Monday, October 19, 2009

മാവോയിസ്റ്റ് വിപത്ത്

കഴിഞ്ഞ കുറച്ചുനാളുകള്‍ക്കിടയിലുണ്ടായ ചില സംഭവങ്ങള്‍ നോക്കുക- ഒറീസയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സമ്മാനദാനച്ചടങ്ങിനിടെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഇസ്രിയില്‍ അജ്മീര്‍ ഷെരീഫിലേക്ക് പോയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനുനേരെയുണ്ടായ വെടിവയ്പ്പില്‍ പന്ത്രണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാറിലും ജാര്‍ഖണ്ഡിലും പല ഭാഗങ്ങളിലും റെയില്‍പാളങ്ങള്‍ ബോംബ് വെച്ച് തകര്‍ത്തു. ഒറീസയിലെ സിമില്‍പാല്‍ കടുവാസങ്കേതത്തില്‍ വിനോദസഞ്ചാരികളെ കൊള്ളയടിച്ചു, വനപാലകരുടെ ഓഫീസുകള്‍ കൊള്ളയടിച്ച് തോക്കുകളും വയര്‍ലെസ് സെറ്റുകളും എടുത്തുകൊണ്ടുപോയി. ലഖി സാരായ് ജില്ലയിലെ സ്കൂളുകളും ഛാത്രയില്‍ നവദീഹ് മിഡില്‍ സ്കൂളും ഡൈനമിറ്റ്വച്ച് തകര്‍ത്തു. ദേശീയപാതയില്‍ ഉടനീളം പാലങ്ങളും റോഡുകളും തകര്‍ത്ത് ഗതാഗതം താറുമാറാക്കി. വാര്‍ത്താവിനിമയ ടവറുകള്‍ നിരന്തരം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. സ്ത്രീകളെയും കുട്ടികളെയുംപോലും വെറുതെവിടാത്ത മാവോയിസ്റ്റ് ഭീകരതയുടെ ചെറിയൊരു പട്ടിക മാത്രമാണിത്.

പശ്ചിമബംഗാളിലെ മിഡ്നാപുര്‍ ജില്ലയില്‍ നിഷ്ഠുര ആക്രമണങ്ങള്‍ തുടരുകയാണ്, ഏറ്റവും ഒടുവിലത്തെ ഇര ജാര്‍ഖണ്ഡ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ നൂറ്റിമുപ്പതോളം സിപിഐ എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നിരപരാധികളുടെ ജീവനും സ്വത്തും സംരക്ഷിക്കാനായി പ്രതിബദ്ധതയോടെ നിലകൊള്ളുന്ന സിപിഐ എം മാവോയിസ്റ്റുകളുടെ ആക്രമണത്തിന് നിരന്തരം ഇരയാവുകയാണ്. മാവോയിസ്റ്റുകളുടെ സ്വാധീനം വര്‍ധിക്കാനുള്ള കാരണം ആദിവാസികളുടെ ദുരവസ്ഥയാണെന്ന പ്രചാരണം ശരിയല്ലെന്ന് ഈയിടെ ഉണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. സമ്പത്തും രാഷ്ട്രീയഅധികാരവും ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ ഓരോ മേഖലയും പിടിച്ചെടുക്കുന്നതാണ് ഇതിന്റെ യഥാര്‍ഥകാരണം. ലാല്‍ഗഢില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ഛത്രാധര്‍ മഹാതോ വെളിപ്പെടുത്തിയ വസ്തുതകളും ഇക്കാര്യം വ്യക്തമാക്കുന്നു.

ആദിവാസികള്‍ സ്വാഭാവികമായി രൂപംനല്‍കിയ പ്രസ്ഥാനമല്ല 'പൊലീസ് അതിക്രമവിരുദ്ധ സമിതി'. മറിച്ച് സിവില്‍-പൊലീസ് ഭരണത്തില്‍നിന്ന് വിമുക്തമായ മേഖല സൃഷ്ടിക്കാന്‍ മാവോയിസ്റ്റുകള്‍ സ്വീകരിച്ച തന്ത്രമാണത്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ കുഴിബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഒളിപ്പിക്കാനായി മാവോയിസ്റ്റുകള്‍ രൂപംനല്‍കിയതാണ് പ്രസ്തുത 'വിമോചിതമേഖല'. മാവോയിസ്റ്റുകള്‍ക്ക് തൃണമൂല്‍ കോഗ്രസിന്റെ പൂര്‍ണ പിന്തുണയും സംരക്ഷണവും ലഭിക്കുന്നതായും മഹാതോ വെളിപ്പെടുത്തി. സമീപഗ്രാമങ്ങളില്‍ മേല്‍സൂചിപ്പിച്ച സമിതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അവര്‍ സഹായം നല്‍കി. മാവോയിസ്റ്റുകള്‍ക്ക് ആക്രമണങ്ങള്‍ നടത്താനുള്ള സഹായവും തുടര്‍ന്നുള്ള സംരക്ഷണവും പ്രാദേശികതൃണമൂല്‍ നേതാക്കള്‍ നല്‍കുന്നു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള രാഷ്ട്രീയസംരക്ഷണം നല്‍കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. 'ബുദ്ധിജീവികള്‍' എന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചവര്‍ വന്‍തോതില്‍ സാമ്പത്തികസഹായം നല്‍കിവന്നതായും മഹാതോ വെളിപ്പെടുത്തി.

