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് ഭരണഘടന 15-ാം അധ്യായത്തില്‍ രൂപം കൊടുത്ത തെരഞ്ഞെടുപ്പു കമീഷന്റെ ഇന്നോളം ഏറെക്കുറെ തെളിയിക്കപ്പെട്ടുകഴിഞ്ഞ മൂല്യസ്ഥിരതയാണ്. ബഹുകക്ഷിനിഷ്ഠമായ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം, മാര്‍ഗദര്‍ശനം, നിയന്ത്രണം എന്നീ മൂന്നു കാര്യം കമീഷന്‍ നിറവേറ്റുന്നു. ഇന്ത്യയാകെ പരന്നുകിടക്കുന്ന ഓരോ വിദൂരഗ്രാമത്തില്‍പ്പോലും പാര്‍ലമെന്റിന്റെ ഇരുസഭയിലും സംസ്ഥാന നിയമസഭകളിലും പൊതുതെരഞ്ഞെടുപ്പുകളും ഇടയ്ക്കുവന്ന ഉപതെരഞ്ഞെടുപ്പുകളും സമ്പൂര്‍ണമായി മേല്‍നോട്ടം വഹിച്ച് നിയന്ത്രിക്കുക എന്ന ജോലി നമ്മുടെ കോടതികളോ പൊലീസോ പട്ടാളമോ ഒക്കെ നിറവേറ്റുന്ന ഉത്തരവാദിത്തങ്ങളെ അപേക്ഷിച്ച് എത്രയോ വലുതാണ്.
കേരളം ഒന്നരയാഴ്ചയ്ക്കകം മൂന്നു നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുകയാണല്ലോ. മൂന്നു പിന്‍കുത്തുകള്‍ മാത്രമാണ് ഇവ. എന്നിട്ടും എന്തെല്ലാം കുഴപ്പങ്ങളും പ്രശ്നങ്ങളും പ്രയാസങ്ങളും ഇതിനകംതന്നെ ഉണ്ടായിക്കഴിഞ്ഞില്ല? ഇനി എന്തെല്ലാം ഉണ്ടാകാനിരിക്കുന്നു? കണ്ണൂരിലാണ് ആക്ഷേപങ്ങളും പരാതികളും ആരോപണങ്ങളും കരകവിഞ്ഞൊഴുകുന്നത്. വോട്ടര്‍പട്ടിക ആകെ വ്യാജമാണെന്ന മട്ടിലാണ് ആരവം ഉയര്‍ത്തപ്പെടുന്നത്. ഏതുകക്ഷിയില്‍പ്പെട്ടവര്‍ക്കും വ്യാജവോട്ടര്‍മാരെ ചേര്‍ക്കാനുള്ള അവസരം ഉണ്ടെങ്കിലും ഒരു കക്ഷിയാണ് അത് നടത്തുന്നതിന്റെ മൊത്തം കരാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും മറുകക്ഷികള്‍ തീര്‍ത്തും സത്യസന്ധരാണെന്നുമുള്ള മട്ടിലാണ് പ്രചാരവേല. എവിടെ തെരഞ്ഞെടുപ്പുണ്ടോ അവിടെയെല്ലാം കുറെയൊക്കെ വ്യാജപ്പണികള്‍ നടക്കാതിരിക്കില്ല. അത് മനുഷ്യസഹജമാണ്. വിരലില്‍ അടയാളം ഇടുന്നത്, ഒരാള്‍തന്നെ ഒന്നിലേറെ വോട്ട് ചെയ്യുന്നത് തടയാനാണ്. എന്നിട്ടെന്താ അല്ലറചില്ലറ കള്ളവോട്ട് ഒരാള്‍തന്നെ ചെയ്യുന്നില്ലേ. പട്ടികയിലും കള്ളപ്പേര് ചേര്‍ത്തിരിക്കും. ഇതൊക്കെ സാധാരണ കുഴപ്പങ്ങളാണ്. ഇവയെല്ലാം നേരിടാന്‍ കമീഷന് വിപുലമായ സംവിധാനമുണ്ട്. എന്നാലും ചില വീഴ്ചകളും ഉണ്ടായിക്കൂടായ്കയില്ല. എന്റെ നോട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ കണ്ടുവരുന്ന ഇത്തരം സാധാരണ വൈകല്യങ്ങളല്ല നമ്മുടെ ജനായത്തരീതിക്ക് ഹാനികരമായിട്ടുള്ളത്. കള്ളവോട്ട് ചെയ്യിക്കലും കള്ളവോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതും തങ്ങളുടെ പരിപാടിയാണെന്ന് ഒരു കക്ഷിയും പരസ്യമായി സമ്മതിക്കില്ല. എന്നാല്‍, കക്ഷികള്‍ പരസ്യമായി അംഗീകരിക്കുന്നതും ജനാധിപത്യത്തിന്റെയും രാഷ്ട്രീയ സദാചാരത്തിന്റെയും നന്മകളെ കെടുത്തിക്കളയുന്നതുമായ ചില അനാശാസ്യരീതികള്‍ പതുക്കെ തെരഞ്ഞെടുപ്പില്‍ പ്രവേശനം തേടിവരുന്നുണ്ട്. കണ്ണൂര്‍തന്നെ ഉദാഹരണം. അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഇന്നലെവരെ പല തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്ത ആളാണ്. തന്നെ പൊതുരംഗത്ത് കൈപിടിച്ച് നടത്തി പതിവില്‍ക്കവിഞ്ഞ ആനുകൂല്യങ്ങള്‍ പലതും നേടിക്കൊടുത്ത് ചിറകു മുളച്ചു വലുതായിവരുമ്പോള്‍ താന്‍ മുട്ടയായിരുന്ന കൂട് കിടക്കുന്ന മരക്കൊമ്പ് മറന്ന് വേറൊരു മരത്തില്‍ ചെന്നുകൂടി ആദ്യത്തെ വൃക്ഷം കാഞ്ഞിരമാണെന്നും ഫലവൃക്ഷമല്ലെന്നും അലമുറയിടുകയാണ്.
ഇത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്ന പ്രവൃത്തിയാണോ? ഒരാള്‍ പത്തുപതിനഞ്ചു കൊല്ലം ഏതിന്റെ തണലിലാണോ വളര്‍ന്നത് അതിനെ അപ്പാടെ തള്ളിപ്പറയലാണ് ഇത്. അങ്ങേയറ്റത്തെത്തിയ ആദര്‍ശവഞ്ചന എന്നേ പറയാന്‍ പറ്റൂ. തനിക്ക് പൊതുജീവിതത്തില്‍ കിട്ടിയ ഉയര്‍ച്ചയും ബഹുജനങ്ങളുടെ ആ വിധത്തിലുള്ള അംഗീകാരവും പെട്ടെന്ന് ഒരുനാള്‍, അതിനൊക്കെ നൂറുശതമാനം എതിരായ മറ്റൊരു കക്ഷിക്ക് പ്രയോജനപ്പെടുത്താനായി ദാസ്യപ്പെടുത്തുകയാണ് ഇയാള്‍ ചെയ്യുന്നത്. ഇങ്ങനെ കക്ഷിമാറുമ്പോള്‍ കക്ഷിബലത്തില്‍ അപ്പോള്‍ ഇരിക്കുന്ന സ്ഥാനവും പദവിയും ചിലര്‍ ഉപേക്ഷിക്കാറുണ്ട്. അതിന്റെ ഉദ്ദേശ്യം എന്താണ്? കക്ഷിയില്‍നിന്ന് നേടിയത് കക്ഷിവിട്ടാല്‍ അനുഭവിക്കുന്നത്, തുടരുന്നത് തെറ്റാണെന്ന വിശ്വാസമാണ് അതിനു കാരണം. സ്ഥാനംപോലെയോ അതില്‍ കൂടുതലോ വലുതും വിലപിടിച്ചതുമല്ല കക്ഷിയിലൂടെ നടത്തിയ ദേശസേവനംകൊണ്ട് സ്വയം നേടിയെടുത്ത പേരും പ്രശസ്തിയും പെരുമയും. ഇവ സ്ഥാനപദവികള്‍പോലെ മൂര്‍ത്ത സ്വരൂപമുള്ളതല്ല. അതുകൊണ്ട് അവയ്ക്ക് പ്രാധാന്യം കുറവാണെന്ന് കരുതരുത്. എംഎല്‍എ, എംപി സ്ഥാനങ്ങളേക്കാള്‍ എത്രയോ മഹനീയമാണ് ഒരു ആദര്‍ശശാലിയായ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന സ്ഥാനം. അതിന്റെ കിടപ്പ് ജനങ്ങളുടെ മനസ്സിലാണ്. സ്ഥാനം ഒഴിഞ്ഞാലും ഈ വലിയ ആന്തരമായ സ്ഥാനം ഒഴിയാന്‍ പറ്റില്ലല്ലോ. അപ്പോള്‍, കക്ഷി മാറുന്ന വ്യക്തി താന്‍ ഉപേക്ഷിച്ച കക്ഷിയുടെ സേവനംകൊണ്ട് നേടിയ പ്രശസ്തിയും മേന്മയും കക്ഷിമാറുമ്പോഴും കുറെയൊക്കെ കൂടെക്കൊണ്ടുപോകുന്നു. പഴയ പേര് കുറെ നഷ്ടപ്പെടാതിരിക്കില്ല. എങ്കിലും കുറെ ബന്ധങ്ങളും സ്വാധീവുമെല്ലാം പഴയതിന്റേത് തുടര്‍ന്നനുഭവിക്കാന്‍ പറ്റും. ഇത് തെറ്റല്ലേ? അഴിമതിയല്ലേ? സ്ഥാനം ഒഴിയുന്നത് ധര്‍മമാണെങ്കില്‍ പഴയ പേര് പുതിയ കക്ഷിക്ക് വിട്ടുകൊടുക്കുന്നത് കുറ്റമാണ്, സംശയിക്കാനില്ല.
