Wednesday, February 3, 2010

മൂന്നാര്‍ ഭൂപ്രശ്നം

മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഈ ചര്‍ച്ചകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പ്രതിക്കൂട്ടിലാക്കാനുള്ള പരിശ്രമങ്ങളും ചില ഭാഗങ്ങളില്‍നിന്ന് തീവ്രമായി നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ച നിലപാടുകള്‍ പൊതുവില്‍ ഏവര്‍ക്കും അംഗീകരിക്കേണ്ടിവന്നിരിക്കുന്നു എന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ഇടുക്കിയിലെ കുടിയേറ്റത്തിന്റെ ചരിത്രം ഏറെ പഴക്കം ചെന്നതാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ കുടിയേറി പാര്‍ത്തിരുന്നു. 1822ലെ തിരുവെഴുത്ത് വിളംബരത്തില്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിളംബരത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യംതന്നെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് കുടിയേറ്റക്കാര്‍ക്ക് കഴിയുന്നത്ര പ്രോത്സാഹനവും സംരക്ഷണവും കൊടുക്കുക എന്നതായിരുന്നു. 1893ല്‍ റഗുലേഷന്‍ രണ്ട് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ വനനിയമം നിലവില്‍വന്നു. 1896ല്‍ കാര്‍ഡമം ഹില്‍ റിസര്‍വ് വിളംബരമുണ്ടായി. ഇത്തരത്തിലുള്ള നിരവധി പദ്ധതികളിലൂടെയാണ് ഇവിടെ കുടിയേറ്റം രൂപപ്പെട്ടുവന്നത്. അതായത്, സര്‍ക്കാരിന്റെയും മറ്റും സഹായത്താലും മുന്‍കൈയിലുമാണ് ഇടുക്കി മേഖലയില്‍ കുടിയേറ്റം രൂപപ്പെട്ടുവന്നത് എന്നര്‍ഥം. എന്നാല്‍,അങ്ങനെ നടന്ന കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചിരുന്നെങ്കിലും ഒരു വലിയ ശതമാനത്തിന് അത്തരം രേഖകള്‍ സ്വായത്തമാക്കാനായില്ല. ഈ ചരിത്രപരമായ പശ്ചാത്തലംകൂടി മനസ്സിലാക്കിക്കൊണ്ടുമാത്രമേ ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനാകൂ.

ഇടുക്കിയിലെ ഭൂപ്രശ്നം മറ്റു പ്രദേശങ്ങളിലെ പ്രശ്നങ്ങളില്‍നിന്ന് പലതുകൊണ്ടും വിഭിന്നമാണ്. ഇടുക്കി ജില്ലയിലെ നാലു താലൂക്കിലായി 48 പഞ്ചായത്തിലും 60 വില്ലേജിലും പട്ടയപ്രശ്നവും ഭൂപ്രശ്നവുമുണ്ട്. മാത്രമല്ല, 3672 പൊതു സ്ഥാപനങ്ങളും ഇതിനകത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 11,35,000 ആണ്. ഇതില്‍ ഏകദേശം 80,000 കുടുംബത്തിന് പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ട്. ഇതില്‍ ഏകദേശം10,000 ആദിവാസി കുടുംബങ്ങളും ഉള്‍പ്പെടും. ഇത്തരത്തില്‍ ഇടുക്കി ജില്ലയിലെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇത് മാറിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമീപനം ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ പ്രശ്നത്തില്‍ സ്വീകരിച്ചിരുന്നു. വന്‍കിട കൈയേറ്റക്കാരന്റെ പ്രശ്നവും പാവപ്പെട്ടകുടിയേറ്റക്കാരന്റെ പ്രശ്നവും കൂട്ടിക്കുഴയ്ക്കാതിരിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവച്ച കാഴ്ചപ്പാട് ചുരുക്കത്തില്‍ ഇതാണ്:

1. ടാറ്റ അടക്കമുള്ള എല്ലാ വന്‍കിട കൈയേറ്റങ്ങളും ഒഴിപ്പിച്ച് കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാരിന്റേതാക്കുക.

2. 1977 വരെ കുടിയേറിയിട്ടുള്ള കര്‍ഷകര്‍ക്കെല്ലാം പട്ടയം നല്‍കണം.

3. 1977നു ശേഷം നടന്ന കുടിയേറ്റങ്ങളില്‍ അര്‍ഹത നോക്കി പട്ടയം അനുവദിക്കുന്ന സംവിധാനമുണ്ടാകണം.

4. മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ ദൌത്യത്തിനുശേഷം കുടിയേറിയവരെ പൂര്‍ണമായും ഒഴിപ്പിക്കണം.

5. മൂന്നാര്‍ ടൌണ്‍ഷിപ് പൂര്‍ണമായും സംരക്ഷിക്കപ്പെടണം. ഇവിടെ ചിലയിടങ്ങളിലുള്ള ടാറ്റയുടെ നിയന്ത്രണം പൂര്‍ണമായും എടുത്തുമാറ്റണം.

