1432 കുടുംബത്തിന് ഭൂമിയും വീടും
ചെങ്ങറയില്‍ രണ്ടു വര്‍ഷത്തിലേറെയായി നടക്കുന്ന സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. ചെങ്ങറയിലെ 1,432 കുടുംബത്തിന് ഭൂമിയും വീടും 306 കുടുംബത്തിന് വീടും സര്‍ക്കാര്‍ നല്‍കും. മൂന്നുമാസത്തിനുള്ളില്‍ ഭൂമിവിതരണം പൂര്‍ത്തിയാക്കും. വിവിധ ജില്ലകളിലായി ഭൂമി വിതരണംചെയ്യുന്ന മുറയ്ക്ക് സമരക്കാര്‍ കൈയേറ്റ ഭൂമിയില്‍നിന്ന് പിന്‍വാങ്ങും. ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എസ്റ്റേറ്റ് മൂന്നുമാസത്തിനുള്ളില്‍ അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാര്‍ഭൂമിയുണ്ടെങ്കില്‍ പിടിച്ചെടുക്കും. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അറിയിച്ചത്.
ചെങ്ങറയില്‍ ആകെയുള്ള 1738 കുടുംബത്തെ രണ്ടു വിഭാഗമായി തിരിച്ചാണ് ഒത്തുതീര്‍പ്പ്. ഭൂമിയില്ലാത്തവരും അഞ്ചുസെന്റില്‍ താഴെയുള്ളവരുമാണ് ആദ്യ വിഭാഗത്തില്‍. ഒരു സെന്റ്പോലുമില്ലാത്ത 907 കുടുംബമുണ്ട്. ഇതില്‍ 832 പട്ടികജാതി കുടുംബമാണ്. 27 കുടുംബം ആദിവാസികള്‍ അടക്കമുള്ള പട്ടികവര്‍ഗ വിഭാഗമാണ്. മറ്റ് വിഭാഗങ്ങളില്‍ 48 കുടുംബം. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയും ഒന്നേകാല്‍ ലക്ഷം രൂപയുടെ വീടും നല്‍കും. പട്ടികജാതി കുടുംബങ്ങള്‍ക്ക് അര ഏക്കര്‍ ഭൂമിയും ഒരു ലക്ഷം രൂപയുടെ വീടുമാണ് നല്‍കുക.മറ്റുള്ളവര്‍ക്ക് 25 സെന്റും 75,000 രൂപയുടെ വീടും ലഭിക്കും. ഭൂമിക്കും മറ്റുമുള്ള അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഭൂമി കിട്ടുന്നവര്‍ക്ക് അവിടെയോ നിലവിലുള്ളിടത്തോ വീടുണ്ടാക്കാം. അഞ്ച് സെന്റില്‍ താഴെയുള്ള 525 കുടുംബമുണ്ട്. ആറ് സെന്റിന് മുകളിലുള്ളവരെ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വീട്വച്ചു നല്‍കും. ഭൂമിയില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ പത്തനംതിട്ടയില്‍നിന്നാണ്-358. എന്നാല്‍, സര്‍ക്കാരിന് ഏറ്റവും കുറച്ച് ഭൂമിയുള്ളതും പത്തനംതിട്ടയിലാണ്. അതിനാല്‍ ഇവിടത്തുകാര്‍ മറ്റ് ജില്ലകളിലെ ഭൂമി സ്വീകരിക്കേണ്ടിവരും. സമരക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ അനുഭാവപൂര്‍വം പരിഗണിക്കും. സമരകാലത്ത് മരിച്ച 13 പേര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന കാര്യം പരിഗണിക്കും.
