ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയെ കണ്ടെത്താനുള്ള പ്രഥമയത്നമുണ്ടായത് മഹാത്മാഗാന്ധിയുടെ ഭാഗത്തുനിന്നാണ്. 1915 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ ഗാന്ധിജി 1917ല്‍ ചമ്പാരന്‍ സമരത്തില്‍ ഇടപെടുന്നതുവരെ ഇന്ത്യയെ കണ്ടെത്താനുള്ള ക്ളേശപൂര്‍ണമായ യാത്രയിലായിരുന്നു. മൂന്നാംക്ളാസ് തീവണ്ടി ബോഗികളില്‍ യാത്രചെയ്ത് ഗ്രാമീണ ഇന്ത്യയുടെ പരിഭവങ്ങളും പരിദേവനങ്ങളും തൊട്ടറിഞ്ഞ ഗാന്ധിജിക്ക് നിസ്വജനവര്‍ഗത്തിന്റെ ജീവിതപരിതോവസ്ഥകള്‍ മനസ്സിലാക്കാന്‍ നിര്‍വ്യാജമായ ജിജ്ഞാസയുണ്ടായിരുന്നു. ഗാന്ധിജിയുടെ പ്രിയശിഷ്യരിലൊരാളും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യയെ കണ്ടെത്തിയത് അഹമ്മദ്നഗര്‍ കോട്ടയിലെ ജയില്‍വാസകാലത്താണ്. സിന്ധുനദീതട സംസ്കാരംതൊട്ട് തുടങ്ങുന്ന ഇന്ത്യാചരിത്രത്തെ ഒരു ഉദാര മതനിരപേക്ഷതാവാദിയുടെ ദൃഷ്ടികോണിലൂടെ അപഗ്രഥിച്ചാണ് നെഹ്റു ഇന്ത്യയെ കണ്ടെത്തിയത്. ആ കണ്ടെത്തലിലും ആത്മാര്‍ഥതയും ബൌദ്ധികമായ സത്യസന്ധതയുമുണ്ടായിരുന്നു.
1966ല്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ഇന്ദിര ഗാന്ധി ഇന്ത്യയെ കണ്ടെത്താനുള്ള തീവ്രയത്നപരിപാടികളൊന്നും നടത്തിയതായി ചരിത്രപുസ്തകങ്ങളില്‍ കാണുന്നില്ല. ജയിലില്‍നിന്ന് അച്ഛന്‍ മകള്‍ക്കയച്ച കത്തുകളിലൂടെതന്നെ ഭാഗികമായെങ്കിലും അവര്‍ ഇന്ത്യയെയും ലോകത്തെയും അറിഞ്ഞിരിക്കാമെന്നതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. 1984ല്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട രാജീവ് ഗാന്ധി പിറ്റേ വര്‍ഷം ഒട്ടുമുക്കാലും ഇന്ത്യയെ കണ്ടെത്താനാണ് വിനിയോഗിച്ചതെന്ന് കോണ്‍ഗ്രസ് ചരിത്രകാരന്മാര്‍ പറയുന്നു. ദൂരദര്‍ശന്‍ മാത്രമുണ്ടായിരുന്ന ആ കാലത്ത് രാജീവ് ഇന്ത്യയെ കണ്ടെത്തുന്നത് (കശ്മീരില്‍ ഹൌസ് ബോട്ടിലും ഷിംലയിലെ ഗിരിനിരകളിലും കേരളത്തിലെ തെങ്ങിന്‍ തോപ്പുകളിലും) നിരന്തരമായി സംപ്രേഷണം ചെയ്തിരുന്നു.
21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഇന്ത്യയെ കണ്ടെത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് നെഹ്റു കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ്. 21-ാം നൂറ്റാണ്ട് ഉത്തരാധുനികയുഗമാണെന്നാണ് പല പണ്ഡിതകേസരികളും പറയുന്നത്. ഉത്തരാധുനിക ചിന്താസരണികളില്‍ ചിലതിന്റെ സ്വഭാവം ആഴത്തിലുള്ള അപഗ്രഥനങ്ങള്‍ വെടിഞ്ഞ് ഉപരിപ്ളവതയുടെ ഓരങ്ങളില്‍ അഭിരമിക്കുന്നതാണ്. മുത്തച്ഛനെപ്പോലെ ആഴത്തില്‍ പോകാന്‍ ബുദ്ധിവ്യായാമത്തിലേര്‍പ്പെടണം. പക്ഷേ, രാഹുല്‍ ഗാന്ധിക്ക് പ്രതിപത്തി ജിംനേഷ്യത്തോടാണ്. അതുകൊണ്ടാകണം ഈയിടെ കേരളത്തില്‍ വന്നപ്പോള്‍ ജിംനേഷ്യം അന്വേഷിച്ച് കക്ഷി നടന്നത്. ഗാന്ധിജിയെപ്പോലെ ഇന്ത്യയെ കണ്ടെത്തണമെങ്കില്‍ തീവണ്ടിയിലെ 'കാറ്റില്‍ക്ളാസി'ല്‍ സഞ്ചരിക്കണം. വിമാനത്തിലെ കാറ്റില്‍ക്ളാസുതന്നെ കോണ്‍ഗ്രസുകാര്‍ ഒരുവിധം സഹിക്കുകയാണ്. തീവണ്ടിയിലെ കാറ്റില്‍ക്ളാസോ? ശതാബ്ദി എക്സ്പ്രസില്‍ ഒരുതവണ എസി ചെയര്‍ കാറില്‍ സഞ്ചരിച്ചാല്‍ മൂന്നു തവണ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ പറക്കുന്നതാണ് രാഹുലിന് ശീലം. തനിക്കും ഹൈബി ഈഡനെപ്പോലുള്ള അനുചരന്മാര്‍ക്കും സഞ്ചരിക്കാനുള്ള ടാറ്റ സഫാരി കാറുകള്‍ ചുമന്നുകൊണ്ട് ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ അകമ്പടിയായിട്ടുണ്ടാവുകയും ചെയ്യും. ഈ യാത്രാഗണിതത്തിന്റെ (ഒരു തീവണ്ടിയാത്ര= മൂന്ന് ചാര്‍ട്ടേഡ് ഫ്ളൈറ്റ് യാത്ര) 'ക്ളൂ' പിടികിട്ടിയതുകൊണ്ടായിരിക്കാം കൊച്ചിയില്‍ നടന്ന ഐഎന്‍ടിയുസി സമ്മേളനത്തില്‍ മുഖം കാണിക്കാന്‍ പ്രണബ് മുഖര്‍ജിയും ചാര്‍ട്ടേഡ് ഫ്ളൈറ്റ് പിടിച്ചതെന്നു തോന്നുന്നു.
രാഹുലിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' ജനശ്രദ്ധയില്‍പ്പെടുന്നത് മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കലാവതി എന്ന കര്‍ഷക വിധവയുടെ ഗൃഹസന്ദര്‍ശനത്തോടെയാണ്. ഏഴ് പെമക്കളും രണ്ട് ആണ്‍മക്കളുമുള്ള കലാവതിക്ക് 12 ഏക്കര്‍ ഭൂമിയുണ്ട്. പക്ഷേ, 12 മണിക്കൂര്‍ പവര്‍കട്ട് ഉള്ളതുകാരണം കൃഷിപ്പണി നടക്കുന്നില്ല. ഇന്ത്യ-അമേരിക്ക ആണവകരാര്‍ സഫലമായാല്‍ കലാവതിമാരുടെ വിദ്യുച്ഛക്തി പ്രതിസന്ധി പമ്പകടക്കും. മറ്റൊരു പ്രശ്നവും കലാവതിക്കില്ല. ഇങ്ങനെപോയി രാഹുല്‍ ലോക്സഭയില്‍ നടത്തിയ ഉദീരണങ്ങള്‍. കലാവതിയുടെ ജീവിതത്തിലെ ദുരന്തനിര്‍ഭരമായ മറുവശം രാഹുല്‍ പറഞ്ഞില്ല. 2007ലാണ് അവരുടെ ഭര്‍ത്താവ് പരശുറാം ആത്മഹത്യചെയ്തത്. കടത്തിനുമേല്‍ കടം കയറി ചക്രശ്വാസം വലിച്ചപ്പോള്‍ വിദര്‍ഭയിലെ ആയിരക്കണക്കിനു കര്‍ഷകര്‍ തെരഞ്ഞെടുത്ത ഒടുക്കത്തെ മാര്‍ഗമേ പരശുറാമിനു മുമ്പിലും ഉണ്ടായിരുന്നുള്ളൂ. കലാവതിമാരെപ്പോലുള്ളവരുടെ ജീവിതത്തില്‍ ദാരിദ്ര്യത്തിന്റെയും അരക്ഷിതത്വത്തിന്റെയും തീക്കനല്‍ വിതറിയ കൂട്ടകര്‍ഷക ആത്മഹത്യകള്‍ എന്തുകൊണ്ടുണ്ടാകുന്നു, അതിന് കാരണക്കാര്‍ ആരാണ് എന്നിത്യാദി മര്‍മപ്രധാനമായ ചോദ്യങ്ങളിലേക്ക് രാഹുല്‍ കടന്നില്ല.
മന്‍മോഹന്‍സിങ്ങിന്റെ കാര്‍മികത്വത്തില്‍ 1991 മുതല്‍ രണോത്സുകമായി നടപ്പാക്കിവരുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ് കലാവതിമാരെ സൃഷ്ടിക്കുന്നതെന്നു കാണാന്‍ രാഹുല്‍ജിക്ക് കഴിയില്ല. അതിന് ഇത്തിരി ബുദ്ധിവ്യായാമം നടത്തണം. ജിംനേഷ്യത്തില്‍പോയി 'സിക്സ്പാക്കി'നെപ്പറ്റി സ്വപ്നം കാണുന്നവര്‍ക്ക് പവര്‍കട്ടാണ് വിദര്‍ഭയുടെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന സരളയുക്തിയേ വരൂ. ഏതായാലും രാഹുല്‍ജിയുടെ ഇന്ത്യയെ കണ്ടെത്തല്‍ മാമാങ്കം കലാവതിക്ക്, ഒരേയൊരു കലാവതിക്ക് ഗുണംചെയ്തു. പല ദിക്കില്‍ നിന്നും അവര്‍ക്ക് ധനസഹായം ഒഴുകിയെത്തി. സുലഭ് ഇന്റര്‍നാഷണല്‍ എന്ന സംഘടന 30 ലക്ഷംരൂപ കൊടുത്തു. കലാവതിക്ക് ഇപ്പോള്‍ രണ്ടു വീടുണ്ട്. വിദര്‍ഭയിലെ ഗതികെട്ട മറ്റ് കലാവതിമാര്‍ ഇപ്പോള്‍ രാത്രി വൈകിയും വീട്ടില്‍ മണ്ണെണ്ണവിളക്ക് കത്തിച്ച് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണത്രേ രാഹുലിന്റെ അടുത്ത ഗൃഹസന്ദര്‍ശനം കാത്ത്.
