ലോകത്തില്‍ ജീവിച്ചിരിക്കുന്ന പുരുഷന്മാരെല്ലാവരും ഒരേ മുഖഛായയുള്ളവരായിരിക്കുക; സ്ത്രീകള്‍ എല്ലാപേരും അതേപോലെ ഒരേ മുഖഛായയുള്ളവരാകുക. പുരുഷന്മാരെല്ലാവരും അഭിഷേക് ബച്ചന്മാരും സ്ത്രീകളെല്ലാവരും ഐശ്വര്യറായിമാരുമാകുക - എത്ര സുന്ദരമായിരിക്കും അതെന്നല്ല പറയാന്‍ തോന്നുന്നത്; എത്ര അരോചകമായിരിക്കും അതെന്നാണ്. എല്ലാം ഒന്നുപോലെയാകലല്ല, വൈവിധ്യം നിലനില്‍ക്കലാണ് സുന്ദരം. നൂറുപൂക്കള്‍ വിരിയട്ടെ എന്നാണ് മാവോ പറഞ്ഞത്. ഇത് മനുഷ്യ ജീവിതത്തിനാകെ ബാധകമാണ്. വിശപ്പുമാറ്റുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നതിന് ചില ഗുളികകള്‍ക്ക് കഴിഞ്ഞേക്കും. പക്ഷെ അതുകൊണ്ട് മനുഷ്യന് ജീവിക്കാനാവില്ല. അവന് അവന്റെ വായ്ക്ക് രുചിതോന്നുന്ന ഭക്ഷണം കഴിക്കണം. അതിന് വൈവിധ്യമാര്‍ന്ന പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ വേണം. അതാകട്ടെ വിഷമുക്തമായിരിക്കുകയും വേണം. ജനസംഖ്യ വര്‍ദ്ധിക്കും. അതിനനുസരിച്ച് ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കണം എന്നത് ശരി. പക്ഷേ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ മനുഷ്യനെ കൊല്ലാത്തതാണെന്ന് ഉറപ്പുവരുത്തണം. ഒപ്പം ജൈവ വൈവിധ്യം നിലനില്‍ക്കുകയും വേണം.
ഇതിനോടൊക്കെ കേരളീയര്‍ പൊതുവെ യോജിക്കും. കേന്ദ്രമന്ത്രി കെ വി തോമസ് യോജിക്കുമോയെന്നറിയില്ല. എന്തായാലും കേരളത്തിലെ ഒരു പഞ്ചായത്ത് അവരുടെ തനത് വിളയായ മാരാരിക്കുളം വഴുതനങ്ങ സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചു. വഴുതന കൃഷിയും മാരാരിക്കുളം പഞ്ചായത്തും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. മാരാരിക്കുളത്ത് വഴുതന കൃഷിചെയ്യും; അത് ആലപ്പുഴയിലും അമ്പലപ്പുഴയിലുമൊക്കെ കൊണ്ടുപോയി വില്‍ക്കും. മനച്ചേരില്‍ വാസുപിള്ളയും ഇടക്കണ്ണാട്ട് ചിലമ്പടിശ്ശേരിയില്‍ കരുണാകരനുമൊക്കെ പഴയ തലമുറക്കാരാണ്. അവര്‍ക്ക് ആ അനുഭവമുണ്ട്. പച്ചക്കറികള്‍ തലച്ചുമടായിക്കൊണ്ടുപോകുന്നവര്‍ക്ക് അത് ഇറക്കിവെയ്ക്കാനും വിശ്രമിക്കാനുമൊക്കെ അന്ന് ആശ്രയമായിരുന്നത് കളിത്തട്ടുകളാണ്. മാരാരിക്കുളത്തും ചൊക്ളാശ്ശേരിയിലുമൊക്കെ അത് ഇന്നും കേടുകൂടാതെ നില്‍ക്കുന്നുണ്ട്. ആലപ്പുഴയില്‍ സ്ഥിരതാമസമായിരുന്ന മഹാരാഷ്ട്രക്കാരും ഗുജറാത്തികളും തമിഴ് ബ്രാഹ്മണരുമായിരുന്നു മാരാരിക്കുളം വഴുതിനങ്ങയുടെ പ്രധാന ഉപഭോക്താക്കള്‍. വിവിധതരം കറികള്‍ക്കു പുറമെ ബജി, അച്ചാര്‍ തുടങ്ങിയവയ്ക്കും മാരാരിക്കുളം വഴുതന പേരുകേട്ടിരുന്നു. വഴിതന ഉപയോഗിച്ചുണ്ടാക്കുന്ന അച്ചാര്‍ രണ്ടു വര്‍ഷംവരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് ഇടക്കണ്ണാട്ടു തറവാട്ടിലെ കൃഷ്ണക്കുറുപ്പ് പറയുന്നു.
