Wednesday, February 24, 2010

കൂറുമാറ്റത്തിന്റെ പൊരുള്‍

മരം പെയ്തുകൊണ്ടിരിക്കയാണ്. ചില അവസരവാദികള്‍ സിപിഐ എമ്മില്‍നിന്ന് കൂടൊഴിഞ്ഞതിനെ സാമാന്യവല്‍ക്കരിച്ച് പാര്‍ടിയില്‍നിന്ന് തുടര്‍ച്ചയായ കൊഴിഞ്ഞുപോക്ക് എന്നു വരുത്തിത്തീര്‍ക്കാന്‍ നിരന്തരശ്രമം നടക്കുന്നു. പത്രങ്ങളും ചാനലുകളും ആദ്യം അതേറ്റെടുത്തെങ്കില്‍, അടുത്ത ഊഴം ആഴ്ചപ്പതിപ്പുകളുടേതായി. ഇക്കൂട്ടര്‍ക്കാകെ വേണ്ടിയാണ് മുന്‍ കമ്യൂണിസ്റ് എം ആര്‍ ചന്ദ്രശേഖരന്‍ 'അവര്‍ സ്വാതന്ത്ര്യം തേടുന്നതായി', (മലയാള മനോരമ ലേഖനം 2010 ഫെബ്രുവരി 5) പ്രഖ്യാപിച്ചത്. അവസരവാദികളും തന്‍കാര്യം നോക്കികളുമായ ചിലര്‍, അത്തരം പദവികള്‍ ഇല്ലാതാകുമ്പോള്‍ സ്ഥാനമാനങ്ങളുടെ അകമ്പടിയില്ലാതെ പൊതുപ്രവര്‍ത്തനം നടത്താന്‍ ശീലിച്ചിട്ടില്ലാത്തതിനാല്‍ പുറത്തേക്കുള്ളവഴി തേടുമ്പോള്‍, മുന്‍ കമ്യൂണിസ്റ്റായ എം ആര്‍ ചന്ദ്രശേഖരന് തീര്‍ച്ചയായും ആഹ്ളാദിക്കാം. കാരണം, തന്റെ ജനുസ്സില്‍പ്പെട്ടവര്‍ പിന്നെയും ഉണ്ടല്ലോ എന്ന്. ചന്ദ്രശേഖരന്‍ പറഞ്ഞതിനപ്പുറമുള്ള ഒന്നും മറ്റാരും പറഞ്ഞിട്ടില്ല എന്നതിനാല്‍, അദ്ദേഹം പറഞ്ഞതിന്റെ ന്യായാന്യായങ്ങള്‍ പരിശോധിക്കുന്നത് പ്രശ്നത്തിന്റെ സമഗ്രവിശകലനംതന്നെയാകും.

അബ്ദുള്ളക്കുട്ടിമുതല്‍ ശിവരാമന്‍വരെയുള്ളവരുടെ നിരയില്‍ തന്നെയും ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ ഡോ. സെബാസ്റ്റ്യന്‍പോള്‍ അന്നുതന്നെ ഭംഗിയായി പ്രതികരിക്കുകയുംചെയ്തു. അതുകൊണ്ട് ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ പേര് കൂറുമാറ്റക്കാരുടെ കൂട്ടത്തില്‍ ചന്ദ്രശേഖരന്‍ പെടുത്തിയതിന്റെ അപഹാസ്യത തുടക്കത്തില്‍ത്തന്നെ ചൂണ്ടിക്കാട്ടട്ടെ. യുക്തിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരാളും ആദ്യം ചിന്തിക്കേണ്ടത് അബ്ദുള്ളക്കുട്ടിമുതല്‍ ശിവരാമന്‍വരെയുള്ളവരുടെ കൂടുവിട്ട് കൂടുമാറലിനു പിന്നിലെ പൊരുള്‍ എന്തെന്നാണ്; എന്താണ് അതിനു പിന്നിലെ അജന്‍ഡ എന്നാണ്. കൊതിക്കെറുവുകൊണ്ട് സാമാന്യബുദ്ധിതന്നെ നഷ്ടപ്പെട്ട് കമ്യൂണിസ്റ്റ് വിരോധതിമിരം ബാധിച്ച ചന്ദ്രശേഖരനെപ്പോലെ ഒരാളില്‍നിന്ന് നല്ലത് പ്രതീക്ഷിക്കവയ്യ.

