Monday, February 1, 2010

മൂന്നാറില്‍ നിന്നുള്ള വാര്‍ത്തകള്‍

പുതിയ കൈയേറ്റമെല്ലാം ഒഴിപ്പിക്കണം: സിപിഐ എം

സര്‍ക്കാര്‍ നടപടി ആരംഭിച്ചശേഷം മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ എല്ലാ കൈയേറ്റവും ഒഴിപ്പിക്കണമെന്ന് പ്രശ്നം പഠിക്കാനെത്തിയ സിപിഐ എം നേതാക്കള്‍ പറഞ്ഞു. പുതുതായുണ്ടായ കൈയേറ്റങ്ങളുടെ കാര്യത്തില്‍ വന്‍കിട, ചെറുകിട വ്യത്യാസമില്ല. ഒരു സെന്റ് കൈയേറ്റംപോലും അനുവദിക്കില്ല. മൂന്നാറില്‍ പ്രത്യക്ഷമായ നിയമലംഘനമുണ്ടെന്ന മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍ ശരിയാണ്. ടാറ്റയുടെ അനധികൃത ഡാമുകളും പുതിയ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നുതന്നെയാണ് സിപിഐ എമ്മിന്റെ നിലപാടെന്ന് മൂന്നാറും സമീപ പഞ്ചായത്തുകളും സന്ദര്‍ശിച്ചശേഷം കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, ഇ പി ജയരാജന്‍, സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ വ്യക്തമാക്കി. 1956, 65 കാലഘട്ടങ്ങളില്‍ മൂന്നാറില്‍ സര്‍ക്കാര്‍ 500 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. മൂന്നാര്‍ ടൌ ഇതിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിലുള്ള കെട്ടിടങ്ങള്‍ക്ക് വാടക വാങ്ങാന്‍ ടാറ്റയ്ക്ക് അവകാശമില്ല.

മൂന്നാറിലെയും ഇടുക്കിയിലെയും ഭൂപ്രശ്നം സംബന്ധിച്ച് സിപിഐ എം നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയതാണ്. എന്നാല്‍ പുതിയ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തില്‍ നിജസ്ഥിതി മനസിലാക്കണമെന്ന് പാര്‍ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് മൂന്നാറും പരിസര പഞ്ചായത്തുകളും സന്ദര്‍ശിച്ചത്. 1977ന് മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും പട്ടയം നല്‍കേണ്ടതുണ്ട്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ഇതിനൊപ്പം കാലാവധി പൂര്‍ത്തിയായ ഏലം കുത്തകപ്പാട്ടം പുതുക്കിനല്‍കണം. മണ്ണിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി നാടിന് കാര്‍ഷിക പുരോഗതിയുണ്ടാക്കിയ ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം കിട്ടി മനസമാധാനമായി കിടന്നുറങ്ങാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകണമെന്നതാണ് സിപിഐ എമ്മിന്റെ നിലപാട്. രാവിലെ മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ ടാറ്റയുടെ തടയണയും പുളിമൂട്ടില്‍ എസ്റ്റേറ്റിലെ റിസോര്‍ട്ടുകളും സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന്, ചിറ്റവരയില്‍ ടാറ്റ നിര്‍മിച്ച അനധികൃത തടയണയും കണ്ടു. സാന്‍ഡോസ് റോഡ് ഗാര്‍ഡനിലെ വൈദ്യുതവേലിയും നൂര്‍ഗിരി എസ്റ്റേറ്റും നേതാക്കള്‍ കണ്ടു. പിന്നീട് ടോപ്പ് സ്റ്റേഷന്‍ വഴി തമിഴ്നാട്ടിലൂടെ കടന്ന് വട്ടവടയിലെത്തിയ സംഘം നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന കര്‍ഷകരെയും സന്ദര്‍ശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, എംഎല്‍എമാരായ കെ കെ ജയചന്ദ്രന്‍, എസ് രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഒ ജി മദനന്‍, കെ വി ശശി, ഏരിയ സെക്രട്ടറിമാരായ എം വി ശശികുമാര്‍, എം ലക്ഷ്മണന്‍, ജില്ലാകമ്മിറ്റിയംഗം എസ് സുന്ദരമാണിക്യം എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ടാറ്റ നിര്‍മിച്ച ഡാമുകള്‍ പൊളിക്കണം: ഉപസമിതി

