Monday, October 26, 2009

മനോരമയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദം

കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദത്തില്‍പ്പെട്ട് മനോരമയെ നയിക്കുന്നവരുടെ നില തെറ്റിയതിന്റെ പ്രകടമായ തെളിവാണ് തിങ്കളാഴ്ചത്തെ അവരുടെ ലീഡ് വാര്‍ത്ത. 'പിണറായിക്ക് ഇനി പരമാവധി രണ്ടു വര്‍ഷം' എന്നതാണ് ലീഡിന്റെ തലക്കെട്ട്. ഒറ്റനോട്ടത്തില്‍ തലക്കെട്ട് മാത്രം വായിക്കുന്ന ഒരാള്‍ ഇതില്‍നിന്ന് എന്തു നിഗമനത്തില്‍ എത്തണമെന്നാണ് മനോരമ കരുതുന്നത്? 'സിപിഎം ഭരണഘടന ഭേദഗതി ചെയ്യുന്നെന്ന' തൊപ്പികൂടി കണ്ണില്‍പ്പെടാതെപോകുന്ന വായനക്കാരന്റെ അവസ്ഥ എന്തായിരിക്കും! പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമികമര്യാദകളൊന്നും മാനിക്കാതെയുള്ള ധാര്‍ഷ്ട്യത്തിന്റെയും വെല്ലുവിളിയുടെയും പ്രയോഗമാണ് ആ തലക്കെട്ട്. വിലകൊടുത്ത് പത്രം വാങ്ങി വായിക്കുന്നവരെല്ലാം തങ്ങള്‍ എഴുതിവിടുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങുമെന്ന അഹങ്കാരം അതിലുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വാര്‍ത്തയെ സമീപിക്കാനും അവതരിപ്പിക്കാനും കഴിയുമെന്നാണ് ഇവര്‍ കരുതുന്നത്.

സിപിഐ എം സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് പിണറായി വിജയന് ഇത് അവസാനത്തെ കാലാവധിയാകുമെന്നാണ് വാര്‍ത്തയുടെ ആദ്യ വാചകം. സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നതുതന്നെ പിണറായി വിജയനു കാലാവധി നിശ്ചയിക്കാനാണെന്ന ധാരണ വായനക്കാരനില്‍ സൃഷ്ടിക്കുന്നതിനായി ബോധപൂര്‍വം തെരഞ്ഞെടുത്ത വാചകമാണിത്. പിണറായി എന്തോ തെറ്റു ചെയ്തിരുന്നെന്നും അതു സംബന്ധിച്ച് പാര്‍ടി കേന്ദ്രകമ്മിറ്റി കര്‍ശന തീരുമാനം എടുത്തിരിക്കുന്നുവെന്നും വായനക്കാരനു തോന്നിയാല്‍ അത്രയും നന്നായി! എല്ലാ പത്രവും വാക്കുകള്‍ തെരഞ്ഞെടുക്കുന്നത് യാദൃച്ഛികമായല്ല. തങ്ങള്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ്. എന്നാല്‍, ഇവിടെ എല്ലാ മര്യാദകളും പാഠങ്ങളും പത്രം മറന്നിരിക്കുന്നു. പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ പത്രസമ്മേളനത്തില്‍ പറയാത്ത ഒരു കാര്യമാണ് പ്രധാന വാര്‍ത്തയായി പത്രം നല്‍കിയിരിക്കുന്നത്. ഭാരവാഹികള്‍ക്ക് കാലാവധി നിശ്ചയിക്കുന്ന ചോദ്യത്തിന് ഇതുവരെയും അതു ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാരാട്ട് മറുപടി നല്‍കിയെന്നാണ് ഹിന്ദുവിലെ വാര്‍ത്ത. അതിന്റെ ശരിതെറ്റുകള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.