ഡോ. കെ എസ് മനോജ് 2004ലെ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥിയാകുന്നതിനുമുമ്പ്, കേരളത്തിലെ പൊതുസമൂഹത്തിനുമുന്നില്‍ അറിയപ്പെടുന്ന സാന്നിധ്യമായിരുന്നില്ല. അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയതും ലോക്സഭാംഗമാക്കിയതും സിപിഐ എം എന്ന പാര്‍ടിയും അതിലെ ആയിരക്കണക്കായ പ്രവര്‍ത്തകരുമാണ്. ആ പാര്‍ടിയെയും തന്നെ വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്ത നിസ്വാര്‍ഥരായ സാധാരണ പ്രവര്‍ത്തകരെയുമാണ് ഡോ. മനോജ് ഇപ്പോള്‍ അവഹേളിക്കുന്നത്. മനോജ് ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതവിശ്വാസത്തിന്റെ കാര്യംതന്നെ എടുക്കാം. മനോജ് ലോക്സഭാ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനും ഏറെ മുമ്പ് 1996ല്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച് താഴെതലംവരെ ചര്‍ച്ചചെയ്ത തെറ്റുതിരുത്തല്‍ രേഖയില്‍ത്തന്നെ പറഞ്ഞ കാര്യമാണത്. മാത്രമല്ല, മതത്തോടും മതവിശ്വാസത്തോടുമുള്ള കമ്യൂണിസ്റ്റുകാരുടെ സമീപനത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ത്തന്നെ വിവിധ ഘട്ടങ്ങളില്‍ തുറന്ന് ചര്‍ച്ചചെയ്തിട്ടുള്ളതുമാണ്. കേരളത്തില്‍ ക്രിസ്തീയസഭകളും സിപിഐ എമ്മുമായി പല വിഷയങ്ങളിലും തര്‍ക്കങ്ങളും അലോസരങ്ങളും ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ആ ഒരു ഘട്ടത്തിലും, ഡോ. മനോജിന്, വിശ്വാസത്തിന്റെ ഉള്‍വിളി ഉണ്ടായില്ല. പാര്‍ടി സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കാനും മനോജിന് മനസ്സാക്ഷിക്കുത്തൊന്നും ഉണ്ടായതുമില്ല. അപ്പോള്‍ പ്രശ്നം വിശ്വാസത്തിന്റേതല്ല. സ. സെയ്താലിക്കുട്ടി അന്തരിച്ചപ്പോള്‍ പള്ളിയില്‍ കബറടക്കാന്‍ പള്ളിക്കും പാര്‍ടിക്കും ആ സഖാവിന്റെ കുടുംബത്തിനും ഒരു വിലക്കുമുണ്ടായില്ല. സ. ജ്യോതിബസു തന്റെ ശരീരം മരണാനന്തരം പഠനത്തിന് വിട്ടുകൊടുത്തതും നാം കണ്ടതാണ്. സാധാരണ പാര്‍ടി പ്രവര്‍ത്തകനായി ജനങ്ങള്‍ക്കിടയില്‍ ജീവിക്കാനും ജനസേവനം നടത്താനും മനോജിന് കഴിയില്ല എന്നതാണ് സത്യം. അവിടെയാണ് കോണ്‍ഗ്രസ് ചൂണ്ടയില്‍ കൊരുത്തെറിഞ്ഞ ഇരയില്‍ മനോജ് കുടുങ്ങിയതിന്റെ പ്രസക്തി. സിപിഐ എമ്മില്‍ തുടര്‍ന്നാല്‍, ഡല്‍ഹിയില്‍ ലഭിക്കാവുന്ന മെഡിക്കല്‍രംഗത്തെ ഉയര്‍ന്ന തസ്തികയും പിന്നീട് നിയമസഭാ സ്ഥാനാര്‍ഥിയെങ്കിലും ആകാനുള്ള സാധ്യതയും കാണാത്ത മനോജിന് കോണ്‍ഗ്രസ് ഒരു വലിയ വാഗ്ദാനമാണ്.

അബ്ദുള്ളക്കുട്ടിക്കും അസുഖം ഇതുതന്നെയായിരുന്നു. ഇനിയും എംപിയാകാനുള്ള സാധ്യതയില്ലെന്ന തിരിച്ചറിവാണ്, വിശ്വാസപ്രശ്നമുയര്‍ത്തി, പാര്‍ടിയെ തള്ളിപ്പറയാന്‍ പ്രേരിപ്പിച്ചത്. മോഡിയെ സ്തുതിക്കാനും തൊഴിലാളിവര്‍ഗത്തിന്റെ സമരങ്ങളെ നിന്ദിക്കാനും, കൌമാരംമുതല്‍ അതേവരെ തനിക്കില്ലാതിരുന്നതെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന മതവിശ്വാസത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളാനുമെല്ലാം അബ്ദുള്ളക്കുട്ടി നടത്തിയ പെടച്ചിലുകളും ഈ അവസരവാദത്തിന്റെ, സ്ഥാനമോഹത്തിന്റെ പ്രതിഫലനങ്ങളല്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക.