ഈയിടെ ഒരു മാവോയിസ്റ്റ് നേതാവ് 'ആനന്ദ ബസാര്‍ പത്രികയ്ക്ക്' നല്‍കിയ അഭിമുഖത്തില്‍ തന്റെ ഏറ്റവും വലിയ ആഗ്രഹമായി പ്രകടിപ്പിച്ചത് മമത ബാനര്‍ജിയെ പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രിയായി കാണണമെന്നാണ്! കേന്ദ്രമന്ത്രിസഭയിലെ തൃണമൂല്‍ അംഗങ്ങള്‍ പശ്ചിമബംഗാളിലെ മാവോയിസ്റ്റ് അക്രമബാധിതമേഖലകളില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നു. ആഭ്യന്തരസുരക്ഷാരംഗത്ത് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളില്‍നിന്നാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും തൃണമൂല്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗമായി തുടരുന്നു.

രാജ്യത്തെ ചൂഷിതരുടെയും നിന്ദിതരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനായി നിലകൊള്ളുന്നത് സിപിഐ എമ്മും ഇതര ഇടതുപക്ഷ കക്ഷികളുമാണ്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം അടിച്ചേല്‍പ്പിച്ച നവ ഉദാരവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കയാണ്. സാമ്രാജ്യത്വത്തിനും ഭരണവര്‍ഗത്തിനും എതിരായ പോരാട്ടത്തിന്റെ മുഖങ്ങളില്‍ മാവോയിസ്റ്റുകളെ ആരെങ്കിലും കണ്ടിട്ടുണ്ടോ? വര്‍ഗീയശക്തികള്‍ മതവികാരം ഇളക്കിവിട്ട് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പോരാട്ടശക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ ജനതയുടെ വിപ്ളവകരമായ മുന്നേറ്റത്തിന് വര്‍ഗീയശക്തികളെ ദുര്‍ബലമാക്കേണ്ടതുണ്ട്. ഈ പോരാട്ടത്തില്‍ മാവോയിസ്റ്റുകള്‍ എവിടെ നില്‍ക്കുന്നു? വാജ്പേയി സര്‍ക്കാരില്‍ അംഗമായിരുന്ന മമതയെയാണ് മാവോയിസ്റ്റുകള്‍ ബംഗാളിന്റെ ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത്.

1967ല്‍ സിപിഐ എം വിട്ടുപോയ നക്സലൈറ്റുകളില്‍നിന്ന് രൂപംകൊണ്ടതാണ് മാവോയിസ്റ്റുകള്‍. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് മാവോയിസ്റ്റുകളുടെ പിറവിക്ക് കാരണം. അവരുടെ അഭിപ്രായത്തില്‍, ഇന്ത്യന്‍ ഭരണവര്‍ഗം സാമ്രാജ്യത്വത്തിന്റെ ദല്ലാള്‍മാര്‍ മാത്രമായിരുന്നു; ഇന്ത്യന്‍ ജനതയില്‍ അവര്‍ക്ക് സാമൂഹ്യമോ രാഷ്ട്രീയമോ ആയ അടിത്തറ ഇല്ലായിരുന്നു. അതുകൊണ്ട് ഇന്ത്യന്‍ ജനതയെ ആയുധമണിയിച്ച് 'ജനകീയയുദ്ധം' വഴി വിപ്ളവകരമായ വിമോചനം നേടാമെന്ന് അവര്‍ കരുതി. എന്നാല്‍, കഴിഞ്ഞ നാലു പതിറ്റാണ്ടിലെ അനുഭവം ഇന്ത്യന്‍ ഭരണവര്‍ഗത്തെ സംബന്ധിച്ച സിപിഐ എമ്മിന്റെ കാഴ്ചപ്പാട് ശരിയാണെന്ന് തെളിയിച്ചു. അന്തിമ വിശകലനത്തില്‍, മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തികഞ്ഞ പിന്തിരിപ്പന്‍ശക്തികളായ തൃണമൂല്‍ കോണ്‍ഗ്രസിനെപ്പോലുള്ളവര്‍ക്ക് മാത്രമാണ് ഗുണകരം.