സ്വന്തം നാടിന്റെ വിത്തുസംരക്ഷണവുമായി ഒരു പഞ്ചായത്തിലെ ജനങ്ങളാകെ ഇറങ്ങി പുറപ്പെടുകയും അതിന്റെ വാര്‍ത്ത ദേശീയ പ്രാധാന്യം നേടുകയും ചെയ്തത് എന്തുകൊണ്ടാണ്? സിപിഐ (എം)ന്റെ ദേശീയ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിപോലും ഒരു പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈ സമരത്തിന് പേജുകള്‍ നീക്കിവെച്ചത് എന്തുകൊണ്ടാണ്? കേന്ദ്ര ഗവണ്‍മെന്റ് ബി ടി വഴുതനയുടെ കൃഷിക്കും അതിന്റെ ഉപഭോഗത്തിനും അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ബഹുജന പ്രതിഷേധം ശക്തിപ്പെട്ടപ്പോഴാണ് അത് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുന്നത്. എന്താണ് ബി ടി വഴുതന?
വഴുതനയുടെ വിത്തിന്റെ ജനിതക ഘടനയില്‍ മാറ്റംവരുത്തിയാണ് ബി ടി വഴുതന നിര്‍മ്മിക്കുന്നത്. മണ്ണില്‍നിന്നുള്ള ഒരു ബാക്ടീരിയത്തെ വഴുതനയുടെ ജീനിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ ബാക്ടീരിയം ഒരുതരം വിഷ പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കും. തണ്ടുതുരപ്പന്‍ കീടങ്ങളെയും കായ്കളെ ആക്രമിക്കുന്ന പുഴുക്കളെയും ഈ വിഷം അകറ്റുമെന്നും അതിനാല്‍ കീടനാശിനിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും വിളവ് ഗണ്യമായി വര്‍ദ്ധിപ്പിച്ച് ലാഭമുണ്ടാക്കാനും കഴിയുമെന്നുമാണ് കെ വി തോമസിനെപ്പോലുള്ള മന്ത്രിമാര്‍ അവകാശപ്പെടുന്നത്. അന്താരാഷ്ട്രതലത്തില്‍ ഈ സാങ്കേതികവിദ്യ നിരവധി ഉല്‍പന്നങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്ത്യമാത്രം അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്നുമാണ് അദ്ദേഹം ഉപദേശിക്കുന്നത്.
എന്നാല്‍ ജനിതകമാറ്റം വരുത്തിയ പച്ചക്കറിക്ക് ഇന്നേവരെ ഒരു രാജ്യവും അനുമതി നല്‍കിയിട്ടില്ല. ജനിതകമാറ്റം വരുത്തിയ വിളകളുടെ ജീനുകള്‍ ഉല്‍പാദിപ്പിക്കുന്ന വിഷം മനുഷ്യനെ എങ്ങനെ ബാധിക്കും എന്നോ ഭക്ഷ്യ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നോ ഉള്ള ശാസ്ത്രീയ പഠനങ്ങളൊന്നുംതന്നെ ഇതുവരെ നടത്തിയിട്ടില്ല. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് പഠിക്കുമ്പോള്‍ മുപ്പതോളം മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പഠനവിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ബി ടി വഴുതന പുറത്തിറക്കുന്ന ആഗോള കുത്തകയായ മൊണ്‍ സാന്റോയുടെ ഇന്ത്യന്‍ സ്ഥാപനമായ മഹികോ അതില്‍ നിര്‍ണായകമായ പല മാനദണ്ഡങ്ങളേയും ഒഴിവാക്കിയിരിക്കുന്നുവെന്നാണ് ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞനായ ഡോ. പുഷ്പഭാര്‍ഗവ മാരാരിക്കുളം സെമിനാറില്‍ അഭിപ്രായപ്പെട്ടത്. മഹികോ പഠനവിധേയമാക്കിയത് വെറും ആറ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് മാത്രമാണ്. ഇതില്‍തന്നെ മൃഗങ്ങളില്‍ പഠനം നടത്തിയത് വെറും മൂന്നുമാസം മാത്രമാണ്. എലികളില്‍ നടത്തുന്ന പഠനം രണ്ടുവര്‍ഷമെങ്കിലും നടത്തേണ്ടതാണ്. അതും നടന്നിട്ടില്ല. ബി ടി വഴുതനയുടെ ഭക്ഷ്യയോഗ്യതയും പരിസ്ഥിതിയെ അതെങ്ങനെയാണ് ബാധിക്കുകയെന്നതും പഠന വിധേയമാക്കപ്പെട്ടിട്ടില്ല - ഡോ. ഭാര്‍ഗവ പറഞ്ഞു.
