പൊള്ളയായ വാഗ്ദാനം കോര്‍പറേറ്റുകള്‍ക്ക് ആധിപത്യം: പിബി
പൊതുനിക്ഷേപം കുറച്ച് സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് റെയില്‍ ബജറ്റെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരില്‍ റെയില്‍വേ സ്റ്റേഷനുകളുടെ ആധുനീകരണം സ്വകാര്യമേഖലയ്ക്ക് നല്‍കുകയാണ്. പുതിയ പാതകളുടെയും ചരക്ക്-യാത്ര ഇടനാഴികളുടെയും ലോക്കോമോട്ടീവുകളുടെയും വാഗണുകളുടെയും കണ്ടെയ്നറുകളുടെയും റെയില്‍ എക്സസ് ഫാക്ടറികളുടെയും പാര്‍ക്കിങ് കോംപ്ളക്സുകളുടെയും ബോട്ട്ലിങ് പ്ളാന്റുകളുടെയും നിര്‍മാണവും സ്വകാര്യമേഖലയ്ക്കാണ്. ഈ നീക്കം റെയില്‍വേയുടെ സമസ്ത മേഖലകളെയും സ്വകാര്യവ്യക്തികള്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയാണ്. ഇത് ദേശീയ താല്‍പ്പര്യത്തിന് എതിരാണ്. റെയില്‍വേമന്ത്രാലയത്തിലെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൈമാറിയിരിക്കയാണെന്ന് പിബി കുറ്റപ്പെടുത്തി. ഇത്തരം നിര്‍ദേശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് പിബി അഭ്യര്‍ഥിച്ചു.
ബജറ്റ് നിര്‍ദേശങ്ങള്‍ റെയില്‍വേയുടെ താല്‍പ്പര്യത്തിനോ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനോ പര്യാപ്തമല്ല. റെയില്‍വേ പ്രവര്‍ത്തന അനുപാതം 2008-09ലെ 90.5 ശതമാനത്തില്‍നിന്ന് 2009-10ല്‍ 94.7 ശതമാനമായി ഉയര്‍ന്നു. കിട്ടുന്ന വരുമാനം മുഴുവന്‍ ചെലവാക്കപ്പെടുന്നു എന്നതാണ് ഇത് കാണിക്കുന്നത്. കെടുകാര്യസ്ഥതയുടെ പ്രധാന തെളിവാണിത്. ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 63 കോടി രൂപയുടെ കുറവാണ് 2009-10ല്‍ ഉണ്ടായത്. പദ്ധതി നിക്ഷേപത്തില്‍ 497 കോടിയുടെ കുറവുമുണ്ടായി. മന്ത്രി പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാകുന്നില്ലെന്നതിന് തെളിവാണിത്. ഈ പശ്ചാത്തലത്തില്‍ ആശുപത്രികളും പരിശോധനാ കേന്ദ്രങ്ങളും സ്പോര്‍ട്സ് അക്കാദമികളും മ്യൂസിയങ്ങളും മറ്റും നിര്‍മിക്കുമെന്നത് പൊള്ളയായ വാഗ്ദാനങ്ങളാണ്. ഇന്ത്യന്‍ റെയില്‍വേയുടെ പ്രകടനം നാള്‍ക്കുനാള്‍ മോശമായി വരികയാണെന്നതിന്റെ പ്രഖ്യാപനമാണ് ബജറ്റ്. റെയില്‍വേയുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള വീക്ഷണം മുന്നോട്ടുവയ്ക്കുന്നില്ലെന്നുമാത്രമല്ല പരാജയങ്ങള്‍ മൂടിവയ്ക്കാനാണ് ബജറ്റ് പ്രസംഗത്തില്‍ ശ്രമിക്കുന്നത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പുമാത്രമാണ് ബജറ്റില്‍.
