Sunday, February 14, 2010

തോറ്റ താക്കറെ, തോറ്റ മുത്തലിക്ക്

'ഖാനോ'ട് തോറ്റ താക്കറെ ചവാനെതിരെ

മുംബൈ: ഷാറൂഖ്ഖാന്റെ സിനിമയ്ക്കെതിരായ ഭീഷണി ജനം തള്ളിയതിന്റെ മാനക്കേട് മറയ്ക്കാന്‍ ശിവസേന തലവന്‍ ബാല്‍ താക്കറെ മുഖ്യമന്ത്രി അശോക് ചവാനെതിരെ ആക്ഷേപവുമായി വീണ്ടും രംഗത്ത്. "ചവാന്‍ മുഖ്യമന്ത്രിയോ അതോ ഷാറൂഖ്ഖാന്റെ അംഗരക്ഷകനോ'' എന്ന് പാര്‍ടി മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലില്‍ താക്കറെ പരിഹസിച്ചു. രണ്ടാമത്തേതാണെങ്കില്‍ ചവാന്‍ അംഗരക്ഷകന്റെ വേഷമണിഞ്ഞ് ഷാറൂഖിന്റെ വീടിനുമുന്നില്‍ പോയി നില്‍ക്കണമെന്നും താക്കറെ പറയുന്നു. ശിവസേനയുടെ ഭീഷണി മറികടന്ന് ഷാറൂഖ്ഖാന്റെ പുതിയ ചിത്രമായ 'മൈ നെയിം ഈസ് ഖാന്‍' പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ സുരക്ഷാസന്നാഹം ഒരുക്കിയതാണ് താക്കറെയെ പ്രകോപിപ്പിച്ചത്. പൊലീസ് സേനയെ ഷാറൂഖിന്റെ അടിമകളാക്കിയെന്നും താക്കറെ എഴുതി. ചവാന്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കഴിഞ്ഞദിവസം താക്കറെ പറഞ്ഞിരുന്നു. ഇതിനിടെ, മുംബൈയിലെ തിയറ്ററുകളില്‍ 'മൈ നെയിം ഈസ് ഖാന്‍' ശനിയാഴ്ചയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ശിവസേനയുടെ ഭീഷണി പൊളിഞ്ഞതോടെ ശനിയാഴ്ച കൂടുതല്‍പേര്‍ സിനിമ കാണാനെത്തി.

