ശ്രേയാംസ്കുമാര്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചു. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ റീസര്‍വേ നമ്പര്‍ 701/3ല്‍പ്പെട്ട 16.75 ഏക്കര്‍ ഭൂമിയിലാണ് ആദിവാസികള്‍ കുടില്‍കെട്ടി താമസം തുടങ്ങിയത്. ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് ആദിവാസി ക്ഷേമസമിതി(എകെഎസ്) നേതൃത്വത്തില്‍ പണിയ, കുറുമ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ട 32 ആദിവാസി കുടുംബങ്ങള്‍ ഭൂമിയില്‍ പ്രവേശിച്ചത്. ആദിവാസി ഭൂസമരം രണ്ടാംഘട്ടത്തിന് തുടക്കംകുറിക്കുന്നതിന്റെ ഭാഗമാണിത്. ശ്രേയാംസ്കുമാറിനെ ഒഴിപ്പിച്ച് ഈ ഭൂമി എത്രയും വേഗം ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. 2008 ഫെബ്രുവരി 12ന് ഇറക്കിയ ഉത്തരവ് നടപ്പാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആദിവാസി സമരം. ഓരോ ആദിവാസി കുടുംബത്തിനും അര ഏക്കര്‍ വീതം ഭൂമി അളന്ന് വേര്‍തിരിച്ച് നല്‍കിയിട്ടുണ്ട്.കുടില്‍ കെട്ടല്‍ സിപിഐ എം ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എകെഎസ് ജില്ലാപ്രസിഡന്റ് സീതാബാലന്‍, സെക്രട്ടറി പി വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്റ്റേറ്റിലെ ചില തൊഴിലാളികളെയും ഗുണ്ടകളെയും ഇറക്കി കുടില്‍ കെട്ടുന്നത് തടയാനുള്ള ശ്രമം വിലപ്പോയില്ല.
ശ്രേയാംസ്കുമാറിന്റെ കൈയേറ്റ ഭൂമി പിടിച്ചെടുക്കാന്‍ 2005ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും ജില്ലാഭരണകൂടം എംഎഎല്‍എയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായില്ല. 2007 സെപ്തംബര്‍ ഒമ്പതിനാണ് അവസാന ഉത്തരവ് വന്നത്. ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ശ്രേയാംസ്കുമാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവാണിത്. വയനാട്ടില്‍ ശ്രേയാംസ്കുമാര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. 2005 മാര്‍ച്ച് 18ന് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പി ടി തോമസിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കൈയേറ്റം വ്യക്തമാക്കിയത്. വര്‍ഷങ്ങളായി ഈ ഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ലെന്ന് കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ പറഞ്ഞു. മികച്ച കാപ്പിത്തോട്ടമായ കൈയേറ്റ ഭൂമിയിലെ ആദായം ശ്രേയാംസ്കുമാറാണ് എടുക്കുന്നത്. കോഴിക്കോട്- കൊല്ലഗല്‍ 212 ദേശീയപാതയില്‍ വരുന്ന ഈ കാപ്പിത്തോട്ടത്തിന് ഏക്കറിന് 50 ലക്ഷം രൂപ വിലമതിക്കും. എട്ട് കോടി രൂപ വിലയുള്ള സര്‍ക്കാര്‍ ഭൂമിയാണിത്.
(പി സുരേശന്‍)
ശ്രേയാംസ്കുമാറിന്റെ ഭൂമികൈയേറ്റം യുഡിഎഫ് തള്ളിപ്പറയുന്നത് ഉമ്മന്‍ചാണ്ടിയെ
കല്‍പ്പറ്റ: വയനാട്ടിലെ കൃഷ്ണഗിരിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ച ഭൂമി എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടേതാണെന്ന യുഡിഎഫ് നേതാക്കളുടെ വാദം രാഷ്ട്രീയ ലാഭത്തിന്. സര്‍ക്കാര്‍ഭൂമി കൈയേറിയ വ്യക്തിയെ വെള്ളപൂശാനുള്ള ശ്രമത്തിനിടെ ഇവര്‍ ബോധപൂര്‍വം മറക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. ശ്രേയാംസ് സര്‍ക്കാര്‍ഭൂമി കൈവശം വെക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞത് എല്‍ഡിഎഫ് നേതാക്കളല്ല. 2005 മാര്‍ച്ച് പതിനെട്ടിന്, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് നിയമസഭയില്‍ ശ്രേയാംസിന്റെ ഭൂമികൈയേറ്റം വെളിപ്പെടുത്തിയത്. ശ്രേയാംസ്കുമാര്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റവന്യൂഭൂമി കൈവശം വെക്കുന്നതായി സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആദിവാസികള്‍ സര്‍ക്കാര്‍ഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യുഡിഎഫ് കവീനര്‍ പി പി തങ്കച്ചനും ശ്രേയാംസ്കുമാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് പറയുന്നത് ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയലാണ്. രേഖകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ശ്രേയാംസ് ഭൂമി കൈയേറിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി അന്ന് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പി ടി തോമസിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. ശ്രേയാംസ് സര്‍ക്കാര്‍ഭൂമി വ്യാജരേഖ ചമച്ച് സ്വന്തമാക്കിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ഭൂമിയെന്ന് ഉറപ്പിച്ച് പറഞ്ഞ സ്ഥലം തങ്കച്ചനും മറ്റും പ്രസ്താവനയിലൂടെ ശ്രേയാംസ്കുമാറിന് പതിച്ച് നല്‍കുകയാണ്. ഇത് പരമ്പരാഗതമായി കിട്ടിയതാണെന്നും റവന്യൂ ഭൂമിയല്ലെന്നുമാണ് യുഡിഎഫ് നേതാക്കളുടെ വാദം. ഈ ഭൂമിയില്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന തങ്കച്ചന്റെ അഭിപ്രായവും നുണയാണ്. എപ്പോഴാണ് ഈ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് തങ്കച്ചന്‍ വെളിപ്പെടുത്തണം. ഭൂമിയില്‍ മറ്റാളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രേയാംസ്കുമാറിന് അനുകൂലമായി സ്റ്റേ നിലനില്‍ക്കുന്നുണ്ടെന്ന വാദവും കളവാണ്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശ്രേയാംസ്കുമാറിന്റെ കൈയേറ്റം എത്രയുംവേഗം ഒഴിപ്പിച്ച് ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്ന് ഉത്തരവിട്ടതാണ്. ഇതിന് ജില്ലാഭരണകൂടം കാലതാമസം വരുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. കൈയേറ്റക്കാരനെ സംരക്ഷിക്കാനാണ് ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരത്തെ സിപിഐ എം പകപോക്കലായി ചിത്രീകരിക്കുന്നത്. മൂന്നാറിലെ കൈയേറ്റത്തിന്റെ പേരില്‍ എല്‍ഡിഎഫിനെതിരെ നിരന്തരം കള്ളക്കഥ മെനയുന്ന മനോരമ ഉള്‍പ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ വയനാട്ടിലെ ഭൂമാഫിയകളെ തലോലിക്കുകയാണ്. 'ശ്രേയാംസ്കുമാറിന്റെ കാപ്പിത്തോട്ടം സിപിഎം സംഘടന കൈയേറി'യെന്നാണ് മനോരമയുടെ തലക്കെട്ട്. ശ്രേയാംസിന്റെ കൈവശഭൂമി സിപിഎമ്മുകാര്‍ കൈയേറിയെന്ന് വീരന്റെ പത്രം പറയുന്നു. ശ്രേയാംസിന്റെ കൈവശഭൂമി ആദിവാസികള്‍ കൈയേറിയെന്നാണ് മാധ്യമത്തിന്റെ കണ്ടെത്തല്‍. ഇവിടെ, ആദിവാസികള്‍ അവര്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ പ്രവേശിച്ചത് കൈയേറ്റമായി. സര്‍ക്കാര്‍ഭൂമി കൈയേറിയ ശ്രേയാംസ് നല്ലപിള്ളയും.
(പി സുരേശന്‍)
ശ്രേയാംസ് മാപ്പ് പറയണം: സിപിഐ എം
കല്‍പ്പറ്റ: ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട സര്‍ക്കാര്‍ഭൂമി കൈയേറിയ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ മാപ്പ് പറയണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരില്‍ നിക്ഷിപ്തമായ ആദിവാസിഭൂമി വിട്ടുകൊടുത്ത് ശ്രേയാംസ് മാതൃക കാണിക്കണം. ശ്രേയാംസ്കുമാറിന്റെ ഭൂമി സിപിഐ എം നേതൃത്വത്തില്‍ ആദിവാസികള്‍ കൈയേറിയെന്ന് യുഡിഎഫ് പറഞ്ഞത് നിര്‍ഭാഗ്യകരമാണ്. ആദിവാസികള്‍ കൃഷ്ണഗിരിയില്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയിലാണ് കുടില്‍കെട്ടി അവകാശം സ്ഥാപിച്ചത്. ഈ ഭൂമി ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശം വെക്കുന്നുണ്ടെന്ന് പറഞ്ഞത് ഉമ്മന്‍ചാണ്ടിയാണ്. നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയ കാര്യം നിഷേധിക്കാന്‍ യുഡിഎഫിനാവില്ല. പാവപ്പെട്ട ആദിവാസികളുടെ ഭൂമി എംഎല്‍എ കൈവശം വെക്കുന്നത് ക്രൂരതയാണ്. അവകാശപ്പെട്ട ഭൂമി ഒരു തരത്തിലും ലഭിക്കില്ലെന്ന ഘട്ടത്തിലാണ് ആദിവാസികള്‍ കൃഷ്ണഗിരിയിലെ ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ നിര്‍ബന്ധിതരായത്.