ഈ സാമ്പത്തികവര്‍ഷംമാത്രം 120 റെയില്‍വേ അപകടമുണ്ടായി. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 579 കോടി രൂപ സുരക്ഷാസംവിധാനങ്ങള്‍ക്ക് കുറവു വരുത്തി. അതേസമയം, റെയില്‍വേ അപകടങ്ങളുടെ ഉത്തരവാദിത്തം സമരം നടത്തുന്നവരുടെ ചുമലില്‍ കെട്ടിവയ്ക്കുകയാണ്. റെയില്‍വേ സുരക്ഷ എന്ന നിര്‍ണായകപ്രശ്നത്തെ വഴിതിരിച്ചുവിടാനാണ് ശ്രമം. മന്ത്രിയുടെ കണക്ക് അനുസരിച്ചുതന്നെ 2009ല്‍ 1.7 ലക്ഷം ഒഴിവുണ്ട്. ഇതില്‍ 90,000 ഒഴിവ് സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പിലാണ്. ഇവ നികത്തുന്ന കാര്യത്തെക്കുറിച്ച് മന്ത്രി മൌനം പാലിക്കുന്നു. പല പദ്ധതിക്കും ആസൂത്രണ കമീഷന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി സമ്മതിച്ചിരിക്കയാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതികള്‍ നടപ്പാകുമെന്നതില്‍ ഒരുറപ്പുമില്ല. 2010-11 സാമ്പത്തികവര്‍ഷം പദ്ധതിനിക്ഷേപം 1142 കോടി മാത്രമാണ് വര്‍ധിച്ചത്. യഥാര്‍ഥത്തില്‍ പൊതുനിക്ഷേപത്തില്‍ ഇടിവുണ്ടായി എന്നാണ് ഇത് തെളിയിക്കുന്നത്. 1000 കിലോമീറ്റര്‍ പുതിയ പാത നിര്‍മിക്കുമെന്നു പറയുമ്പോഴും ഗേജ്മാറ്റം, വാഗ, റോളിങ് സ്റ്റോക് നിര്‍മാണം എന്നിവയ്ക്ക് വകയിരുത്തിയ തുകയിലും കുറവ് വന്നിരിക്കയാണെന്ന് പിബി പറഞ്ഞു.
റെയില്‍ ബജറ്റ് സ്വകാര്യവല്‍ക്കരണത്തിന്റെ ട്രാക്കില്‍
ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലിരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുകയാണെന്ന് ബജറ്റ് തെളിയിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ലാലുപ്രസാദ് യാദവ് സ്വകാര്യവല്‍ക്കരണനീക്കം ആരംഭിച്ചിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദം കാരണം അത് പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചരക്ക്-യാത്ര ഗതാഗതത്തില്‍ വര്‍ധിച്ച സ്വകാര്യപങ്കാളിത്തം അനുവദിക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് പുതിയ ബജറ്റ്. മുന്‍ സര്‍ക്കാരുകള്‍ ഗവര്‍മെന്റ് നിയന്ത്രണത്തില്‍ സ്ഥാപിക്കുമെന്നു പറഞ്ഞ പദ്ധതികള്‍ പോലും പൊതു-സ്വകാര്യ പങ്കാളിത്തമെന്നു പറഞ്ഞ് സ്വകാര്യവല്‍ക്കരിക്കാനാണ് മമത ബാനര്‍ജിയുടെ നീക്കം. പാലക്കാട്ടെ കോച്ച് ഫാക്ടറി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിര്‍മിക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ബജറ്റിനുശേഷം വാര്‍ത്താലേഖകരോടു പറഞ്ഞു. പുതിയ പാത നിര്‍മാണം, ചരക്ക്-യാത്ര ഇടനാഴി നിര്‍മാണം, ട്രെയിന്‍ ഓടിക്കുന്നതിന് ആവശ്യമായ വസ്തുക്കളുടെ നിര്‍മാണം എന്നിവയെല്ലാം സ്വകാര്യവല്‍ക്കരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. വര്‍ധിച്ചതോതില്‍ സ്വകാര്യ മൂലധനം സ്വാഗതം ചെയ്ത മന്ത്രി ഇത്തരം നിക്ഷേപങ്ങള്‍ക്ക് 100 ദിവസത്തിനകം അനുവാദം നല്‍കുമെന്നും അതിനായി കര്‍മസമിതി രൂപീകരിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം റെയില്‍മന്ത്രി പുറത്തിറക്കിയ വീക്ഷണരേഖയില്‍ മുന്നോട്ടുവച്ച സ്വകാര്യവല്‍ക്കരണ പദ്ധതി അതേപടി ബജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കയാണ്. ഫിക്കി നിയമിച്ച അമിത് മിത്ര കമ്മിറ്റി മുന്നോട്ടുവച്ച കാര്യങ്ങളാണ് ബജറ്റിലും പറയുന്നതെന്നത് ശ്രദ്ധേയമാണ്.
