ഭൂമി കൈയേറ്റം സിപിഐ എം ചൂണ്ടിക്കാട്ടിയത് വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലുള്ളപ്പോള്‍
യുഡിഎഫില്‍ ചേക്കേറിയതിനാലാണ് വയനാട്ടില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചതെന്ന വാദം കൈയേറ്റക്കാരനെ സംരക്ഷിക്കാന്‍. എം പി വീര്രേന്ദ്രകുമാര്‍ എല്‍ഡിഎഫ് ഘടകകക്ഷിയായിരിക്കെ തന്നെ ശ്രേയാംസ്കുമാറിന്റെ ഭൂമി കൈയേറ്റം സിപിഐ എം പുറത്തുകൊണ്ടുവന്നിരുന്നു. വീരേന്ദ്രകുമാറും കുടുംബവും സര്‍ക്കാര്‍- ദേവസ്വം ഭൂമികള്‍ വ്യാപകമായി കൈയേറിയിട്ടുണ്ടെന്നും നടപടിയെടുക്കണമെന്നും ജനതാദള്‍ എല്‍ഡിഎഫ് ഘടകകക്ഷിയായിരുന്ന സമയത്തുതന്നെ സിപിഐ എം ആവശ്യപ്പെട്ടിട്ടുമുണ്ട്. മൂന്നാറിലെയും മറ്റും ഭൂമികൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച വേളയിലാണ് വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ വന്‍ ഭൂമി കൈയേറ്റത്തിന്റെ വിവരങ്ങള്‍ സിപിഐ എം വ്യക്തമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയേറ്റ ഭൂമി പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെയാണ് വീര്രേന്ദ്രകുമാര്‍ എല്‍ഡിഎഫ് വിട്ടത്. ലോകസഭാ തെരഞ്ഞെടുപ്പ് വേളയിലെ സീറ്റ് തര്‍ക്കം മുണണി വിടാനുള്ള നിമിത്തം മാത്രമായിരുന്നു. ആദര്‍ശത്തിന്റെ പേരിലല്ല, പകരം കൈയേറ്റ ഭൂമി സംരക്ഷിക്കാനാണ് വീരേന്ദ്രകുമാര്‍ യുഡിഎഫിലേക്ക് പോയത്.
കൈയേറ്റഭൂമി സര്‍ക്കാര്‍ ഒഴിപ്പിച്ചതിനെ രാഷ്ട്രീയ പകപോക്കലായും മുന്നണി വിട്ടതിന്റെ പ്രതികാരമായും ചിത്രീകരിക്കുന്നത് ബാലിശമാണ്. ഒരുതുണ്ട് ഭൂമിക്കായി വയനാട്ടിലെ പാവപ്പെട്ട ആദിവാസികള്‍ പോരാടുമ്പോള്‍ ശ്രേയാംസ്കുമാറിനെ പോലുള്ളവര്‍ വന്‍തോതില്‍ ഭൂമി കൈവശം വെക്കുന്നത് വേദനാജനകമാണെന്ന ഹൈക്കോടതി പരാമര്‍ശത്തോടെ പ്രശ്നം രാഷ്ട്രീയവത്കരിക്കാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞിട്ടുണ്ട്.
വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ കുടുംബമാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ഭൂമി കൈയേറിയതെന്ന് കണ്ടെത്തിയത് 2007ല്‍ 'ദേശാഭിമാനി' നടത്തിയ അന്വേഷണത്തിലാണ്. മൂന്നാര്‍ ഭൂമികൈയേറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. സര്‍ക്കാര്‍ രേഖകളും ഉത്തരവുകളും സഹിതമാണ് കൈയേറ്റ വാര്‍ത്തകളെല്ലാം ദേശാഭിമാനി പുറത്തു കൊണ്ടുവന്നത്. സത്യസന്ധമായ വാര്‍ത്തക്ക് നേരായ മറുപടിയില്ലാതെ വന്നതോടെ സിപിഐ എമ്മിനെയും ദേശാഭിമാനിയെയും വീരേന്ദ്രകുമാര്‍ പുലഭ്യം പറഞ്ഞു നടന്നു.