മൂന്നാറില്‍ ടാറ്റ കമ്പനി നിര്‍മിച്ച രണ്ടു ഡാമും അനധികൃതമാണെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. മാട്ടുപ്പെട്ടിയില്‍ കാട്ടാനകളുടെ സഞ്ചാരപാത വൈദ്യുതിവേലികെട്ടി അടച്ച്, ആദിവാസി കോളനിയിലേക്കുള്ള വഴി തടഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ചെക്ക് ഡാമും പൊളിച്ചുനീക്കാനും അനുവാദം വാങ്ങാതെ കെട്ടിയ വൈദ്യുതിവേലി മാറ്റി ആദിവാസികള്‍ക്ക് വഴി തുറന്നുകൊടുക്കാനും കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉപസമിതി കവീനര്‍ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഉപസമിതിക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മന്ത്രിസഭായോഗത്തില്‍ വയ്ക്കും. പ്രത്യക്ഷത്തില്‍ ബോധ്യമായ നിയമലംഘനങ്ങള്‍ക്കെതിരെയാണ് ഉടന്‍ നടപടി എടുക്കാന്‍ നിര്‍ദേശിച്ചതെന്നും കോടിയേരി പറഞ്ഞു. മൂന്നാര്‍ ലക്ഷ്മിയിലും ചിറ്റവരയിലുമാണ് ടാറ്റ ചെക്ക്ഡാം നിര്‍മിച്ചത്. നിയമവിരുദ്ധ ഡാം നിര്‍മാണം ക്രിമിനല്‍ കുറ്റവും പാട്ടക്കരാറിന്റെ ലംഘനവുമാണ്. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കും. ജലവൈദ്യുതപദ്ധതികളിലേക്കുള്ള നീരൊഴുക്ക് തടഞ്ഞതായി ബോധ്യമായി. ഡാമുകള്‍ ഒരുദിവസംകൊണ്ട് നിര്‍മിച്ചതല്ല. മൂന്നുകോടി രൂപവരെ ചെലവുവരുന്ന നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം വ്യക്തമായി പരിശോധിക്കണം.

ടൂറിസത്തിന്റെ പേരിലുള്ള പദ്ധതികള്‍ അര്‍ഹതപ്പെട്ട സ്ഥലത്തേ നടപ്പാക്കാന്‍ അനുവദിക്കൂ. ലക്ഷ്മി എസ്റേറ്റിലുള്ള ചെക്ക്ഡാം വനഭൂമിയിലല്ലെന്നും ടാറ്റയുടെ ഭൂമിയിലാണെന്നുമുള്ള വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന്, കലക്ടറുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിക്കുന്നതെന്ന് കോടിയേരി മറുപടി നല്‍കി. ടാറ്റയ്ക്കും വ്യക്തികള്‍ക്കുംപുറമെ സര്‍ക്കാര്‍വകുപ്പുകള്‍ക്കും മൂന്നാറില്‍ ഭൂമിയുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ ഭൂമി കൈയേറുന്നതായാണ് കൂടുതല്‍ പരാതിയും. അത് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിയമവിരുദ്ധ കൈയേറ്റം അതത് സമയത്ത് തടയും. ലക്ഷ്മിയില്‍ പുളിമൂട്ടില്‍ എസ്റേറ്റിന്റെ ഭൂമിയുടെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കാനും കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാര്‍ ഒഴിപ്പിക്കലിനെക്കുറിച്ച് എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടല്ലോ എന്ന ചോദ്യത്തിന്, അതൊന്നും സര്‍ക്കാര്‍നടപടികളെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഒഴിപ്പിക്കലിന് ആവശ്യമായ പൊലീസിനെ നല്‍കും. മാട്ടുപ്പെട്ടിയില്‍ ടാറ്റയുടെതന്നെ സാന്‍ഡോസ് റോഡ് ഗാര്‍ഡനിലാണ് കാട്ടാനകളുടെ സഞ്ചാരപാത വൈദ്യുതിവേലികെട്ടി അടച്ചത്.