റെയില്‍വേയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നതല്ല ബജറ്റ്. സംവിധാനങ്ങളുടെ വര്‍ധിച്ച ഉപയോഗമാണ് ട്രെയിന്‍ അപകടങ്ങള്‍ക്ക് കാരണം. ഈ സംവിധാനങ്ങള്‍ വികസിപ്പിച്ചാലേ അപകടം കുറയ്ക്കാന്‍ കഴിയൂ. എന്നാല്‍, അതിനുള്ള ശ്രദ്ധ ബജറ്റില്‍ മമത കാണിച്ചിട്ടില്ല. പാത നവീകരണത്തിന് വേണ്ടത്ര തുക നല്‍കാന്‍ ഇത്തവണയും തയ്യാറായില്ല. കഴിഞ്ഞവര്‍ഷത്തെ ലക്ഷ്യം ആവര്‍ത്തിക്കുക മാത്രമാണ്. കഴിഞ്ഞതവണ 1400 കിലോമീറ്റര്‍ ഗേജ്മാറ്റം ലക്ഷ്യമിട്ടപ്പോള്‍ ഇത്തവണ 800 കിലോമീറ്ററായി കുറച്ചു. 18,000 കിലോമീറ്റര്‍ മീറ്റര്‍ഗേജ് പാത നിലവിലുണ്ടായിട്ടും മാറ്റത്തിന്റെ വേഗതയും ഇക്കുറി കുറയ്ക്കുകയായിരുന്നു. റെയില്‍വേ സുരക്ഷയില്‍ ഏറെ പ്രധാനമായ സിഗ്നല്‍ സംവിധാനം ആധുനീകരിക്കാനുള്ള ശ്രമവും ബജറ്റിലില്ല. യാത്ര-ചരക്ക് ഗതാഗതം വര്‍ധിക്കുന്നതനുസരിച്ച് വാഗണുകളും കോച്ചുകളും നിര്‍മിക്കുന്നതിനുള്ള വിപുലമായ പദ്ധതികളും ബജറ്റിലില്ല. നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ ആവര്‍ത്തിച്ചിരിക്കയാണ്. നടപ്പാക്കാന്‍ ബാക്കിയുള്ള 286 പദ്ധതിയാണുള്ളത്. ഇതില്‍ 143ഉം സാമൂഹ്യലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ലാഭമല്ലാത്ത പദ്ധതികളാണ്. സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതോടെ ലാഭമായ പദ്ധതികളേ ഏറ്റെടുക്കുകയുള്ളൂ. ഇത് പിന്നോക്കമേഖലയുടെ വികസനത്തെ തടയും. റെയില്‍വേയുടെ വികസനവുമായി നേരിട്ട് ബന്ധപ്പെടാത്ത നിരവധി പദ്ധതി മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങി പല സ്ഥാപനങ്ങളും തുടങ്ങുമെന്ന് മന്ത്രി പറയുന്നു. റെയില്‍വേ വികസനത്തേക്കാള്‍ മറ്റു സ്ഥാപനങ്ങള്‍ സ്ഥാപിക്കാനാണ് മമത ബാനര്‍ജിക്ക് താല്‍പ്പര്യം.
വഞ്ചന
റെയില്‍ ബജറ്റില്‍ കേരളത്തിനും ഇക്കുറിയും കടുത്ത അവഗണന. പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രഖ്യാപനം ആവര്‍ത്തിച്ചപ്പോള്‍ തുകയൊന്നും വകയിരുത്തിയില്ല. അനുവദിച്ച മൂന്ന് പുതിയ വണ്ടികളില്‍ എടുത്തുപറയാവുന്നത് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി മാത്രം. പാളമില്ലാത്തതുകൊണ്ടാണ് പുതിയ വണ്ടി ഇല്ലാത്തതെന്ന് വാദിക്കുന്ന റെയില്‍വെ, കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് നീക്കിവച്ചത് 102 കോടി രൂപ മാത്രം. 800 കി. മീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് 5 കി. മീറ്റര്‍ (എറണാകുളം-കുമ്പളം). നീക്കിവച്ചത് 102 കോടി രൂപ. തിരുവനന്തപുരം കേന്ദ്രമായി റെയില്‍വെ സോ; ഹ്രസ്വദൂര സര്‍വീസുകള്‍; മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗ്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ വന്‍നഗരങ്ങളിലേക്ക് പുതിയ വണ്ടികള്‍ വേണമെന്ന ആവശ്യവും നിരാകരിച്ചു. രാജ്യത്ത് 5 പുതിയ വാഗ ഫാക്ടറികള്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്നുവര്‍ഷം മുമ്പ് കേരളത്തിന് അനുവദിച്ച ചേര്‍ത്തല വാഗ ഫാക്ടറിയെപ്പറ്റി പരാമര്‍ശം പോലുമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാലു പുതിയ വണ്ടികളില്‍ രണ്ടെണ്ണം (എറണാകളും-ഡല്‍ഹി തുരന്തോ, ഹാപ്പ-എറണാകുളം) ഇനിയും തുടങ്ങിയിട്ടില്ല. കൊല്ലം-എറണാകുളം റൂട്ടില്‍ ഹ്രസ്വദൂര ഇലക്ട്രിക് ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് പണം നീക്കിവെച്ചിട്ടില്ല. അതിനാല്‍ പദ്ധതി എന്നുവരുമെന്ന് നിശ്ചയമില്ല.