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യംവെച്ച് വയനാട്ടില്‍ ഭൂമാഫിയകള്‍ക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുന്‍ എംഎല്‍എ വര്‍ഗീസ് വൈദ്യരും പി കൃഷ്ണപ്രസാദ് എംഎല്‍എയുടെ കുടുംബവും അനധികൃതമായി ഭൂമി കൈവശം വെക്കുന്നുണ്ടെന്ന ആരോപണം തെളിയിക്കാന്‍ ശ്രേയാംസ്കുമാറിനെ വെല്ലുവിളിക്കുന്നു. രാഷ്ട്രീയ സ്വാധീനവും മറ്റ് മാര്‍ഗങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വശത്താക്കിയാണ് സര്‍ക്കാര്‍ഭൂമി ശ്രേയാംസ് കൈയേറിയത്. ഈ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ആദിവാസികളെ ഒഴിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ആദിവാസികള്‍ക്ക് സിപിഐ എമ്മിന്റെ എല്ലാ പിന്തുണയുമുണ്ട്. ആദിവാസികളുടെ ഭൂമി കൈയേറിയ വ്യക്തി എംഎല്‍എയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കണം. ഭൂമി തിരിച്ചുപിടിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്തതിനാലാണ് ആദിവാസികള്‍ക്ക് ഭൂമിയില്‍ പ്രവേശിക്കേണ്ടി വന്നത്. ശ്രേയാംസ്കുമാര്‍ മതിയായ രേഖ ഹാജരാക്കിയാല്‍ ആദിവാസികള്‍ ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണ്. 1995 മുതല്‍ നികുതി അടയ്ക്കാത്ത ഭൂമിയാണ് എംഎല്‍എ സ്വന്തമാണെന്ന് പറയുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി കുഞ്ഞിക്കണ്ണന്‍, എം വേലായുധന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇനി ആദിവാസികള്‍ കുടില്‍ കെട്ടേണ്ടത് വീരന്റെ തറവാട്ട് ഭൂമിയില്‍
കല്‍പ്പറ്റ: എംപി വീരേന്ദ്രകുമാറിന്റെ തറവാട് ഭൂമിയും ആദിവാസികള്‍ക്ക് അവകാശം സ്ഥാപിച്ച് കുടില്‍കെട്ടാവുന്നത്. കല്‍പ്പറ്റ പുളിയാര്‍മലയിലെ വീരന്റെ തറവാട് വീടുള്ള സ്ഥലം റവന്യൂ ഭൂമിയാണ്. വയനാട്ടിലെ വന്‍കിട കൈയേറ്റം സംബന്ധിച്ച് ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്റിലാണ് വീരന്റെ തറവാടും മിച്ചഭൂമിയിലാണെന്ന് പറയുന്നത്. കല്‍പ്പറ്റ- മാനന്തവാടി ദേശീയ പാതയില്‍ കോടികള്‍ വിലമതിക്കുന്ന 14.87 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും അനധികൃതമായി കൈവശം വെക്കുന്നത്. കല്‍പ്പറ്റ വില്ലേജിലെ ബ്ളോക്ക് നമ്പര്‍ 18ല്‍343 റിസര്‍വേ നമ്പറില്‍പ്പെട്ട സ്ഥലമാണ് കൈയേറിയത്. 343 സര്‍വേ നമ്പറില്‍ 33.7250 ഹെക്ക്ടര്‍ സ്ഥലമാണുള്ളത്. ഇതിലാണ് 14 ഏക്കര്‍ കൈയേറിയത്. കല്‍പ്പറ്റ വില്ലേജ് ഓഫീസിലെ രജിസ്റ്ററില്‍ ഇത് സര്‍ക്കാര്‍ സ്ഥലമാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കൃഷ്ണഗിരിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചത് മഹാപാതകമായി വ്യാഖ്യാനിക്കുന്ന യുഡിഎഫ് നേതാക്കള്‍ വീരന്റെ തറവാട്ടില്‍ അനധികൃത കൈയേറ്റം ഉണ്ടോയെന്ന് പരിശോധിക്കണം. ആദിവാസികള്‍ കുടില്‍ കെട്ടുന്നതിന് മുമ്പ് യുഡിഎഫ് നേതാക്കള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ ഇറക്കിയ പ്രസ്താവന ഓര്‍ത്ത് ദു:ഖിക്കേണ്ടി വരും.
എഐസിസി മെംബര്‍ കെ കെ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് കൃഷ്ണഗിരിയില്‍ ആദ്യമായി ആദിവാസികള്‍ അവകാശം സ്ഥാപിക്കാന്‍ പോയതെന്ന കാര്യം യുഡിഎഫും കോണ്‍ഗ്രസും വിസ്മരിക്കുകയാണ്. എന്നാല്‍ ആ സമരത്തെ പിന്തുണക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും തയ്യാറായില്ല. ശ്രേയാംസ്കുമാര്‍ ഗൂണ്ടകളെ ഉപയോഗിച്ച് ആദിവാസികളെ അടിച്ചോടിക്കുകയായിരുന്നു. എകെഎസിന്റെ സമരത്തെയും ആ രീതിയില്‍ നേരിടാന്‍ തുനിഞ്ഞെങ്കിലും ആദിവാസികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. എന്നാല്‍ കാലം മാറിയതും മാറ്റത്തിന്റെ ചുവരെഴുത്തും അറിയാതെ ചിലരുണ്ട്. വന്‍കിട തോട്ടം ഉടമകളെയും അവരുടെ ഗുണ്ടകളെയും നേരിടേണ്ട കരുത്ത് ഇന്ന് എകെഎസിന്റെ നൃേത്വത്തില്‍ ആദിവാസികള്‍ ആര്‍ജിച്ചിട്ടുണ്ട്. ഇതിനെ വിലകുറച്ച് കാണുന്നത് അല്‍പത്തമാണ്. വയനാട് ജില്ലയിലെ കൈയേറ്റ ഭൂമിയില്‍ ഭൂരിഭാഗവും വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റേതുമാണ്. വൈത്തരി താലൂക്കില്‍ കൈയേറിയ 43.7353 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ 41 ഹെക്ടറും ഇവരുടേതാണ്. ബത്തേരി താലൂക്കില്‍ 41 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതില്‍ 17ഉം വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയുമാണ്.