ആദ്യ ദൌത്യസംഘത്തിനുശേഷം നടപടികള്‍ മന്ദീഭവിച്ചെന്ന മാധ്യമപ്രവര്‍ത്തകരുടെ സംശയത്തിന് മറുപടിയായി ഹൈക്കോടതി നിര്‍ദേശത്തെതുടര്‍ന്ന് ഓക്ഫീല്‍ഡ് റിസോര്‍ട്ട് പൊളിക്കാതെ ഏറ്റെടുത്ത് നടത്തുന്നതായും 12 ഏക്കറിലധികം ഏലത്തോട്ടം ഏറ്റെടുത്ത് പരിപാലിക്കുന്നതായും മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. 2009ല്‍ നിയമസഭയില്‍ അവതരിപ്പിച്ച ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട് അനുസരിച്ച് പൊലീസ് 52 പേര്‍ക്കെതിരെ കേസെടുത്തു. പഴുതടച്ചുള്ള ഈ നിയമം കൈയേറ്റക്കാര്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജയില്‍ശിക്ഷ ഉറപ്പാക്കുന്നതാണ്. മൂന്നാറിലെ കൈയേറ്റ കേസുകള്‍ പൊലീസിന്റെ അഞ്ച് ടീമുകള്‍ അന്വേഷിക്കുന്നുണ്ട്. മൂന്നാര്‍ ടൌണിലെ ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കും. 1977 ജനുവരി ഒന്നിനുമുമ്പുള്ള കര്‍ഷകര്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പട്ടയം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഉപസമിതി അംഗങ്ങളായ ബിനോയ് വിശ്വം, എ കെ ബാലന്‍, എം വിജയകുമാര്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
(കെ ജെ മാത്യു)

കൈയേറ്റക്കാര്‍ക്ക് താക്കീതായി മന്ത്രിമാരുടെ സന്ദര്‍ശനം

മന്ത്രിസഭാ ഉപസമിതിയുടെ മൂന്നാര്‍ സന്ദര്‍ശനം ഭൂമികൈയേറ്റക്കാര്‍ക്ക് കനത്ത താക്കീത് നല്‍കുന്നതായി. കൈയേറ്റങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട ഉപസമിതി അംഗങ്ങള്‍ അവ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്കും തുടക്കമിട്ടു. മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി ശനിയാഴ്ച രാവിലെ ഒമ്പതിന് മൂന്നാര്‍ ഗവ. ഗസ്റ്ഹൌസില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ലക്ഷ്മി ചെക്ക് ഡാമിലേക്കാണ് ആദ്യം പോയത്. ലക്ഷ്മി എസ്റേറ്റ് അതിര്‍ത്തിയില്‍നിന്ന് മണ്ണ് റോഡിലൂടെ ചെക്ക്ഡാമിലെത്തിയ സംഘം വിശദമായ പരിശോധന നടത്തി. മൂന്നരക്കിലോമീറ്റര്‍ നീളത്തില്‍ 50 ലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും ഡാമിലുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ചെക്ക്ഡാം നിലനില്‍ക്കുന്ന സ്ഥലം ടാറ്റയ്ക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപസമിതിയെ അറിയിച്ചു. ചെക്ക്ഡാമിന്റെ വലതുവശത്തുള്ള മലയുടെ മുകള്‍ഭാഗംമുതല്‍ മാങ്കുളം വന ഡിവിഷനാണെന്നും ഇടതുവശത്തെ മലപരിസ്ഥിതി ദുര്‍ബലപ്രദേശത്ത് ഉള്‍പ്പെട്ടതാണെന്നും ടാറ്റ കമ്പനി വിറകുമരങ്ങള്‍ നട്ടുപിടിപ്പിച്ച ഭൂമിയാണിതെന്ന് രേഖകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെസിബി അടക്കമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് വന്‍തോതില്‍ മണ്ണുമാറ്റിയതിനെക്കുറിച്ചും സമീപത്തുള്ള മരങ്ങള്‍ നശിപ്പിച്ചതിനെതിരെയും കേസെടുക്കാന്‍ മന്ത്രി ബിനോയ് വിശ്വം അപ്പോള്‍ത്തന്നെ നിര്‍ദേശം നല്‍കി. മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡാമിന്റെ ആഴം അളന്നുനോക്കി.