(എം പ്രശാന്ത്)
കേരളത്തിന് അവഗണനയുടെ കയ്പുനീര്‍
രണ്ടാം യുപിഎ സര്‍ക്കാരിന്റെ രണ്ടാമത് റെയില്‍ബജറ്റ് കേരളത്തെ വഞ്ചിച്ചു. സ്ഥലം ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലായ പാലക്കാട് കോച്ച് ഫാക്ടറിക്ക് ബജറ്റില്‍ ഒരു പൈസപോലും നീക്കിവച്ചില്ല. മൂന്നുവര്‍ഷംമുമ്പ് പ്രഖ്യാപിച്ച ചേര്‍ത്തല വാഗണ്‍ ഘടക നിര്‍മാണ ഫാക്ടറിയെയും ബജറ്റില്‍ പൂര്‍ണമായി അവഗണിച്ചു. അഞ്ചു പുതിയ വാഗണ്‍ ഫാക്ടറി ബജറ്റില്‍ പ്രഖ്യാപിച്ചപ്പോഴാണ് ചേര്‍ത്തല ഫാക്ടറി വീണ്ടും തഴയപ്പെട്ടത്. പാലക്കാട് കോച്ച് ഫാക്ടറിക്കായുള്ള പ്രക്രിയ തുടരുകയാണെന്നു മാത്രമാണ് ബജറ്റ് പ്രസംഗത്തില്‍ മമത ബാനര്‍ജി പറഞ്ഞത്. എന്നാല്‍, സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ സ്ഥാപിക്കുന്ന കോച്ച്ഫാക്ടറി ഈ വര്‍ഷംതന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കാന്‍ ഉള്‍പ്പെടെ പൂര്‍ണമായും റെയില്‍വേ പണംമുടക്കിയാണ് റായ്ബറേലി ഫാക്ടറി നിര്‍മിക്കുന്നത്. പാലക്കാട്, റായ്ബറേലി ഫാക്ടറികള്‍ റെയില്‍വേ ഒന്നിച്ച് പ്രഖ്യാപിച്ചവയാണ്.
റെയില്‍യാത്ര കടുത്ത ദുരിതമായ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന പുതിയ വണ്ടികളൊന്നുമില്ല. മുംബൈയില്‍നിന്ന് എറണാകുളത്തേക്ക് ആഴ്ചയില്‍ രണ്ടുദിവസംമാത്രം ഓടുന്ന പുതിയ തുരന്തോ മാത്രമാണ് കേരളത്തിനുള്ള ഏക ദീര്‍ഘദൂര ട്രെയിന്‍. എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഡല്‍ഹി- എറണാകുളം തുരന്തോ ഇനിയും തുടങ്ങിയിട്ടില്ല. പുതുതായി തുടങ്ങുന്ന കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി ആഴ്ചയില്‍ അഞ്ചുദിവസമേ ഓടൂ. പുണെയില്‍നിന്ന് എറണാകുളത്തേക്ക് പ്രഖ്യാപിച്ച സൂപ്പര്‍ഫാസ്റ്റ് ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ഓടുക. നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചറിനു പുറമെ മംഗളൂരുവില്‍നിന്ന് കണ്ണൂര്‍വരെയുള്ള പാസഞ്ചര്‍ കോഴിക്കോടു വരെ നീട്ടും. ഈ വണ്ടി പുതിയ വണ്ടികളുടെ പട്ടികയിലും മമത ഉള്‍പ്പെടുത്തി. എറണാകുളം- കൊല്ലം മെമു പ്രഖ്യാപിച്ചെങ്കിലും തുക വകയിരുത്തിയിട്ടില്ല. കൊല്ലത്തെ മെമു യൂണിറ്റ് വര്‍ക് ഷോപ്പിന് ഒന്നരക്കോടി രൂപമാത്രം നീക്കിവച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് സബര്‍ബന്‍ റെയില്‍പദ്ധതി കേരളം മുന്നോട്ടുവച്ചതാണെങ്കിലും ബജറ്റില്‍ ഉള്‍പ്പെട്ടില്ല. ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് കേരളത്തില്‍നിന്ന് കൂടുതല്‍ വണ്ടികള്‍ വേണമെന്ന ആവശ്യം ദീര്‍ഘകാലമായുണ്ടെങ്കിലും ഒന്നുപോലും പരിഗണിച്ചില്ല. വിനോദസഞ്ചാരരംഗത്ത് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും ഈ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ റെയില്‍വേ തുടങ്ങിയ ഭാരത്തീര്‍ഥ് പദ്ധതിയിലും കേരളത്തെ അവഗണിച്ചു. ചരക്കുഗതാഗതത്തിനുള്ള പ്രത്യേക റെയില്‍ ഇടനാഴിയില്‍നിന്ന് കേരളത്തെമാത്രം ഒഴിവാക്കി. ദക്ഷിണേന്ത്യയില്‍ കര്‍ണാടകവും തമിഴ്നാടും ആന്ധ്രയും ഉള്‍പ്പെട്ടിട്ടുണ്ട്. അതിവേഗ റെയില്‍പാത പദ്ധതിയിലും കേരളമില്ല.
