ഭൂമി കയ്യേറ്റമെന്നാല്‍ എന്താണ്? ഭൂരഹിതര്‍ ഭൂമിക്കുവേണ്ടി നടത്തുന്ന സമരം കയ്യേറ്റത്തിന്റെ ഗണത്തില്‍പെടുമോ? കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന യുഡിഎഫ് ശാസനത്തിന്റെ പശ്ചാത്തലത്തില്‍പോലും ഭൂരഹിതനായ ആദിവാസികള്‍ക്കായി നിലകൊള്ളാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല. അവര്‍ സിപിഐ (എം)ന്റെ "കയ്യേറ്റ''ങ്ങളെപ്പറ്റി കഥകള്‍ ചമച്ചുകൊണ്ടേയിരിക്കുന്നു.
വയനാട്ടില്‍നിന്ന് മൂന്നാറിലേക്കും മൂന്നാറില്‍നിന്ന് വയനാട്ടിലേക്കും ക്യാമറ മാറിമാറി തിരിയുമ്പോള്‍ മാധ്യമങ്ങളില്‍ പലര്‍ക്കും സമനില തെറ്റുന്നുണ്ട്. മൂന്നാറില്‍ കൈവശക്കാരെ ഇറക്കി വിടാത്തതില്‍ അരിശംകൊള്ളുന്ന മാധ്യമങ്ങള്‍ വയനാട്ടിലെത്തുമ്പോള്‍ വല്ലാത്തരോഷംകൊള്ളുന്നു. തലമുറകളായി കയ്യേറിയ ഭൂമിക്ക് എതോ പവിത്രതയുണ്ടെന്ന് മാധ്യമങ്ങള്‍ സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു.
ചോദ്യമിതാണ്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിനല്‍കാന്‍ എന്തുചെയ്യണം. ഒന്നാമതായി വാസയോഗ്യവും വിതരണയോഗ്യവുമായ ഭൂമി കണ്ടെത്തണം. അത് ഇപ്പോള്‍ ആരുടെയൊക്കെയോ കയ്യിലാണ്. പണ്ട് ബ്രഹ്മസ്വംവകയായും ദേവസ്വംവകയായും രാജാവിന്റെ വകയായും ഭൂമി പല കുടുംബങ്ങള്‍ക്കുമുണ്ടായിരുന്നു. ഇഎംഎസ് സര്‍ക്കാര്‍ ഭൂപരിധി നിശ്ചയിച്ചപ്പോള്‍ ഒരു പുതിയ പദം മലയാളത്തിനുകിട്ടി. "മിച്ചഭൂമി''. അത് കണ്ടുപിടിക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും മടിച്ചപ്പോള്‍ മിച്ചഭൂമി ചൂണ്ടിക്കാണിക്കാന്‍ സിപിഐ (എം) നേതാക്കളും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങി. കൊടിയുമായി നീങ്ങിയ പാര്‍ടി നേതാക്കള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ അല്ല ഭൂരഹിതരായ പാവങ്ങള്‍ക്കാണ് ഭൂമിയും പട്ടയവും ലഭിച്ചത്. കേരളത്തിലെ ഭൂസമരത്തിന്റെ ചരിത്രം കമ്യൂണിസ്റ്റ്പാര്‍ടിയുടെകൂടി ചരിത്രമാണ്.
പത്തുസെന്റ് വളച്ചുകെട്ടുന്ന സമരത്തെ തേങ്ങാമോഷണമെന്നാണ് എഴുപതുകളില്‍ വിളിച്ചത്. എ കെ ജി അങ്ങനെ തേങ്ങാക്കള്ളന്മാരുടെ നേതാവുമായി. ഭൂസമരത്തെ നേരിടാന്‍ തേങ്ങാമോഷണക്കേസില്‍ എത്രയോ സഖാക്കളെ കുടുക്കി ജയിലിലടച്ചു. കേരളത്തിലെ ഭൂപരിഷ്കാരത്തെ പിന്തുണച്ച പാരമ്പര്യമല്ല, സമരനേതാക്കളെ ഹീനമായി ആക്രമിച്ച് അപമാനിച്ച ചരിത്രമാണ് മുഖ്യധാരാ മാധ്യമങ്ങളുടെ പഴയ താളുകള്‍ പറയുന്നത്.
ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ഇതര ബൂര്‍ഷ്വാ പാര്‍ടികളും നടപ്പിലാക്കാത്ത ഭൂപരിഷ്കാരം കേരളത്തിലും ബംഗാളിലും ത്രിപുരയിലും നടപ്പിലാക്കിയത് കമ്യൂണിസ്റ്റുകാരാണ്. വിമോചനസമരവും, സര്‍ക്കാരിനെതിരായ അട്ടിമറി പ്രവര്‍ത്തനങ്ങളുംകൊണ്ട് അവയെ തടസ്സപ്പെടുത്തിയവര്‍ പലരും ഈ നാട്ടിലുണ്ട്. ആദിവാസികള്‍ക്ക് ഭൂമി എത്തിക്കുന്നത് പൂര്‍ണ്ണമാകാതെ വന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ആ കടമകൂടി കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റെടുക്കുന്നതിന്റെ വിളംബരമാണ് വയനാട് സമരം. ആദിവാസി ക്ഷേമസമിതി വര്‍ഷങ്ങളായി നടത്തുന്ന സമരത്തിന്റെ തുടര്‍ച്ചയാണത്.
എഴുപതുകള്‍ക്കുമുമ്പ് കേരളത്തിലെ ഭൂസമരം ശരിയായ ഒരു ഭൂപരിഷ്കരണ നിയമത്തിനുവേണ്ടിയായിരുന്നു. എഴുപതുകള്‍ക്കുശേഷം അത് ഭൂനിയമം നടപ്പിലാക്കികിട്ടാനാണ്. ഭരണകൂടം ബൂര്‍ഷ്വാസിയുടേതാണ്. ഭൂസ്വാമിമാരുടെ വസ്തുവകകള്‍ നിയമാനുസൃതം വീണ്ടെടുത്ത് പാവങ്ങള്‍ക്കു നല്‍കാന്‍ ഭരണകൂടം ഉത്സാഹം കാട്ടില്ല. ഈ കുറവ് പരിഹരിക്കാനും ശരിയായ ഭരണ നിയമനടപടികളിലൂടെ അനധികൃതമായി ഭൂമി കൈവശംവയ്ക്കുന്ന വന്‍കിടക്കാരില്‍നിന്നും അത് തിരിച്ചുപിടിച്ച് സാധാരണക്കാര്‍ക്ക് നല്‍കുന്നത് ഉറപ്പുവരുത്താനുമാണ് ഭൂസമരം. സമരത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ പാര്‍ടിക്ക് സ്വത്തുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് അതിനെ പ്രതികരിക്കുന്നത് അനധികൃതമായി ഭൂമി കൈവശംവയ്ക്കുന്ന വന്‍കിടക്കാരെ സഹായിക്കാനുള്ള വിദ്യയാണ്. കഥയറിയാതെ ആട്ടംകാണുന്ന നിര്‍ദോഷികളാണ് മുഖ്യധാരാ മാധ്യമങ്ങളെന്ന് ആരും വിശ്വസിക്കില്ല.
ജന്മിമാരുടെ ഭൂമി കയ്യേറിയാണ് മുതലാളിത്തം ലോകത്ത് ആവിര്‍ഭവിച്ചതെന്ന് ചരിത്രം സാക്ഷ്യംപറയുന്നു. ഫ്രഞ്ചുവിപ്ളവകഥ അത് അടിവരയിടുന്നു. കൃഷിഭൂമി അതില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭിക്കാനുള്ള പോരാട്ടമാണ് ആദിമ മുതലാളിത്തം നടത്തിയത്. അവര്‍ പിന്നീട് അതില്‍നിന്ന് പിന്‍വാങ്ങിയപ്പോള്‍ സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും ആ ചുമതല ഏറ്റെടുത്തു. കമ്യൂണിസ്റ്റുകാര്‍ ലോകത്തെവിടെയും ഭൂപരിഷ്കാരത്തെ മുഖ്യ അജണ്ടയാക്കുമ്പോള്‍ നവ മുതലാളിത്തം അത് വിസ്മരിക്കുന്നത് രാഷ്ട്രീയമായ കാരണങ്ങളാലാണ്. പക്ഷേ ഭൂപരിഷ്കാരത്തിനായി ചരിത്രത്തില്‍ നിലകൊണ്ട പാരമ്പര്യം സോഷ്യലിസ്റ്റുകാര്‍ക്കാണ്. ഭാരതത്തിലാകട്ടെ ഭൂദാന പ്രസ്ഥാനത്തിലും അവര്‍ സജീവമായി. കേരളത്തിലെത്തുമ്പോള്‍ തങ്ങള്‍ "സോഷ്യലിസ്റ്റുകളെന്ന്'' നടിക്കുന്ന പലരും ഭൂമി വിട്ടുകൊടുക്കുന്നതിലല്ല, അനധികൃതമായി കൈവശം വയ്ക്കുന്നതിലാണ് ഊറ്റംകൊള്ളുന്നത്. രാഷ്ട്രീയ നിലപാടിലെ ഈ വഞ്ചനയെ ഏതു മാധ്യമമാണ് ചോദ്യംചെയ്യുന്നത്? പകരം ഭൂസമരത്തിന്റെ നായകന്മാരായ കമ്യൂണിസ്റ്റ്പാര്‍ടിക്കെതിരെ കള്ളക്കഥകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു.