ഇവിടെനിന്ന് തിരികെ പുറപ്പെട്ട് ലക്ഷ്മിയില്‍തന്നെ പുളിമൂട്ടില്‍ എസ്റേറ്റ് സന്ദര്‍ശിച്ചു. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ എസ്റേറ്റ് ഉടമയ്ക്ക് നിര്‍ദേശം നല്‍കി. തിരികെ മൂന്നാറിലെത്തി 35 കിലോമീറ്റര്‍ അകലെ ചിറ്റവര എസ്റേറ്റിലേക്ക് പുറപ്പെട്ടു. ഒരുമണിയോടെ ചിറ്റവര എസ്റേറ്റില്‍ ടാറ്റ കമ്പനി നിര്‍മിച്ച ചെക്ക്ഡാം സമിതി സന്ദര്‍ശിച്ചു. ലക്ഷ്മിയിലേതുപോലെ ജെസിബി ഉപയോഗിച്ച് വന്‍തോതില്‍ മണ്ണുമാറ്റിയാണ് ഇവിടെയും ചെക്ക്ഡാം നിര്‍മിച്ചിട്ടുള്ളത്. ചുറ്റും മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ട്. തേയിലത്തോട്ടങ്ങളുടെ അതിര്‍ത്തിയിലാണ് ഈ ചെക്ക്ഡാം. ഇതിനും മൂന്നുകോടിയെങ്കിലും നിര്‍മാണച്ചെലവുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രയ്ക്കിടെ കുണ്ടള റോഡരികിലുള്ള നൂര്‍ഗിരി റസ്റോറന്റിനുമുന്നില്‍ വാഹനം നിര്‍ത്തി കെട്ടിടം മന്ത്രിമാര്‍ കണ്ടു. ഇത് അനധികൃതമായി ഭൂമികൈയേറി വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിറ്റവരയില്‍നിന്ന് തിരികെ സാന്‍ഡോസ് റോഡ് ഗാര്‍ഡന്‍ റോഡിലൂടെ പുറപ്പെട്ട സംഘം റോഡ് ഗാര്‍ഡന്‍ നിര്‍മാണത്തിനായി വന്‍തോതില്‍ ഭൂമി തെളിച്ചിട്ടിരിക്കുന്നതായും വൈദ്യുതിവേലി നിര്‍മിച്ചതായും കണ്ടെത്തി. കാട്ടാനയുടെ പാത തടഞ്ഞ് നിര്‍മിച്ച വൈദ്യുതിവേലി നീക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടെ ആദിവാസി കോളനിയിലേക്കുള്ള വഴി ടാറ്റ കമ്പനി വേലികെട്ടി അടച്ചതായുള്ള പരാതിക്ക് ഉടന്‍ നടപടിയെടുക്കാനും സമിതി നിര്‍ദേശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, എംഎല്‍എമാരായ കെ കെ ജയചന്ദ്രന്‍, എസ് രാജേന്ദ്രന്‍, എല്‍ഡിഎഫ് നേതാക്കളായ സി കെ കൃഷ്ണന്‍കുട്ടി, കെ കെ ശിവരാമന്‍, കെ കെ നീലാംബരന്‍ എന്നിവരും മന്ത്രിസഭാ ഉപസമിതിയോടൊപ്പമുണ്ടായിരുന്നു.

