Thursday, October 29, 2009

ദുഃഖപര്യവസായിയായ വിവാദ വ്യവസായം

കാളയുടെ പ്രസവവിവരം കേട്ട് കയറെടുത്തോടിയവര്‍ക്കുള്ള മാതൃകയാണ് അടിയന്തരാവസ്ഥയുടെ വിശദാംശങ്ങളുള്‍ക്കൊള്ളിച്ച് ഹയര്‍സെക്കണ്ടറിക്ളാസിലേക്ക് തയാറാക്കിയ പാഠപുസ്തകം സംബന്ധിച്ച് വിവാദം ഉയര്‍ത്തിയവര്‍. 'ഇരുണ്ടകാലം','കറുത്തനാളുകള്‍'എന്നെല്ലാമുള്ള വിശേഷണങ്ങള്‍പോലും പോരാതെ വരുന്ന അടിയന്തരാവസ്ഥയെക്കുറിച്ച് പുതിയ തലമുറക്ക് പഠിക്കാനും വിശകലനം ചെയ്യാനും അസരമൊരുക്കുക പ്രധാന കാര്യമാണ്. ചരിത്രം മൂടിവെക്കപ്പെടേണ്ടതോ വിദ്യാര്‍ത്ഥികള്‍ക്കു നിഷേധിക്കപ്പെടേണ്ടതോ അല്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന ഏടാണ് അടിയന്തരാവസ്ഥ. അക്കാലത്തെക്കുറിച്ച് പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചതുകണ്ടയുടനെ, അതിനെ വിവാദമാക്കാന്‍ ഇവിടെ ഒരുകൂട്ടര്‍ പാഞ്ഞടുത്തു. അത് സിപിഐ എമ്മിന്റെ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ, വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുടെ അപരാധമെന്ന മട്ടിലാണ് ചിത്രീകരിക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്ര ഗവര്‍മെണ്ടിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പ്രസ്തുത പാഠമടങ്ങുന്ന പുസ്തകം തയാറാക്കിയതെന്ന് വ്യക്തമായതോടെ വിവാദക്കാര്‍ എന്തുചെയ്യും എന്ന് അന്വേഷിക്കുന്നത് കൌതുകകരമാണ്.

സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനുള്ള വിവാദമാണ് പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയതെന്നതില്‍ തര്‍ക്കമില്ല. 'പൊളിറ്റിക്സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പുസ്തകം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചിത്രമാണ് വിശദീകരിക്കുന്നത്. ഹയര്‍സെക്കണ്ടറി പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തിനുള്ള ഈ പുസ്തകം തയ്യാറാക്കിയത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ കൌണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങാണ് (എന്‍സിഇആര്‍ടി). കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ഇതേ പുസ്തകം പഠിപ്പിക്കുന്നു. ഇവിടെ, ഈ കേരളത്തില്‍മാത്രം ആ പുസ്തകം വിവാദമായതിനുപിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കയ്യില്‍കിട്ടിയ ഏതുവടിയുമെടുത്തടിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണ്.

പ്ളസ്ടു അര്‍ധ വാര്‍ഷിക പരീക്ഷക്കുള്ള ഇംഗ്ളീഷ് ചോദ്യപേപ്പറില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മേഴ്സി രവിയെ പരാമര്‍ശിക്കുന്ന ചോദ്യം വന്നതാണ് വിവാദത്തിന് തുടക്കം. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരത്തിലുള്ള ചോദ്യം വരാനിടയായത് അപമാനകരവും ഖേദകരവുമാണെന്നും വിദ്യാഭ്യാസ മന്ത്രി എം എ ബേബി അന്നുതന്നെ പ്രതികരിച്ചു. ഇത്തരം അബദ്ധത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ നിന്ന് അധ്യാപക സംഘടനകളെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതവിടെ തീരേണ്ടതായിരുന്നു. എന്നാല്‍, അത്തരമൊരബദ്ധത്തെ വൈകാരികമായി ചിത്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അതിനുള്ള സൌകര്യമാണ് വിവാദത്തിന് എണ്ണയൊഴിച്ച് ഏതാനും മാധ്യമങ്ങള്‍ ചെയ്തത്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യപേപ്പറും വിവാദമാക്കിയത്. അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസിന്റെ നിലപാട്, അയോധ്യ സംഭവം തുടങ്ങിയവ ചോദ്യപേപ്പറില്‍ ഉണ്ടെന്ന് വാര്‍ത്ത വന്നു. കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകേണ്ടെന്ന് കരുതി ഈ ചോദ്യപേപ്പര്‍ അക്കാദമിക് കൌണ്‍സില്‍ പിന്‍വലിച്ചതും വാര്‍ത്തയായി. ഒട്ടും സമയംകളയാതെ യുഡിഎഫ് ആ വിവാദം ഏറ്റെടുത്തു.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പുസ്തകമാണെന്ന ധാരണയില്‍ പറഞ്ഞ കാര്യങ്ങളില്‍ അത്തരക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ ഡല്‍ഹിയില്‍ സമരം നയിക്കട്ടെ. അടിയന്തരാവസ്ഥയിലെ പ്രധാന കഥാപാത്രമായ ഇന്ദിര ഗാന്ധിയുടെ മരുമകളാണല്ലോ യുപിഎയുടെയും കോണ്‍ഗ്രസിന്റെയും അധ്യക്ഷ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ചെയ്തകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുന്ന പുസ്തകവുമാണത്. അന്നത്തെ പത്രവാര്‍ത്തകളും ആര്‍ കെ ലക്ഷ്മണിന്റെ വിഖ്യാത കാര്‍ടൂണുകളുമുണ്ട്. പൌരസ്വാതന്ത്ര്യം ഹനിച്ചതും മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടതും ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും രാജന്റെ കസ്റ്റഡി മരണവും കരുണാകരന്‍ കോടതിയില്‍ കള്ളം പറഞ്ഞതും ഓര്‍മ്മിപ്പിക്കുന്ന പുസ്തകത്തില്‍ അടിയന്തരാവസ്ഥ മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിലെ ഓരോ പാര്‍ടികളുടെയും ചരിത്രം, നിലപാടുകള്‍, ഇന്ത്യയെ ഇളക്കിമറിച്ച രാഷ്ട്രീയ സംഭവങ്ങള്‍, മറ്റു രാജ്യങ്ങളുമായുള്ള രാഷ്ട്രീയ ബന്ധം, യുദ്ധങ്ങള്‍, ആണവനയം, തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ കൂട്ടുകെട്ടുകളും തുടങ്ങിയവയുമുണ്ട്.