(എം പ്രശാന്ത്)
കേരളത്തിന് കിട്ടിയത് മൂന്നുവണ്ടി
ഇതിന് പുറമെ നിലമ്പൂര്‍ റോഡ് -ഷൊര്‍ണൂര്‍ പുതിയ പാസഞ്ചര്‍ വണ്ടിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓടുന്ന വണ്ടി ടൈം ടേബിളില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. നീട്ടിയ ചില വണ്ടികളും കേരളത്തിന് കിട്ടിയ പുതിയ വണ്ടിയായി റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് അവതരിപ്പിക്കുന്നു. പുണെ-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസമാണ്. അത് ആഴ്ചയില്‍ രണ്ട് ദിവസമാക്കി പുതിയ വണ്ടികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ മൂന്നുദിവസമുള്ള മംഗലാപുരം-നാഗര്‍കോവില്‍ എക്സ്പ്രസ് (ഏറനാട്) മംഗലാപുരം-കൊച്ചുവേളി എന്ന പേരില്‍ പ്രതിദിന സര്‍വ്വീസാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഈ വണ്ടി അടുത്തിടെയാണ് നാഗര്‍കോവിലിലേക്ക് നീട്ടിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുരന്തോയും എറണാകുളം- ഹാപ്പയും തുടങ്ങാത്തത് കോച്ചുകളുടെ അഭാവം മൂലമാണെന്ന് റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു.
സര്‍വേ മാത്രം
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 120 ട്രെയിനുകളില്‍ 117 എണ്ണം ഓടിത്തുടങ്ങിയെന്ന് റെയില്‍മന്ത്രി മമത ബാനര്‍ജി പറയുമ്പോള്‍ഓടാത്ത മൂന്നെണ്ണത്തില്‍ രണ്ടും കേരളത്തിലേക്കുള്ളതാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം-പുണെ നിലവിലുള്ള ട്രെയിനാണ്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിനും ടൈംടേബിളില്‍ ഉള്‍പ്പെടുകമാത്രമാണ് ചെയ്യുന്നത്. റെയില്‍ ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വേയുടെ കാര്യത്തില്‍ ബജറ്റില്‍ ഉദാരസമീപനമാണ്. ആളെപ്പറ്റിക്കാനാണ് സര്‍വേയെന്ന് പറയാറുണ്ട്. സര്‍വേ നടത്തിയ നിരവധി ലൈനുകളുടെ കാര്യത്തില്‍ ഇന്നും തീരുമാനമായിട്ടില്ല. കാഞ്ഞങ്ങാട്-പാണത്തൂര്‍ ലൈന്‍ കഴിഞ്ഞവര്‍ഷം സര്‍വേ നടത്തിയതാണ്. ഈ ബജറ്റില്‍ ഇല്ല. ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളം ഇല്ലാത്തത് യഥാര്‍ഥ അവഗണനയാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പേട്ട മെഡിക്കല്‍ കോളേജ് എവിടെ പോയെന്നറിയില്ല. ഇത്തവണ ബോട്ടിലിങ് പ്ളാന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തവണ അതും കാണില്ല.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കഴിഞ്ഞ തവണ പറഞ്ഞു. അതിനുള്ള പദ്ധതിപോലും തുടങ്ങിയിട്ടില്ല. കാസര്‍കോട്, കണ്ണൂര്‍, തലശേരി, വടകര, തിരൂര്‍, പട്ടിക്കാട്, കോട്ടയം, ആലപ്പുഴ എന്നീ സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനാക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. ബംഗളൂരുവിലേക്ക് ട്രെയിന്‍ വേണമെന്ന ആവശ്യം വീണ്ടും തള്ളി. റെയില്‍വേ സോണിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടുന്നില്ല. റെയില്‍വേ സോണ്‍, കോച്ച് ഫാക്ടറി, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി, ദക്ഷിണ ചരക്ക് ഇടനാഴി, സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണം തുടങ്ങിയ രംഗങ്ങളില്‍ അവഗണന വ്യക്തമാണ്. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിക്ക് 2007-08 ബജറ്റില്‍ 80 കോടി വകയിരുത്തിയതാണ്. സംസ്ഥാനസര്‍ക്കാരുമായി ധാരണാപത്രവും ഒപ്പിട്ടു. പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
വൈദ്യുതീകരണത്തിനും പാത ഇരട്ടിപ്പിക്കലിനും പദ്ധതികളില്ല. 800 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ അഞ്ചു കിലോമീറ്റര്‍ എറണാകുളം-കുമ്പളം മാത്രമാണ് കേരളത്തില്‍നിന്ന് ഉള്‍പ്പെട്ടത്. സ്ഥലം ഏറ്റെടുത്തു നല്‍കിയിട്ടും കായംകുളം-ചെങ്ങന്നൂര്‍, കായംകുളം-അമ്പലപ്പുഴ പാതകള്‍ ഇരട്ടിപ്പിക്കാന്‍ നടപടിയായിട്ടില്ല. സഹമന്ത്രിമാരുടെ അധികാരങ്ങള്‍ മമത റദ്ദാക്കിയതിനാല്‍ നിവേദനം നല്‍കാനുള്ള അവകാശമേ ഇ അഹമ്മദിനുള്ളൂവെന്നും വിജയകുമാര്‍ പറഞ്ഞു.