2007 മെയ്24നാണ് ദേശാഭിമാനി കൃഷ്ണഗിരിയില്‍ ശ്രേയാംസ്കുമാര്‍ സര്‍ക്കാര്‍ഭൂമി കൈയേറിയതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ സമയത്ത് അദ്ദേഹം ഉള്‍പ്പെടുന്ന ജനതാദള്‍ എല്‍ഡിഎഫിന്റെ ഭാഗമായിരുന്നു. വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയും ഭൂമികൈയേറ്റവും മറ്റും ഉള്‍പ്പെടുന്ന പരമ്പരയും ദേശാഭിമാനിയില്‍ വന്നിരുന്നു. കൈയേറ്റം ആദ്യം കണ്ടെത്തിയത് മുസ്ളിംലീഗ് നേതാവ് എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനാണ്. എന്നാല്‍ വീരേന്ദ്രകുമാറിന്റെ ഇടപെടല്‍ മൂലം ഇന്ത്യാവിഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പുറത്തുവിടാനായില്ല. ദേശാഭിമാനിയും കൈരളി ചാനലും ഒഴികെയുള്ള വാര്‍ത്താമാധ്യമങ്ങളെ പത്രവും രാഷ്ട്രീയ സ്വാധീനവും പ്രലോഭനങ്ങളും വഴി വശത്താക്കി. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനതാദള്‍ നേതാവുമായ ജോര്‍ജ് പോത്തന്‍ മിച്ചഭൂമി തട്ടിയതിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടത് സിപിഐ എമ്മായിരുന്നു. അന്ന് പോത്തന്‍ എല്‍ഡിഎഫിലായിരുന്നു. യുഡിഎഫിലെ ന്യൂനപക്ഷം മാത്രമാണ് പോത്തനെതിരെ പ്രതിഷേധമുയര്‍ത്തിയത്.
(പി സുരേശന്‍)
മനുഷ്യമതില്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം
മണ്ണില്‍ പണിയെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന ഭൂസമരം എട്ടാംദിനത്തിലേക്ക്. സമരത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂസമര സഹായസമിതി വെള്ളിയാഴ്ച മനുഷ്യമതില്‍ തീര്‍ത്തു. ആദിവാസികള്‍ അവകാശം സ്ഥാപിച്ച വെള്ളാരംകുന്ന് മിച്ചഭൂമിയിലും കൃഷ്ണഗിരിയിലുമാണ് മനുഷ്യമതില്‍ തീര്‍ത്തത്. ഭൂരഹിത ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭം യുഡിഎഫ് നേതൃത്വം കൈയേറ്റമായി തള്ളിപ്പറഞ്ഞിരുന്നു. ആദിവാസി ക്ഷേമസമിതിയുടെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിലാണ് വയനാട്ടിലെ ഭൂസമരം. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ ഫെബ്രുവരി ആറിന് ആദിവാസികള്‍ അവകാശം സ്ഥാപിച്ചാണ് സമരത്തിന് തുടക്കമിട്ടത്. ഏഴ് ദിവസം പിന്നിട്ടപ്പോള്‍ 1200 കുടുംബങ്ങള്‍ 19 സ്ഥലങ്ങളില്‍ കുടില്‍കെട്ടി. ഹാരിസ മലയാളം ലിമിറ്റഡിന്റെ 18 ഇടങ്ങളിലും വെള്ളാരംകുന്ന് മിച്ചഭൂമിയിലുമാണ് സമരം. എച്ച്എംഎല്‍ കമ്പനിയുടെ താഴെ അരപ്പറ്റ, അഞ്ചുമുറി, കടൂര്‍ ഡിവിഷനിലെ കടൂര്‍, കോനാര്‍ക്കാട്, കര്‍പ്പൂരക്കാട് പത്താംമൈല്‍, നാലാംനമ്പര്‍, ലക്കിഹില്‍സ്, പൊഴുതന, കല്ലൂര്‍, പെരിങ്കോട, ചുണ്ടേല്‍ ഡിവഷനിലെ ഏഴിടങ്ങള്‍ എന്നിവിടങ്ങളിലാണ് ആദിവാസികളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും അവകാശം സ്ഥാപിച്ചത്. ഈ ഭൂമികളെല്ലാം പാട്ടക്കാലാവധി കഴിഞ്ഞ് എച്ച്എംഎല്‍ കൈയേറിയതാണ്. ഇവയില്‍ മിക്കതും വാഴ- കവുങ്ങ് തോട്ടങ്ങളും തരിശുനിലങ്ങളുമാണ്.