നമ്മുടെ നാട്ടില്‍ വിവാദങ്ങള്‍ ജനിക്കുന്നതും വളരുന്നതും എത്രമാത്രം തെറ്റായ വഴിയിലൂടെയാണെന്ന് പഠിപ്പിക്കുന്ന അനുഭവമാണിത്. ഈ വിവാദ വ്യവസായികള്‍ക്ക് സത്യത്തെ ഭയമാണ്; ചരിത്രത്തെഭയമാണ്; രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ ഭയമാണ്. സത്യം ജനങ്ങളില്‍നിന്ന് മറച്ചുവെക്കാനും തെറ്റിദ്ധരിപ്പിക്കാനും ഏതുമാര്‍ഗവും തേടുന്നതില്‍ അവര്‍ക്ക് മടിയില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുത്തി സമീപകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ഒട്ടുമിക്ക വിവാദങ്ങളിലും ഇത്തരം കാപട്യപൂര്‍ണ്ണമായ സമീപനം കാണാം. ജാതി-മത വികാരമുണര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും അതിലൂടെ സാമൂഹികമായ വലിയ വിപത്തുകള്‍ക്കുപോലും കാരണമായേക്കാവുന്ന വിവാദങ്ങള്‍ ഇങ്ങനെ ഉയര്‍ത്തുന്നവര്‍ക്കും അതിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്കുമെതിരെ അതീവ ജാഗ്രത ജനങ്ങളില്‍നിന്നാകെ ഉണ്ടാകേണ്ടതുണ്ട്.

ദേശാഭിമാനി 30-10-2009

1 comment:

  1. കാളയുടെ പ്രസവവിവരം കേട്ട് കയറെടുത്തോടിയവര്‍ക്കുള്ള മാതൃകയാണ് അടിയന്തരാവസ്ഥയുടെ വിശദാംശങ്ങളുള്‍ക്കൊള്ളിച്ച് ഹയര്‍സെക്കണ്ടറിക്ളാസിലേക്ക് തയാറാക്കിയ പാഠപുസ്തകം സംബന്ധിച്ച് വിവാദം ഉയര്‍ത്തിയവര്‍. 'ഇരുണ്ടകാലം','കറുത്തനാളുകള്‍'എന്നെല്ലാമുള്ള വിശേഷണങ്ങള്‍പോലും പോരാതെ വരുന്ന അടിയന്തരാവസ്ഥയെക്കുറിച്ച് പുതിയ തലമുറക്ക് പഠിക്കാനും വിശകലനം ചെയ്യാനും അസരമൊരുക്കുക പ്രധാന കാര്യമാണ്. ചരിത്രം മൂടിവെക്കപ്പെടേണ്ടതോ വിദ്യാര്‍ത്ഥികള്‍ക്കു നിഷേധിക്കപ്പെടേണ്ടതോ അല്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന ഏടാണ് അടിയന്തരാവസ്ഥ. അക്കാലത്തെക്കുറിച്ച് പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചതുകണ്ടയുടനെ, അതിനെ വിവാദമാക്കാന്‍ ഇവിടെ ഒരുകൂട്ടര്‍ പാഞ്ഞടുത്തു. അത് സിപിഐ എമ്മിന്റെ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ, വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുടെ അപരാധമെന്ന മട്ടിലാണ് ചിത്രീകരിക്കപ്പെട്ടത്. സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്ര ഗവര്‍മെണ്ടിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പ്രസ്തുത പാഠമടങ്ങുന്ന പുസ്തകം തയാറാക്കിയതെന്ന് വ്യക്തമായതോടെ വിവാദക്കാര്‍ എന്തുചെയ്യും എന്ന് അന്വേഷിക്കുന്നത് കൌതുകകരമാണ്.

    ReplyDelete