Sunday, February 21, 2010

വിലക്കയറ്റം സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാര്‍

"നല്ല കാലം വരപ്പോകിറ്ത്'' എന്ന് കാണികളെ ആശ്വസിപ്പിക്കുന്ന, ഉള്‍നാടന്‍ പൊറാട്ടു നാടകത്തിലെ "കുടുകുടുപ്പാണ്ടി'' എന്ന വിദൂഷകന്റെ വിഡ്ഢിവേഷം കെട്ടിയ നമ്മുടെ പ്രധാനമന്ത്രി, വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനുശേഷം പത്രക്കാരോട് പറഞ്ഞത്, ഭക്ഷ്യ വിലക്കയറ്റത്തിന്റെ രംഗത്തെ കഷ്ടകാലം കഴിഞ്ഞു, നല്ല വിളവെടുപ്പ് വരുന്നു, ഉടന്‍ വില സ്ഥിരതയുണ്ടാകും എന്നാണ്. രൂക്ഷമായ ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെ ചീത്തക്കാലം ഉണ്ടായിരുന്നുവെന്ന് ഇപ്പോഴെങ്കിലും തുറന്നു സമ്മതിക്കുന്ന പ്രധാനമന്ത്രി, അതു തടയാനുള്ള നടപടികള്‍ ഇത്രനാളും കൈക്കൊള്ളാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥനാണ്. അതെന്തായാലും നല്ല കാലം വരാന്‍ തുടങ്ങിയപ്പോഴെങ്കിലും 24 മുഖ്യമന്ത്രിമാരുടെയും 9 ഗവര്‍ണര്‍മാരുടെയും മറ്റ് ഭരണത്തലവന്മാരുടെയും കേന്ദ്ര ഭക്ഷ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റുമടങ്ങുന്ന ഉന്നത സമിതിയുടെയും സമ്മേളനം വിളിച്ചു കൂട്ടാന്‍ അദ്ദേഹം സൌമനസ്യം കാണിച്ചുവല്ലോ.

ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ കഷ്ടകാലം കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി സമാശ്വസിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ഭക്ഷ്യധാന്യ വിലക്കയറ്റം സഹിക്കേണ്ടി വരുന്ന മൂന്നു രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭക്ഷ്യധാന്യ വിലകള്‍ 18 ശതമാനം കണ്ടാണ് വര്‍ധിച്ചത്. പെട്രോളിന്റെ വില ലിറ്ററിന് 4 രൂപ കണ്ട് വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ്, ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ടിവിയില്‍ കേട്ടത്. ചരക്കുകടത്തിനുള്ള ഇന്ധനമെന്നതിന് പുറമെ, 35000ല്‍പരം ഉല്‍പന്നങ്ങളുടെ അസംസ്കൃത വസ്തു കൂടിയായ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഇങ്ങനെ കുത്തനെ കൂട്ടിയാല്‍ അവശ്യസാധനങ്ങളുടെ പൊതുവിലും, ഭക്ഷ്യധാന്യങ്ങളുടെ പ്രത്യേകിച്ചും വിലയില്‍ അതു വരുത്തുന്ന വര്‍ധന ഊഹാതീതമായിരിക്കും.