മനോരമയും മറ്റു ചില മാധ്യമങ്ങളും കുറെക്കാലമായി കൊണ്ടുനടന്ന ആഗ്രഹം ഇതുവരെയും നടന്നുകാണാത്ത കടുത്ത നിരാശയില്‍നിന്നാണ് ഇങ്ങനെയൊരു തലക്കെട്ട് രൂപം കൊള്ളുന്നത്. അതിന്റെ ആദ്യസന്ദര്‍ഭം മലപ്പുറം സമ്മേളനമായിരുന്നു. പിണറായി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന് കണക്കുകൂട്ടി അവതരിപ്പിച്ച വാര്‍ത്തകളുടെ തലക്കെട്ടുകള്‍ വായനക്കാര്‍ മറന്നിട്ടില്ല. ചാനലുകളുടെ പ്രധാന ചര്‍ച്ചാവിഷയവും അതായിരുന്നു. എന്നാല്‍, ആ മോഹം സഫലമായില്ല. പാര്‍ടി സമ്മേളനങ്ങളില്‍ ഇടപെട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കാമെന്ന വ്യമോഹം കൊണ്ടുനടക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ വ്യക്തിഹത്യയുടെ ആയുധമെടുത്തു. എസ്എന്‍സി ലാവ്ലിന്‍ കേസുംകൊണ്ട് വര്‍ഷങ്ങള്‍ നടന്നു. എന്തെല്ലാം കഥകളാണ് അവതരിപ്പിച്ചത്. എല്ലാ മുന്‍വൈദ്യുതി മന്ത്രിമാരുടെയും മൊഴിയെടുത്തത് സംബന്ധിച്ച വാര്‍ത്തയില്‍ പിണറായിയെമാത്രം ചോദ്യംചെയ്തെന്ന തലക്കെട്ടു നല്‍കിയത് ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ കാണാം. മാധ്യമങ്ങള്‍ നിര്‍മിച്ചുവിട്ട നുണക്കഥകള്‍ തകര്‍ന്നുവീണതൊന്നും ഇവര്‍ കണ്ടതായിപ്പോലും നടിച്ചില്ല. സിംഗപ്പുരില്‍ ഇല്ലാത്ത കമ്പനിയുടെ ഉടമസ്ഥത പിണറായിയുടെ തലയില്‍ വച്ചുകൊടുത്തു. അങ്ങനെയൊരു കമ്പനിയില്ലെന്ന് കേന്ദ്രഗവമെന്റുതന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് മുക്കിക്കളഞ്ഞ് മാധ്യമധാര്‍മികത കാത്തുസൂക്ഷിച്ചു! സിബിഐ കോടതി കാര്‍ത്തികേയനെ വീണ്ടും ചോദ്യംചെയ്യണമെന്നു പറഞ്ഞതോടെ സിപിഐ എം പറഞ്ഞ വഴിക്കുകാര്യങ്ങള്‍ നീങ്ങുന്നോയെന്നു പരിഭ്രമമായി. സുപ്രീംകോടതിയില്‍ പിണറായി നല്‍കിയ ഹര്‍ജി സ്വീകരിക്കുകകൂടി ചെയ്തതോടെ ഇത് വര്‍ധിച്ചു.

പിണറായി വിജയനെ കേന്ദ്രീകരിച്ച് നടത്തിയ നുണനിര്‍മാണം സമീപകാല കേരളചരിത്രത്തില്‍ സമാനതകളില്ലാത്ത മാധ്യമ ആക്രമണമാണ്. ഒരു ഗവേഷണ പ്രബന്ധത്തിനു പറ്റുംവിധം നൂറുക്കണക്കിന് ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ലാവ്ലിന്‍ കേസിന്റെ സന്ദര്‍ഭത്തില്‍ പിണറായിക്കെതിരെ പാര്‍ടി നടപടി എടുക്കുമെന്ന് തുടര്‍ച്ചയായി എഴുതി. ആ സന്ദര്‍ഭങ്ങളിലെ തലക്കെട്ടുകളും വാര്‍ത്തയിലെ വാചകങ്ങളും എളുപ്പം മറക്കാന്‍ പറ്റുന്നതല്ല. ഓരോ കേന്ദ്രകമ്മിറ്റി യോഗത്തിന്റെ സന്ദര്‍ഭത്തിലും പിണറായിയെ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കുമെന്നായിരുന്നു വാര്‍ത്തകള്‍. നവകേരള യാത്രയ്ക്കിടയില്‍ ചേര്‍ന്ന പിബി യോഗത്തില്‍ പങ്കെടുക്കുന്നതിനു ഡല്‍ഹിയിലേക്ക് പോകുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തിരിച്ചുവരുന്നത് സെക്രട്ടറിയായിത്തന്നെയാണോ എന്ന് പരസ്യമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുകയുംചെയ്തു. എന്നാല്‍, പാര്‍ടി പിബി കഴിഞ്ഞപ്പോള്‍ ഈ സംഘം നിരാശരായി. പിണറായി സെക്രട്ടറിയായിത്തന്നെ നെടുമ്പാശേരിയില്‍ വന്നിറങ്ങി.