മന്ത്രിമാരായ എ കെ ബാലന്‍, കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമരക്കാരെ പ്രതിനിധാനംചെയ്ത്് സാധുജന വിമോചന സംയുക്തവേദി നേതാവ് ളാഹ ഗോപാലനടക്കം ആറുപേരുണ്ടായിരുന്നു. 2007 ആഗസ്ത് നാലിനാണ് ഹാരിസ മലയാളം പ്ളാന്റേഷന്‍ എസ്റേറ്റ് ഭൂമി കൈയേറി കുടില്‍ കെട്ടി സമരക്കാര്‍ താമസം തുടങ്ങിയത്. ഇവരില്‍ പലര്‍ക്കും സ്വന്തമായി ഭൂമിയും വീടുമുണ്ടെന്ന് സര്‍ക്കാര്‍ അന്വേഷണത്തില്‍ വ്യക്തമായി. കോടതിവിധി ഉണ്ടായിട്ടും സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഓരോവട്ടം ചര്‍ച്ചയിലും പുതിയ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് സമരം നീട്ടിക്കൊണ്ടുപോയത്. എന്നാല്‍ പട്ടികവര്‍ഗക്കാരും പട്ടികജാതിക്കാരുമുള്ള സമരമായതിനാല്‍ സര്‍ക്കാര്‍ അങ്ങേയറ്റം സംയമനത്തോടെയും അനുഭാവത്തോടെയുമാണ് സമരത്തെ കണ്ടത്.
അന്ന് വെടിയുണ്ട; ഇന്ന് ഭൂമിയും വീടും
ചെങ്ങറയില്‍ ഭൂമി കൈയേറി നടത്തിയ സമരം ഒരുതുള്ളി ചോരപൊടിയാതെ അവസാനിക്കുമ്പോള്‍ കേരളത്തിന്റെ ഓര്‍മ മുത്തങ്ങയിലേക്ക് നീളുകയാണ്. വെടിയുണ്ട തുളച്ചുകയറിയ ശരീരവുമായി പിടഞ്ഞുവീണ ആദിവാസിയുടെ ചോരപടര്‍ന്ന് കാട് പങ്കിലമായ നാള്‍. കേരളചരിത്രത്തിലാദ്യമായി ഒരു ആദിവാസി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് അന്നാണ്. ഭരണകൂട ക്രൂരതയുടെ സമാനതയില്ലാത്ത അധ്യായമായിരുന്നു മുത്തങ്ങയിലെ നരവേട്ട. അന്ന് ഭൂമി ചോദിച്ചവര്‍ക്കുനേരെ ഭരണകൂടം നിറയൊഴിച്ചെങ്കില്‍ ഇന്ന് ഭൂമിക്കൊപ്പം വീടും നല്‍കുന്നു. ചെങ്ങറയിലെ സമരം 790 രാപ്പകലുകള്‍ക്കൊടുവില്‍ ചോരകിനിയാതെ അവസാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത തന്നെയാണ് വിജയിക്കുന്നത്.
മുത്തങ്ങയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്റെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. 2003 ഫെബ്രുവരി 19നാണ് വയനാട്ടിലെ മുത്തങ്ങ വനം യുദ്ധക്കളമായത്. ഭൂമി നല്‍കാമെന്ന വാഗ്ദാനം യുഡിഎഫ് സര്‍ക്കാര്‍ ലംഘിച്ചപ്പോള്‍ ആയിരത്തിരുനൂറോളം ആദിവാസി കുടുംബങ്ങള്‍ നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങി. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടാനുള്ള സര്‍ക്കാര്‍ തീരുമാനം ക്രൂരമായ മനുഷ്യവേട്ടയായി. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്കുനേരെ തോക്കും ലാത്തിയും ഉപയോഗിച്ചു. ഒരു പൊലീസുകാരനും ബലിയാടായി. എന്നാല്‍, ചെങ്ങറയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ ആദിവാസികളടക്കമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുണയായി.
2007 ആഗസ്ത് നാലിനാണ് ചെങ്ങറയിലെ ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എസ്റ്റേറ്റ് കൈയേറി സമരക്കാര്‍ താമസം തുടങ്ങിയത്. ഇവരില്‍ ഭൂമിയോ വീടോ ഇല്ലാത്തവരും രണ്ടും ഉള്ളവരും ഉണ്ടായിരുന്നു. എന്നാല്‍, സമരക്കാരുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളാണ് നടത്തിയത്. കൈയേറ്റക്കാരാണെങ്കിലും വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതിനിടെ കേസില്‍ ഇടപെട്ട ഹൈക്കോടതി മാര്‍ച്ച് ഏഴിനകം കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, ബലപ്രയോഗത്തിന് സര്‍ക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങി. സമരം ഏതുവിധേനയും തീര്‍ക്കാനായി മൂന്നുതവണ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായി. ഭൂമി നല്‍കാമെന്നതടക്കമുള്ള നിര്‍ദേശം വച്ചു. ദളിത് സംഘടനകളെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സാധുജന വിമോചന സംയുക്തവേദി ആവശ്യങ്ങള്‍ മാറ്റിപ്പറഞ്ഞ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. സമരക്കാര്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പുണ്ടായി. പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവരെയുണ്ടായി.
സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് എല്ലാ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി 1,600 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. 1.13 ലക്ഷം വീടുകള്‍ നല്‍കി. 2,000 ഏക്കറിന് പട്ടയവും കൈവശാവകാശ രേഖയും കൈമാറി. ആദിവാസി കോളനികളിലെ 14,048 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കി. 2,442.93 ഹെക്ടര്‍ 7441 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൈമാറി. സര്‍ക്കാരിന്റെ പക്കല്‍ ഭൂമി ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏകദേശം 1,182 ഏക്കര്‍ മിച്ചഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. പട്ടികജാതിക്കാര്‍ക്ക് 61,000 വീടുകളും പട്ടികവര്‍ഗത്തിന് 32,000 വീടുകളും ഉടന്‍ നിര്‍മിച്ചുനല്‍കാനും പദ്ധതിയുണ്ട്.
(ആര്‍ രഞ്ജിത്)
അന്തസ്സായി ജീവിക്കാന്‍ അവസരം: മുഖ്യമന്ത്രി
ചെങ്ങറയിലെ സമരം അഭിമാനബോധത്തോടെ ഒത്തുതീര്‍പ്പിലെത്തിക്കാനായെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂമിയില്ലാത്തവര്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പട്ടികജാതിക്കാര്‍ക്കും ഒരേക്കര്‍ ഭൂമി കിട്ടണമെന്നായിരുന്നു ആവശ്യം. എല്ലാ പാവങ്ങള്‍ക്കും ഭൂമി കൊടുക്കണമെന്നാണ് സര്‍ക്കാരിന്റെയും ആഗ്രഹം. എന്നാല്‍, അങ്ങനെ കൊടുക്കാന്‍ കേരളത്തില്‍ സര്‍ക്കാര്‍ ഭൂമിയില്ല. ഉള്ള ഭൂമി എല്ലാവര്‍ക്കും വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്വീകരിച്ചത് സമാധാന മാര്‍ഗം: ബാലന്‍
ചെങ്ങറയില്‍ സമരക്കാര്‍ ഭൂമി കൈയേറിയിട്ടും സര്‍ക്കാര്‍ സമാധാനമാര്‍ഗമാണ് സര്‍ക്കാര്‍ സ്വകീരിച്ചതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മാര്‍ച്ച് ഏഴിനകം കൈയേറ്റക്കാരെ ഒഴിപ്പിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പാവപ്പെട്ടവര്‍ക്ക് അനുകൂലമായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചതെന്ന് മന്ത്രി വിശദീകരിച്ചു. ചെങ്ങറയില്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ സര്‍വേ പൂര്‍ത്തിയാക്കി അതേറ്റെടുത്ത് വിതരണം ചെയ്യുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാര്‍ പരമാവധി ചെയ്തു: ഉമ്മന്‍ചാണ്ടി
ചെങ്ങറയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ന്യായമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സര്‍ക്കാര്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പട്ടികജാതിക്കാര്‍ക്കും ഒരേക്കര്‍ വേണമെന്ന ആവശ്യം സമരക്കാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ പക്കല്‍ അത്രയധികം ഭൂമിയില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ഇല്ലാത്തത് കൊടുക്കാനാകില്ലല്ലോ. ചര്‍ച്ചയ്ക്കിടയില്‍ ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്തിയതാണ്. അവര്‍ അതു സമ്മതിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ദേശാഭിമാനി 06 ഒക്ടോബര്‍ 2009
ചെങ്ങറയില്‍ ഭൂമി കൈയേറി നടത്തിയ സമരം ഒരുതുള്ളി ചോരപൊടിയാതെ അവസാനിക്കുമ്പോള്‍ കേരളത്തിന്റെ ഓര്‍മ മുത്തങ്ങയിലേക്ക് നീളുകയാണ്. വെടിയുണ്ട തുളച്ചുകയറിയ ശരീരവുമായി പിടഞ്ഞുവീണ ആദിവാസിയുടെ ചോരപടര്‍ന്ന് കാട് പങ്കിലമായ നാള്‍. കേരളചരിത്രത്തിലാദ്യമായി ഒരു ആദിവാസി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് അന്നാണ്. ഭരണകൂട ക്രൂരതയുടെ സമാനതയില്ലാത്ത അധ്യായമായിരുന്നു മുത്തങ്ങയിലെ നരവേട്ട. അന്ന് ഭൂമി ചോദിച്ചവര്‍ക്കുനേരെ ഭരണകൂടം നിറയൊഴിച്ചെങ്കില്‍ ഇന്ന് ഭൂമിക്കൊപ്പം വീടും നല്‍കുന്നു. ചെങ്ങറയിലെ സമരം 790 രാപ്പകലുകള്‍ക്കൊടുവില്‍ ചോരകിനിയാതെ അവസാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത തന്നെയാണ് വിജയിക്കുന്നത്.