സമരഭൂമിയിലെ ആദിവാസികളെ ഒഴുപ്പിക്കാന്‍ അനുവദിക്കില്ല: എകെഎസ്
കല്‍പ്പറ്റ: സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവെച്ച ഭൂപ്രമാണിയായ എംഎല്‍എയെ ഒഴുപ്പിക്കാന്‍ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥര്‍ പ്രസ്തുത ഭൂമിയില്‍ അവകാശം സ്ഥാപിച്ച ആദിവാസികളെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് എകെഎസ് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. കൃഷ്ണഗിരി സമരഭൂമിയെ സംരക്ഷിക്കാന്‍ ജില്ലയിലെ ആദിവാസികള്‍ഒറ്റക്കെട്ടായി മുന്നോട്ടുവരും. സമരത്തിന്ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച മുതല്‍ കൃഷ്ണഗിരിസമര ഭൂമിയില്‍ ആദിവാസി സംരക്ഷണ വലയം സൃഷ്ടിക്കും. സംരക്ഷണ വലയത്തിന് മുഴുവന്‍ തൊഴിലാളി -കര്‍ഷക പിന്തുണ ഉണ്ടാകണമെന്നും എകെഎസ്അഭ്യര്‍ഥിച്ചു. ഭൂമാഫിയക്ക് വേണ്ടി കൃഷ്ണഗിരിയില്‍ അവകാശം സ്ഥാപിച്ച 32 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരും. ബഹുജനങ്ങളുടെ പിന്തുണയോടെയാണ് ആദിവാസികള്‍ കുടില്‍കെട്ടിയിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷകരായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ ഇത്രയും കാലം സര്‍ക്കാര്‍ ഭൂമി ശ്രേയാംസ്കുമാര്‍ കൈയേറി ആദായങ്ങള്‍ എടുക്കുമ്പോള്‍ എവിടെയാണെന്ന് വ്യക്തമാക്കണം. സര്‍ക്കര്‍ ഭൂമി കൈയേറുന്നതിന് ശ്രേയാംസ്കുമാറിന് എല്ലാവിധ ഒത്താശയും ചെയ്ത ഉദ്യോഗസ്ഥരെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ആദിവാസികളെ അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ല. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ബഹുജനങ്ങളെ അണിനിരത്തി ഒഴിപ്പിക്കല്‍ നീക്കം തടയുമെന്നും എകെഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ശ്രേയാംസിന്റെ ആരോപണം അടിസ്ഥാന രഹിതം: കൃഷ്ണപ്രസാദ്
കല്‍പ്പറ്റ: മുന്‍ എംഎല്‍എ പി വി വര്‍ഗീസ് വൈദ്യരും ഞാനും അനധികൃതമായി ഭൂമി കൈവശം വെക്കുന്നുവെന്ന എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പി കൃഷ്ണപ്രസാദ് എംഎല്‍എ പ്രസ്താവനയില്‍ അറിയിച്ചു. റവന്യുഭൂമി നിയമ വിരുദ്ധമായി കൈവശം വെച്ചതായി സ്വയം സമ്മതിച്ച ശ്രേയാംസ്കുമാര്‍ എംഎല്‍എയാണ് സമാനമായ ഭൂമി പി വി വര്‍ഗീസ് വൈദ്യരും ബത്തേരി എംഎല്‍എയായ ഞാനും എന്റെ സഹോദരനും കൈവശം വെക്കുന്നതായി ആക്ഷേപിച്ചത്. ഇത് ദൌര്‍ഭാഗ്യകരവും വസ്തുതാവിരുദ്ധവുമാണ്. വര്‍ഗീസ് വൈദ്യര്‍ക്കും എനിക്കുമെതിരെ ഇതേവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത ആരോപണമാണിത്. പ്രസ്തുത ആരോപണം തെളിയിച്ചാല്‍ നീരുപാധികം അധികഭൂമി സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ സന്നദ്ധമാണ്. വര്‍ഗീസ് വൈദ്യരോ ഞാനോ എന്റെ സഹോദരനോ നിയമവിരുദ്ധമായി യാതൊരു ഭൂമിയും കൈവശം വെക്കുന്നില്ല. ഈ സാഹചര്യത്തില്‍ വ്യാജ പ്രസ്താവന നടത്താന്‍ ശ്രേയാംസ്കുമാര്‍ തയ്യാറായത് ധാര്‍മികമായി തെറ്റാണ്. പ്രസ്തുത ആരോപണം പിന്‍വലിക്കാനും ഖേദം പ്രകടിപ്പിക്കാനും ശ്രേയാംസ്കുമാര്‍ തയ്യാറാകണമെന്ന് കൃഷ്ണപ്രസാദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൃഷ്ണഗിരിയില്‍ 57 കുടുംബങ്ങള്‍ അവകാശം സ്ഥാപിച്ചു