ഈ സമീപനം സ്വീകരിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുപോയപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കാനും ഇതിനെതിരായി പ്രചാരവേല സംഘടിപ്പിച്ച് മുന്നോട്ടുപോകാനുമാണ് യുഡിഎഫ് നേതൃത്വം പരിശ്രമിച്ചിരുന്നത്. ആ നയമാണ് ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് എ കെ മണിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസിന്റെ എംഎല്‍എ എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഇദ്ദേഹം. ടാറ്റയുടെ അനഃധികൃതമായ കൈയേറ്റങ്ങളും നിര്‍മാണങ്ങളും ഒഴിപ്പിക്കുമെന്ന സര്‍ക്കാര്‍ നിലപാട് വന്നപ്പോള്‍ത്തന്നെ അതിനെതിരെ ശക്തമായാണ് ഈ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചിട്ടുള്ളത്. ജനങ്ങളെ അണിനിരത്തി ടാറ്റയെ സംരക്ഷിക്കുമെന്നാണ് ഈ പ്രസ്താവനയുടെ രത്നച്ചുരുക്കം. യുഡിഎഫിന്റെ ഇന്നലെവരെയുള്ള പൊതുസമീപനത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഈ പ്രസ്താവനയെ കേരളം കണ്ടിട്ടുള്ളത്.

എന്നാല്‍, എല്‍ഡിഎഫ് മുന്നോട്ടുവച്ച ശാസ്ത്രീയമായ സമീപനത്തെ യുഡിഎഫുപോലും പടിപടിയായി അംഗീകരിക്കുന്ന സ്ഥിതിവിശേഷം ഇപ്പോള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഇതിന്റെ തെളിവാണ് ഉമ്മന്‍ചാണ്ടി മൂന്നാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലെ ചില കാര്യങ്ങളും പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പൊതുവില്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടും. വന്‍കിട കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുള്ളത്. ഈ നിലപാടുതന്നെയാണ് എല്‍ഡിഎഫ് എല്ലാ കാലത്തും സ്വീകരിച്ചിരുന്നത്. എന്നാല്‍, ആ ഘട്ടങ്ങളിലെല്ലാം ആ നിലപാടിനെ പിന്തുണയ്ക്കുന്നതിനു പകരം വ്യാജ പ്രചാരവേലകള്‍ നടത്തിക്കൊണ്ട് ഇത്തരം ഇടപെടലുകളെ ദുര്‍ബലപ്പെടുത്തുന്നതിനാണ് യുഡിഎഫ് പരിശ്രമിച്ചത്. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി വന്‍കിട കൈയേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതില്‍ സിപിഐ എമ്മിന് ഒരു പ്രയാസവുമില്ല. വന്‍കിട കൈയേറ്റങ്ങളില്‍ ഏറിയകൂറും യുഡിഎഫിന്റെ ഭരണകാലത്താണ് ഉണ്ടായതെന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

മൂന്നാറിലെ ഒരു പാവപ്പെട്ട വിദ്യാര്‍ഥിക്ക് പഠനത്തിന് ലോണ്‍ ലഭിക്കാത്ത പ്രശ്നം രേഖപ്പെടുത്തിക്കൊണ്ട് ഇതിന് പ്രതിവിധി കാണണം എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഈ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധിപേരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം എന്നാണ് എല്‍ഡിഎഫിന്റെ താല്‍പ്പര്യം. അതുകൊണ്ടാണ് അതിന് അനുയോജ്യമായ ഒരു കാഴ്ചപ്പാട് ഭൂപ്രശ്നത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ചിട്ടുള്ളത്. 1977നു മുമ്പ് കുടിയേറ്റം നടത്തിയിട്ടുള്ള ജനങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത് ഇതിന്റെ ഭാഗമായാണ്. 1977 മുതല്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൌത്യംവരെയുള്ള കാലഘട്ടങ്ങളില്‍ തല ചായ്ക്കാന്‍ ഒരിടത്തിനായി ഈ പ്രദേശത്ത് എത്തിച്ചേര്‍ന്നവരുടെ പ്രശ്നം പ്രത്യേകമായി കണ്ട് അര്‍ഹതയുള്ളവര്‍ക്ക് പട്ടയം നല്‍കണമെന്ന് പറയുന്നതും അതുകൊണ്ടാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവച്ച ഈ കാഴ്ചപ്പാട് പ്രതിപക്ഷ നേതാവും അംഗീകരിക്കുന്നു എന്ന നിലയിലുള്ള സൂചനയാണ് ഈ ലേഖനത്തില്‍ ഉള്ളത്. അത്തരമൊരു യോജിപ്പിന് ഉമ്മന്‍ചാണ്ടി തയ്യാറാകുന്നു എന്നത് മൂന്നാര്‍പ്രശ്നം പരിഹരിക്കുന്നതില്‍ ശുഭോദര്‍ക്കമായ കാര്യമാണ്. ഈ നിലയിലുള്ള പരിഹാരമാണ് ജനാധിപത്യകേരളം പൊതുവില്‍ ആഗ്രഹിക്കുന്നതും.

