Monday, October 5, 2009

'ബൂലോക' പ്രാര്‍ഥനവിഫലമാക്കി ജോനവന്‍ യാത്രയായി

കൊച്ചി: ഒടുവില്‍ 'ബൂലോക'ത്തിന്റെ പ്രാര്‍ഥന വിഫലമായി. അക്ഷരങ്ങളെ ഹൃദയംകൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവന്‍ മരണത്തിനു കീഴടങ്ങി. വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയില്‍ കഴിഞ്ഞ പതിമൂന്നുനാള്‍ ജോനവന്‍ എന്ന നവീന്‍ ജോര്‍ജ് (29) സുഖംപ്രാപിക്കാനുള്ള നിറഞ്ഞ പ്രാര്‍ഥനയിലായിരുന്നു ബൂലോകം. 'പൊട്ടക്കലം' എന്ന പേരില്‍ ബ്ളോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്. ഏറ്റവുമൊടുവില്‍ ജോനവന്‍ പ്രസിദ്ധീകരിച്ച കവിതയും തുടര്‍ന്നുണ്ടായ ആസ്വാദകരുടെ കമന്റും അതിനുള്ള ജോനവന്റെ അറംപറ്റിയ മറുപടിയുമാണു കാരണം.

കാസര്‍കോട് ഭീമനടി ചെറുപുഷ്പത്തില്‍ നവീന്‍ ജോര്‍ജ് നാലുവര്‍ഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ഡ്രാഫ്റ്റ്സ്മാനാണ്. കഥയും കവിതയും എഴുതുമായിരുന്ന നവീന്‍ 'മാന്‍ഹോള്‍' എന്ന പതിനാറുവരി കവിതയാണ് ഒടുവില്‍ പ്രസിദ്ധപ്പെടുത്തിയത്. സെപ്തംബര്‍ എട്ടിന്. കവിത വായിച്ച് നിരവധിപ്പേര്‍ ആസ്വാദനവും വിമര്‍ശനവും കമന്റായി എഴുതി. പാതി തമാശയെന്നോണം വിമര്‍ശനത്തിനു മറുപടിയായി 'ഇനിമുതല്‍ ഞാന്‍ മിണ്ടാതിരുന്നോളാമേ...' എന്നാണ് ജോനവന്‍ അവസാനം കുറിച്ചത്. സെപ്തംബര്‍ 19ന്. തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ച മൂന്നു സുഹൃത്തുക്കള്‍ തല്‍ക്ഷണം മരിച്ചു. ജോനവന്‍ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകള്‍ ബ്ളോഗിലേക്ക് വന്നുകൊണ്ടിരുന്നു. ജോനവന്റെ ബ്ളോഗ് തുറന്ന സഹോദരന്‍ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബര്‍ ഒന്നിന് ജോനവന്റെ ബ്ളോഗില്‍ത്തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ബൂലോകമാകെ നീണ്ട പ്രാര്‍ഥനയിലായി. ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകള്‍ ജോനവന്റെ ബ്ളോഗിലേക്ക് ഒഴുകി. 'ഈ രാത്രിമുതല്‍ എന്റെ കണ്ണുകള്‍ നിനക്കായി പര്‍വതത്തിലേക്ക് ഉയര്‍ത്തുന്നു' എന്നായിരുന്നു 'തെക്കേടന്‍' എന്ന ബ്ളോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്. 'ഒടുവിലെ വാക്കുകള്‍ അറംപറ്റാതിരിക്കട്ടെ, മടങ്ങി വന്ന് മിണ്ടിക്കൊണ്ടേയിരിക്കുക' എന്ന് 'താമൊഴി' ബ്ളോഗില്‍ മുംബൈയില്‍ വിദ്യാര്‍ഥിയായ ചിത്ര എഴുതി. കുവൈത്തിലെ സുഹൃത്തുക്കള്‍ ജോനവന്റെ ആരോഗ്യവിവരം ദിവസവും ബ്ളോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു. ഒടുവില്‍ ഒക്ടോബര്‍ മൂന്നിന് അര്‍ധരാത്രിയോടെ ജോനവന്‍ മരണത്തിനു കീഴടങ്ങി. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോര്‍ജ്കുട്ടി, വത്സമ്മ എന്നിവര്‍ അച്ഛനമ്മമാര്‍. മറ്റുസഹോദരങ്ങള്‍: നിതിന്‍, നോഷിന.

എം എസ് അശോകന്‍ ദേശാഭിമാനി 05 ഒക്ടോബര്‍ 2009

ജ്യോനവന് ജനശക്തിയുടെ ആദരാഞ്ജലികള്‍

1 comment:

  1. ജ്യോനവനെക്കുറിച്ച് ഇന്നത്തെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത.

    ReplyDelete