എണ്ണവില നിയന്ത്രണം ഒഴിവാക്കല്‍; മൂലധന പാദസേവയുടെ മറ്റൊരു ചിത്രം
ആഗോളമായ ചലനങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും നീങ്ങണമെന്നതാണ് യുപിഎ സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ അന്തഃസത്ത. ആഗോളവിപണിയില്‍ വരുന്ന ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ ഉപയോക്താക്കളെയും ചൂഷണം ചെയ്യുകയെന്നതാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ച് കിറിത് പരീഖ് പെട്രോളിയം മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അന്തഃസത്ത. ഒരുപക്ഷേ കഴിഞ്ഞ കേന്ദ്രബജറ്റില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ കൃത്യമായി പാലിക്കപ്പെടുന്നത് ഈ പെട്രോളിയം വിലനിര്‍ണയ നയ രൂപീകരണമാകും. വിലനിര്‍ണയ നയം സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും റിപ്പോര്‍ട്ട് പഠിച്ച് ഗവമെന്റ് തീരുമാനമെടുക്കുമെന്നുമാണ് 2009 ജൂലൈയില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ താരതമ്യേന കുറവായിരുന്നു. കയറ്റുമതിയില്‍ കുറവുണ്ടാവുകയും അതുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളില്‍ തകര്‍ച്ചയുണ്ടാവുകയും വാഹനവ്യവസായവും റിയല്‍ എസ്റേറ്റും മന്ദീഭവിക്കുകയും ചെയ്തെങ്കിലും പൊതുവില്‍ വലിയ ആഘാതമില്ലാതെ ഇന്ത്യ രക്ഷപ്പെട്ടു. ഇതിന് കാരണം പൊതുമേഖലയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ സാമ്പത്തിക സുരക്ഷാ കവചങ്ങളാണെന്ന് പ്രധാനമന്ത്രിയടക്കമുള്ള ഭരണാധികാരികള്‍ അഭിമാനംകൊണ്ടിരുന്നു. എന്നാല്‍, അതിനുശേഷം ഈ സുരക്ഷാ കവചത്തെ ഒന്നൊന്നായി ചീന്തിയെറിയുകയാണ് യുപിഎ സര്‍ക്കാര്‍. ഇന്ത്യയുടെ കവാടങ്ങള്‍ ആഗോള സാമ്പത്തികവ്യവസ്ഥയുടെ മുന്നില്‍ തുറന്നിടുകയാണ്. ഇറക്കുമതി തീരുവ ഒഴിവാക്കി വിദേശരാജ്യങ്ങള്‍ക്കു അവരുടെ ചരക്കുകള്‍ കൊണ്ടിറക്കാന്‍ വാതില്‍ തുറന്നിടുന്നതു മുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയുന്നതുവരെയുള്ള എല്ലാ നടപടികളിലും ആഗോള മൂലധന ശക്തികളുടെയും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളുടെയും താല്‍പ്പര്യ സംരക്ഷണം കാണാം.
2008-09ല്‍ ലോകത്തെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്ന് 2008 ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ഉണ്ടായ ഉയര്‍ന്ന പെട്രോളിയം വിലയാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധനായ പ്രൊഫ. ജയിംസ് ഹാമില്‍ടണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന എണ്ണവിലയെത്തുടര്‍ന്ന് ഉപഭോഗം കുറഞ്ഞതും മോട്ടോര്‍ വ്യവസായമേഖലയെ അത് ബാധിച്ചതും സാമ്പത്തികോല്‍പ്പാദനത്തില്‍ കുറവുവന്നതുമൊക്കെയാണ് സാമ്പത്തിക സ്ഥാപനങ്ങളുടെ വന്‍ തകര്‍ച്ചയിലേക്ക് വഴിവച്ചത്. സാമ്പത്തിക പ്രതിസന്ധി ആഗോള എണ്ണവിലയില്‍ വന്‍ ഇടിവുണ്ടാക്കുകയുംചെയ്തു. സാമ്പത്തിക വ്യവസ്ഥയുടെ താളംതെറ്റിക്കുന്ന ഏത് നടപടിയുണ്ടായാലും അത് പെട്ടെന്ന് ജനജീവിതത്തെ ബാധിക്കുകയും സാമ്പത്തികവളര്‍ച്ചയെ തടയുകയുംചെയ്യും. ഇപ്പോള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തികരംഗം