കൃഷ്ണഗിരി: എം വി ശ്രേയാംസ്കുമാര്‍ കൈയേറി കൈവശം വെച്ച സര്‍ക്കാര്‍ ഭൂമിയില്‍ 57 ആദിവാസി കുടുംബങ്ങള്‍ അവകാശം സ്ഥാപിച്ചു. ശനിയാഴ്ച 32 കുടുംബങ്ങളാണ് കുടില്‍ കെട്ടി താമസം തുടങ്ങിയത്. ഞായാറാഴ്ച വൈകിട്ടോടെ 57 കുടിലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇവര്‍ ഭക്ഷണം പാകം ചെയ്യുന്നതും അന്തിയുറങ്ങുന്നതും കുടിലുകളില്‍ തന്നെയാണ്. തിങ്കളാഴ്ച കൂടുതല്‍ ആദിവാസികള്‍ എത്തുന്നതോടെ സമരം ശക്തമാകും. സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ വര്‍ഗ- ബഹുജന സംഘടന നേതാക്കളും പ്രവര്‍ത്തകരുമായി നൂറുകണക്കിനാളുകള്‍ സമര കേന്ദ്രത്തിലെത്തി. വൈകീട്ട് പ്രകടനവും നടന്നു. കെ ശശാങ്കന്‍, സി കെ സഹദേവന്‍, പി യു കോര, പി ടി ഉലഹന്നാന്‍, കോടതി അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രാഷ്ട്രീയ പകപോക്കലെന്ന് കെ കെ ഹംസ
കല്‍പ്പറ്റ: എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ കൈവശ ഭൂമി കൈയേറിയ സിപിഐ എം നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് വിമത ജനതാദള്‍ സംസ്ഥാന സെക്രട്ടറി കെ കെ ഹംസ പ്രസ്താവനയില്‍ പറഞ്ഞു. ഭൂമികള്‍ പിടിച്ചെടുത്ത് വിതരണം ചെയ്യാന്‍ ആരും സിപിഐ എമ്മിനെ ഏല്‍പിച്ചിട്ടില്ല. അതിനാല്‍ സിപിഐ എമ്മിന് രേഖകള്‍ കാണിക്കണമെന്ന് പറയുന്നത് പരിഹാസ്യമാണ്.
ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയെന്ന് ഷാനവാസ്
കല്‍പ്പറ്റ: എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എയുടെ കാപ്പിത്തോട്ടത്തില്‍ സി പി എമ്മുകാര്‍ കൈയേറി കുടില്‍ കെട്ടി അധികാരം സ്ഥാപിച്ചത് ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് എം ഐ ഷാനവാസ് എംപി പറഞ്ഞു. 1972-ലെ ഭാഗപത്ര പ്രകാരം അച്ഛന്‍ എം പി വീരേന്ദ്രകുമാറില്‍ നിന്ന് കൈവശം ലഭിച്ച കൃഷ്ണഗിരി വില്ലേജിലെ 14 എക്കര്‍ ഭൂമിയില്‍ ആദിവാസികളെ മുന്നില്‍ നിര്‍ത്തി സി പി എം കൈയേറിയത് അധികാരം കൈയിലുള്ളതിന്റെ ഹുങ്കാണ്. മൂന്ന് തലമുറയായി കൈവശം വച്ച് കൃഷി ചെയ്യുന്ന ഭൂമി സംബന്ധിച്ച് പരാതി സി പി എമ്മിനുണ്ടെങ്കില്‍ നാട്ടില്‍ നിലനില്‍ക്കുന്ന നിയമ സംവിധാനം ഉപയോഗിച്ച് നേരിടുകയാണ് വേണ്ടതെന്നും ഷാനവാസ് പറഞ്ഞു.
എകെഎസ് സമരത്തിന് ഭൂസമര സമിതിയുടെ പിന്തുണ
കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ എം വി ശ്രോയംസ്കുമാര്‍ എംഎല്‍എ നിയമവിരുദ്ധമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ എകെഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ഭൂസമര സമിതി ജില്ലാകമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ഈ ഭൂമിയില്‍ ഭൂസമര സമിതി അവകാശം സ്ഥാപിച്ചെങ്കിലും ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. ജില്ലയില്‍ കുത്തകകളും ചില രാഷ്ട്രീയ നേതാക്കളും അനധികൃതമായി കൈവശം വെക്കുന്ന മുഴുവന്‍ ഭൂമിയും തിരിച്ച്പിടിച്ച് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. രാജന്‍ പൂമല അധ്യക്ഷനായി. ടി വി രാമചന്ദ്രന്‍, വി ജെ ഷാജന്‍, എം കെ ഷിബു, ഉഷ എന്നിവര്‍ സംസാരിച്ചു.