ഈ തെരഞ്ഞെടുപ്പില്‍ പഴയ ഇടതു പ്രവര്‍ത്തകന്‍ ഐക്യമുന്നണി സ്ഥാനാര്‍ഥിയാകുമ്പോള്‍ ഇടതുപക്ഷംകൊണ്ട് സിദ്ധിച്ച കുറെ മേന്മകളും നന്മകളും അറിഞ്ഞോ അറിയാതെയോ ഐക്യമുന്നണിക്ക് സിദ്ധിക്കുന്നു. അങ്ങനെ അയാള്‍ക്ക് കൂടുതല്‍ വോട്ടുകിട്ടുന്നു. ജയിക്കുകയാണെങ്കിലോ? തികച്ചും ഐക്യമുന്നണി വോട്ടുകൊണ്ടാണ് താന്‍ ജയിച്ചതെന്ന് സ്ഥാനാര്‍ഥിക്കോ ഐക്യമുന്നണിക്കോ അവകാശപ്പെടാമോ? ഇങ്ങനെയൊരു അദൃശ്യമായ ആനുകൂല്യം ഉണ്ടെന്ന് ഘ്രാണിച്ചറിഞ്ഞിട്ടാണ് കെപിസിസി നേതൃത്വം ഈ വഴിപിഴച്ച സ്ഥാനാര്‍ഥിയെ ഇരുകൈയും നീട്ടി സ്നേഹവാത്സല്യ ബഹുമാനങ്ങളോടെ വാരിപ്പുണരുന്നത്. ഇടതുമുന്നണി വിട്ടയാള്‍ ഇടതുവശത്തുനിന്നതുകൊണ്ട് നേരത്തെ ലഭിച്ച ഗുണം വലതുമുന്നണിക്ക് കൊടുക്കുന്ന ഒരു സ്ഥിതിവിശേഷം ഇവിടെയുണ്ട്. ഇത് ധാര്‍മികമാണോ രാഷ്ട്രീയ സദാചാരമാണോ എന്നതാണ് പ്രശ്നം. തെരഞ്ഞെടുപ്പു കമീഷന്റെ ദൃഷ്ടിയില്‍പ്പെടാത്ത ഒരു പാപമാണ് ഇത്.