ആധുനിക വിത്തിനങ്ങള്‍ വരുന്നതിന്റെ ഭാഗമായി നിലവിലുള്ള വൈവിധ്യം അവസാനിക്കും. കര്‍ഷകര്‍ കൂടുതല്‍ ലാഭം കിട്ടുന്നവയിലേക്കുമാറും. ഈ അനുഭവം മാരാരിക്കുളത്തുതന്നെയുണ്ട്. മാരാരിക്കുളത്തിന്റെ സ്വന്തമായ മാരാരിക്കുന്ന് വഴുതന ഇന്ന് കൃഷിചെയ്യുന്നത് അപൂര്‍വ്വം കര്‍ഷകര്‍ മാത്രമാണ്. അതുകൂടെ ഇല്ലാതാവുമെന്ന സ്ഥിതിയാണ് ബി ടി വഴുതനയുടെ വരവോടെ ഉണ്ടാകാന്‍ പോകുന്നത്. മഹിക്കോ കമ്പനി വിതരണംചെയ്യുന്ന വിത്തുകള്‍ ഉപയോഗിച്ച് മാത്രമെ ഓരോ വര്‍ഷവും കൃഷിചെയ്യാനാവു എന്ന സ്ഥിതി വരും. അവര്‍ തരുന്ന വിത്തുപയോഗിച്ച് ഉണ്ടാവുന്ന വഴുതനങ്ങയിലെ വിത്തെടുത്തു പാകിയാല്‍ പുതിയ വഴുതന മുളച്ചുവരുമെന്ന് പറയാനാവില്ല. അന്തക വിത്തെന്ന് കര്‍ഷകര്‍ വിളിക്കുന്ന പുനരുല്‍പാദനശേഷിയില്ലാത്ത ഇനം വിത്തുകളാണ് അവര്‍ വിതരണംചെയ്യുക. ഓരോവര്‍ഷവും വിത്തിനായി മഹികോയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കര്‍ഷകനുണ്ടാവുക. അവരുല്‍പാദിപ്പിക്കുന്ന വിത്തിന് അവര്‍ പറയുന്ന വില കൊടുക്കേണ്ടതായിവരും. സ്വാഭാവികമായും ഇത് കര്‍ഷകരുടെ കൃഷിച്ചെലവ് വര്‍ദ്ധിപ്പിക്കും. വിലക്കയറ്റത്തിനിടയാവുകയും ചെയ്യും.
ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം തകരാറിലാക്കുമെന്ന് കണ്ടെത്തുന്ന ഒരു പുതിയ പഠന റിപ്പോര്‍ട്ടുകൂടി പുറത്തു വന്നിരിക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ മൈക്രോ ബയോളജിയിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. മൊണ്‍സാന്റോ കമ്പനി വിളയിച്ച ചോളം ഭക്ഷിച്ച എലികളെ നിരീക്ഷിച്ചാണ് ഗവേഷണം. ധാന്യം തിന്ന എലികളുടെ പ്രധാന ആന്തരാവയവങ്ങളെയെല്ലാം മൂന്നു മാസത്തിനുള്ളില്‍ അത് ദോഷകരമായി ബാധിച്ചതായി തെളിഞ്ഞു. മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഗുരുതരമായ ആഘാതങ്ങള്‍ ജനിതകമാറ്റ വിളകള്‍ ഉണ്ടാക്കുമെന്ന വാദമാണിന്ന് ഗ്രാമമാകെ ഉയര്‍ന്നുവന്നിരിക്കുന്നത്.