കൈയേറ്റ കോലാഹലത്തില്‍ ഉത്കണ്ഠയോടെ മൂന്നാര്‍

കൈയേറ്റത്തിന്റെ പേരില്‍ സംസ്ഥാനത്താകെ ചര്‍ച്ചയായ മൂന്നാര്‍ പ്രദേശത്തെ ജനങ്ങള്‍ ഭാവിയെക്കുറിച്ച് ഉല്‍കണ്ഠാകുലരാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായി പട്ടയഭൂമിക്ക് കരം ഒടുക്കുന്നതിനോ സ്വന്തമായി ഭൂമി വാങ്ങിയവര്‍ക്ക് പോക്കുവരവ് നടത്തുന്നതിനോ കഴിയാത്ത സ്ഥിതിയുണ്ട്. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും മൂന്നും നാലും സെന്റുകളില്‍ താമസിച്ചുവരുന്ന സാധാരണക്കാരെ കുടിയൊഴിപ്പിക്കില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാട് ഇവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വ്യാജപട്ടയങ്ങളുടെ അന്വേഷണം നീളുന്നത് ആശങ്ക ഉണര്‍ത്തുന്നുണ്ട്. കുട്ടികളുടെ ഉപരിപഠനത്തിനും മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ബാങ്കിനെ സമീപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഭൂരിഭാഗം നിവാസികള്‍ക്കുമുള്ളത്. പൂര്‍വികര്‍ കുടിയേറിപ്പാര്‍ത്ത സ്ഥലത്ത് ജീവിച്ചുവരുന്നവരാണ് ഇപ്പോഴത്തെ തലമുറ. മൂന്നും നാലും സെന്റില്‍ വീടുവച്ച് താമസിക്കുന്ന കോളനി പ്രദേശങ്ങളിലെ ദരിദ്ര ജനവിഭാഗം, തങ്ങളുടെ സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. മൂന്നാറിലെ സംഭവവികാസങ്ങളുടെ പേരില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുമെന്ന ഭീതിയും അവര്‍ക്കുണ്ട്. വ്യാജപട്ടയം, രവീന്ദ്രന്‍പട്ടയം, വൃന്ദാവന്‍പട്ടയം എന്ന പേരില്‍ നടന്നുവരുന്ന അന്വേഷണങ്ങള്‍ സാധാരണക്കാരന് നിയമപ്രകാരം ലഭിച്ച പട്ടയത്തിനുപോലും കരം ഒടുക്കുന്നതിനുള്ള നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.
കൈയേറ്റക്കാര്‍ ഉണ്ടെങ്കില്‍ അത് ഒഴിപ്പിക്കുന്നതില്‍ മൂന്നാറിലെ ജനങ്ങള്‍ക്ക് ഭിന്നാഭിപ്രായമില്ല. ഇതിന്റെ പേരില്‍ സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അധികാരികള്‍ മനസിലാക്കണമെന്നതാണ് ഇവരുടെ ആവശ്യം. വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ മൂന്നാറിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇവര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായി ഇല്ലാത്ത സംഘടനയുടെ പേരില്‍ കോടതിയെ സമീപിച്ചും മൂന്നാറിനെ കൈയേറ്റപ്രദേശമായി ചിത്രീകരിക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 110 വര്‍ഷം പഴക്കമുള്ള മൂന്നാര്‍ ടൌണില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഉള്ളവര്‍ക്കും ഇവിടെ ജീവിച്ചുവരുന്നവര്‍ക്കും പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഭരണസിരാകേന്ദ്രമെന്ന പേരില്‍ അറിയപ്പെടുന്ന ദേവികുളത്തും കച്ചേരി സെറ്റില്‍മെന്റിലും കൂലിസെറ്റില്‍മെന്റിലും താമസിച്ചുവരുന്ന ആളുകളും മൂന്നും നാലും സെന്റുകളില്‍ താമസിക്കുന്നവരും പട്ടയത്തിനായുള്ള കാത്തിരിപ്പിലാണ്. കൈയേറ്റക്കാര്‍ എന്ന മുദ്രകുത്തലില്‍നിന്ന് മുക്തിനേടുന്നതിനും പട്ടയഭൂമിക്ക് കരം ഒടുക്കുവാനും കൈവശസര്‍ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിലാണ് മൂന്നാറിലെ ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.