എണ്ണവില ക്രമാതീതമായി ഉയര്‍ന്നാല്‍ ഇനിയും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസിലെ ഇക്കണോമിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസിലെ പ്രൊഫസര്‍ ഡോ. നൂറിയല്‍ റൌബിനി പറയുന്നു. ഒരു ബാരല്‍ ക്രൂഡോയിലിന്റെ വില 100 ഡോളറില്‍ കൂടുതലായാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ, പ്രത്യേകിച്ച് അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവ പ്രതിസന്ധിയെ നേരിടുമെന്ന് റൌബിനി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ആഗോള എണ്ണവിലയുടെ ഉയര്‍ച്ചതാഴ്ചകളില്‍നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിച്ചുനിര്‍ത്തിയത് ഇന്ത്യയിലെ വിലനിയന്ത്രണ സംവിധാനമാണ്. നെഹ്റുവിന്റെ കാലം മുതലുള്ള, പൊതുമേഖലയും ജനക്ഷേമവും കേന്ദ്രീകരിച്ചുള്ള നയങ്ങളുടെ അവശേഷിക്കുന്ന നന്മകളാണ് എണ്ണവില നിയന്ത്രണവും നാമമാത്രമായെങ്കിലും നിലനില്‍ക്കുന്ന സബ്സിഡിയും പൊതുമേഖലാ സ്ഥാപനങ്ങളുമായി ഇന്നും ജനങ്ങളെ തുണയ്ക്കുന്നത്. ഈ സംവിധാനങ്ങളെല്ലാം തകര്‍ത്ത് വിപണിയുടെ ചൂഷണത്തിന് വിട്ടുകൊടുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം നീക്കല്‍.
കിറിത് പരീഖ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച പ്രകാരം നിയന്ത്രണം നീക്കിയുള്ള വിലനിര്‍ണയ സംവിധാനം നടപ്പാക്കിയാല്‍ എങ്ങനെയായിരിക്കും അത് ഇന്ത്യന്‍ ജനജീവിതത്തെ ബാധിക്കുക? പല തലങ്ങളിലായിരിക്കും അതിന്റെ കടുത്ത പ്രത്യാഘാതം. നേരിട്ടുള്ള അധികഭാരത്തിന്റെ രൂപത്തിലും സാമ്പത്തികത്തകര്‍ച്ചമൂലം രാജ്യമാകെ നേരിടുന്ന തകര്‍ച്ചയുടെ രൂപത്തിലും ഇത് ജനങ്ങളെ വേട്ടയാടും. 2010 ഫെബ്രുവരി നാലിന് ക്രൂഡോയിലിന്റെ അന്താരാഷ്ട്രവിപണി വില 76.77 ഡോളറാണ്. പരീഖ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ചുള്ള വില നിര്‍ണയിച്ചാല്‍ ഇന്ത്യയില്‍ പെട്രോളിന് 48.50 രൂപയും ഡീസലിന് 38 രൂപയും മണ്ണെണ്ണയ്ക്ക് 28.75 രൂപയും പാചകവാതകത്തിന് 515 രൂപയും നല്‍കേണ്ടിവരും. ഒരു സാധാരണ കുടുംബത്തില്‍ ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഇടത്തരം കുടുംബങ്ങളില്‍ ഇരുചക്രവാഹനമോ കാറോ ഉണ്ടാകും. ഇടത്തരക്കാരില്‍ പാചകവാതകം ഉപയോഗിക്കാത്ത വീടുകള്‍ വിരളമാണ്. നേരിട്ടുള്ള അധികഭാരംതന്നെ ഒരു മാസം അഞ്ഞൂറ് രൂപയിലധികം ഉണ്ടാകും. ഇപ്പോള്‍ 32.92 രൂപ വിലയുള്ള ഡീസലിന് 38 രൂപയായാല്‍ അത് നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടാക്കുന്ന വര്‍ധന പറഞ്ഞറിയിക്കാനാവില്ല. എല്ലാ അവശ്യസാധനങ്ങളുടെയും വില വന്‍തോതില്‍ വര്‍ധിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധനയുടെ ശതമാനത്തിന്റെ ഇരട്ടിയാകും അവശ്യസാധന വിലയിലുണ്ടാകുന്ന വര്‍ധന. പൊതു വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക യാത്രാനിരക്കിന്റെ രൂപത്തിലും പോക്കറ്റ് ചോരും. മൊത്തം ജീവിതച്ചെലവ് കുതിച്ചുയരും. ഇപ്പോള്‍ത്തന്നെ വിലക്കയറ്റം അതിന്റെ കൊടുമുടിയിലാണ്. ഇനിയും വില ഉയര്‍ന്നാല്‍ അതൊരു പൊട്ടിത്തെറിയിലേക്കാകും രാജ്യത്തെ എത്തിക്കുക.