കുറെ കള്ളവോട്ടര്‍മാരെ ചേര്‍ക്കുന്നത് തെറ്റുതന്നെ. പക്ഷേ, ഒരു കള്ളസ്ഥാനാര്‍ഥിയെ സ്വീകരിക്കുന്നത് അതിലേറെ ഭയങ്കരമായ തെറ്റാണ്. ഇവിടെ രാഷ്ട്രീയം ദുഷിക്കുന്നു. അവസരസേവ വിജയിക്കുന്നു. ഏത് കപടനയംകൊണ്ടും വിജയിച്ചാല്‍മതിയെന്ന ദുര്‍നയം ആധിപത്യം നേടുന്നു. ഇതുവഴി പുതിയ തലമുറയുടെ രാഷ്ട്രീയസംസ്കാരത്തെ തിരുത്താന്‍ കഴിയാത്തവിധം ദുഷിപ്പിക്കുന്നു. തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ ഈ പ്രശ്നത്തിന് മുന്‍ഗണന നല്‍കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. വോട്ടര്‍പട്ടികപോലെ പെട്ടെന്ന് തെരഞ്ഞെടുപ്പു കമീഷണര്‍ക്ക് നടപടിയെടുക്കാവുന്ന വിഷയമല്ല ഇത്. ഇത് സമൂലം പരിഹരിക്കാന്‍ പുതിയ നിയമംതന്നെ വേണ്ടിവരും. ചെറിയ അഭിപ്രായവ്യത്യാസത്തിന്മേല്‍ ജീവിതകാലം മുഴുവന്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസംപോലുള്ള ഉന്നതങ്ങളായ ആദര്‍ശങ്ങളെപ്പോലും മറന്ന്, സോഷ്യലിസത്തെ ഇന്ത്യയില്‍നിന്ന് ആട്ടിയോടിക്കാന്‍ സന്നദ്ധമായ ഒരു മുന്നണിയില്‍ ചെന്നുകയറി കുടുംബത്തിലെ 'ഇണങ്ങന്‍' ആകാന്‍ ഒരു മടിയും ഇല്ലാത്ത കക്ഷികള്‍ പെരുകിവരുന്നു. കക്ഷികളും വ്യക്തികളും ആദര്‍ശനിഷേധത്തെ ലാഭകരമായ കച്ചവടവസ്തുവാക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചുവരികയാണ്. വല്ലാതെ വിഷമം തോന്നിക്കുന്ന ഒരു ചുറ്റുപാടാണ് രൂപപ്പെട്ടുവരുന്നത്. ഈ പോക്കു തുടര്‍ന്നാല്‍ പ്രബലരായ കക്ഷികളുടെ അടിത്തറ ഇളകും. ഒരു സ്ഥിരഭരണം ഉണ്ടാക്കാനാകാത്ത സ്ഥിതി വന്നുചേരും.
ഈ ജംബൂകവിദ്യയെ തടഞ്ഞുനിര്‍ത്തിയില്ലെങ്കില്‍ അബ്ദുള്ളക്കുട്ടികളും ശശി തരൂര്‍മാരും (ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ശ്രദ്ധിക്കുമോ?) കക്ഷികളില്‍ ഭൂരിപക്ഷം നേടും. യഥാര്‍ഥ പ്രവര്‍ത്തകര്‍ സ്ഥാനഭ്രഷ്ടരോ ദാസരോ ആയിത്തീരും. ഇതിന്റെ പാപപൂര്‍ണത കോണ്‍ഗ്രസിന് ഒരു പ്രശ്നമേയല്ലാതായിരിക്കുന്നു. കക്ഷി വിട്ടിരിക്കുന്ന ലോക്സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജിക്ക് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വച്ച് നീട്ടിക്കൊടുത്തത് കണ്ടല്ലോ. ഭാഗ്യത്തിന്, അദ്ദേഹം ആ വലയില്‍ വീണില്ല. തെരഞ്ഞെടുപ്പു കമീഷന്‍ കാണാത്ത ചില വലിയ പ്രശ്നങ്ങള്‍ ഉണ്ടെന്നും അവ കമീഷന്‍ കാണുന്ന പ്രശ്നങ്ങളേക്കാള്‍ വളരെ ഗുരുതരമാണെന്നും ജനങ്ങളെ ബോധവാന്മാരാക്കാന്‍ രാഷ്ട്രഭാവിയില്‍ തല്‍പ്പരരായവരെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 28-10-09
കണ്ണൂര്‍തന്നെ ഉദാഹരണം. അവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഇന്നലെവരെ പല തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്ത ആളാണ്. തന്നെ പൊതുരംഗത്ത് കൈപിടിച്ച് നടത്തി പതിവില്‍ക്കവിഞ്ഞ ആനുകൂല്യങ്ങള്‍ പലതും നേടിക്കൊടുത്ത് ചിറകു മുളച്ചു വലുതായിവരുമ്പോള്‍ താന്‍ മുട്ടയായിരുന്ന കൂട് കിടക്കുന്ന മരക്കൊമ്പ് മറന്ന് വേറൊരു മരത്തില്‍ ചെന്നുകൂടി ആദ്യത്തെ വൃക്ഷം കാഞ്ഞിരമാണെന്നും ഫലവൃക്ഷമല്ലെന്നും അലമുറയിടുകയാണ്.
ReplyDeleteഇത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്ന പ്രവൃത്തിയാണോ? ഒരാള്‍ പത്തുപതിനഞ്ചു കൊല്ലം ഏതിന്റെ തണലിലാണോ വളര്‍ന്നത് അതിനെ അപ്പാടെ തള്ളിപ്പറയലാണ് ഇത്. അങ്ങേയറ്റത്തെത്തിയ ആദര്‍ശവഞ്ചന എന്നേ പറയാന്‍ പറ്റൂ.
കോണ്‍ഗ്രസ് ചിഹ്നത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ അഴീക്കോട് രാഷ്ട്രീയ നിലപാടുകള്‍ മാറ്റി ഇടതുപക്ഷ സഹയാത്രികനായി, എന്നിട്ട് ഇടതുപക്ഷത്തില്‍ നിന്നും വലതുപക്ഷത്തേയ്ക്കു മാറിയ വ്യക്തിയെ ചീത്തപറയുന്നു. തമാശതന്നെ.
ReplyDeleteIn which election azhekode contested and from where? out of curiousity :)
ReplyDeleteറ്റി.കെ. ഹംസ സിന്ദാബാദ്, ലോനപ്പന്‍ നമ്പാടന്‍ സിന്ദാബാദ്,
ReplyDeleteഅബ്ദുള്ളക്കുട്ടി മുര്‍ദ്ദാബാദ്
'മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം, പക്ഷെ കോണ്‍ഗ്രസിന്റെ മരണം കാണാനാണ് എനിക്ക് വിധിയുണ്ടായതെന്നു' അഴിക്കോട് മാഷ് മുന്‍പൊരിക്കല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ (ആദര്‍ശ) മരണത്തിനു ശേഷമല്ലേ അദ്ദേഹം ഇടതുപക്ഷത്തേക്ക് വന്നത്, പോട്ടെ ക്ഷമിക്കൂ.
ReplyDeleteപിന്നെ, മാഷിനെ ഒരു കോണ്‍ഗ്രസുകാരനായല്ല മലയാളികള്‍ നെഞ്ചേറ്റിയത് . നേരെ ചൊവ്വേ നാലക്ഷരം ഉച്ചാരണശുദ്ധിയോടെ പറയാനറിയാത്ത അബ്ദുല്ലക്കുട്ടിയെ 'അത്ഭുതക്കുട്ടി' ആക്കിയതാരാണ്?
എങ്ങനെ ലേബല്‍ വടിവൊത്തു മുറിച്ചു നെറ്റിയില്‍ ഒട്ടിക്കാം എന്നതിന്റെ നല്ല സാമ്പിള്‍.അഴീക്കോടും അബ്ദുല്ലക്ക്ടുട്ടിയും ഒരുപോലെ എന്ന്. അതിനോ വസ്തുതയുടെ അര്‍ദ്ധാംശം എടുത്തു മറ്റൊരു അമ്പതു ശതമാനം കയ്യില്‍ നിന്നിട്ട് സത്യമെന്ന പോലെ കാച്ചുക.
ReplyDelete1)അഴീക്കോട് ഇലക്ഷനില്‍ മല്സരിച്ച്ചു, കൊണ്ഗ്രെസ്സിനു വേണ്ടി -ശരി
2)അഴീക്കോട് രണ്ടാമതൊരു ഇലക്ഷനില്‍ അബ്ദുള്ളക്കുട്ടിയെ പോലെ കാലുമാറി മല്സരിച്ച്ചു
--തെറ്റ്.(87 ലും,91 ലുമൊക്കെ അഴീകൊടിനെയും പി.പി ഉമ്മര്‍കോയേയുമൊക്കെ ഇടതുപക്ഷം നിര്‍ബന്ധിച്ച്ചിരുന്നു, മലസരിക്കാന്‍ എന്നാല്‍ അവര്‍ തയ്യാറായില്ല)
3) അബ്ദുള്ളക്കുട്ടി കാലുമാറി മാസങ്ങള്‍ക്കുള്ളില്‍ മത്സരിക്കുന്നു.--ശരി
4)ഇങ്ങനെ കാലുമാറി അഴീകോട് മല്സരിച്ച്ചോ - ഇല്ല.
അങ്ങനെ മുകളില്‍ സൂചിപ്പിച്ചതില്‍ ഒരു ഭാഗം മാത്രം പ്രോജക്റ്റ് ചെയ്താണ്,അര്‍ദ്ധസത്യങ്ങള്‍ ആണ് സിമി കയ്യില്‍ നിന്ന് കാശിട്ടു "സത്യ'മെന്ന രീതിയില് വിളമ്പുന്നത്.