അതുകൊണ്ടുതന്നെ മാരാരിക്കുളം വടക്കുപഞ്ചായത്ത് ഇന്ത്യക്കാകെ മാതൃകയായ ഒരു പ്രവര്‍ത്തനത്തിലാണിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്. മാരാരിക്കുളം വടക്കു പഞ്ചായത്തില്‍ എല്ലാ പുരയിടങ്ങളിലും മാരാരിക്കുളം വഴുതനതൈകള്‍ നട്ടുവളര്‍ത്താന്‍ ആരംഭിച്ചിരിക്കുന്നു. മാരാരിക്കുളത്തിന്റെ സ്വന്തമായ മാരാരിക്കുളം വഴുതനയെ സംരക്ഷിക്കുവാനുള്ള സമരം ബഹുരാഷ്ട്ര കുത്തകകളായ വിത്തു കമ്പനികളുടെ ചൂഷണത്തില്‍നിന്ന് വഴുതന കര്‍ഷകരെ രക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. കേരളത്തില്‍ ആ പോരാട്ടത്തിന് മാതൃകാപരമായും ക്രിയാത്മകമായും നേതൃത്വം കൊടുക്കുകയാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെയ്തത്. ഈ മാതൃക ഇന്ത്യയിലാകെയുള്ള കര്‍ഷകര്‍ ഏറ്റെടുത്താല്‍ അത് ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിന്റെ ഒരു പുതിയ മുഖം തുറക്കുമെന്നതില്‍ സംശയമില്ല.
ഡി പ്രജേഷ്കുമാര്‍ (മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ചിന്ത വാരിക 050210
ലോകത്തില്‍ ജീവിച്ചിരിക്കുന്ന പുരുഷന്മാരെല്ലാവരും ഒരേ മുഖഛായയുള്ളവരായിരിക്കുക; സ്ത്രീകള്‍ എല്ലാപേരും അതേപോലെ ഒരേ മുഖഛായയുള്ളവരാകുക. പുരുഷന്മാരെല്ലാവരും അഭിഷേക് ബച്ചന്മാരും സ്ത്രീകളെല്ലാവരും ഐശ്വര്യറായിമാരുമാകുക - എത്ര സുന്ദരമായിരിക്കും അതെന്നല്ല പറയാന്‍ തോന്നുന്നത്; എത്ര അരോചകമായിരിക്കും അതെന്നാണ്. എല്ലാം ഒന്നുപോലെയാകലല്ല, വൈവിധ്യം നിലനില്‍ക്കലാണ് സുന്ദരം. നൂറുപൂക്കള്‍ വിരിയട്ടെ എന്നാണ് മാവോ പറഞ്ഞത്. ഇത് മനുഷ്യ ജീവിതത്തിനാകെ ബാധകമാണ്. വിശപ്പുമാറ്റുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നതിന് ചില ഗുളികകള്‍ക്ക് കഴിഞ്ഞേക്കും. പക്ഷെ അതുകൊണ്ട് മനുഷ്യന് ജീവിക്കാനാവില്ല. അവന് അവന്റെ വായ്ക്ക് രുചിതോന്നുന്ന ഭക്ഷണം കഴിക്കണം. അതിന് വൈവിധ്യമാര്‍ന്ന പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ വേണം. അതാകട്ടെ വിഷമുക്തമായിരിക്കുകയും വേണം. ജനസംഖ്യ വര്‍ദ്ധിക്കും. അതിനനുസരിച്ച് ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കണം എന്നത് ശരി. പക്ഷേ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ മനുഷ്യനെ കൊല്ലാത്തതാണെന്ന് ഉറപ്പുവരുത്തണം. ഒപ്പം ജൈവ വൈവിധ്യം നിലനില്‍ക്കുകയും വേണം.
ReplyDelete