ചരക്കിടനാഴിയില്‍ പെടാത്തത് തിരിച്ചടി
ദക്ഷിണ ചരക്കിടനാഴിയില്‍ ഉള്‍പ്പെടുത്താത്തത് കേരളത്തിന്റെ പൊതുവികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. ബംഗളൂരുവില്‍ റെയില്‍വേ ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുകടത്തുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യങ്ങളായിരിക്കും ഇനി നാടിന്റെ വികസനത്തിന്റെ ഗതി നിര്‍ണയിക്കുക. കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നു കരുതുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും വിഴിഞ്ഞം തുറമുഖവും യാഥാര്‍ഥ്യമാകാനിരിക്കെ ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങള്‍ ഉള്‍പ്പെട്ട ദക്ഷിണ ചരക്കിടനാഴിയില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ല. റെയില്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് പറയുമ്പോള്‍തന്നെ ചരക്കു കടത്തിനായി സ്വകാര്യ ട്രെയിനുകള്‍ക്ക് അനുമതി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വകാര്യവല്‍ക്കരണ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ വ്യക്തമായ വിളംബരമാണ്. ജനപ്രിയമെന്നു വരുത്താനുള്ള കസര്‍ത്തുകളുടെ മറവില്‍ തീവ്രമായ ആഗോളവല്‍ക്കരണ നയങ്ങളാണ് റെയില്‍വേ ബജറ്റില്‍ മുഴച്ചു നില്‍ക്കുന്നത്- വിജയരാഘവന്‍ പറഞ്ഞു.
നടക്കാത്ത സ്വപ്നങ്ങള്‍, വിടുവായത്തം
ജനപ്രിയ ബജറ്റെന്ന് പേരെടുക്കാന്‍ റെയില്‍വേയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ് മമത ബാനര്‍ജി പ്രഖ്യാപനങ്ങള്‍ ചൊരിഞ്ഞത്. എന്നാല്‍, ഇതുകേട്ട് കോരിത്തരിച്ചവര്‍ക്കെല്ലാം രണ്ടാമതൊന്ന് ആലോചിച്ചപ്പോള്‍ പന്തികേട് മനസിലായി. പ്രതിവര്‍ഷം ആയിരം കിലോമീറ്റര്‍ പുതിയ പാത നിര്‍മിക്കുമെന്ന ഒറ്റ പ്രഖ്യാപനം മതി റെയില്‍ ബജറ്റിന്റെ പൊള്ളത്തരം തിരിച്ചറിയാന്‍. രാജ്യത്തെ റെയില്‍പ്പാത വികസനത്തിന്റെ ഇന്നോളമുള്ള കണക്ക് ഉദ്ധരിച്ച മമത ബാനര്‍ജി സ്വന്തം അവകാശവാദം വെറും വിടുവായത്തമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയുമായിരുന്നു.
1950ല്‍ രാജ്യത്തെ റെയില്‍പ്പാതയുടെ ദൈര്‍ഘ്യം 53,596 കിലോമീറ്ററായിരുന്നു. 2008ലെ കണക്കുപ്രകാരം 64,015 കിലോമീറ്റര്‍. 58 വര്‍ഷംകൊണ്ട് വെറും 10,419 കിലോമീറ്ററാണ് വര്‍ധിച്ചത്. പ്രതിവര്‍ഷം ശരാശരി 180 കിലോമീറ്റര്‍ മാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരി 219. എന്നാല്‍, ലോകത്തെ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ അടുത്തവര്‍ഷം മുതല്‍ ആയിരം കിലോമീറ്റര്‍ വീതം പുതിയ പാത പണിയുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ മമത അവകശപ്പെട്ടത്. പത്തുവര്‍ഷത്തിനകം 25,000 കിലോമീറ്റര്‍ പാത പുതുതായി നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചു. അറുപത് വര്‍ഷംകൊണ്ട് സാധ്യമായതിന്റെ ഇരട്ടി പത്തുവര്‍ഷംകൊണ്ട് എങ്ങനെ സാധ്യമാക്കുമെന്നതിന് വിശദീകരണമൊന്നും ബജറ്റിലില്ല. വിഷന്‍ 2020ന്റെ ഭാഗമായി പുതിയ തുടക്കം കുറിക്കണമെന്ന ആഹ്വാനംമാത്രമാണ് മന്ത്രി മുന്നോട്ടുവച്ചത്. വരും വര്‍ഷം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തോടെ 1021 കിലോമീറ്റര്‍ പാതയുടെ നിര്‍ദേശവുമുണ്ട്.