കോടതികള്‍ എപ്പോഴും ദേവദൂതന്മാരെപ്പോലെ അവതരിക്കുമെന്ന പ്രതീക്ഷ മിഥ്യയാണ്. ബൂര്‍ഷ്വാ സമൂഹത്തില്‍ സ്വകാര്യസ്വത്ത് സംരക്ഷിക്കാനുള്ള ഉപകരണമാണ് കോടതി. ഭൂരഹിതരായ ആദിവാസികളെപ്പറ്റി വാതോരാതെ പറയുന്ന കോടതികള്‍ക്ക് ആദിവാസികള്‍ക്ക് ഭൂമി നല്‍കാനാകില്ല. അതിന് സര്‍ക്കാര്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം. 1957ലെ സര്‍ക്കാര്‍ ഭൂപരിഷ്കരണനിയമം കൊണ്ടുവന്നപ്പോള്‍ കോടതികള്‍ എന്തു നിലപാട് സ്വീകരിച്ചുവെന്നത് ചരിത്രമാണ്. വിദ്യാഭ്യാസ നിയമത്തിന്റെ കാര്യത്തിലും മാറിമാറി വരുന്ന കോടതി വിധികളില്‍ വര്‍ഗപക്ഷപാതിത്വം ഒളിഞ്ഞിരിക്കുന്നു. അത് ചൂണ്ടിക്കാട്ടിയ ഇ എം എസിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച കഥ മറന്നുപോകരുത്.
മൂന്നാറിലെ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റിയതുസംബന്ധിച്ച് ഹൈക്കോടതിതന്നെ പരസ്പരവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചത് മറക്കാറായിട്ടില്ല. മൂന്നാറിലെ തടയണയിലെത്തുമ്പോഴും അത് തുടരുന്നു. ശ്രേയാംസ്കുമാര്‍ ഉള്‍പ്പെടെ വയനാട്ടില്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവരെ ഒഴിപ്പിച്ച് ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കോടതി നടപടികളിലൂടെ എങ്ങനെ നീട്ടിയെടുക്കാമെന്നാണ് ഭൂവുടമകള്‍ ചിന്തിക്കുന്നത്.
വയനാട്ടിലെ ഭൂസമരം കയ്യേറ്റമല്ല. കയ്യേറ്റങ്ങള്‍ക്കെതിരായ ജനകീയ സമരമാണ്. മൂന്നാറിലാകട്ടെ ടാറ്റയുടേതുപോലുള്ള വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടയില്‍ ചെറുകിട കൈവശക്കാരെ ദ്രോഹിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നത്. മാധ്യമവ്യാകരണങ്ങളില്‍ ഇത് തലതിരിയുന്നതിന്റെപിന്നില്‍ വര്‍ഗപക്ഷപാതിത്വമല്ലാതെ മറ്റെന്തുകാരണമാണ് ഒളിഞ്ഞിരിക്കുന്നത്.
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക
ഭൂമി കയ്യേറ്റമെന്നാല്‍ എന്താണ്? ഭൂരഹിതര്‍ ഭൂമിക്കുവേണ്ടി നടത്തുന്ന സമരം കയ്യേറ്റത്തിന്റെ ഗണത്തില്‍പെടുമോ? കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന യുഡിഎഫ് ശാസനത്തിന്റെ പശ്ചാത്തലത്തില്‍പോലും ഭൂരഹിതനായ ആദിവാസികള്‍ക്കായി നിലകൊള്ളാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല. അവര്‍ സിപിഐ (എം)ന്റെ "കയ്യേറ്റ''ങ്ങളെപ്പറ്റി കഥകള്‍ ചമച്ചുകൊണ്ടേയിരിക്കുന്നു.
ReplyDelete