ഗവ. മെഡിക്കല്‍ കോളേജുകളിലെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ വീണ്ടും സമരഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പാക്കേജ് തൃപ്തികരമല്ലെന്നാണ് ഭീഷണിക്കാധാരമായി പറയുന്നത്. ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 15നകം ചര്‍ച്ചയ്ക്ക് വിളിച്ചില്ലെങ്കില്‍ 22 മുതല്‍ വീണ്ടും നിസ്സഹകരണസമരം നടത്തുമെന്നാണ് പ്രഖ്യാപനം. ഒക്ടോബര്‍ ഒന്നിന് ആരോഗ്യമന്ത്രി പി കെ ശ്രീമതി സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ പ്രാക്ടീസ് നിരോധനം പിന്‍വലിക്കില്ലെന്നും കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്നും. എന്നാല്‍, ശമ്പളപരിഷ്കരണ ഉത്തരവില്‍ സംഘടന ചൂണ്ടിക്കാട്ടിയ മറ്റ് പ്രശ്നങ്ങളെല്ലാം സര്‍ക്കാര്‍ ഗൌരവപൂര്‍വമായി പരിഗണിക്കുമെന്നും അറിയിച്ചു. ചര്‍ച്ച കഴിഞ്ഞ് നേതാക്കള്‍ സന്തോഷത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനയുടെ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നും സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്തു. ആരോഗ്യവകുപ്പ് തുടര്‍ നടപടികളെടുക്കവെയാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നവരില്‍ ചിലര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. ഇതിന്റെ ഉദ്ദേശ്യം എളുപ്പത്തില്‍ മറച്ചുപിടിക്കാവുന്നതല്ല. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ മേല്‍വിലാസം ഉപയോഗിച്ച് വര്‍ഷങ്ങളായി ഇവരില്‍ ചിലര്‍ നടത്തുന്ന സ്വകാര്യ പ്രാക്ടീസ് തുടര്‍ന്നും നടത്താന്‍ കഴിയുന്നില്ല എന്നതാണവരുടെ ആധി. കൈയുംകണക്കും ഇല്ലാതെ ലക്ഷങ്ങള്‍ സമ്പാദിച്ചുകൂട്ടി, നികുതിവെട്ടിപ്പുള്‍പ്പെടെ നടത്തുന്നവര്‍ക്ക് അത് അവസാനിപ്പിക്കേണ്ടിവരുന്നതില്‍ പരിഭ്രാന്തിയുണ്ടാകുമല്ലോ.
സ്വകാര്യ പ്രാക്ടീസ് നിരോധിക്കുന്നത് സ്വകാര്യലോബിയെ സഹായിക്കാനാണെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് എങ്ങനെ വ്യത്യസ്തമാകുന്നു എന്നുപറയാന്‍ കഴിയുന്നില്ല. ശമ്പള പാക്കേജിനെ ആക്ഷേപിക്കുന്നവര്‍ ഇതുപ്രകാരം തങ്ങള്‍ക്ക് കിട്ടാന്‍പോകുന്ന ശമ്പളത്തെ കുറിച്ച് പൊതുജനങ്ങളോട് തുറന്നുപറയാന്‍ സൌമനസ്യം കാട്ടണം. സര്‍വീസില്‍ കയറുന്ന പുതുമുഖക്കാര്‍ക്ക് കിട്ടുന്നത് 36,000 രൂപയില്‍ കൂടുതലാണ്. അസോസിയറ്റ് പ്രൊഫസര്‍ക്ക് 80,000ത്തിലും പ്രൊഫസര്‍ക്ക് 85,000ത്തിലും കൂടുതല്‍ പ്രതിമാസം ലഭിക്കും. സ്വകാര്യ പ്രാക്ടീസ് ഇല്ലാത്ത റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ പ്രൊഫസര്‍ക്ക് 60,000 രൂപ മാത്രമാണ് കിട്ടുന്നത്. അവര്‍ക്ക് പെന്‍ഷനുമില്ല. അപ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കിട്ടുന്ന മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ എന്തവഗണനയാണനുഭവിക്കുന്നത്?അവരുടെ സമരം ആരോടാണ്. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം എത്രയെന്ന് ഈ സംഘടനാ നേതാക്കള്‍ പരിശോധിച്ചാല്‍ നന്ന്.
രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ ഒപിയില്‍ ഇരുന്ന് രോഗികളെ പരിശോധിച്ച് തളരുമെന്നാണ് ഒരാക്ഷേപം. ആഴ്ചയില്‍ ഒരുദിവസമോ അല്ലെങ്കില്‍ രണ്ട് ദിവസമോ മാത്രമേ ഒപിയില്‍ ഇരിക്കേണ്ടതുള്ളൂ എന്ന കാര്യം എന്തേ തുറന്നുപറയാത്തത്. അതേകൂട്ടര്‍ ആഴ്ചയില്‍ ഏഴ് ദിവസവും ഉച്ചയ്ക്ക് മൂന്നുമുതല്‍ നേരം പുലരുന്നത് വരെയും വീട്ടില്‍ രോഗികളെ പരിശോധിക്കുന്നത് അവകാശമായി അംഗീകരിക്കണമെന്ന്- ഇത് വിരോധാഭാസമല്ലേ. ഗവ. മെഡിക്കല്‍ കോളേജിന്റെ മേല്‍വിലാസമില്ലെങ്കില്‍ ഈ കൊട്ടിഘോഷിക്കുന്ന സ്വകാര്യ പ്രാക്ടീസ് കിട്ടുമോ? ഗര്‍ഭിണികള്‍ ഓരോ മാസവും വീട്ടില്‍ചെന്ന് കാണിക്കവച്ചില്ലെങ്കില്‍ പ്രസവസമയത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യില്ലെന്ന സ്ഥിതി ചിലയിടത്തെങ്കിലും നിലനില്‍ക്കുന്നില്ലേ? രോഗികളോ ബന്ധുക്കളോ വീട്ടില്‍ ചെന്ന് കണ്ടാലേ ആശുപത്രിസൌകര്യങ്ങള്‍ ലഭ്യമാക്കൂ എന്ന് കടുംപിടിത്തമുള്ള ഡോക്ടര്‍മാര്‍ നാട്ടിലില്ലേ? വീട്ടില്‍ വരുത്തി കാശ് വാങ്ങുകയും അടുത്ത ദിവസം ഒപിയില്‍ എത്തി ആശുപത്രിയുടെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയശേഷം വീണ്ടും കാശ് പിരിക്കുകയും എന്ന അവസ്ഥ ഏതാനും ഡോക്ടര്‍മാര്‍ പിന്തുടരുന്നത് തടയുകതന്നെ വേണ്ടേ? വീട്ടില്‍ സമാന്തരസംവിധാനം സ്ഥാപിച്ചവരെ കുറിച്ച് എന്ത് പറയുന്നു?
രാജ്യത്തെ വൈദ്യവിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചയെ കുറിച്ച് നടത്തിയ പഠനങ്ങളെല്ലാം എത്തിച്ചേര്‍ന്നിരുന്ന പ്രധാന നിഗമനങ്ങളിലൊന്ന് സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്നതാണ്. 1982ല്‍ പാര്‍ലമെന്റ് അംഗീകരിച്ച ആരോഗ്യ നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1996ല്‍ ടി എന്‍ ജയചന്ദ്രന്‍ കമീഷനും 2000ത്തില്‍ പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2007ല്‍ ഡോ. ഇക്ബാല്‍ കമ്മിറ്റിയും ഇത്തരം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പക്ഷേ, സ്വകാര്യ പ്രാക്ടീസ് നിരോധിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കേണ്ടിവരും. ഈ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ മുന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ സര്‍ക്കാര്‍ ഇതിനായി പ്രതിവര്‍ഷം 120 കോടി രൂപയുടെ അധിക സാമ്പത്തികബാധ്യതയാണ് ഏറ്റെടുക്കുന്നത്. ഇത് ധീരമായ തുടക്കമാണ്. ഇതിന് നേതൃത്വം കൊടുത്ത ആരോഗ്യമന്ത്രി പി കെ ശ്രീമതിയെ തേജോവധം ചെയ്യാനും അതുവഴി ആരോഗ്യമേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കിയ മുന്നേറ്റത്തെ ഇകഴ്ത്തിക്കാട്ടാനും സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്.