വിലക്കയറ്റം ഇത്ര ഭയാനകമായിത്തീരുകയും രാജ്യം പൊട്ടിത്തെറിയുടെ വക്കത്തെത്തിയിരിക്കുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തപ്പോഴാണ്, വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഫെബ്രുവരി 6ന് മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന കുറ്റകരമായ അലംഭാവത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍പോലും യോഗത്തില്‍ തുറന്ന് എതിര്‍ത്തതിനെ തുടര്‍ന്നാണ് പ്രശ്നം വിലയിരുത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി ഒരു ഉന്നതതല സ്റ്റാന്റിങ് കോര്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ പ്രധാനമന്ത്രി ഔദാര്യം കാണിച്ചത്. ഈ കോര്‍ ഗ്രൂപ്പിനെ ഏല്‍പിച്ച ചുമതല കണ്ടാല്‍ അറിയാം, എത്ര ലാഘവ ബുദ്ധിയോടെയാണ്, കുറ്റകരമായിട്ടാണ് കേന്ദ്ര ഗവണ്‍മെന്റ് ഇത്ര നാളും പ്രശ്നം കൈകാര്യം ചെയ്തിരുന്നതെന്ന്. പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുക, ഭക്ഷ്യധാന്യസംഭരണം മെച്ചപ്പെടുത്തുക, ഭക്ഷ്യധാന്യ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുക, തുടര്‍ച്ചയായ ഭക്ഷ്യധാന്യ ഉല്‍പാദന വളര്‍ച്ച കൈവരിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുക, കൃഷിക്കാര്‍ക്ക് കിട്ടുന്ന വിലയും ഉപഭോക്താവ് നല്‍കേണ്ടി വരുന്ന വിലയും തമ്മിലുള്ള ഭീമമായ അന്തരം കുറയ്ക്കുക, അവശ്യ വസ്തുക്കളെ സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണത്രെ പുതിയ കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ഈ വക കാര്യങ്ങളിലൊന്നിലും കേന്ദ്ര ഗവണ്‍മെന്റിന് വ്യക്തമായ നയമോ ധാരണയോ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ അവരുടെ നയങ്ങളും നടപടികളും ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് എതിരായിരുന്നു, വിലക്കയറ്റം വിളിച്ചു വരുത്തുന്നതായിരുന്നു എന്ന് തുറന്നു സമ്മതിക്കലല്ലേ ഇത്? പതിമൂന്നാം മണിക്കൂറില്‍ രൂപീകരിക്കപ്പെട്ട ഈ കോര്‍ കമ്മിറ്റി, യോഗം ചേര്‍ന്ന്, ചര്‍ച്ച നടത്തി, ശുപാര്‍ശ സമര്‍പ്പിച്ച്, അത് സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കി വരുമ്പോഴേക്ക് കാലം ഏറെ പിടിക്കും. അവരുടെ ശുപാര്‍ശകള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉതകുമോ, ഉതകുമെങ്കില്‍ത്തന്നെ ആ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമോ, അംഗീകരിച്ചാലും നടപ്പാക്കുമോ എന്നതൊക്കെ മറ്റൊരു കാര്യം. ജനക്ഷേമകരമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇല്ലാത്തതുകൊണ്ടല്ലല്ലോ, ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വന്നത്.

വിലക്കയറ്റം തടയാനുള്ള വഴികളൊന്നും പാവം മന്‍മോഹന്‍ സിങ്ങിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ അദ്ദേഹം ഊഹിച്ചു പറയുന്നുണ്ട്. അക്കാര്യത്തില്‍ കുറ്റം മുഴുവന്‍ കേന്ദ്ര ഗവണ്‍മെന്റിന്റേതാണെങ്കിലും സംസ്ഥാന ഗവണ്‍മെന്റുകളെ കുറ്റപ്പെടുത്താനായിരുന്നു പ്രധാനമന്ത്രിക്ക് വ്യഗ്രത.

കൃഷിക്കാര്‍ക്ക് നല്‍കി വരുന്ന മിനിമം താങ്ങുവില വര്‍ധിപ്പിക്കേണ്ടി വന്നു; ചില ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ ഉല്‍പാദനം കുറഞ്ഞു; അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധിച്ചു; "ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വര്‍ധിച്ചതുകാരണം'' ചോദനം വര്‍ധിച്ചു; രാജ്യത്ത് പണ ലഭ്യത വര്‍ധിച്ചു; വിലക്കയറ്റം ചാക്രികമാണ്; 1998ല്‍ ഇതുപോലെ വിലക്കയറ്റം ഉണ്ടായി; കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിന്റെ കാര്യത്തില്‍ "കാര്യക്ഷമത'' ഇല്ലാതെ വന്നു; ഇടത്തട്ടുകാരുടെ ലാഭവും ചെലവും വര്‍ധിച്ചു; പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപടികള്‍ കൈക്കൊള്ളുന്നില്ല, സംസ്ഥാനങ്ങളിലെ പൊതുവിതരണ സംവിധാനം ഫലപ്രദമല്ല - അങ്ങനെ പോകുന്നു കാരണങ്ങള്‍.