1967ല്‍ വിട്ടുപോയതുമുതല്‍ സിപിഐ എം അവരോട് ഭീകരതയുടെ മാര്‍ഗം വെടിഞ്ഞ് ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്കും വിപ്ളവകരമായ മാറ്റത്തിനുവേണ്ടിയുള്ള ജനകീയമുന്നേറ്റത്തിലേക്കും മടങ്ങിവരാന്‍ ആവശ്യപ്പെട്ടുവരികയാണ്. മാവോയുടെ വാക്കുകള്‍ പ്രസക്തമാണ്: " നൂറു പൂക്കള്‍ വിരിയട്ടെ, നൂറു ചിന്തകള്‍ ഉയരട്ടെ.'' ഇത് തെറ്റായി വ്യാഖ്യാനിച്ച് രക്തക്കൊതിയുമായി നടക്കുന്ന മാവോയിസ്റ്റുകള്‍ക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടംമാത്രമാണ് രാജ്യത്തെ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള വഴി.

ദേശാഭിമാനി മുഖപ്രസംഗം 19 ഒക്ടോബര്‍ 2009

4 comments:

  1. 1967ല്‍ സിപിഐ എം വിട്ടുപോയ നക്സലൈറ്റുകളില്‍നിന്ന് രൂപംകൊണ്ടതാണ് മാവോയിസ്റ്റുകള്‍. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് മാവോയിസ്റ്റുകളുടെ പിറവിക്ക് കാരണം. അവരുടെ അഭിപ്രായത്തില്‍, ഇന്ത്യന്‍ ഭരണവര്‍ഗം സാമ്രാജ്യത്വത്തിന്റെ ദല്ലാള്‍മാര്‍ മാത്രമായിരുന്നു; ഇന്ത്യന്‍ ജനതയില്‍ അവര്‍ക്ക് സാമൂഹ്യമോ രാഷ്ട്രീയമോ ആയ അടിത്തറ ഇല്ലായിരുന്നു. അതുകൊണ്ട് ഇന്ത്യന്‍ ജനതയെ ആയുധമണിയിച്ച് 'ജനകീയയുദ്ധം' വഴി വിപ്ളവകരമായ വിമോചനം നേടാമെന്ന് അവര്‍ കരുതി. എന്നാല്‍, കഴിഞ്ഞ നാലു പതിറ്റാണ്ടിലെ അനുഭവം ഇന്ത്യന്‍ ഭരണവര്‍ഗത്തെ സംബന്ധിച്ച സിപിഐ എമ്മിന്റെ കാഴ്ചപ്പാട് ശരിയാണെന്ന് തെളിയിച്ചു. അന്തിമ വിശകലനത്തില്‍, മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തികഞ്ഞ പിന്തിരിപ്പന്‍ശക്തികളായ തൃണമൂല്‍ കോണ്‍ഗ്രസിനെപ്പോലുള്ളവര്‍ക്ക് മാത്രമാണ് ഗുണകരം.

    ReplyDelete
  2. ഗോത്രവർഗ മേഖലകളിൽ മാവോയിസ്റ്റുകൾക്ക് ഇന്നുള്ള സ്വാധീനം മുഴുവനായും കയ്യൂക്കു കൊണ്ടൂ നേടിയതാനെന്ന വാദം വിശ്വസിക്കാൻ പ്രയാസമുണ്ട്. അരാജകത്വത്തിന്റെ പ്രത്യയശാസ്ത്രത്തോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ, വർധിച്ചു വരുന്ന മാവോയിസ്റ്റ് സ്വാധീനം ഇടതുപക്ഷത്തിന്റെ സ്വയം വിമർശനം അർഹിക്കുന്നില്ലേ?