ജില്ലാ ആസ്ഥാനത്തും പഞ്ചായത്തുകളിലും ടിക്കറ്റ് സെന്ററുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. തദ്ദേശസ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അടിസ്ഥാന സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നാണ് പറയുന്നത്. റെയില്‍വേയുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള കാര്യമായ നിര്‍ദേശങ്ങളോ പദ്ധതികളോ ബജറ്റിലില്ല. സുരക്ഷാപ്രശ്നങ്ങളും വിസ്മരിച്ചു. ഇതിനെല്ലാം പകരം 'ജനകീയ ബജറ്റെ'ന്ന് പേരെടുക്കാനായി മറ്റു പല മേഖലകളിലും പ്രഖ്യാപനങ്ങള്‍ കോരിച്ചൊരിയാനാണ് മമത ശ്രമിച്ചത്. കായിക അക്കാദമികളും സാംസ്കാരിക കേന്ദ്രങ്ങളും മറ്റും തുടങ്ങാനുള്ള പ്രഖ്യാപനം റെയില്‍വേ ബജറ്റില്‍ കേട്ടത് ഭരണപക്ഷ അംഗങ്ങള്‍ക്കുപോലും ദഹിച്ചില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ മിക്കതും നടപ്പായില്ലെങ്കിലും അതെല്ലാം ഇത്തവണ പുതിയ നിര്‍ദേശങ്ങളെന്ന പേരില്‍ അവതരിപ്പിച്ചു. ഒറീസ, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെയില്‍വേക്ക് കനത്ത ഭീഷണി ഉയര്‍ത്തുന്ന മാവോയിസ്റ്റ് ഭീകരതയെക്കുറിച്ച് ബജറ്റ് പ്രസംഗത്തിനിടെ ഒറ്റവാക്കുപോലും പറയാന്‍ മമത തയ്യാറായില്ല. റെയില്‍പ്പാളങ്ങള്‍ തകര്‍ക്കലും സ്റ്റേഷന്‍ ആക്രമണവും പതിവായിട്ടും അവരെ കുറ്റപ്പെടുത്താന്‍പോലും മന്ത്രി തയ്യാറായില്ല. രാഷ്ട്രപതിയുടെ ബജറ്റ് പ്രസംഗത്തില്‍ മാവോയിസ്റ്റുകളെ വിമര്‍ശിക്കുന്ന ഭാഗം എല്ലാ സമ്മര്‍ദവും ഉപയോഗിച്ച് മമത തടഞ്ഞിരുന്നു. മാവോയിസ്റ്റുകളുമായി തൃണമൂല്‍ കോണ്‍ഗ്രസിനുള്ള അവിശുദ്ധ ബന്ധത്തിന് അടിവരയിടുന്നതുമായി മമതയുടെ റെയില്‍ബജറ്റ്.
(വിജേഷ് ചൂടല്‍)
94 സ്റ്റേഷനുകള്‍ ആധുനീകരിക്കും
രാജ്യത്തെ 94 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനീകരിക്കുമെന്ന് മമത ബാനര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇവയെ ആദര്‍ശ സ്റ്റേഷനുകളായി പ്രഖ്യാപിക്കും. കേരളത്തിലെ ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, ധനുവച്ചപുരം, കരുവാറ്റ, കായംകുളം, കൊച്ചുവേളി, മാവേലിക്കര, ഓച്ചിറ, വയലാര്‍ സ്റ്റേഷനുകള്‍ ഇക്കൂട്ടത്തില്‍പ്പെടും. എറണാകുളം ഉള്‍പ്പെടെ പത്ത് സ്റ്റേഷനെ ലോകനിലവാരത്തിലേക്കുയര്‍ത്തും. 93 സ്റ്റേഷനില്‍ വിവിധോദ്ദേശ്യ കെട്ടിടസമുച്ചയങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കേരളത്തില്‍നിന്ന് കാസര്‍കോടും മാവേലിക്കരയും മാത്രമാണ് ഈ പട്ടികയിലുള്ളത്. ശുദ്ധജലം കുപ്പികളിലാക്കാന്‍ ആരംഭിക്കുന്ന ബോട്ടിലിങ് യൂണിറ്റുകളിലൊന്ന് തിരുവനന്തപുരത്താണ്. യാത്രക്കാര്‍ക്ക് സൌകര്യമൊരുക്കാന്‍ റെക്കോഡ് തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി അവകാശപ്പെട്ടു. 1,302 കോടി രൂപയാണ് ചെലവിടുന്നത്.