പത്രങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ വായിച്ചല്ല കമ്മിറ്റി തീരുമാനമെടുക്കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. മഞ്ഞപ്പത്രങ്ങളില്‍ അച്ചടിച്ചുവന്ന കാര്യങ്ങളും ഒറ്റപ്പെട്ട പോസ്റ്ററുകളുംവരെ ഒന്നാംപേജിലെ വാര്‍ത്തയായി മാറി. ഇതു മനോരമയുടെ മാത്രം രീതിയല്ല. അങ്ങേയറ്റം പ്രൊഫഷണലായ ഏറ്റവും അധികം വരിക്കാരുള്ള ഒരു പത്രം സങ്കുചിതമായ താല്‍പ്പര്യത്തിനായി എത്രമാത്രം അധഃപതിക്കുന്നതുകൊണ്ടു കൂടുതലായി പരാമര്‍ശിച്ചെന്നേയുള്ളു.

ഉടമയുടെ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും പിടിവാശിക്കും അനുസരിച്ച് അച്ചുനിരത്തുന്ന മാതൃഭൂമിയുടെ കാര്യം എടുത്തുപറയേണ്ടതില്ല. ഇന്നലെ അവര്‍ കാര്‍ട്ടൂണിലൂടെയാണ് വികാരം കൂടുതലായി പ്രകടിപ്പിച്ചത്. സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കും എന്ന വാര്‍ത്തയ്ക്കുകീഴിലെ പ്രതികരണമാണ് കുരുട്ടുബുദ്ധി വെളിച്ചത്തുകൊണ്ടുവരുന്നത്. ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം മൂന്നിനും മരുന്നു കിട്ടിയെന്നാണ് പ്രതികരണം. പിണറായിയുടെ ഈ മൂന്നു കുറ്റത്തിനും കേന്ദ്രകമ്മിറ്റി നടപടി എടുത്തിരിക്കുന്നെന്നാണ് ധ്വനി. കാര്‍ട്ടൂണില്‍ പരിഹാസം വേണം. എന്നാല്‍, ഒരു തരത്തിലും ബന്ധമില്ലാത്ത കാര്യം അവതരിപ്പിക്കുന്നത് സങ്കുചിത താല്‍പ്പര്യത്തിന്റെ ഭാഗമായി തന്നെയാണ്. ഏതുവിധേനയും പിണറായിയെ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റുന്നതിനായി ശ്രമിച്ച് പരാജയപ്പെട്ട നിരാശയില്‍നിന്നാണ് മനോരമയുടെ തലക്കെട്ടും മാതൃഭൂമിയുടെ കാര്‍ട്ടൂണും രൂപം കൊണ്ടത്.

സിപിഐ എമ്മിനെ കൈകാര്യം ചെയ്യുന്നതിന് ആദ്യം പിണറായിയെ ശരിപ്പെടുത്തേണ്ടതുണ്ട് എന്ന ധാരണയില്‍നിന്നാണ് ഇതെല്ലാം രൂപംകൊള്ളുന്നത്. കേരളത്തിലെ ഉള്‍പ്പാര്‍ടി പ്രശ്നങ്ങളെ സംബന്ധിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം പാര്‍ടിയാകെ ഏറ്റെടുത്ത് സമൂഹത്തിന്റെ അംഗീകാരം നേടി മുന്നോട്ടുപോകുന്നതു കണ്ട് ഇവര്‍ വിറളിപിടിക്കുന്നു. പഴയതുപോലെ ഒന്നും എഴുതാന്‍ പറ്റാത്ത അരിശവും ഇപ്പോഴത്തെ അവതരണത്തില്‍ കാണാം. പത്രം വാങ്ങുകയും ചാനല്‍ കാണുകയും ചെയ്യുന്ന ജനത്തെ വഞ്ചിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്. എന്നാല്‍, മനോരമയുടെ തനിനിറം പുറത്തുകൊണ്ടുവരാന്‍ ഇതു കൂടുതല്‍ സഹായകരമാകും.

പി രാജീവ് ദേശാഭിമാനി 27-10-2009

6 comments:

  1. കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദത്തില്‍പ്പെട്ട് മനോരമയെ നയിക്കുന്നവരുടെ നില തെറ്റിയതിന്റെ പ്രകടമായ തെളിവാണ് തിങ്കളാഴ്ചത്തെ അവരുടെ ലീഡ് വാര്‍ത്ത. 'പിണറായിക്ക് ഇനി പരമാവധി രണ്ടു വര്‍ഷം' എന്നതാണ് ലീഡിന്റെ തലക്കെട്ട്. ഒറ്റനോട്ടത്തില്‍ തലക്കെട്ട് മാത്രം വായിക്കുന്ന ഒരാള്‍ ഇതില്‍നിന്ന് എന്തു നിഗമനത്തില്‍ എത്തണമെന്നാണ് മനോരമ കരുതുന്നത്? 'സിപിഎം ഭരണഘടന ഭേദഗതി ചെയ്യുന്നെന്ന' തൊപ്പികൂടി കണ്ണില്‍പ്പെടാതെപോകുന്ന വായനക്കാരന്റെ അവസ്ഥ എന്തായിരിക്കും! പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമികമര്യാദകളൊന്നും മാനിക്കാതെയുള്ള ധാര്‍ഷ്ട്യത്തിന്റെയും വെല്ലുവിളിയുടെയും പ്രയോഗമാണ് ആ തലക്കെട്ട്. വിലകൊടുത്ത് പത്രം വാങ്ങി വായിക്കുന്നവരെല്ലാം തങ്ങള്‍ എഴുതിവിടുന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങുമെന്ന അഹങ്കാരം അതിലുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വാര്‍ത്തയെ സമീപിക്കാനും അവതരിപ്പിക്കാനും കഴിയുമെന്നാണ് ഇവര്‍ കരുതുന്നത്.