ജനങ്ങളെയാകെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത് അപലപനീയം :എം എം മണി

മൂന്നാറിലെ ജനങ്ങളെയാകെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നും ദൌത്യസംഘത്തിന്റെ പേര് പറഞ്ഞ് മൂന്നാറിലെ ജനങ്ങളെ ഉപദ്രവിക്കാന്‍ വന്നാല്‍ അംഗീകരിക്കാനാവില്ലെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. ഹൈറേഞ്ച് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. അറുപതും എഴുപതും വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയേറി പാര്‍ത്തവരാണ് മൂന്നാറിലെ ഭൂരിഭാഗം ആളുകളും. ജനങ്ങളെയാകെ സംഘടിപ്പിച്ച് കുടിയൊഴിപ്പിക്കല്‍ നീക്കം ശക്തിയായി നേരിടും. മൂന്നാറിലെ ടൂറിസം തകര്‍ക്കാന്‍ തല്‍പരകക്ഷികളുമായി കൂട്ടുചേര്‍ന്ന് ചിലര്‍ രംഗത്തുവന്നതാണ് മൂന്നാറിലെ ഇപ്പോഴത്തെ പ്രശ്നം. പുതിയ കൈയേറ്റം ഒഴിപ്പിക്കണമെന്നതുതന്നെയാണ് പാര്‍ടിയുടെ നിലപാട്. ഇതിന്റെ പേരില്‍ തലമുറകളായി ജീവിച്ചുവരുന്ന സാധാരണവിഭാഗം ജനങ്ങളെയും കച്ചവടക്കാരെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. നവീന മൂന്നാര്‍ കെട്ടിപ്പടുക്കുന്നതിന് വിവിധ മേഖലകളിലുള്ളവരെ വിളിച്ചുചേര്‍ത്ത് മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കണം. ജില്ലയിലെമ്പാടും പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ഇതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ശക്തമായ പോരാട്ടത്തിലൂടെ മാത്രമെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടാന്‍ കഴിയുകയുള്ളുവെന്ന് എം എം മണി പറഞ്ഞു. സംരക്ഷണ സമിതി രക്ഷാധികാരി ഫാ. ജോസ് കാടംതുരുത്തേല്‍ അധ്യക്ഷനായി. എസ് രാജേന്ദ്രന്‍ എംഎല്‍എ, സിപിഐ എം മൂന്നാര്‍ ഏരിയ സെക്രട്ടറി എം വി ശശികുമാര്‍, സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം എസ് സുന്ദരമാണിക്യം എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ കെ വിജയന്‍ സ്വാഗതവും ജി സോജന്‍ നന്ദിയും പറഞ്ഞു. പഴയ മൂന്നാറില്‍നിന്നും ആരംഭിച്ച പ്രകടനതില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ മാധ്യമങ്ങളും: കെ ഇ ഇസ്മയില്‍