ആജീവനാന്തം ഭൂമി കൈയടക്കാന്‍ പ്രമാണിമാര്‍ക്കാവില്ല: മുഖ്യമന്ത്രി
മൂന്നാറിലും വയനാട്ടിലും പ്രമാണിചമഞ്ഞ് ആജീവനാന്തം ഭൂമി കൈയടക്കിയിരിക്കാമെന്ന് ആരും ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അത്തരക്കാര്‍ക്ക് തെറ്റുപറ്റാന്‍പോകയാണ്. ഭൂരഹിതരുടെ പക്ഷത്താണ് ഞങ്ങളെന്നു പറയാന്‍ ഒരു മടിയുമില്ല. അധികാരത്തിലേറുമ്പോള്‍ എന്തുപറഞ്ഞോ അതു മറന്നിട്ടില്ല. മറക്കുകയുമില്ല. ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും ഭൂമിവിതരണം ഉടന്‍ പൂര്‍ത്തിയാക്കും. വീട്, വെള്ളം, വൈദ്യുതി എന്നിവയും ലഭ്യമാക്കും. അമ്പായത്തോട് മിച്ചഭൂമി നിവാസികള്‍ക്കുള്ള പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. നിയമത്തെ ആദരിച്ചും മാനിച്ചുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മറിച്ചുള്ള പ്രതിപക്ഷ ആക്ഷേപം ശരിയല്ല. ശ്രേയാംസ്കുമാറിന്റെയും വീരേന്ദ്രകുമാറിന്റെയും ജോര്‍ജ് പോത്തന്റെയും ഭൂമി സംബന്ധിച്ച് കോടതി ചില പരാമര്‍ശം നടത്തിയിട്ടുണ്ട്. എങ്ങനെ സര്‍ക്കാര്‍ ബോര്‍ഡ് വച്ചെന്നാണ് ചോദിച്ചിരിക്കുന്നത്. അതിനു സര്‍ക്കാരും കലക്ടറും മറുപടി പറയും. പക്ഷേ, ശ്രേയാംസ്കുമാറിന്റെ കൈയില്‍ എത്ര ഭൂമിയുണ്ടെന്നും കോടതി ചോദിച്ചിട്ടുണ്ട്. ഒരു കൂട്ടരുടെ കൈയില്‍ ഏക്കര്‍ കണക്കിനു ഭൂമിയും ഒരുതുണ്ട് ഭൂമിയില്ലാത്ത ആയിരങ്ങളുമുള്ള കാര്യവും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോടതിയുടെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് സര്‍ക്കാര്‍. അത് കണിശമായി കോടതിയും തിരിച്ചറിയും.
വയനാട്ടില്‍ പോയ ഉമ്മന്‍ചാണ്ടി-ചെന്നിത്തല-കുഞ്ഞാലിക്കുട്ടിമാരും അവരുടെ സുഹൃത്തുക്കളും ഇതെല്ലാം മനസ്സിലാക്കണം. ഭൂവുടമകള്‍ക്കും പണക്കാര്‍ക്കുംവേണ്ടി ചെന്നിത്തലയും കൂട്ടരും പാവങ്ങളുടെ ഭൂപ്രശ്നത്തോടു മുഖംതിരിഞ്ഞിരിക്കയാണ്. ഭരിക്കുമ്പോള്‍ ഭൂമിക്കായി സമരംചെയ്ത ആദിവാസിയെ വെടിവച്ചുകൊന്നവരാണ് ഇവരെന്ന് മറക്കരുത്. വെടിയേറ്റു മരിച്ച ജോഗിയുടെ മകള്‍ക്ക് ഈ സര്‍ക്കാരാണ് ജോലി നല്‍കിയത്. ളാഹ ഗോപാലനും കൂട്ടരും ചെങ്ങറയില്‍ സമരം നടത്തിയപ്പോള്‍ ഇറക്കിവിടാന്‍ കോടതി പറഞ്ഞിട്ടും ചര്‍ച്ചയിലൂടെ ഭൂമികൊടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഞങ്ങളെ വിമര്‍ശിക്കുന്ന യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ എന്തു ചെയ്തെന്നുകൂടി പരിശോധിക്കണം. യുഡിഎഫിന്റെ കാലത്ത് മൊട്ടക്കുന്നാണ് ആദിവാസികള്‍ക്ക് നല്‍കിയത്. അതവര്‍ ഇട്ടേച്ചുപോയി. എന്നാല്‍, വയനാട്ടില്‍ മാത്രം രണ്ടായിരത്തില്‍പ്പരം ആദിവാസി കുടംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി നല്‍കി. ആദിവാസി വനാവകാശ സംരക്ഷണനിയമപ്രകാരം മറ്റുനടപടികളും ഉടന്‍ സ്വീകരിക്കും ഭൂപരിഷ്കരണം നിലവില്‍ വന്ന കാലത്ത് തോട്ടങ്ങളായിരുന്നവ മറിച്ചുവില്‍ക്കയും മറ്റും ചെയ്തത് പരിശോധിക്കണം. ഭൂമി കൈമാറ്റങ്ങളിലും മറ്റും റവന്യു-രജിസ്ട്രേഷന്‍ വകുപ്പുദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈയേറ്റക്കാരെ സഹായിക്കാനെത്തിയ യുഡിഎഫ് സംഘം നിരാശരായി മടങ്ങി
ഭൂമികൈയേറ്റക്കാരെ സഹായിക്കാനും ആദിവാസികള്‍ അവകാശം സ്ഥാപിച്ച ഭൂമിയില്‍ പ്രകോപനം സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ നടത്തിയ ശ്രമം പൊളിഞ്ഞു. ഭൂസമരകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തിയാല്‍ തടയുമെന്നും പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും സമരകേന്ദ്രം സന്ദര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും ആദിവാസി ക്ഷേമസമിതി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ തിരിച്ചുപിടിച്ച കൃഷ്ണഗിരിയിലെ ഭൂമിയിലേക്കും ഭൂസമരകേന്ദ്രങ്ങളിലേക്കും ഒപ്പം വയനാട് കലക്ടറേറ്റിലേക്കും മാര്‍ച്ച് നടത്തുമെന്നായിരുന്നു യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ആദ്യപ്രഖ്യാപനം. എന്നാല്‍, കല്‍പ്പറ്റ നഗരത്തില്‍ ശുഷ്കമായ അംഗബലത്തോടെ പ്രകടനം നടത്തി നേതാക്കള്‍ പിരിഞ്ഞു.
ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെയും ജോര്‍ജ് പോത്തന്റെയും കൈയേറ്റഭൂമി സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് ജില്ലാ ഘടകത്തിലെ എതിര്‍പ്പാണ് സംസ്ഥാന നേതൃത്വത്തിന്റെ സന്ദര്‍ശനത്തിന് പ്രധാന തിരിച്ചടിയായത്. കയ്യേറ്റക്കാരെ സഹായിക്കാനാണ് സന്ദര്‍ശനമെന്ന് ജില്ലാഘടകം കുറ്റപെടുത്തി. ശ്രേയാംസിന്റെ ഭൂമിസംബന്ധിച്ച കോടതിപരാമര്‍ശവും പോത്തന്റെ ഭൂമിതട്ടിപ്പുസംബന്ധിച്ച സബ്കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതും യുഡിഎഫിന്റെ വയനാട് സന്ദര്‍ശനത്തെ വെട്ടിലാക്കി. സംഘര്‍ഷം വിതച്ച് നേട്ടം കൊയ്യാനുള്ള ശ്രമം ഇതോടെ പരാജയപ്പെട്ടു. ഭൂസമരകേന്ദ്രങ്ങളിലേക്കുള്ള ബഹുജനമാര്‍ച്ച് ഉപേക്ഷിച്ച് വെള്ളാരംകുന്നില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ച ഭൂമിയുടെ സമീപത്ത് ഉമ്മന്‍ചാണ്ടിയും സംഘവും എത്തി. സമരനേതാക്കളുമായി സംസാരിച്ച സംഘം മറ്റ് കേന്ദ്രങ്ങളിലേക്കൊന്നും പോയില്ല.