ആഗോളവല്‍ക്കരണനയങ്ങളുടെ പരിണതഫലമായി ദുരിതക്കയത്തിലായ കലാവതിയെപ്പോലുള്ള കോടിക്കണക്കിനു കര്‍ഷകര്‍ക്ക് ജീവശ്വാസം പകര്‍ന്നു നല്‍കാന്‍ ഏതോ ഇവന്റ്മാനേജ്മെന്റ് കമ്പനികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം പരിഹാസദ്യോതകമായ പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ക്കു കഴിയില്ല. അതിന് കോണ്‍ഗ്രസ് വാശിയോടെ പിന്തുടരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങള്‍ അടിമുടി പൊളിച്ചെഴുതണം. അതിനുള്ള ഉശിരും കരുത്തും ജിംനേഷ്യത്തില്‍ നിന്നല്ല ഉണ്ടാകേണ്ടത്. രാജ്യത്തിന്റെ സാമ്പത്തികനയങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന കോണ്‍ഗ്രസ് കളരികളുടെ അലകും പിടിയും മാറ്റിക്കൊണ്ടാണ് അത് സാധിക്കേണ്ടത്.
രാഹുല്‍ ഗാന്ധിയുടെ കേരള (ക്യാമ്പസ്) സന്ദര്‍ശനത്തിനിടെ പേര്‍ത്തും പേര്‍ത്തും പറഞ്ഞ ഒരുകാര്യം കോണ്‍ഗ്രസില്‍ പൊതുവിലും യൂത്ത്കോണ്‍ഗ്രസിലും കെഎസ്യുവിലും വിശേഷിച്ചും നോമിനേഷനുകളുടെ കാലം കഴിഞ്ഞെന്നും മെറിറ്റ് മാത്രമാണ് ഇനിമേല്‍ മാനദണ്ഡമെന്നുമാണ്. രാഹുല്‍ 37-ാം വയസ്സില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായത് ഏതൊക്കെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്ന കാര്യം അവിടെ നില്‍ക്കട്ടെ. കോണ്‍ഗ്രസില്‍ 'നോമിനേഷന്‍ യുഗം' ഉദ്ഘാടനംചെയ്തത് ആരാണെന്ന് കെ എസ് യു കുട്ടികള്‍ക്ക് രാഹുല്‍ പറഞ്ഞുകൊടുക്കേണ്ടതായിരുന്നു. 1969ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തിയശേഷം ഇന്ദിര ഗാന്ധിയാണ് സംഘടനാജനാധിപത്യത്തെ ഗളഹസ്തംചെയ്ത് നോമിനേഷന്‍ യുഗത്തിന് തുടക്കമിട്ടതെന്ന് ചരിത്രം പറയുന്നു. അവര്‍തന്നെയാണ് കോണ്‍ഗ്രസിനെ ഒരു കുടുംബക്കമ്പനിയായി വളര്‍ത്തിയെടുത്തതും. ആ കുടുംബക്കമ്പനിയുടെ രാഷ്ട്രീയഭാരം ചെറുപ്രായത്തിലേ വന്നു ചേര്‍ന്നതാണ് രാഹുലിന്.
ഇടതുപക്ഷ കക്ഷികളൊഴിച്ചുള്ള മറ്റെല്ലാ പാര്‍ടികളും ഇന്ന് കുടുംബക്കമ്പനികളാണ്. ചിലത് കൂട്ടുകുടുംബക്കമ്പനികളും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരിഹാസ്യമായ ഈ പ്രവണതയ്ക്ക് ആരംഭം കുറിച്ചതും അതിനെ സുദൃഢമാക്കിയതും കോണ്‍ഗ്രസാണ്. മറ്റു പാര്‍ടികള്‍ കോണ്‍ഗ്രസിന്റെ വഴിയേ ഓടി മുന്നേറി. ദ്രാവിഡ ദേശീയതയെപ്പറ്റി പുരപ്പുറത്തുകയറി പ്രസംഗിച്ചിരുന്ന ഡിഎംകെയില്‍ ഇപ്പോള്‍ കുടുംബരാഷ്ട്രീയത്തിന്റെ പഞ്ചാരിമേളമാണ്. രാഹുല്‍ജിയുടെ അടുത്ത യുവസഹചരന്മാരെല്ലാവരും നോമിനേഷന്‍ വഴി കോണ്‍ഗ്രസ് നേതാക്കളായവരല്ലേ? പരേതരോ ജീവിച്ചിരിക്കുന്നവരോ ആയ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളുടെ പുത്രന്മാരോ പുത്രിമാരോ ആണ് രാഹുലിന്റെ ഉപദേശക-സ്തുതിപാഠക വൃന്ദത്തില്‍ ഏറെയും. സച്ചില്‍ പൈലറ്റ്, മിലിന്ദി ദിയോറ, ജിതിന്‍ പ്രസാദ്, ജ്യോതിരാദിത്യ സിന്ധ്യ, മനീഷ് തിവാരി, പ്രിയദത്ത്, ജിതേന്ദ്രസിങ്, മീനാക്ഷി നടരാജന്‍, കനിഷ്കസിങ്, ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരൊക്കെ ഈ ഗണത്തില്‍പ്പെടുന്നു. എന്തിനേറെ പറയുന്നു നമ്മുടെ ഹൈബി ഈഡനും ഇവരുടെ കൂട്ടത്തിലുണ്ടല്ലോ. പ്രതിഭപാട്ടീലിന്റെ മകന്‍ രാജേന്ദ്ര ശെഖാവത്താണ് ഏറ്റവും പുതിയ നോമിനേഷന്‍ അവതാരം. ശിവസേനയില്‍നിന്ന് മഹാരാഷ്ട്രയിലെ അമരാവതി അസംബ്ളിമണ്ഡലം 1999ല്‍ പിടിച്ചെടുക്കുകയും അടുത്ത തെരഞ്ഞെടുപ്പില്‍ അത് ഇരട്ടിവോട്ടുകള്‍ നേടി നിലനിര്‍ത്തുകയും ചെയ്ത സുനില്‍ ദേശ്മുഖ് എന്ന കോണ്‍ഗ്രസുകാരനെ അഗണ്യകോടിയില്‍ തള്ളിയാണ് രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത രാജേന്ദ്ര ശെഖാവത്തിന് രാഹുല്‍ജി ആ സീറ്റ് കൊടുത്തത്. ശെഖാവത്തിന്റെ അച്ഛനും പ്രതിഭപാട്ടീലിന്റെ ഭര്‍ത്താവുമായ ദേവിസിങ് ശെഖാവത്ത് 1995ല്‍ 53,000 വോട്ടിന് അവിടെ തോറ്റു. ആ സീറ്റാണ് ഇപ്പോള്‍ അമരാവതിയിലെ കോണ്‍ഗ്രസുകാരെ വെറുപ്പിച്ച് മകന്‍ ശെഖാവത്തിന് കൊടുത്തിരിക്കുന്നത്. ഇതിനെയാണ് മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രതിഭാനിര്‍ണയ പരിക്ഷ(ണം) എന്നുപറയുന്നത്. രാഷ്ട്രീയത്തിലെ കുടുംബവ്യാപാരക്കൂട്ടായ്മകളുടെ പരിരക്ഷണം ഏറ്റെടുത്ത ആള്‍ ഇടയ്ക്കിടെ മെറിറ്റിനെക്കുറിച്ച് പറയുന്നത് ആന്തരികമായി പുകയുന്ന അപകര്‍ഷതാബോധം കൊണ്ടായിരിക്കാനും ഇടയുണ്ട്.
ഏതായാലും രാഹുല്‍ജിക്ക് തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിക്കാനും സെക്യൂരിറ്റിപ്പടയും ഗുലുമാലുമില്ലാതെ കോഴിക്കോട്ടെ ഹോട്ടലില്‍ കയറി കൊതിയൂറുന്ന മത്സ്യവിഭവങ്ങള്‍ രുചിക്കാനും രാമനാട്ടുകര ബൈപാസിലെ ഹോട്ടലിലിരുന്ന് പൊറോട്ട തിന്നാനും കഴിഞ്ഞത് കേരളത്തിലായതുകൊണ്ടാണ്. ഡല്‍ഹിയിലെ കൊണാട്ട് പ്ളേസിലും ജന്ദര്‍മന്ദറിലും കാറ്റുകൊണ്ട് ഭയവിഹ്വലതകളില്ലാതെ ഉലാത്താന്‍ രാഹുലിന് കഴിയുമാറാകുന്ന ഒരു കാലത്തിനുവേണ്ടി 'ക്രമസമാധാനം തകര്‍ന്നുതരിപ്പണമായ' ഈ കൊച്ചു സംസ്ഥാനം കാത്തിരിക്കുന്നു.