ഭീഷണി തള്ളി; 'ഖാന്‍' ആദ്യദിനംതന്നെ ഹിറ്റ്

മുംബൈ: ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ ഭീഷണി തള്ളി ഷാരൂഖ്ഖാന്റെ പുതിയ ചിത്രമായ 'മൈ നെയിം ഈസ് ഖാന്‍' ആസ്വാദകര്‍ ആവേശത്തോടെ വരവേറ്റു. വിവാദങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ബോളിവുഡ് സിനിമയ്ക്ക് രാജ്യത്തെങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രദര്‍ശനം തടയുമെന്നു പ്രഖ്യാപിച്ച ശിവസേനയ്ക്ക് സ്വാധീനമുള്ള മുംബൈയില്‍ ആദ്യദിനം നിറഞ്ഞസദസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വന്‍നഗരങ്ങളിലും തിയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക് ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന ഷാരൂഖിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന ശിവസേനയുടെ താക്കീത് തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ സിനിമയ്ക്കെതിരെ രംഗത്തുവന്നത്. തുടര്‍ന്ന്, രണ്ടായിരത്തോളം ശിവസേനക്കാരെ കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റു ചെയ്തു. മുംബൈയിലെ തിയറ്ററുകളില്‍ കനത്ത സുരക്ഷയൊരുക്കി. മുംബൈയില്‍ 66 തിയറ്ററിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഏതാനും തിയറ്ററുകള്‍ രാവിലത്തെ ഷോ ഒഴിവാക്കിയെങ്കിലും തുടര്‍ന്നുള്ള എല്ലാ പ്രദര്‍ശനവും നടത്തി. ഗുജറാത്ത്, ഒറീസ, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ആവേശത്തിനു മുന്നില്‍ പ്രതിഷേധക്കാര്‍ ഒതുങ്ങി. പശ്ചിമബംഗാളിലും കേരളത്തിലും എതിര്‍പ്പിന്റെ കണികപോലുമുണ്ടായില്ല. ബംഗാളില്‍ 131ഉം കേരളത്തില്‍ 30ഉം തിയറ്ററിലാണ് സിനിമ റിലീസ് ചെയ്തത്. ജനങ്ങള്‍ നല്‍കിയ പിന്തുണയിലും സ്നേഹത്തിലും അതിയായ സന്തോഷമുണ്ടെന്ന് ബെര്‍ലിനിലുള്ള ഷാരൂഖ് ഇന്റര്‍നെറ്റിലൂടെ പ്രതികരിച്ചു. ഷാരൂഖ് ശനിയാഴ്ച മുംബൈയില്‍ എത്തും. ശിവസേനയുടെ ഭീഷണി അവഗണിച്ച് ഷാരൂഖിന്റെ ഭാര്യ ഗൌരി മുംബൈയിലെ തിയറ്ററിലെത്തി സിനിമ കണ്ടു. അമേരിക്കയില്‍ താമസിക്കുന്ന റിസ്വാന്‍ഖാന്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് 'മൈ നെയിം ഈസ് ഖാനി'ല്‍ അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 11 ആക്രമണശേഷം ഇയാള്‍ ഭീകരനെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. നിരപരാധിത്വം തെളിയിക്കാന്‍ റിസ്വാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മുംബൈയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച 50 ശിവസേനക്കാരെ പൊലീസ് അറസ്റ്റുചെയ്തു. ഒറീസയില്‍ ബജ്രംഗ്ദള്‍ ചിലയിടങ്ങളില്‍ കുഴപ്പത്തിനു ശ്രമിച്ചു. രണ്ടു നഗരത്തില്‍ പ്രദര്‍ശനം തടസ്സപ്പെട്ടു. കര്‍ണാടകത്തില്‍ ശ്രീരാമസേന സിനിമയ്ക്കെതിരെ പ്രചാരണം നടത്തിയെങ്കിലും ജനങ്ങള്‍ തള്ളി

മഹിളാനേതാവിനെ അവഹേളിച്ചത് അന്വേഷിക്കണം: വൃന്ദ

ബംഗളൂരു: രൂക്ഷമായ വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇടതു മതേതര ശക്തികളുടെ കൂട്ടായ്മയോടെ ഇത്തരം പ്രശ്നങ്ങളുയര്‍ത്തി രാജ്യത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗളൂരുവില്‍ മഹിളാ അസോസിയേഷന്‍ നേതാവിനെ ശ്രീരാമസേനക്കാര്‍ അവഹേളിച്ച സംഭവം അന്വേഷിക്കണമെന്നും വൃന്ദ ആവശ്യപ്പെട്ടു. കര്‍ഷകരുടെയും ഭവനരഹിതരുടെയും പ്രശ്നങ്ങളിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും സാധാരണക്കാരുടെ കുടുംബത്തിന് ലഭിച്ചിരുന്ന 35 കിലോ അരി 25 കിലോയാക്കി വെട്ടിക്കുറച്ചു. വനിത സംവരണബില്‍ പാസാക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ സിപിഐ എം ഈ വിഷയവും ഉയര്‍ത്തും. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ ശ്രീരാമസേന അടക്കമുള്ള ഹിന്ദുത്വശക്തികളുടെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വൃന്ദ പറഞ്ഞു. ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുന്ന നീക്കത്തെ ബഹുജനപ്രക്ഷോഭത്തിലൂടെ ചെറുക്കും. ശ്രീരാമസേനയുടെ നേതാവിനെ കരിതേച്ച സംഭവത്തില്‍ രണ്ടു പേരെ ഉടന്‍ അറസ്റ്റ് ചെയ്ത പൊലീസ്, മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് വിമലയെ പരസ്യമായി അവഹേളിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത ശ്രീരാമസേന ബംഗളൂരു യൂണിറ്റ് പ്രസിഡന്റിനെ സംരക്ഷിക്കുകയാണ്. ഹിന്ദുത്വശക്തികള്‍ക്കുവേണ്ടി പരസ്യമായി പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരും അക്രമികള്‍ക്ക് കൂട്ടുനിന്നു. വിമല പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണംപോലും നടത്തിയില്ല. മഹിളാനേതാവിനെ അവഹേളിച്ചതിനും പൊലീസ് നിലപാടിനും എതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തും. മംഗളൂരുവില്‍ പ്രമുഖ പത്രപ്രവര്‍ത്തകനെ പേര് റഹീം എന്നായതിനാല്‍ അറസ്റ്റ് ചെയ്തു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധനായ ഒരു പൊലീസുകാരനാണ് റഹീമിനെ അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണം. പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണം- വൃന്ദ പറഞ്ഞു.