സ്വകാര്യ പ്രാക്ടീസിലൂടെ പണം വാരിക്കൂട്ടുന്നത് ചെറു ന്യൂനപക്ഷമാണ്. മെഡിക്കല്‍കോളേജുകളിലെ മഹാഭൂരിപക്ഷം അധ്യാപകരും ആ ഗണത്തിലല്ല. അവരുടെ താല്‍പ്പര്യമാണ് പുതിയ പാക്കേജിലൂടെ സംരക്ഷിക്കപ്പെടുന്നത്-അതുതന്നെയാണ് ജനങ്ങളുടെ താല്‍പ്പര്യവും. നിങ്ങള്‍ എന്തുതന്നെ ന്യായവാദങ്ങളുയര്‍ത്തിയാലും ഭീഷണി മുഴക്കിയാലും അതിനുപിന്നില്‍ അമിതമായ ധനസമ്പാദനത്തിനുള്ള അടങ്ങാത്ത മോഹമാണെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. മാന്യമായ വേതനംപറ്റി, മെഡിക്കല്‍ വിദ്യാര്‍ഥികളെ ആത്മാര്‍ഥമായി പഠിപ്പിക്കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യേണ്ടവര്‍ കണക്കില്ലാതെ പണംകിട്ടാന്‍ വീട്ടിലും പ്രാക്ടീസ് നടത്തിയേ തീരൂ, അതിനു സമ്മതിച്ചില്ലെങ്കില്‍ രാജിവച്ചുകളയും എന്ന് ഭീഷണി മുഴക്കുന്നത് മിതമായ വാക്കുകളില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ഇത്തരക്കാരുടെ സമീപനം സേവനതല്‍പ്പരരായ ബഹുഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്ക് കളങ്കമാകുകകൂടിയാണ് എന്ന് മനസ്സിലാക്കി, യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടണമെന്നേ സമരഭീഷണിക്കാരോട് പറയാനുള്ളൂ.
ദേശാഭിമാനി മുഖപ്രസംഗം 14 ഒക്ടോബര്‍ 2009
സ്വകാര്യ പ്രാക്ടീസിലൂടെ പണം വാരിക്കൂട്ടുന്നത് ചെറു ന്യൂനപക്ഷമാണ്. മെഡിക്കല്‍കോളേജുകളിലെ മഹാഭൂരിപക്ഷം അധ്യാപകരും ആ ഗണത്തിലല്ല. അവരുടെ താല്‍പ്പര്യമാണ് പുതിയ പാക്കേജിലൂടെ സംരക്ഷിക്കപ്പെടുന്നത്-അതുതന്നെയാണ് ജനങ്ങളുടെ താല്‍പ്പര്യവും. നിങ്ങള്‍ എന്തുതന്നെ ന്യായവാദങ്ങളുയര്‍ത്തിയാലും ഭീഷണി മുഴക്കിയാലും അതിനുപിന്നില്‍ അമിതമായ ധനസമ്പാദനത്തിനുള്ള അടങ്ങാത്ത മോഹമാണെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. മാന്യമായ വേതനംപറ്റി, മെഡിക്കല്‍ വിദ്യാര്‍ഥികളെ ആത്മാര്‍ഥമായി പഠിപ്പിക്കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യേണ്ടവര്‍ കണക്കില്ലാതെ പണംകിട്ടാന്‍ വീട്ടിലും പ്രാക്ടീസ് നടത്തിയേ തീരൂ, അതിനു സമ്മതിച്ചില്ലെങ്കില്‍ രാജിവച്ചുകളയും എന്ന് ഭീഷണി മുഴക്കുന്നത് മിതമായ വാക്കുകളില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ഇത്തരക്കാരുടെ സമീപനം സേവനതല്‍പ്പരരായ ബഹുഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്ക് കളങ്കമാകുകകൂടിയാണ് എന്ന് മനസ്സിലാക്കി, യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടണമെന്നേ സമരഭീഷണിക്കാരോട് പറയാനുള്ളൂ.
ReplyDelete