    ReplyDelete
  3. 2004ല്‍ 4 ലക്ഷം ഇപ്പോള്‍ 42 ലക്ഷം : അബ്ദുള്ളക്കുട്ടിയുടെ സമ്പാദ്യത്തില്‍ പത്തിരട്ടിയിലേറെ വര്‍ധന.. മോഡിസ്തുതിയില്‍ ഉറച്ച് അബ്ദുള്ളക്കുട്ടി.

    visit.www.janasabdam.ning.com
    ‍കണ്ണൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി എ പി അബ്ദുള്ളക്കുട്ടിയുടെ സമ്പാദ്യത്തില്‍ അഞ്ചുവര്‍ഷത്തിനിടെ പത്തിരട്ടിയിലേറെ വര്‍ധന. 2004ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്യുമ്പോഴാണ് വരുമാനത്തിലെ വന്‍വര്‍ധന വെളിപ്പെടുന്നത്. 2004ല്‍ 4,13,365 രൂപയുടെ ആസ്തിയും ഒന്നരലക്ഷത്തിന്റെ അംബാസിഡര്‍ കാറുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 42,61,562 രൂപയുടെ ആസ്തിയും നാലു ലക്ഷം രൂപ വിലവരുന്ന ഇന്‍ഡിക്ക കാറുമുണ്ട്. തിങ്കളാഴ്ച നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം എസ്ബിഐയുടെ ഡല്‍ഹി, കണ്ണൂര്‍ ശാഖകളിലും കനറാ ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലുമായി അബ്ദുള്ളക്കുട്ടിക്ക് 99,148 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യ റോസ്നയുടെപേരില്‍ ഇതേ ബാങ്കുകളില്‍ 1,02,623 നിക്ഷേപമുണ്ട്. മലയാളം കമ്യൂണിക്കേഷനില്‍ 1000 രൂപയുടെയും മലബാര്‍ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയില്‍ 10,000 രൂപയുടെയും ഷെയറുണ്ട്. ഭാര്യക്ക് പള്ളിക്കുന്ന് അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 10,461 രൂപയുടെ ഷെയറുണ്ട്. രണ്ടു മക്കളുടെ പേരില്‍ എസ്ബിടി മ്യൂച്വല്‍ ഫണ്ടില്‍ 20,000 രൂപയുണ്ട്. അബ്ദുള്ളക്കുട്ടിയുടെപേരില്‍ എല്‍ഐസിയില്‍ ഒരു ലക്ഷം രൂപയുടെ പോളിസിയും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സില്‍ 3,72,500 രൂപയുടെ പോളിസിയും ഭാര്യയുടെ പേരില്‍ എല്‍ഐസിയില്‍ മൂന്ന് ലക്ഷത്തിന്റെയും മെറ്റാലൈഫില്‍ 25000 രൂപയുടെയും പോളിസിയുണ്ട്. ഭാര്യക്ക് 66 പവനും മകള്‍ക്ക് മൂന്ന് പവനും സ്വര്‍ണമുണ്ട്. മലപ്പട്ടത്ത് മൂന്ന് ലക്ഷം രൂപ വിലവരുന്ന ഭൂമിയും കൊളച്ചേരിയില്‍ ഒരു ലക്ഷം രൂപ വില വരുന്ന ഭൂമിയും നാറാത്ത് 1,37,700 രൂപ വരുന്ന ഭൂമിയും പള്ളിക്കുന്നില്‍ 75000 രൂപ വിലവരുന്ന ഭൂമിയും പള്ളിക്കുന്നില്‍ പത്ത് ലക്ഷം രൂപ വിലവരുന്ന വീടുമുണ്ട്. എസ്ബിടിയില്‍ 18 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്. പ്രതിമാസ എംപി പെന്‍ഷന്‍ സംബന്ധിച്ചുള്ള വിവരം രേഖപ്പെടുത്തിയിട്ടില്ല. അബ്ദുള്ളക്കുട്ടിയുടെ കൈവശം 2430 രൂപയും ഭാര്യയുടെ കൈവശം 2700 രൂപയുമാണുള്ളത്. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ സുരേന്ദ്രനാണ് അബ്ദുള്ളക്കുട്ടിയുടെ ഡമ്മി സ്ഥാനാര്‍ഥി. മണ്ഡലം പുനര്‍നിര്‍വചനവുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടികയിലെ ക്രമനമ്പറില്‍ വന്ന മാറ്റം നാമനിര്‍ദേശപത്രിക സമര്‍പ്പണം അര മണിക്കൂറോളം വൈകാന്‍ കാരണമായി. പഴയ നമ്പറും പുതിയ നമ്പറും എഴുതിയാണ് നാമനിര്‍ദേശപത്രിക സ്വീകരിച്ചത്. സി ടി അഹമ്മദലി, കെ സി ജോസഫ് എംഎല്‍എ, എം കെ രാഘവന്‍ എംപി, കെ സുധാകരന്‍ എംപി തുടങ്ങിയവരോടൊപ്പം എത്തിയാണ് എഡിഎം വി കുഞ്ഞികൃഷ്ണന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.