എന്നുവെച്ചാല്‍ കുറെ കാരണങ്ങള്‍ സംഭവിച്ചത് സംസ്ഥാനങ്ങളുടെ കുറ്റം കൊണ്ടാണ്; മറ്റ് ചിലത് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം കൊണ്ടാണ്; കുറെയൊക്കെ സ്വാഭാവികമാണ്; മറ്റു ചിലത് ആഭ്യന്തര വ്യവസ്ഥയിലെ കുഴപ്പമാണ് - ചുരുക്കത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റേയോ കോണ്‍ഗ്രസ്സിന്റെയോ കുറ്റമോ തെറ്റായ നയമോ കൊണ്ടല്ല ഭക്ഷ്യധാന്യ വിലക്കയറ്റം ഇങ്ങനെ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തിന് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കില്‍, അത് ഭക്ഷ്യമന്ത്രി ശരത്പവാറിനാണ്.

ഒടുവില്‍ കൃഷിക്കാരന് ലഭിക്കുന്ന വിലയും ഉപഭോക്താവ് കൊടുക്കേണ്ടി വരുന്ന വിലയും തമ്മിലുള്ള ഭീമമായ അന്തരം കുറയ്ക്കുന്നതിനും ഇടത്തട്ടുകാരുടെ ചെലവ് (അഥവാ ചൂഷണം) കുറയ്ക്കുന്നതിനും പറ്റിയ ഒരു പോംവഴി പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്നുമുണ്ട്: "വിപണിയില്‍ കൂടുതല്‍ മല്‍സരം വേണം; അതുകൊണ്ട് ചെറുകിട കച്ചവടം തുറന്നുകൊടുക്കണം''.

ചെറുകിട കച്ചവട രംഗം തുറന്നുകൊടുക്കേണ്ടത് വിദേശ കുത്തകകള്‍ക്കാണ് എന്ന് അദ്ദേഹം വ്യക്തമായി തുറന്നു പറഞ്ഞിട്ടില്ലെങ്കിലും അമേരിക്കന്‍ സര്‍ക്കാരിന്റെയും കൂറ്റന്‍ കുത്തകകളുടെയും ലോക ബാങ്കിന്റെയും അക്രീതദാസനായ മന്‍മോഹന്‍ സിങ്ങിന്റെ മനസ്സിലിരിപ്പ് എന്താണെന്നറിയാന്‍ സുവര്‍ണക്ഷേത്രം വരെ പോകേണ്ട ആവശ്യമില്ലല്ലോ. വാള്‍മാര്‍ട്ട്, പെസ്കോ തുടങ്ങിയ കൂറ്റന്‍ വിദേശ കുത്തകകളെ ഇന്ത്യയിലെ ചില്ലറ വില്‍പ്പന രംഗത്തേക്ക് ഇറക്കിവിട്ടാല്‍ സംഭവിക്കുന്ന ആപത്തിനെക്കുറിച്ച് പറയേണ്ടതില്ല. അവരുമായി കൂട്ടുകൂടുന്ന നാടന്‍ കുത്തകകളുടെ സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും നടത്തുന്ന ചൂഷണത്തില്‍പ്പെട്ട് ഒരേസമയം നട്ടംതിരിയുന്ന കൃഷിക്കാരന്റെയും ഉപഭോക്താവിന്റെയും ദുരിതങ്ങള്‍ ഇന്ത്യ ഇപ്പോഴേ അനുഭവിക്കുന്നുണ്ട്. അത് ശതഗുണീഭവിക്കാനേ വഴിയുള്ളൂ.

ഇങ്ങനെ കുറ്റമെല്ലാം മറ്റുള്ളവരുടെ തലയില്‍ ചാരി രക്ഷപ്പെടുന്ന പ്രധാനമന്ത്രി, രണ്ടു പോംവഴികളാണ് വിലക്കയറ്റം തടയാന്‍ മുന്നോട്ടുവെയ്ക്കുന്നത്. ഒന്നാമത്തേത് ഇറക്കുമതി, രണ്ടാമത്തേത് ഉല്‍പാദനം വര്‍ധിപ്പിക്കല്‍. രണ്ടും തല്‍ക്കാലം പ്രായോഗികമല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യാമെന്നുവെച്ചാല്‍ അന്താരാഷ്ട്രതലത്തിലും ഉയര്‍ന്ന വില തന്നെയാണ്. മാത്രമല്ല ഇറക്കുമതിക്ക് ആവശ്യമായ വ്യാപാരമിച്ചവും ഇല്ല. അതുകൊണ്ട് ഇറക്കുമതി വഴി വിലക്കയറ്റം കുറയ്ക്കാനാവില്ല. ഉല്‍പാദനം വര്‍ധിപ്പിച്ച് വില കുറയ്ക്കാമെന്നുവെച്ചാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്‍ഷികമേഖലയെ കേന്ദ്ര ഗവണ്‍മെന്റ് അവഗണിച്ചുകൊണ്ടിരിക്കുകയാണ്. പാപ്പരായി ആത്മഹത്യ നടത്തുന്ന കൃഷിക്കാരെ രക്ഷിച്ച്, അവര്‍ക്ക് ഉത്തേജനം നല്‍കി, ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കാലമേറെ വേണ്ടിവരും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ സമൂലമായ മാറ്റം വരുത്തേണ്ടിവരും; വമ്പിച്ച പൊതുനിക്ഷേപം വേണ്ടിവരും. പുത്തന്‍ ഉദാരവല്‍ക്കരണ നയം പിന്തുടരുന്ന മന്‍മോഹന്‍ സിങ്ങിന്റെ വാദം, നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ കഴിവതും പിന്‍വാങ്ങണം, സ്വകാര്യമേഖലയ്ക്ക് കളംവിട്ടു കൊടുക്കണം എന്നാണ്. കുത്തകാനുകൂലമായ ആ നയം മാറ്റാതെ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അടുത്തൊന്നും കഴിയില്ല.