ലിറ്ററിന് ഒന്‍പത് രൂപമാത്രം വിലയുള്ള മണ്ണെണ്ണയ്ക്ക് 28.75 രൂപ കൊടുക്കേണ്ടിവന്നാലുള്ള അവസ്ഥ എന്തായിരിക്കും?
5,86,000 ഗ്രാമങ്ങളുള്ള ഇന്ത്യയില്‍ 4,66,430 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചു എന്നാണ് കണക്ക്. ഒരു ഗ്രാമത്തിലെ 10 ശതമാനം വീടെങ്കിലും വൈദ്യുതീകരിച്ചുവെങ്കില്‍ ആ ഗ്രാമം വൈദ്യുതീകരിച്ച ഗ്രാമമായി കണക്കാക്കപ്പെടും. 90 ശതമാനം വീടുകളിലും വൈദ്യുതിയില്ലെങ്കിലും പ്രശ്നമില്ല. എന്നാല്‍, വൈദ്യുതീകരിച്ച കുടുംബങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഈ കള്ളം പൊളിയും. 13.82 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 6.01 കോടി കുടുംബങ്ങള്‍ മാത്രമാണ് വൈദ്യുതീകരിച്ചത്. 7.80 കോടി കുടുംബങ്ങള്‍ വൈദ്യുതീകരിച്ചിട്ടില്ല. ഈ വീടുകളില്‍ പരമാവധി അഞ്ച് ശതമാനത്തില്‍ മാത്രമായിരിക്കും പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചുള്ള വിളക്കുകളുണ്ടാവുക. ബാക്കി വീടുകളില്‍ മണ്ണെണ്ണയാണ് ആശ്രയം. വിളക്ക് കത്തിക്കാന്‍ മാത്രമല്ല, പാചകത്തിനും മത്സ്യബന്ധനത്തിനും മണ്ണെണ്ണ ഉപയോഗിക്കുന്നു. ലിറ്ററിന് ഒന്‍പത് രൂപയില്‍നിന്ന് 28.75 രൂപയിലേക്ക് വില ഉയര്‍ന്നാല്‍ ഈ വിഭാഗം ജനങ്ങളുടെ ദുരിതം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്നത് വാഹന വ്യവസായത്തെ ബാധിക്കും. വ്യവസായങ്ങള്‍ക്കുള്ള ചെലവ് വര്‍ധിക്കുകയും പ്രതിസന്ധിയുണ്ടാവുകയുംചെയ്യും. വ്യവസായവളര്‍ച്ച താഴേക്കാവും. ഇത് തൊഴില്‍മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. വ്യവസായമാന്ദ്യം ചരക്കുനീക്കത്തെയും ആ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ വരുമാനത്തില്‍ ചോര്‍ച്ചയും ചെലവില്‍ വന്‍ വര്‍ധനയുമുണ്ടാകുമ്പോള്‍ അതൊരു സാമ്പത്തികമായ പൊട്ടിത്തെറിയിലാകും ചെന്നെത്തുക.
ആഗോളവല്‍ക്കരണ തിമിരം ബാധിച്ച മന്‍മോഹന്‍സിങ്ങിന്റെയും പ്രണബ് മുഖര്‍ജിയുടെയും കണ്ണുകള്‍ക്ക് ഇത്തരം ആപത്തുകള്‍ കാണാനുള്ള ദൂരക്കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ആഗോള മൂലധന ശക്തികളെ തൃപ്തിപ്പെടുത്തുക, റിലയന്‍സ് പോലുള്ള സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുക എന്നിവ മാത്രം ലക്ഷ്യംവച്ചാണ് ഈ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍വില കുതിച്ചുയര്‍ന്നപ്പോള്‍ പെട്രോള്‍ പമ്പുകള്‍ പൂട്ടി താക്കോലുമായി സ്ഥലംവിട്ടവരാണ് റിലയന്‍സ് കമ്പനി. ആഗോളവിപണിയിലുണ്ടാകുന്ന ഓരോ പൈസയുടെ വര്‍ധനയ്ക്കും ഇരട്ടി തോതില്‍ വില ഈടാക്കി ലാഭംകൊയ്യാന്‍ റിലയന്‍സിനെ അനുവദിക്കുന്നതാണ് വിലനിയന്ത്രണം ഒഴിവാക്കല്‍. മുരളി ദേവ്രക്കു മുമ്പ് പെട്രോളിയം വകുപ്പ് കൈകാര്യംചെയ്തിരുന്ന മണിശങ്കര്‍ അയ്യര്‍ നടത്തിയ ഒരു പ്രസ്താവനയാണ് വകുപ്പ് അദ്ദേഹത്തിന്റെ കൈയില്‍നിന്ന് നഷ്ടപ്പെടാന്‍ കാരണം. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതു മൂലമുള്ള നഷ്ടം സഹിക്കാന്‍ എണ്ണക്കമ്പനികളും ഉപയോക്താക്കളും സര്‍ക്കാരും ഒരുപോലെ തയ്യാറാകണമെന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ അഭ്യര്‍ഥന. പിന്നീട് അത്തരമൊരു അഭിപ്രായപ്രകടനം നടത്താന്‍ മണിശങ്കര്‍ അയ്യര്‍ പെട്രോളിയം മന്ത്രാലയത്തില്‍ ഉണ്ടായില്ല. അധികഭാരം മൊത്തം ജനങ്ങളുടെ ചുമലിലിടുന്ന നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ കഴിയുന്നയാളെ മന്‍മോഹന്‍സിങ് പെട്രോളിയം മന്ത്രാലയത്തിലിരുത്തി. അദ്ദേഹം ആ ചുമതല നന്നായി നിര്‍വഹിക്കുന്നു.
ഒരു സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സംരക്ഷണങ്ങളുടെ അവസാന കവചവും കവര്‍ന്നെടുക്കുകയാണ് യുപിഎ സര്‍ക്കാര്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കു തൊട്ടുപിന്നാലെ ബജറ്റും വരുന്നുണ്ട്. പുതിയ ആഘാതങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.
വി ജയിന്‍ ദേശാഭിമാനി 050210
ആഗോളവല്‍ക്കരണ തിമിരം ബാധിച്ച മന്‍മോഹന്‍സിങ്ങിന്റെയും പ്രണബ് മുഖര്‍ജിയുടെയും കണ്ണുകള്‍ക്ക് ഇത്തരം ആപത്തുകള്‍ കാണാനുള്ള ദൂരക്കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ആഗോള മൂലധന ശക്തികളെ തൃപ്തിപ്പെടുത്തുക, റിലയന്‍സ് പോലുള്ള സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുക എന്നിവ മാത്രം ലക്ഷ്യംവച്ചാണ് ഈ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍വില കുതിച്ചുയര്‍ന്നപ്പോള്‍ പെട്രോള്‍ പമ്പുകള്‍ പൂട്ടി താക്കോലുമായി സ്ഥലംവിട്ടവരാണ് റിലയന്‍സ് കമ്പനി. ആഗോളവിപണിയിലുണ്ടാകുന്ന ഓരോ പൈസയുടെ വര്‍ധനയ്ക്കും ഇരട്ടി തോതില്‍ വില ഈടാക്കി ലാഭംകൊയ്യാന്‍ റിലയന്‍സിനെ അനുവദിക്കുന്നതാണ് വിലനിയന്ത്രണം ഒഴിവാക്കല്‍. മുരളി ദേവ്രക്കു മുമ്പ് പെട്രോളിയം വകുപ്പ് കൈകാര്യംചെയ്തിരുന്ന മണിശങ്കര്‍ അയ്യര്‍ നടത്തിയ ഒരു പ്രസ്താവനയാണ് വകുപ്പ് അദ്ദേഹത്തിന്റെ കൈയില്‍നിന്ന് നഷ്ടപ്പെടാന്‍ കാരണം. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതു മൂലമുള്ള നഷ്ടം സഹിക്കാന്‍ എണ്ണക്കമ്പനികളും ഉപയോക്താക്കളും സര്‍ക്കാരും ഒരുപോലെ തയ്യാറാകണമെന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ അഭ്യര്‍ഥന. പിന്നീട് അത്തരമൊരു അഭിപ്രായപ്രകടനം നടത്താന്‍ മണിശങ്കര്‍ അയ്യര്‍ പെട്രോളിയം മന്ത്രാലയത്തില്‍ ഉണ്ടായില്ല. അധികഭാരം മൊത്തം ജനങ്ങളുടെ ചുമലിലിടുന്ന നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ കഴിയുന്നയാളെ മന്‍മോഹന്‍സിങ് പെട്രോളിയം മന്ത്രാലയത്തിലിരുത്തി. അദ്ദേഹം ആ ചുമതല നന്നായി നിര്‍വഹിക്കുന്നു.
ReplyDelete