വീരന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത് വ്യാജരേഖ ചമച്ച്
കല്‍പ്പറ്റ: ആദിവാസികള്‍ക്ക് പതിച്ച് കൊടുക്കേണ്ടതെന്ന് കോടതി ഉത്തരവിട്ട സര്‍ക്കാര്‍ ഭൂമി എം പി വീരേന്ദ്രകുമാര്‍ കൈയേറിയത് വ്യാജ രേഖയുണ്ടാക്കി. മകന്‍ എം വി ശ്രേയാംസ്കുമാറിന്റെ പേരിലാണ് കൃഷ്ണഗിരി വില്ലേജിലെ സര്‍വേ നമ്പര്‍ 701/3 ല്‍പ്പെട്ട 16.75 ഏക്കര്‍ റവന്യൂ ഭൂമി കൃത്രിമ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയത്. വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി കൈയേറിയെന്നതിന്റെ ഏറ്റവും വലിയ തെളിവ് 1983ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ്. ഈ സത്യവാങ്മൂലത്തില്‍ അച്ഛന്‍ പത്മപ്രഭ ഗൌഡറുടെ കൈവശമുണ്ടായിരുന്ന ഒരു സെന്റ് ഭൂമി പോലും വീരേന്ദ്രകുമാറിന് കൈമാറിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ താലൂക്ക് ലാന്റ് ബോര്‍ഡില്‍ വീരേന്ദ്രകുമാര്‍ കൊടുത്ത കുടുംബ സ്വത്തിന്റെ കണക്കില്‍ കൈയേറിയ ഭൂമിയുണ്ട്. അഴിമതി നിരോധന കമീഷന്മുമ്പാകെ വീരേന്ദ്രകുമാര്‍ ഹാജരാക്കിയത് സര്‍ക്കാര്‍ സത്യവാങ്മൂലമാണ്.
1958 മാര്‍ച്ചില്‍ വൈത്തിരി സബ്ബ്റജിസ്ട്രാര്‍ ഓഫീസില്‍ പത്മപ്രഭ ഗൌഡര്‍ രജിസ്റ്റര്‍ ചെയ്ത കുടുംബാധാരത്തിലെ ബി പട്ടികയില്‍ 21ാം ഇനമായി ഈ സ്വത്ത് എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ 1980 ഫെബ്രുവരി ഒന്നിന് രജിസ്റ്റര്‍ ചെയ്ത വീരേന്ദ്രകുമാറിന്റെ കുടുംബാധാര സ്വത്ത് വിവര പട്ടികയില്‍ ഒരിടുത്തും ഈ ഭൂമിയെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. ലാന്റ് ബോര്‍ഡിന് സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ 1972 ല്‍ മൈനറായ എം വി ശ്രേയാംസ്കുമാറിന്റെ പേരില്‍ ഈ സ്ഥലം കാണിച്ചിട്ടുണ്ട്. എണ്‍പതാകുമ്പോള്‍ കുടുംബസ്വത്തില്‍ നിന്ന് ഈ ഭൂമി അപ്രത്യക്ഷമാകുന്നത് വിചിത്രമാണ്.
1983ല്‍ സര്‍ക്കാര്‍ ഭൂമി വീരേന്ദ്രകുമാര്‍ വ്യാരേഖയുണ്ടാക്കി കൈവശപ്പെടുത്തി അവിടെയുള്ള മരം വിറ്റുവെന്ന് പറഞ്ഞ് എ എം മാത്യൂയെന്നയാള്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് വ്യാജരേഖയുണ്ടാക്കിയതിന്റെ തെളിവ്. ഇത് സംബന്ധിച്ച് മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി രാജന്‍ മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യാജരേഖ ചമച്ചാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയതെന്ന് വ്യക്തമാക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. പ്രധാനമന്ത്രിക്ക് രാജന്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്കേസ് എടുക്കാന്‍ പൊലീസ് നിബന്ധിതമായത്. എന്നാല്‍ മറ്റ് നടപടികള്‍ എടുക്കാതെ പൊലീസ രേഖകളെല്ലാം കലക്ടര്‍ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഈ രേഖകളെല്ലാം ഇപ്പാള്‍ വയനാട് കലക്ടറേറ്റിലുണ്ട്.