ഇറക്കുമതി ചെയ്തോ ഉല്‍പാദനം വര്‍ധിപ്പിച്ചോ ഭക്ഷ്യധാന്യ ലഭ്യത ഉയര്‍ത്തി എന്നു തന്നെ വെയ്ക്കുക. അതു വിതരണം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ സംവിധാനം ആകെ തകര്‍ന്നു കിടക്കുകയാണ്. പൊതുവിതരണ ശൃംഖല തകര്‍ത്തത് കേന്ദ്ര ഗവണ്‍മെന്റ് തന്നെയാണ്. അതുകൊണ്ട് ഭക്ഷ്യധാന്യം എങ്ങനെയെങ്കിലും കിട്ടിയാല്‍ത്തന്നെ, അത് ഫലപ്രദമായി വിതരണം ചെയ്യാന്‍ കഴിയില്ല. സ്വകാര്യ കച്ചവടക്കാരെ ഏല്‍പിക്കുകയേ വഴിയുള്ളൂ. അവരത് പൂഴ്ത്തിവെയ്ക്കുകയും വിലക്കയറ്റം വീണ്ടും വര്‍ധിപ്പിക്കുകയും ചെയ്യും. കേന്ദ്ര ഗവണ്‍മെന്റ് കാഴ്ചക്കാരനായി നോക്കി നില്‍ക്കുകയും ചെയ്യും.

ഭക്ഷ്യസബ്സിഡി ക്രമേണ കുറച്ചുകൊണ്ടുവരികയും ബിപിഎല്‍ വിഭാഗത്തിനു മാത്രമായി റേഷന്‍ വിതരണം പരിമിതപ്പെടുത്തുകയും എപിഎല്‍ വിഭാഗത്തിനുള്ള ഭക്ഷ്യധാന്യത്തിന്റെ അളവ് 80 ശതമാനം കണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ട് പൊതുവിതരണസംവിധാനത്തെ തകര്‍ത്തത് കേന്ദ്ര ഗവണ്‍മെന്റാണ്. എന്നിട്ടും പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തേണ്ടത് സംസ്ഥാന ഗവണ്‍മെന്റുകളാണെന്ന് പ്രധാനമന്ത്രി വാദിക്കുന്നത് തനി വഞ്ചനയാണ്, വാദിയെ പ്രതിയാക്കുന്ന കള്ളക്കളികൊണ്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവില്ല. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍പോലും അതിനെ എതിര്‍ത്തത് ഓര്‍ക്കുക.