    മോഡിസ്തുതിയില്‍ ഉറച്ച് അബ്ദുള്ളക്കുട്ടി.
    കണ്ണൂര്‍: എ പി അബ്ദുള്ളക്കുട്ടിയുടെ നരേന്ദ്രമോഡി പ്രേമം വീണ്ടും വിവാദമാവുന്നു. കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മോഡിപ്രേമം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയശേഷം, യുഡിഎഫ് സ്ഥാനാര്‍ഥിയായതിനാല്‍ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്ന നിലപാടില്‍ മാറ്റമുണ്ടോ എന്നായിരുന്നു ചോദ്യം. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കേരളം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കണ്ടുപഠിക്കണം; അത് മാതൃകയാക്കണം എന്നാണ് പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി വിശദീകരിച്ചു. ഗുജറാത്തില്‍ മതന്യൂനപക്ഷങ്ങളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്ന അബ്ദുള്ളക്കുട്ടിയുടെ നിലപാട് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.

    ReplyDelete
  4. ഒരു നാള്‍,
    ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
    ഇന്നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
    ചോദ്യം ചെയ്യപ്പെടും.

    ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
    സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
    നിങ്ങള്‍ എന്തു ചെയ്തു എന്ന്
    അവര്‍ ചോദിക്കും.

    ഉടയാടകളെക്കുറിച്ചോ
    നീണ്ട ഉച്ചമയക്കങ്ങളെക്കുറിച്ചോ
    അവര്‍ അന്വേഷിക്കില്ല.
    'ഇല്ലായ്മയുടെ ആശയ'ത്തോടുള്ള
    വന്ധ്യമായ പോരാട്ടത്തെക്കുറിച്ച്
    ആരായുകയില്ല.
    സാമ്പത്തികശാസ്ത്രത്തിലെ ഉന്നതപഠനത്തെ ആരും വിലമതിക്കില്ല.
    ഗ്രീക്ക് പുരാണങ്ങളെക്കുറിച്ചോ,
    ഉള്ളിലൊരാള്‍ ഒരു ഭീരുവിനെപ്പോലെ മരിച്ചപ്പോള്‍
    തങ്ങളെത്തന്നെ വെറുത്തതിനെക്കുറിച്ചോ
    അവര്‍ ചോദിക്കില്ല.

    എല്ലാം തികഞ്ഞ ജീവിതത്തിന്റെ നിഴലില്‍ ഉടലെടുത്ത
    അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച്
    അവര്‍ ചോദിക്കില്ല.

    അന്ന്,
    സാധാരണക്കാരായ മനുഷ്യര്‍ വരും.
    അരാഷ്ട്രീയബുദ്ധിജീവികളുടെ പുസ്തകങ്ങളിലും കവിതകളിലും
    ഇടമില്ലാതിരുന്നവര്‍,
    അവര്‍ക്കു അന്നവും പാലും മുട്ടയും
    എത്തിച്ചുകൊടുത്തിരുന്നവര്‍,
    അവരുടെ കാറോടിച്ചിരുന്നവര്‍,
    അവരുടെ നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിപാലിച്ചിരുന്നവര്‍,
    അവര്‍ക്കു വേണ്ടി പണിയെടുത്തിരുന്നവര്‍,

    അവര്‍ വന്നു ചോദിക്കും:

    'പാവപ്പെട്ടവര്‍ നരകിച്ചപ്പോള്‍,
    അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോള്‍
    എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?'

    എന്റെ പ്രിയപ്പെട്ട നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികളേ,
    നിങ്ങള്‍ക്ക് ഉത്തരം മുട്ടും.
    നിശ്ശബ്ദതയുടെ കഴുകന്‍ നിങ്ങളുടെ കുടല്‍ കൊത്തിത്തിന്നും.
    സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവില്‍ തറച്ചുകയറും.
    അപ്പോള്‍ ലജ്ജകൊണ്ട് നിങ്ങള്‍ക്കു മിണ്ടാന്‍ കഴിയില്ല.

    --------------------------------------------------ഒട്ടോ റെനോ കാസ്റ്റില്ലോ

    ReplyDelete