കുറ്റകരമായ പൊതു സ്വത്ത് ദുര്‍വിനിയോഗം, വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങളാണ് വീരനെതിരെ ഉന്നയിക്കപ്പെട്ടത്. ഈ കുറ്റങ്ങള്‍ക്ക് ഏഴുവര്‍ഷംവരെ കഠിന തടവിന് ശിക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പത്മപ്രഭ കൈയേറിയ റവന്യൂ ഭൂമി പട്ടിക നിരത്തി കാണിച്ചിട്ടുണ്ട്. ഈ പട്ടിക പ്രകാരം പത്മപ്രഭ 48 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലം സ്വന്തം പേരില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ളതില്‍ പതിനഞ്ച് ഏക്കര്‍ രണ്ടാം ഭാര്യക്കും 60 ഏക്കര്‍ വീരേന്ദ്രകുമാറിന്റെ സഹോദരന്‍ എം പി ചന്ദ്രനാഥിനും ഭാഗംവെച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അച്ഛന്‍ കൈവശംവെച്ച സര്‍ക്കാര്‍ ഭൂമി വീരന്‍ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചാണ് പിന്നീട് തട്ടിയെടുത്തത്. ഈ ഭൂമി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കിപ്പിച്ചു. ഏഴ് തൊഴിലാളികളുടെ പേരിലാണ് സര്‍ക്കാര്‍ ഭൂമി പതിച്ച് വാങ്ങിയത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇവര്‍ക്കാടക്കിയതും ദുരൂഹമാണ്. ഭൂമി പതിച്ച് കിട്ടുമ്പോള്‍ ഇവര്‍ക്കുള്ള പ്രയം ഇരുപത്തഞ്ച് വയസ് മാത്രമാണ്. പത്മപ്രഭയുടെ ഭാഗാധാര പ്രകാരം മകന്‍ വീരേന്ദ്രകുമാറിന് ഒരു സെന്റ് സ്ഥലം വെച്ചിട്ടില്ലെന്ന് പറയുന്നുണ്ട്. പിന്നീട് പേരമകനായ ശ്രേയാംസ്കുമാറിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമി എത്തിയത് എങ്ങിനെയെന്ന് വീരന്‍ വ്യക്തമാക്കണം. അന്ന് ജനിക്കാത്ത മകന്‍ എങ്ങിനെ കൈയേറ്റക്കാനായെന്നാണ് വീരന്റെ ചോദ്യം. ജനിക്കാന്‍ പോകുന്ന പേരമകന് സര്‍ക്കാരിന്റെ ഭൂമി മുത്തച്ഛന്‍ എഴുതിവെച്ചതാണോ. അല്ലെങ്കില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറിയതാണോ. ഭൂപരിഷ്ക്കണത്തിന്റെ മറവില്‍ വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന് വ്യക്തം.
ആദിവാസികള്‍ അവകാശം സ്ഥാപിച്ചത് ആരുടെയും കുടുംബ സ്വത്തിലല്ല: സി കെ ശശീന്ദ്രന്‍
കൃഷ്ണഗിരി: ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ കോടതി ഉത്തരവിട്ട ഭൂമി സ്വമേധയ ഒഴിഞ്ഞ് കൊടുക്കാന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ തയ്യാറാകണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കോടതിയും സര്‍ക്കാരും ഇത് ശ്രേയാംസ്കുമാറിന്റെ ഭൂമിയല്ലെന്ന് വ്യക്തമാക്കിയതാണ്. കൃഷ്ണഗിരിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ച ഭൂമിയില്‍ കുടില്‍ കെട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശീന്ദ്രന്‍. സര്‍ക്കാരിന്റെ ഭൂമി തിരിച്ച്പിടിച്ച് ആദിവാസികള്‍ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞിട്ടും കേള്‍ക്കാത്ത ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ആദിവാസികള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയില്‍ അവകാശം സ്ഥാപിച്ചത്. ഇത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. ഒരു നിയമസഭാംഗം തന്നെ ഇവിടെ നിയമം ലംഘിച്ചിരിക്കയാണ്. ആരുടെയും കുടുംബ സ്വത്തിലല്ല ആദിവാസികള്‍ കുടില്‍ കെട്ടിയിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമിയിലാണ് അവര്‍ പ്രവേശിച്ചിട്ടുള്ളത്. ആദിവാസികളെ ഇറക്കിവിടാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഇവിടെ അവകാശം സ്ഥാപിച്ച കുടുംബങ്ങള്‍ 32 കുടുംബങ്ങളും എല്ലാവെല്ലുവിളികളെയും നേരിട്ട് ഈ ഭൂമിയില്‍ ജീവിക്കും. ജില്ലയില്‍പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി കൊടുക്കാനുണ്ട്. 2000 കുടുംബങ്ങള്‍ക്ക് ഭൂമി കൊടുക്കാനുള്ള 50 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. മിച്ചഭൂമി, റവന്യൂ ഭൂമി, തോട്ടങ്ങളിലെ അധികഭൂമി എന്നിവ പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കണമെന്നും സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
ആദിവാസി ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്ന സമരത്തില്‍ എകെഎസ് ജില്ലാപ്രസിഡന്റ് സീതബാലന്‍ അധ്യക്ഷയായി. കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് സി കെ സഹദേവന്‍, സിപിഐ എം ബത്തേരി ഏരിയസെക്രട്ടറി കെ ശശാങ്കന്‍, കല്‍പ്പറ്റ എരിസെക്രട്ടറി എം ഡി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. എകെഎസ് ജില്ലാസെക്രട്ടറി പി വാസുദേവന്‍ സ്വാതം പറഞ്ഞു. പി ടി ഉലഹന്നാന്‍, പി യു കോര, കെ ഷമീര്‍, ബാലകൃഷ്ണന്‍, പൈതല്‍, രതീഷ്, സുധാകരന്‍, കെ കെ അച്ചപ്പന്‍, എ സി ശശീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ഗ- ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. 32 കുടുംബങ്ങളാണ് ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചിട്ടുള്ളത്. ഒരോ കുടുംബത്തിനും അരയേക്കര്‍ ഭൂമി അളന്ന് വേര്‍തിരിച്ചിട്ടുണ്ട്. ബത്തേരി താലൂക്കിലെ വിവിധ കോളനികളിലെ പണിയ, കുറുമ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇവിടെ കുടില്‍കെട്ടിയിട്ടുള്ളത്. ശനിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെ എകെഎസിന്റെ നേതൃത്വത്തില്‍ പ്രകടനമായി വന്നാണ് ഭൂമിയില്‍ അവകാശം സ്ഥാപിച്ചത്. തോട്ടത്തിലെ ചില തൊഴിലാളികളും ഗുണ്ടകളും ഇവരെ നേരിടാന്‍ എത്തിയിരുന്നു.എന്നാല്‍ ആദിവാസികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ ഇവര്‍ക്ക് പിന്തിരിയേണ്ടി വന്നു. ശ്രേയാംസ്കുമാറിന്റെ കൈയേറ്റത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
കൈയേറ്റ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണം
കല്‍പ്പറ്റ: ജില്ലയില്‍ എം പി വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാറും ഉള്‍പ്പെടെ വന്‍കിടക്കാര്‍ കൈയേറിയ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് സിപിഐ എംഎല്‍ ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. കൃഷ്ണഗിരിയില്‍ അവകാശം സ്ഥാപിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് താമസത്തിനൊപ്പം കൃഷിചെയ്യാന്‍ ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കമ്മിറ്റി പത്രകുറിപ്പില്‍ പറഞ്ഞു.