ReplyDeleteളാഹ ഗോപാലനെ പോലെ ഉള്ള മൂന്നാം കിട നേതാക്കളാണ് ഈ സമരം ഇത്രയധികം നീളാൻ കാരണക്കാർ. പത്രസമ്മേളനത്തിൽ അയാൾ ഉപയോഗിച്ച വാക്കുകളും അയാളുടെ സമീപനവും അത് വ്യക്തമാക്കുന്നു. നട്ടെല്ലിനു ഉറപ്പില്ലാത്ത ഇത്തരം ആളുകളെ വിശ്വസിച്ച് സമരത്തിനിറങ്ങിയ പാവങ്ങളുടെ കാര്യമാണ് കഷ്ടം. ആന്റണി മുത്തങ്ങയിൽ ഓർഡർ ചെയ്ത പോലെ വെടിവെയ്ക്കാൻ ഈ സർക്കാർ ഓർഡർ കൊടുത്തിരുന്നെങ്കിൽ തുടങ്ങിയ അന്ന് തന്നെ തീർന്നേനെ ഈ സമരം.
ReplyDeleteരണ്ടു വര്‍ഷം സമരം ചെയ്യേണ്ടിവന്നു!!!
ReplyDeleteഹോ ഭീകരം തന്നെ
നമ്മുടെ മനസാക്ഷി.
സമരം ചെയ്യാതെതന്നെ കര്‍ഷകതൊഴിലാളിക്ക്
കൃഷിഭൂമിയും,വീടും നല്‍കാന്‍ ഗവണ്മെന്റിന് ബാധ്യതയുണ്ട്.
1500 വര്‍ഷക്കാലം നിസ്വാര്‍ത്ഥരായി കേരളീയനെ പട്ടിണികിടന്ന്
ചോറൂട്ടിയ കൈകളല്ലേ ദളിതന്റേത് ?
സി.പി.എം.ന്റെ സവര്‍ണ്ണ സര്‍ക്കാരിനുമുന്നില്‍
അവര്‍ക്ക് രണ്ടു വര്‍ഷം സമരം ചെയ്യേണ്ടിവന്നു എന്നത്
തന്നെ കേരള ജനതക്കാകെ അപമാനമാണ്.
ഇപ്പോള്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കിയിട്ടുമതി
ഇത്തരം പ്രചരണങ്ങള്‍.
ഇടിമുഴക്കം പറഞ്ഞതാണുസത്യം .ളാഹ ഗോപാലനെ പോലെകറുത്തു മെലിഞ്ഞ ഒരു'കൊറവന്‍' മൂന്നാം കിടനേതാവായി,മാത്രമല്ല രണ്ടു വര്‍ഷക്കാലം ,ഒന്നാം കിട നേതാക്കളുടെ എല്ലാ പ്രതിരോധ തന്ത്രങ്ങളേയും അധിജീവിച്ച് ഒരുകരയ്ക്കടുപ്പിച്ചു.മുള്ളുള്ള പോലീസിനേയും ,വര്ഗ്ഗബോധമുള്ള തൊഴിലാളികളേയും കണ്ടു പേടിക്കാത്തവര്‍ക്ക് 'നന്ദിഗ്രാം 'തുറുപ്പ് ഏറ്റു.ക്രിഷിഭൂമിക്കു വേണ്ടി സമരം ചെയ്തപ്പോള്‍ 'കിടക്കാടം 'കൊടുത്ത് ചരിത്രം എഴുതിയ വിപ്ളവ പാത വിജയിക്കട്ടെ.