പ്രതിപക്ഷ നേതാവിന്റെ മേല്‍പ്പറഞ്ഞ സമീപനങ്ങളെ അംഗീകരിക്കുമ്പോള്‍ത്തന്നെ ചില കാര്യങ്ങളിലുള്ള നിലപാട് അദ്ദേഹം ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. മൂന്നാര്‍ ദൌത്യത്തിനുശേഷമുള്ള കൈയേറ്റങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഉറച്ച നിലപാട്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. മൂന്നാറിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാലാവസ്ഥാ മാറ്റവുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് എഴുതിക്കണ്ടു. തീര്‍ച്ചയായും പരിസ്ഥിതി സംരക്ഷിക്കുക എന്നത് ഏറെ ഗൌരവപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെയാണ് പുതുതായുള്ള ഒരു കൈയേറ്റവും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന നിലപാട് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ചിട്ടുള്ളത്. മൂന്നാറിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെ നിലനിര്‍ത്തുന്ന തരത്തിലുള്ള നിര്‍മാണങ്ങള്‍ മാത്രമേ ഉണ്ടാകാവൂ എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കാന്‍തന്നെയാണ്. എന്നാല്‍, പുതിയ കൈയേറ്റത്തെ സംബന്ധിച്ച് മൌനം ദീക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചിട്ടുള്ളത്. ഈ കാര്യത്തിലുള്ള നിലപാടറിയാന്‍ സ്വാഭാവികമായും കേരളജനതയ്ക്ക് താല്‍പ്പര്യമുണ്ട്.

ഗൌരവമായ മറ്റൊരു പ്രശ്നമാണ് മൂന്നാര്‍ ടൌണ്‍ഷിപ്പിനെ സംബന്ധിച്ചുള്ളത്. 130 വര്‍ഷത്തെ പഴക്കമുള്ള ടൌണാണ് മൂന്നാറിലുള്ളത്. ഇവിടത്തെ ആറിന്റെ 50 വാരയ്ക്കുള്ളിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാല്‍ സ്വാഭാവികമായും മൂന്നാര്‍ടൌണ്‍തന്നെ ഇല്ലാതാകുന്ന നിലയുണ്ടാകും. അതുകൊണ്ട് ടൌണ്‍ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കുക എന്നത് സുപ്രധാനമായ കാര്യമാണ്. മൂന്നാറിലെ 500 ഏക്കര്‍ പ്രദേശം സര്‍ക്കാരിന്റേതാണെന്ന് വ്യക്തമായിട്ടുള്ളതാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വരുന്ന ഇവിടത്തെ പല കെട്ടിടങ്ങളില്‍നിന്നും ടാറ്റ നികുതി പിരിക്കുന്നു എന്ന പ്രശ്നവും ഉയര്‍ന്നുവന്നിട്ടുണ്ട്. മൂന്നാര്‍ടൌണിനെ സംരക്ഷിക്കാനും ടാറ്റയില്‍നിന്ന് ഈ പ്രദേശം മോചിപ്പിക്കുന്നതിനുമുള്ള നിലപാടിനോട് പ്രതിപക്ഷ നേതാവിന്റെ സമീപനം എന്തെന്ന് തുറന്നുപറയണം. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മൂന്നാറിലെ ഭൂപ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ ഈ നിലപാടിനും സുപ്രധാനമായ സ്ഥാനമുണ്ടെന്നോര്‍ക്കണം.

മൂന്നാര്‍ ഭൂപ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ വിഷയങ്ങളില്‍ പൊതു യോജിപ്പ് രൂപപ്പെട്ടുവരുന്നു എന്നാണ് ഈ സംഭവഗതികള്‍ പൊതുവില്‍ വ്യക്തമാക്കുന്നത്. ടാറ്റ അടക്കമുള്ള വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും ചെറുകിട കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനും ഉതകുന്ന നടപടി ഉണ്ടാകണം എന്ന കാര്യത്തില്‍ ഇത്തരത്തില്‍ പൊതു യോജിപ്പ് രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വന്‍കിട കൈയേറ്റക്കാര്‍ക്കെതിരായുള്ള നടപടി ശക്തിപ്പെടുത്തിയും പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിനും ഉതകുന്ന തരത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവിഷ്കരിച്ച നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിന് ജനങ്ങളുടെ വലിയ പിന്തുണ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പിണറായി വിജയന്‍ ദേശാഭിമാനി 030210

2 comments:

  1. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഈ ചര്‍ച്ചകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പ്രതിക്കൂട്ടിലാക്കാനുള്ള പരിശ്രമങ്ങളും ചില ഭാഗങ്ങളില്‍നിന്ന് തീവ്രമായി നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ച നിലപാടുകള്‍ പൊതുവില്‍ ഏവര്‍ക്കും അംഗീകരിക്കേണ്ടിവന്നിരിക്കുന്നു എന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

    ReplyDelete
  2. പാര്‍ട്ടികള്‍/പാര്‍ട്ടിക്കാരന്‍ കൈയേറിയാല്‍ കയ്യേറ്റമല്ല.. ഏതേലും ഒരു കൂലിക്കാരന്‍ ഒരു സെന്റ് കെട്ടി കൂര പണതാല്‍ അവനെ തല്ലിച്ചതക്കണം!

    ReplyDelete