ഒറ്റപ്പാലത്തെ ചെറിയ വീട്ടില്‍നിന്ന് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള ശിവരാമന്റെ ഉയര്‍ച്ച കണ്ണിമവെട്ടുന്ന വേഗത്തിലായിരുന്നു. അതിന്റെ അന്ധാളിപ്പില്‍, പകച്ചുപോയ ശിവരാമന് കാലിടറി എന്നതാണ് വാസ്തവം. സാധാരണ പാര്‍ടി അംഗമായ ശിവരാമന്‍ ആ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് ജയിക്കുന്നതിന് സവിശേഷമായ രാഷ്ട്രീയ സാഹചര്യം അന്നുണ്ടായിരുന്നു. ശിവരാമന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനം പരിശോധിച്ച പാര്‍ടി പിന്നീട് മത്സരിപ്പിച്ചില്ല. പക്ഷേ, ശിവരാമനെ കൈവിടുകയല്ല പാര്‍ടി ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റും സര്‍ക്കാര്‍ പദവികളും പാര്‍ടി പദവികളും നല്‍കി. ശരിയായ പരിഗണന നല്‍കി സംരക്ഷിക്കുകയാണ് ചെയ്തത്. ശിവരാമന്‍ ഇപ്പോള്‍ പാര്‍ടിയോട് വിടപറഞ്ഞ പശ്ചാത്തലംകൂടി പരിശോധിക്കണം. സഹകരണബാങ്കിലെ ജീവനക്കാരിയായ ഭാര്യയുടെ പണാപഹരണപ്രശ്നം പാര്‍ടി പരിശോധിച്ചഘട്ടത്തിലാണ് സിപിഐ എം, ദളിതരെ പീഡിപ്പിക്കുന്നതായി ശിവരാമന് ഉള്‍വിളിയുണ്ടായത്. ഒരു എംപിയായിരുന്ന തനിക്ക് ഇനി എന്തെങ്കിലും ജോലിചെയ്യാന്‍ കഴിയുമോ, അതു ശരിയാണോ എന്നാണ് ശിവരാമന്റെ ന്യായമായ ചോദ്യം. പാര്‍ലമെന്റ് അംഗമായിരുന്നപ്പോഴും വിവാഹം കഴിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റായപ്പോഴും ഭാര്യക്ക് സഹകരണബാങ്കില്‍ ജോലി നല്‍കുമ്പോഴും ശിവരാമന്‍ ദളിതനായിരുന്നല്ലോ! ഇപ്പോള്‍മാത്രം ഒരു പ്രത്യേക ദളിത് വാദത്തിന്റെ പ്രസക്തിയെന്താണ്? ശിവരാമന് കോണ്‍ഗ്രസ് സുരക്ഷിതകൂടാരമാകട്ടെ എന്ന് ആശംസിക്കാം.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കരുതെന്നു പറയുന്ന ചന്ദ്രശേഖരന്‍ എന്തുകൊണ്ട് സിപിഐ എമ്മിന് കോണ്‍ഗ്രസിനെയും ബിജെപിയെയുംപോലെ ആയിക്കൂടെന്നും ചോദിക്കുന്നു. അവസരവാദികള്‍ക്കും തന്‍കാര്യം നോക്കികള്‍ക്കും ആചന്ദ്രതാരം സ്ഥാനമാനങ്ങള്‍ വഹിക്കാനുള്ള സ്വാതന്ത്ര്യമല്ല മനുഷ്യസ്വാതന്ത്ര്യം. ഇംഗ്ളീഷ് എഴുത്തുകാരന്‍ നോസിറ്ററെ അസ്ഥാനത്ത് ഉദ്ധരിച്ച് വീരസ്യം കാട്ടുന്ന ചന്ദ്രശേഖരനെ നോബല്‍ സമ്മാനിതനായ പോര്‍ച്ചുഗീസ് സാഹിത്യകാരന്‍ ഷൂസെ സരമാഹുവിന്റെ വാക്കുകള്‍ ഓര്‍മിപ്പിക്കട്ടെ:

"ലോകത്തിലെ ഏറ്റവും സ്വതന്ത്രനായ മനുഷ്യന്‍ ഞാനാണ്. കാരണം, ഞാന്‍ കമ്യൂണിസ്റ്റാണ്. കമ്യൂണിസ്റ്റ് പാര്‍ടിയിലെ അംഗമാണ്'.