    ReplyDelete
  2. dear janasakthi, will you please read this and bring this to the notice of our party
    http://ownstories.blogspot.com/2009/10/blog-post.html

    ReplyDelete
  3. "ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം മൂന്നിനും മരുന്നു കിട്ടിയെന്നാണ് പ്രതികരണം. പിണറായിയുടെ ഈ മൂന്നു കുറ്റത്തിനും കേന്ദ്രകമ്മിറ്റി നടപടി എടുത്തിരിക്കുന്നെന്നാണ് ധ്വനി."
    അപ്പോ പിണറായിക്കു ഈ മൂന്നു കുറ്റങ്ങളും ഉണ്ടെന്നാണല്ലോ സഖാവിന്റെ ധ്വനി...

    ReplyDelete
  4. ഇതു നല്ല തമാശ,മനോരമ വെറും ശിശു,ചിന്താഭാരം തൂങ്ങുന്ന ചില ബ്ലോഗുകള്‍ വായിക്കൂ ,മനോരമ അച്ചായനൊക്കെ വെറും കൃമി, അശു.ഒരു സാമ്പിള്‍ ഇതാ----- "ജീര്‍ണ്ണതയുടെ ഒരു സാമ്പിള്‍ കേട്ടിട്ട് ഞാന്‍ 'ഞെട്ടിപ്പോയി'. പാര്‍ട്ടി അനുഭാവികള്‍ "തന്നെയാണ"് പറഞ്ഞത്. സാക്ഷാല്‍ പിണറായിയുടെ സ്വന്തം നാട്ടില്‍ പല സ്ഥാനമാനങ്ങളും വഹിക്കുന്ന ഭാരവാഹി,പ്രാദേശിക നേതാവ് വൈകുന്നേരം ഓലയമ്പലം ബസാറിലൂടെ(വല്ലാത്ത ബസാര് തന്നെ) കൈയില്‍ പോളിത്തീന്‍ സഞ്ചിയുമായി....നമ്മുടെ കീരിക്കാരന്‍ ജോസിനെ പോലെ നടന്നു നീങ്ങുന്നു. സിംപ്ളി മത്തി,വഴുതന,കാച്ചില്‍,പടവലം,മുട്ടന്‍ ഇഞ്ചി എല്ലാം അയാള്‍ സഞ്ചിയില്‍ ഇടുന്നു.ആരും ഒന്നും മിണ്ടുന്നില്ലാ,കൂരാക്കൂരിരൂട്ട്. ചുവന്ന റിബണ്‍ കയ്യിലുണ്ടായിരുന്നു. ഇങ്കിലാബ് സിന്ദാബാദ്‌ സീപിയേം സിന്ദാബാദ്‌ എന്ന് പറഞ്ഞു """ഓലയമ്പലം"" ബസാറില്‍ നിന്ന് എല്ലാം കൊള്ളയടിച്ച്ചു നടന്നകന്നു..മാത്രമോ ഇതെന്നും ആവര്‍ത്തിക്കുന്നു"

    ഇതു വല്ലതും ആ മൈഗുണന്മാര് ‍,മനോരമക്കാര് അറിഞ്ഞോ,ഇവര്‍ക്ക് എന്ത് കംയുനിസ്റ്റ് വിരുദ്ധത ? മോളില്‍ പറഞ്ഞ പോലുള്ള വീരന്മാര് ഉണ്ടെങ്കില്‍ മനോരമ മിക്കവാറും അടുത്തു തന്നെ പൂട്ടി പോകും, അല്ലെങ്കില്‍ മനോരമ നേരത്തെ പറഞ്ഞ "നിലവാരത്തില്‍" ഉയരണം.

    ReplyDelete
  5. മനോരമയുടെ ചില തമാശകള്‍ ഇവിടെ

    ReplyDelete
  6. ഭക്തി എന്നാല്‍ ഇങ്ങനെ തന്നെ

    വേണം...

    ReplyDelete