എ എം ഷിനാസ് ദേശാഭിമാനി 17 ഒക്ടോബര്‍ 2009
രാഹുലിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' ജനശ്രദ്ധയില്‍പ്പെടുന്നത് മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കലാവതി എന്ന കര്‍ഷക വിധവയുടെ ഗൃഹസന്ദര്‍ശനത്തോടെയാണ്. ഏഴ് പെമക്കളും രണ്ട് ആണ്‍മക്കളുമുള്ള കലാവതിക്ക് 12 ഏക്കര്‍ ഭൂമിയുണ്ട്. പക്ഷേ, 12 മണിക്കൂര്‍ പവര്‍കട്ട് ഉള്ളതുകാരണം കൃഷിപ്പണി നടക്കുന്നില്ല. ഇന്ത്യ-അമേരിക്ക ആണവകരാര്‍ സഫലമായാല്‍ കലാവതിമാരുടെ വിദ്യുച്ഛക്തി പ്രതിസന്ധി പമ്പകടക്കും. മറ്റൊരു പ്രശ്നവും കലാവതിക്കില്ല. ഇങ്ങനെപോയി രാഹുല്‍ ലോക്സഭയില്‍ നടത്തിയ ഉദീരണങ്ങള്‍. കലാവതിയുടെ ജീവിതത്തിലെ ദുരന്തനിര്‍ഭരമായ മറുവശം രാഹുല്‍ പറഞ്ഞില്ല. 2007ലാണ് അവരുടെ ഭര്‍ത്താവ് പരശുറാം ആത്മഹത്യചെയ്തത്. കടത്തിനുമേല്‍ കടം കയറി ചക്രശ്വാസം വലിച്ചപ്പോള്‍ വിദര്‍ഭയിലെ ആയിരക്കണക്കിനു കര്‍ഷകര്‍ തെരഞ്ഞെടുത്ത ഒടുക്കത്തെ മാര്‍ഗമേ പരശുറാമിനു മുമ്പിലും ഉണ്ടായിരുന്നുള്ളൂ. കലാവതിമാരെപ്പോലുള്ളവരുടെ ജീവിതത്തില്‍ ദാരിദ്ര്യത്തിന്റെയും അരക്ഷിതത്വത്തിന്റെയും തീക്കനല്‍ വിതറിയ കൂട്ടകര്‍ഷക ആത്മഹത്യകള്‍ എന്തുകൊണ്ടുണ്ടാകുന്നു, അതിന് കാരണക്കാര്‍ ആരാണ് എന്നിത്യാദി മര്‍മപ്രധാനമായ ചോദ്യങ്ങളിലേക്ക് രാഹുല്‍ കടന്നില്ല.
ReplyDeleteമഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കടബാധ്യതമൂലം വീണ്ടും കര്‍ഷക ആത്മഹത്യ. രാഹുല്‍ഗാന്ധി ലോക്സഭയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ച് ശ്രദ്ധേയയായ കര്‍ഷക വനിത കലാവതിയുടെ മരുമകന്‍ സഞ്ജയ് കലാസ്കര്‍ ആണ് കടബാധ്യതമൂലം ആത്മഹത്യചെയ്തത്. കലാവതിയെപ്പോലുള്ളവരെ സഹായിക്കാനാണ് ആണവക്കരാറെന്നാണ് UPA സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പുവേളയില്‍ രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. (പീപ്പിള്‍ ചാനല്‍ വാര്‍ത്ത)
ReplyDelete