കൊച്ചി: മൂന്നാറിലെ വന്‍കിട ഭൂമികൈയേറ്റക്കാരെ സംരക്ഷിക്കുന്നതില്‍ യുഡിഎഫിനെപ്പോലെ ചില മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍ എംപി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരുടെ കൈയേറ്റം ഇവര്‍ കാണുന്നില്ല. . എത്ര വമ്പനാണെങ്കിലും കൈയേറ്റഭൂമി ഒഴിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് തീരുമാനം. അതേസമയം ചെറുകിട, കൈവശ, കുടിയേറ്റക്കാരെ സംരക്ഷിക്കണം. പാര്‍ട്ടി ഓഫീസുകളും ചെറുകിടക്കാരുടെ ഭൂമിയും ഒഴിപ്പിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. പാര്‍ട്ടി ഓഫീസുകള്‍ക്ക് നിയമാനുസൃതമുള്ള 25 സെന്റോളം സ്ഥലമാണുള്ളത്. ഇതാണ് കൈയേറ്റമായി പ്രചരിപ്പിക്കുന്നത്. അത് വമ്പന്മാരെ രക്ഷിക്കാനാണ്. എന്തെല്ലാം എതിര്‍പ്രചാരണമുണ്ടായാലും മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. മാധ്യമങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ഉദ്ദേശിച്ചതിലും വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കാനാകും. അനാവശ്യം കാണിച്ചാല്‍ ചെറുക്കുമെന്നാണ് താന്‍ മുമ്പ് പറഞ്ഞതെന്നും പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ വന്നാല്‍ കൈവെട്ടുമെന്ന തരത്തില്‍ മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചതാണെന്നും ഇസ്മയില്‍ പറഞ്ഞു. പി രാജു, മുണ്ടക്കയം സദാശിവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ടാറ്റയുടെ തടയണ പൊളിക്കാന്‍ അനുവദിക്കില്ല: എ കെ മണി

മൂന്നാര്‍: ടാറ്റ നിര്‍മിച്ച തടയണകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ കെ മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തോട്ടം ലയങ്ങളില്‍ ഉള്‍പ്പെടെ താമസിക്കുന്ന തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് തടയണകളില്‍നിന്നാണ് വെള്ളം എടുക്കുന്നത്. കുടിവെള്ളം ഇല്ലാതാക്കുന്ന തരത്തില്‍ തടയണ പൊളിക്കാന്‍വന്നാല്‍ ചെറുക്കും. പാട്ടഭൂമിയില്‍ നിരവധി തടയണകള്‍ ടാറ്റ നിര്‍മിച്ചിട്ടുണ്ട്. തടയണ അനധികൃതമാണെങ്കില്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും മണി പറഞ്ഞു. മൂന്നാറില്‍ ടാറ്റ കമ്പനി നിര്‍മിച്ച രണ്ടു ഡാമും അനധികൃതമായതിനാല്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച മന്ത്രിസഭ ഉപസമിതി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല: രമേശ് ചെന്നിത്തല

ബത്തേരി: മൂന്നാറില്‍ ടാറ്റ നിര്‍മിച്ച തടയണ പൊളിക്കുന്നത് തടയുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ കെ മണി നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ബത്തേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മൂന്നാറിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന നിലപാടാണ് കെപിസിസിക്കുള്ളത്. റിസോര്‍ട്ട് നിര്‍മാണത്തിനുള്ള കൈയേറ്റവും കൃഷി നടത്തിയ കൈയേറ്റവും രണ്ടായി കാണണം. ഒന്നാം ദൌത്യസംഘത്തിനു ശേഷം കൂടുതല്‍ കൈയേറ്റമുണ്ടായെന്നും ഇതിന് സര്‍ക്കാര്‍ കൂട്ടുനിന്നതായും ചെന്നിത്തല ആരോപിച്ചു.

മൂന്നാറില്‍ ടാറ്റ കൈയേറിയ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുമെന്ന് തോമസ് ഐസക്

മൂന്നാറില്‍ ടാറ്റ കൈയേറിയ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ടാറ്റ നിര്‍മ്മിച്ച ഡാം പൊളിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ MLA എ കെ മണിയുടെ പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണെന്നും മന്ത്രി വിഴിഞ്ഞത്ത് കൈരളി - പീപ്പിളിനോട് പറഞ്ഞു.