16 ടൂറിസ്റ്റ് ട്രെയിന്‍; 10 തുരന്തോ
വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കാന്‍ 'ഭാരത് തീര്‍ഥ്' എന്ന പേരില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ബജറ്റ് നിര്‍ദേശം. വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 16 ട്രെയിനാണ് സര്‍വീസ് നടത്തുക. ഭോപ്പാലില്‍നിന്ന് ആരംഭിച്ച് തിരുപ്പതി, രാമേശ്വരം, കന്യാകുമാരി വഴി ഭോപ്പാലില്‍ മടങ്ങിയെത്തുന്ന വണ്ടിക്ക് തിരുവനന്തപുരത്തും കൊച്ചിയിലും സ്റോപ്പുണ്ട്. ഇതല്ലാതെ കേരളത്തെ കേന്ദ്രീകരിച്ച് ടൂറിസ്റ് ട്രെയിന്‍ ഇല്ല. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പത്ത് തുരന്തോ സര്‍വീസ് കൂടി ആരംഭിക്കും. മുംബൈ-എറണാകുളം ദുരന്തോ സര്‍വീസ് രണ്ടാഴ്ചയില്‍ ഒരിക്കലാണ്. ഹ്രസ്വദൂര സര്‍വീസായ 'മെമു' എറണാകുളം-കൊല്ലം ഉള്‍പ്പെടെ ഒമ്പത് റൂട്ടില്‍ ഓടിക്കും. എട്ട് റൂട്ടില്‍ 'ഡെമു' സര്‍വീസും നടത്തും. സാധാരണക്കാര്‍ക്കായി, റിസര്‍വേഷന്‍ ഇല്ലാത്ത 'കര്‍മഭൂമി' ട്രെയിനുകള്‍ക്കും നിര്‍ദേശമുണ്ട്.
പുതിയ വിദ്യാലയങ്ങള്‍ തുടങ്ങും എല്ലാ ജീവനക്കാര്‍ക്കും 10 വര്‍ഷത്തിനകം വീട്
നഗരവികസന മന്ത്രാലയവുമായി ചേര്‍ന്ന് എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും പത്തുവര്‍ഷത്തിനകം വീട് നല്‍കുമെന്ന് റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. അമ്പത് കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയ മാതൃകയില്‍ പത്ത് റസിഡന്‍ഷ്യല്‍ സ്കൂള്‍, മോഡല്‍ ഡിഗ്രി കോളേജ്, ടെക്നിക്കല്‍-മാനേജ്മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയും ആരംഭിക്കും. ആരോഗ്യ-മാനവവിഭവശേഷി മന്ത്രാലയങ്ങളുടെ സഹകരണത്തോടെ 522 ആശുപത്രിയും രോഗനിര്‍ണയ കേന്ദ്രങ്ങളും നിര്‍മിക്കും. ഇതില്‍ കേരളത്തില്‍നിന്ന് എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം തൃശൂര്‍ സ്റേഷനുകള്‍ മാത്രമാണുള്ളത്. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കാനുള്ള പട്ടികയിലേക്ക് കേരളത്തില്‍നിന്ന് ഒറ്റ സ്റ്റേഷനെപോലും പരിഗണിച്ചില്ല. എണ്‍പതിനായിരത്തോളം വനിതാ ജീവനക്കാര്‍ക്ക് ആശ്വാസം പകരാന്‍ അമ്പത് ശിശുപരിപാലന കേന്ദ്രവും 20 ഹോസ്റ്റലും ആരംഭിക്കുമെന്നും റെയില്‍മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാര്‍ത്ത 250210
പൊതുനിക്ഷേപം കുറച്ച് സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് റെയില്‍ ബജറ്റെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരില്‍ റെയില്‍വേ സ്റ്റേഷനുകളുടെ ആധുനീകരണം സ്വകാര്യമേഖലയ്ക്ക് നല്‍കുകയാണ്. പുതിയ പാതകളുടെയും ചരക്ക്-യാത്ര ഇടനാഴികളുടെയും ലോക്കോമോട്ടീവുകളുടെയും വാഗണുകളുടെയും കണ്ടെയ്നറുകളുടെയും റെയില്‍ എക്സസ് ഫാക്ടറികളുടെയും പാര്‍ക്കിങ് കോംപ്ളക്സുകളുടെയും ബോട്ട്ലിങ് പ്ളാന്റുകളുടെയും നിര്‍മാണവും സ്വകാര്യമേഖലയ്ക്കാണ്. ഈ നീക്കം റെയില്‍വേയുടെ സമസ്ത മേഖലകളെയും സ്വകാര്യവ്യക്തികള്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗമാക്കി മാറ്റുകയാണ്. ഇത് ദേശീയ താല്‍പ്പര്യത്തിന് എതിരാണ്. റെയില്‍വേമന്ത്രാലയത്തിലെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൈമാറിയിരിക്കയാണെന്ന് പിബി കുറ്റപ്പെടുത്തി. ഇത്തരം നിര്‍ദേശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് പിബി അഭ്യര്‍ഥിച്ചു.
ReplyDelete