പൂഴ്ത്തിവെപ്പ് തടയാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നതാണ് പ്രധാനമന്ത്രിയുടെ മറ്റൊരു ആരോപണം. പ്രധാന ഭക്ഷ്യവിളകളിലേക്കെല്ലാം അവധി വ്യാപാരം വ്യാപിപ്പിച്ചും വ്യാപാരികള്‍ക്ക് കൈവശംവെയ്ക്കാവുന്ന ധാന്യത്തിന്റെ അളവില്‍ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞും എഫ്സിഐ ഗോഡൌണുകള്‍ സ്വകാര്യ വ്യാപാരികള്‍ക്ക് വാടകയ്ക്ക് കൊടുത്തും പൂഴ്ത്തിവെപ്പിനുള്ള എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുത്തത് കേന്ദ്ര ഗവണ്‍മെന്റാണ്. കരിഞ്ചന്തയും വിലക്കയറ്റവും അങ്ങനെ സൃഷ്ടിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം മുഴുവനും കേന്ദ്ര ഗവണ്‍മെന്റിനു തന്നെയാണ്. വ്യാപാരികള്‍ക്ക് സൂക്ഷിക്കാവുന്ന സ്റ്റോക്കിനുമേലുള്ള നിയന്ത്രണം എടുത്തുകളഞ്ഞാല്‍ പിന്നെ, പൂഴ്ത്തിവെച്ച ധാന്യം പിടിച്ചെടുക്കുന്നതെങ്ങനെയാണ്?

ഇന്ത്യയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയിലും അന്താരാഷ്ട്ര വിലക്കയറ്റത്തിന്റെയും ചാക്രിക വിലക്കയറ്റത്തിന്റെയും തലയിലും വെച്ചു കെട്ടുന്ന കോണ്‍ഗ്രസ്സും പ്രധാനമന്ത്രിയും, കോണ്‍ഗ്രസ്സുകാരനല്ലാത്ത കേന്ദ്ര ഭക്ഷ്യവകുപ്പു മന്ത്രിയുടെ തലയില്‍പ്പോലും അതിന്റെ ഉത്തരവാദിത്വം വെച്ചുകെട്ടാന്‍ മടിക്കുന്നില്ല. യഥാര്‍ഥത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേന്ദ്ര ഗവണ്‍മെന്റ് അനുവര്‍ത്തിച്ചുവരുന്ന പുത്തന്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളാണ് വിക്കയറ്റത്തിലെ വില്ലന്‍ എന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാനുള്ള ഈ ഞാണിന്മേല്‍ക്കളി കൊണ്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവില്ല. അത് കൂടുതല്‍ മൂര്‍ച്ഛിക്കുകയേയുള്ളൂ. കൂറ്റന്‍ ബഹുരാഷ്ട്രകുത്തകകള്‍ക്കുവേണ്ടി കൂത്താടുന്ന മന്‍മോഹന്‍സിങ്ങിന്റെ ശുഭാപ്തി വിശ്വാസം കുടുകുടുപ്പാണ്ടിയുടെ പൊറാട്ടുവേഷം മാത്രമായി പരിണമിക്കും.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 190210

1 comment:

  1. "നല്ല കാലം വരപ്പോകിറ്ത്'' എന്ന് കാണികളെ ആശ്വസിപ്പിക്കുന്ന, ഉള്‍നാടന്‍ പൊറാട്ടു നാടകത്തിലെ "കുടുകുടുപ്പാണ്ടി'' എന്ന വിദൂഷകന്റെ വിഡ്ഢിവേഷം കെട്ടിയ നമ്മുടെ പ്രധാനമന്ത്രി, വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനുശേഷം പത്രക്കാരോട് പറഞ്ഞത്, ഭക്ഷ്യ വിലക്കയറ്റത്തിന്റെ രംഗത്തെ കഷ്ടകാലം കഴിഞ്ഞു, നല്ല വിളവെടുപ്പ് വരുന്നു, ഉടന്‍ വില സ്ഥിരതയുണ്ടാകും എന്നാണ്. രൂക്ഷമായ ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെ ചീത്തക്കാലം ഉണ്ടായിരുന്നുവെന്ന് ഇപ്പോഴെങ്കിലും തുറന്നു സമ്മതിക്കുന്ന പ്രധാനമന്ത്രി, അതു തടയാനുള്ള നടപടികള്‍ ഇത്രനാളും കൈക്കൊള്ളാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥനാണ്. അതെന്തായാലും നല്ല കാലം വരാന്‍ തുടങ്ങിയപ്പോഴെങ്കിലും 24 മുഖ്യമന്ത്രിമാരുടെയും 9 ഗവര്‍ണര്‍മാരുടെയും മറ്റ് ഭരണത്തലവന്മാരുടെയും കേന്ദ്ര ഭക്ഷ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റുമടങ്ങുന്ന ഉന്നത സമിതിയുടെയും സമ്മേളനം വിളിച്ചു കൂട്ടാന്‍ അദ്ദേഹം സൌമനസ്യം കാണിച്ചുവല്ലോ.

    ReplyDelete