സ്വാഗതാര്‍ഹം: പി ആര്‍ ബാലകൃഷ്ണന്‍
കല്‍പ്പറ്റ: എം വി ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശം വെക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചതിനെ ബിജെപി ദേശീയ കൌസില്‍ അംഗവും മുന്‍ ജില്ലാപ്രസിഡന്റുമായ അഡ്വ. പി ആര്‍ ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തു. കോടതി ഉത്തരവിട്ടിട്ടും ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ ജില്ലാഭരണകൂടം നടപടി സ്വീകരിച്ചിരുന്നില്ല. അതിനാലാണ് ആദിവാസികള്‍ക്ക് ഭൂമിയില്‍ പ്രവേശിക്കേണ്ടി വന്നതെന്ന് ബാലൃഷ്ണന്‍ പറഞ്ഞു. ജന പ്രതിനിധികള്‍ സര്‍ക്കാര്‍ സ്വത്ത് കൈവശം വെക്കുന്നത് നീതി രഹിതമാണ്. ഇത് സംബന്ധിച്ച പ്രശ്നങ്ങളില്‍ മുഖം നോക്കാതെ കോടതിയെ സമീപിക്കും. കൈവശം വെച്ചിരിക്കുന്നത് റവന്യുഭുമിയാണെന്ന് മനസ്സിലായപ്പോഴെങ്കിലും അതില്‍ നിന്ന് പിന്മാറി മാതൃകയാകനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ച കൃഷ്ണഗിരി വില്ലേജിലെ റവന്യു ഭുമി എകെഎസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത നടപടി ശ്ളാഘനീയമാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്. പി എസ് സുബ്രഹ്മണ്യന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാഭരണ കുടത്തിന്റെ കെടുകാര്യസ്ഥതക്ക് കിട്ടിയ വലിയൊരു ശിക്ഷയാണിത്. ജനപ്രതിനിധികള്‍ അനധികൃത മാര്‍ഗ്ഗത്തില്‍ സ്വത്തുക്കള്‍ കൈവശം വെക്കുന്നതും അതിലെ കുഴികൂറുകള്‍ അനുഭവിക്കുന്നതും ഭുഷണമല്ല.
പ്രതിഷേധ പ്രകടനവും പൊതുയോഗവും
മേപ്പാടി: ഹരിസമലയാളം എസ്റ്റേറ്റില്‍ പ്രവേശിക്കുന്നതില്‍ സിഐടിയു നേതാക്കളെ വിലക്കിയതില്‍ പ്രതിഷേധിച്ച് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി പ്രഭാകരന്‍ അധ്യക്ഷനായി. പി കുഞ്ഞിക്കണ്ണന്‍, കെ സെയ്തലവി എന്നിവര്‍ സംസാരിച്ചു. യു കരുണന്‍ സ്വാഗതവും കെ എസ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. എം കെ മൊയ്തു, ഇ എ സുബ്രഹ്മണ്യന്‍, കെ ശാന്ത എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളാരംകുന്നിലെ 67 ഏക്കറില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചു
കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ 67 ഏക്കറോളം മിച്ചഭൂമിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചു. ഏകെഎസ്സിന്റെ നേതൃത്വത്തില്‍ മുന്നുറോളം പേരാണ് തിങ്കളാഴ്ച 11 മണിയോടെ ഇവിടെ കടന്ന് അവകാശം സ്ഥാപിച്ചത്. സമരം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് പോത്തനും സഹോദരങ്ങളും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണിത്.
കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം 080210
ഏതായാലും ചെങ്ങറയില്‍ ഹാരിസണ്‍ ടീം വയനാട്ടില്‍ ഇങ്ങനെയൊരു നാടകം കളിക്കുന്നതു നല്ലതുതന്നെ.
ReplyDelete