കര്‍ണാടക ബന്ദ് പരാജയം

ബംഗളൂരു: ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്കിനെ കരി തേച്ചെന്ന് ആരോപിച്ച് ആഹ്വാനംചെയ്ത കര്‍ണാടക ബന്ദ് പൂര്‍ണപരാജയം. ബംഗളൂരു, മൈസൂരു, ബെല്ലാരി, ഗദക, മാണ്ഡ്യ എന്നിവിടങ്ങളില്‍ ബന്ദാഹ്വാനം ഒരു പ്രതികരണവും ഉണ്ടാക്കിയില്ല. ബംഗളൂരുവില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചില്ല. കടകമ്പോളങ്ങള്‍ തുറന്നു. വാഹനങ്ങള്‍ നിരത്തിലിറക്കി. ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിപ്പിച്ചും കടകളും ബിസിനസ് സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുനൂറോളം ശ്രീരാമസേനക്കാരെ അറസ്റുചെയ്തു. ചിലയിടങ്ങളില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ക്കുനേരെ ചെറിയ തോതില്‍ കല്ലേറുണ്ടായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസിനെ മംഗളൂരുവില്‍ ചിലര്‍ കല്ലെറിഞ്ഞു. ഇവിടെ നാലു ബസ് തകര്‍ന്നു. മുന്‍ കര്‍ണാടക മന്ത്രി എച്ച് കെ പാട്ടീലിന്റെ പ്രതിമയെ അവഹേളിച്ചതിനെതുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഗദക ജില്ലയിലും ബന്ദ് ഏശിയില്ല.

ദേശാഭിമാനി 140210

2 comments:

  1. ഷാറൂഖ്ഖാന്റെ സിനിമയ്ക്കെതിരായ ഭീഷണി ജനം തള്ളിയതിന്റെ മാനക്കേട് മറയ്ക്കാന്‍ ശിവസേന തലവന്‍ ബാല്‍ താക്കറെ മുഖ്യമന്ത്രി അശോക് ചവാനെതിരെ ആക്ഷേപവുമായി വീണ്ടും രംഗത്ത്. "ചവാന്‍ മുഖ്യമന്ത്രിയോ അതോ ഷാറൂഖ്ഖാന്റെ അംഗരക്ഷകനോ'' എന്ന് പാര്‍ടി മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലില്‍ താക്കറെ പരിഹസിച്ചു. രണ്ടാമത്തേതാണെങ്കില്‍ ചവാന്‍ അംഗരക്ഷകന്റെ വേഷമണിഞ്ഞ് ഷാറൂഖിന്റെ വീടിനുമുന്നില്‍ പോയി നില്‍ക്കണമെന്നും താക്കറെ പറയുന്നു. ശിവസേനയുടെ ഭീഷണി മറികടന്ന് ഷാറൂഖ്ഖാന്റെ പുതിയ ചിത്രമായ 'മൈ നെയിം ഈസ് ഖാന്‍' പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ സുരക്ഷാസന്നാഹം ഒരുക്കിയതാണ് താക്കറെയെ പ്രകോപിപ്പിച്ചത്. പൊലീസ് സേനയെ ഷാറൂഖിന്റെ അടിമകളാക്കിയെന്നും താക്കറെ എഴുതി. ചവാന്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കഴിഞ്ഞദിവസം താക്കറെ പറഞ്ഞിരുന്നു. ഇതിനിടെ, മുംബൈയിലെ തിയറ്ററുകളില്‍ 'മൈ നെയിം ഈസ് ഖാന്‍' ശനിയാഴ്ചയും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ശിവസേനയുടെ ഭീഷണി പൊളിഞ്ഞതോടെ ശനിയാഴ്ച കൂടുതല്‍പേര്‍ സിനിമ കാണാനെത്തി.

    ReplyDelete
  2. യെവന്മാർ കാരണം ഒരു പടം ഹിറ്റായി :)

    ReplyDelete