ദേശാഭിമാനി, കൈരളി ചാനല്‍ വാര്‍ത്തകള്‍

4 comments:

  1. സര്‍ക്കാര്‍ നടപടി ആരംഭിച്ചശേഷം മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ എല്ലാ കൈയേറ്റവും ഒഴിപ്പിക്കണമെന്ന് പ്രശ്നം പഠിക്കാനെത്തിയ സിപിഐ എം നേതാക്കള്‍ പറഞ്ഞു. പുതുതായുണ്ടായ കൈയേറ്റങ്ങളുടെ കാര്യത്തില്‍ വന്‍കിട, ചെറുകിട വ്യത്യാസമില്ല. ഒരു സെന്റ് കൈയേറ്റംപോലും അനുവദിക്കില്ല. മൂന്നാറില്‍ പ്രത്യക്ഷമായ നിയമലംഘനമുണ്ടെന്ന മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍ ശരിയാണ്. ടാറ്റയുടെ അനധികൃത ഡാമുകളും പുതിയ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നുതന്നെയാണ് സിപിഐ എമ്മിന്റെ നിലപാടെന്ന് മൂന്നാറും സമീപ പഞ്ചായത്തുകളും സന്ദര്‍ശിച്ചശേഷം കേന്ദ്രകമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വന്‍, ഇ പി ജയരാജന്‍, സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ വ്യക്തമാക്കി. 1956, 65 കാലഘട്ടങ്ങളില്‍ മൂന്നാറില്‍ സര്‍ക്കാര്‍ 500 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. മൂന്നാര്‍ ടൌ ഇതിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതിലുള്ള കെട്ടിടങ്ങള്‍ക്ക് വാടക വാങ്ങാന്‍ ടാറ്റയ്ക്ക് അവകാശമില്ല.

    ReplyDelete
  2. ചില വസ്തുതകള്‍
    1. ആദ്യ മൂന്നാര്‍ ഓപ്പറേഷനു ശേഷം വന്‍ തോതില്‍ കയ്യേറ്റമുണ്ടായി.
    2. അധികാരികള്‍ വന്‍‌കിട കയ്യേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ അതിനു ഒത്താശ ചെയ്യുകയോ ചെയ്തു.
    3. പുതിയ ഒഴിപ്പിക്കലിന്റെ മറവില്‍ പഴയ കയ്യേറ്റങ്ങള്‍, പഴയ മൂന്നാര്‍ ഓപറേഷന്‍ വരെയുള്ളവ നിയമവിധേയമാകുന്നു.

    ചുരുക്കം.

    പഴയ കയ്യേറ്റങ്ങളെ സാധൂകരിക്കാനായും, നാണക്കേടും ഭരണപരാജയവും മറക്കാനുമായി ചിലരുമായി ഒത്തു ചേര്‍ന്നു ചിലര്‍ പുതിയ ചില കയ്യേറ്റങ്ങള്‍ നടത്തിയിട്ടു അവയെത്തന്നെ പൊളിച്ചു മാറ്റി മാന്യരാവുന്നു എന്നും സംശയിച്ചു കൂടെ.

    ReplyDelete
  3. താങ്കള്‍ക്കെങ്ങിനെ വേണമെങ്കിലും സംശയിക്കാം. അത് സംശയം മാത്രമേ ആകുകയുള്ളൂ..യാഥാര്‍ത്ഥ്യം വേറെയായിരിക്കും.

    ReplyDelete
  4. താങ്കള്‍ക്കെങ്ങിനെ വേണമെങ്കിലും സംശയിക്കാം. അത് സംശയം മാത്രമേ ആകുകയുള്ളൂ..യാഥാര്‍ത്ഥ്യം വേറെയായിരിക്കും.

    desabhimanikkarkkum palathum viswasikkam.. sathyam athakanamennilla!

    ReplyDelete