ReplyDeleteചിത്രകാരനും ചാര്‍വാകനും കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിക്ക്, ഏറ്റവും ചവിട്ടി അരക്കപ്പെട്ട ജനതയുടെ രോദനം രണ്ടു വര്‍ഷം കാത്തിരുന്ന ശേഷമാണോ പരിഹരിക്കാന്‍ കഴിഞ്ഞത് ?
ReplyDeleteഇവരുടെ പ്രശ്നങ്ങള്‍ അവര്‍ സമരം ചെയ്യാതെ തന്നെ മനസ്സിലാക്കാനും പരിഹരിക്കാനും എന്തെ തൊഴിലാളിപ്പാര്‍ട്ടിക്കു കഴിഞ്ഞില്ല !?ഞാന്‍ മറ്റൊരു പാര്‍ട്ടിഭക്തബ്ലോഗില്‍ പറഞ്ഞതു ആവര്‍ത്തിക്കുന്നു. ആദിവാസി ഭൂനിയമം പരിഷ്ക്കരിച്ച് പരിഷ്ക്കരിച്ച് അവര്‍ക്ക് ഒരിക്കലും ഭൂമി കൊടുക്കേണ്ടാത്ത അവസ്ഥയിലേത്തിക്കുന്ന കാര്യത്തില്‍ സി.പി .എം ഉം കാന്‍ഗ്രസ്സൌം ഒറ്റക്കെട്ട് ? പിന്നെ ചാര്‍വാകന്‍ പറഞ്ഞപോലെ നന്ദിഗ്രാമില്‍ കിട്ടിയ അടിയുടെ ചൂട് ഓര്‍മ്മയുള്ളതു കൊണ്ടും ആദിവാസിയുടെ പള്ളയ്ക്കടിക്കൂന്ന നിയമം പാസ്സാക്കിയെടുത്തതിന്റെ പ്രയശ്ചിത്തവുമായിരിക്കാം സമരക്കാര്‍ക്കു നേരെ കമ്മ്യൂണിസ്റ്റ് തമ്പുരാക്കന്മാര്‍ ആയുധം എടുക്കാഞ്ഞത് !
എടോ ഇടിമുഴക്കമെന്ന പാര്‍ട്ടി ഊച്ചാളി,
ReplyDeleteളാഹഗോപാലനില്ലായിരുന്നെങ്കില്‍, തന്റെ പാര്‍ട്ടിയിലെ ഏതു തമ്പുരാന്‍നേതാവു പോയി ദളിതര്‍ക്കു വേണ്ടി സമരം ചെയ്യുമായിരുന്നു ? അല്ല സമരത്തിന്റെ ആവശ്യം തന്നെയില്ലായിരുന്നല്ലോ, എല്ലാം അറിഞ്ഞു കൊടുക്കുന്ന പാര്‍ട്ടിയല്ലെ കമ്മ്യൂണിസ്റ്റുകള്‍ ! പാവപ്പെട്ട, നിരക്ഷരായ ദളിത്ജനതയെ വിരട്ടിയും, പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമരക്കാര്‍ക്കിടയില്‍ വിഘടനമുണ്ടാക്കാനും ളാഹയെ ഒറ്റപ്പെടുത്താനും പണിപ്പെട്ടവരല്ലേ മഹത്തായ സിപിയെം. കാണ്‍ഗ്രസ്സിനെ ആരും കുറ്റം പറയില്ല. അവറ്റകള്‍ ഒരിക്കലും അടിസ്ഥാനവര്‍ഗ്ഗത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നു പറഞ്ഞിട്ടില്ല. അതു മുതാളിപാര്‍ടി തന്നെ !
ഇപ്പോള്‍ ഡി.എച്ച് .ആര്‍.എം നെ തീവ്രവാദികളാക്കി, അതിന്റെ നേതാക്കളെ വേട്ടയാടി കൊല്ലാനുള്ള കമ്മ്യൂണിസ്റ്റു കളുടേയും മദ്യമാഫിയകളുടേയും ഗൂഢാലോചന സത്യസന്ധമായ അന്വേഷണമുണ്ടെണ്‍കിലേ വെളിയില്‍ വരൂ.