തെറ്റുതിരുത്താനും സ്വയം ശുദ്ധീകരിക്കാനും നടത്തുന്ന പ്രക്രിയക്കിടയില്‍ ഇനിയും കുട്ടിമാരും ശിവരാമന്‍മാരും മനോജുമാരും കോണ്‍ഗ്രസ് കൂടാരത്തിലെത്തിയെന്നുവരും. വളര്‍ച്ചയില്‍ ഏത് മരവും പഴുത്ത ഇലകള്‍ പൊഴിക്കും. പരിചരിക്കുന്നവര്‍ പുഴുത്ത ഇലകള്‍ പറിച്ചുകളയും. അതാണ് പ്രകൃതിനിയമം. കമ്യൂണിസ്റുപാര്‍ടിക്കും ഈ പ്രകൃതിനിയമം ബാധകമാണ്. പച്ചപിടിച്ച് പുഷ്ടിയോടെ വളരാന്‍ ഇതാവശ്യമാണ്. മാധ്യമങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും ഗീര്‍വാണം നടത്തുന്ന ചന്ദ്രശേഖരന്‍ വിമോചനസമരകാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് മറന്നുകാണും. ചിലിയിലും ഇറാനിലും ഇന്തോനേഷ്യയിലും മറ്റും നടന്ന അട്ടിമറികള്‍ക്ക് അരങ്ങൊരുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് അറിയാനെങ്കിലും ഈ പഴയ അധ്യാപകന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. എന്തിന് ഇന്ത്യയിലെ വമ്പന്‍ മുഖ്യധാരാമാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പണംപറ്റി വാര്‍ത്ത ചമയ്ക്കുന്നവരാണെന്ന സമീപകാലസത്യം അറിയണമെങ്കില്‍, മനോരമയ്ക്കും മാതൃഭൂമിക്കും മലയാളമണ്ണിനും അപ്പുറം കടന്നുചെല്ലാനുള്ള വിശാലമായ മനസ്സ് ഉണ്ടാകണം. ഇതെല്ലാം നഷ്ടപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധന്റെ പെടാപ്പാടാണ് നാം ഇവിടെ കാണുന്നത്. ഇത്തരക്കാര്‍തന്നെയാണ് കൂറുമാറികള്‍ക്കും സ്വാര്‍ഥമതികള്‍ക്കും അഭയം നല്‍കേണ്ടിവരും. എന്നാല്‍, സ്വര്‍ണം ഊതിക്കാച്ചുന്നതുപോലെയുള്ള ശുദ്ധീകരണമായേ കമ്യൂണിസ്റ്റ് പാര്‍ടിയെ ഇത് ബാധിക്കൂ.

കെ വരദരാജന്‍ ദേശാഭിമാനി 240210

1 comment:

  1. മരം പെയ്തുകൊണ്ടിരിക്കയാണ്. ചില അവസരവാദികള്‍ സിപിഐ എമ്മില്‍നിന്ന് കൂടൊഴിഞ്ഞതിനെ സാമാന്യവല്‍ക്കരിച്ച് പാര്‍ടിയില്‍നിന്ന് തുടര്‍ച്ചയായ കൊഴിഞ്ഞുപോക്ക് എന്നു വരുത്തിത്തീര്‍ക്കാന്‍ നിരന്തരശ്രമം നടക്കുന്നു. പത്രങ്ങളും ചാനലുകളും ആദ്യം അതേറ്റെടുത്തെങ്കില്‍, അടുത്ത ഊഴം ആഴ്ചപ്പതിപ്പുകളുടേതായി. ഇക്കൂട്ടര്‍ക്കാകെ വേണ്ടിയാണ് മുന്‍ കമ്യൂണിസ്റ് എം ആര്‍ ചന്ദ്രശേഖരന്‍ 'അവര്‍ സ്വാതന്ത്ര്യം തേടുന്നതായി', (മലയാള മനോരമ ലേഖനം 2010 ഫെബ്രുവരി 5) പ്രഖ്യാപിച്ചത്. അവസരവാദികളും തന്‍കാര്യം നോക്കികളുമായ ചിലര്‍, അത്തരം പദവികള്‍ ഇല്ലാതാകുമ്പോള്‍ സ്ഥാനമാനങ്ങളുടെ അകമ്പടിയില്ലാതെ പൊതുപ്രവര്‍ത്തനം നടത്താന്‍ ശീലിച്ചിട്ടില്ലാത്തതിനാല്‍ പുറത്തേക്കുള്ളവഴി തേടുമ്പോള്‍, മുന്‍ കമ്യൂണിസ്റ്റായ എം ആര്‍ ചന്ദ്രശേഖരന് തീര്‍ച്ചയായും ആഹ്ളാദിക്കാം. കാരണം, തന്റെ ജനുസ്സില്‍പ്പെട്ടവര്‍ പിന്നെയും ഉണ്ടല്ലോ എന്ന്. ചന്ദ്രശേഖരന്‍ പറഞ്ഞതിനപ്പുറമുള്ള ഒന്നും മറ്റാരും പറഞ്ഞിട്ടില്ല എന്നതിനാല്‍, അദ്ദേഹം പറഞ്ഞതിന്റെ ന്യായാന്യായങ്ങള്‍ പരിശോധിക്കുന്നത് പ്രശ്നത്തിന്റെ സമഗ്രവിശകലനംതന്നെയാകും.

    ReplyDelete