വെള്ളിയാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നാണ് യുഡിഎഫ് ആദ്യം പ്രഖ്യാപിച്ചത്. ശിവരാത്രി അവധിയായ കലക്ടറേറ്റിലേക്ക് എന്തിന് മാര്‍ച്ച് നടത്തുന്നുവെന്ന ചോദ്യമുയര്‍ന്നതോടെ ആ നീക്കം ഉപേക്ഷിച്ചു. സമരഭൂമികളിലേക്ക് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ ആയിരക്കണക്കിനാളുകള്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു പിന്നീടുണ്ടായ പ്രഖ്യാപനം. കൃഷ്ണഗിരിയില്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഈ നീക്കവും പൊളിഞ്ഞു. ഇതോടെ കല്‍പ്പറ്റയിലെ പരിമിതപ്രകടനം, വെള്ളാരംകുന്നിലെ സന്ദര്‍ശനം, പിന്നെ വാര്‍ത്താസമ്മേളനവുമായി യുഡിഎഫ് നേതാക്കളുടെ കൊട്ടിഘോഷിക്കപ്പെട്ട സന്ദര്‍ശനം പൂര്‍ത്തിയായി. വെള്ളാരംകുന്നിലെ സമരകേന്ദ്രത്തിനുസമീപമെത്തിയ ഉമ്മന്‍ചാണ്ടിയെയും സംഘത്തെയും കെ സി കുഞ്ഞിരാമന്‍ എംഎല്‍എ, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സ പി ആര്‍ നിര്‍മല എന്നിവര്‍ സ്വീകരിച്ചു. പോത്തന്റെ ഭൂമിതട്ടിപ്പുസംബന്ധിച്ച രേഖകളും ആദിവാസി സമരലക്ഷ്യങ്ങള്‍ സംബന്ധിച്ച നിവേദനവും എകെഎസ് ജില്ലാ പ്രസിഡന്റ് സീത ബാലന്‍ ഉമ്മന്‍ചാണ്ടിക്ക് കൈമാറി. സമരസ്ഥലത്തുണ്ടായിരുന്ന സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനുമായി സൌഹൃദസംഭാഷണം നടത്തിയ യുഡിഎഫ് നേതാക്കള്‍ സമരകേന്ദ്രത്തിനകത്തേക്ക് കടന്നില്ല. കാപ്പികഴിച്ച് പോകാമെന്ന് ആദിവാസികള്‍ ക്ഷണിച്ചെങ്കിലും അതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്നു പറഞ്ഞ് യുഡിഎഫ് നേതാക്കള്‍ മടങ്ങി.
ആദിവാസികളെ ഒഴിപ്പിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കും: ഉമ്മന്‍ചാണ്ടി
വയനാട്ടില്‍ അവകാശം സ്ഥാപിച്ച ഭൂമിയില്‍നിന്ന് ആദിവാസികളെ ഒഴിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ആദിവാസി ഭൂസമരത്തിനെതിരെ യുഡിഎഫ് നേതൃത്വത്തില്‍ ജില്ലയില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. വയനാട്ടില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ച കൈയേറ്റ ഭൂമി സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാറിന് എറണാകുളത്ത് ചേരുന്ന നേതൃയോഗത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു. കൃഷ്ണഗിരിയില്‍ ശ്രേയാംസ്കുമാറില്‍നിന്ന് ഏറ്റെടുത്ത ഭൂമി സര്‍ക്കാര്‍ ഭൂമിയല്ല. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പോത്തന്‍ ജോര്‍ജിന്റെ ഭൂമി കൈയേറ്റ ഭൂമിയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ നിയമ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ഭൂമി ആരെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കണമെന്നത് യുഡിഎഫ് നയമാണ്. എന്നാല്‍ ഇപ്പോഴത്തെ സമരരീതിയോട് യോജിക്കാന്‍ കഴിയില്ല. ഭൂമി സന്ദര്‍ശിക്കാനെത്തിയ യുഡിഎഫ് സംഘത്തോട് അങ്ങേയറ്റം ജനാധിപത്യ മര്യാദയോടെയാണ് ജില്ലയിലെ സിപിഐ എം നേതൃത്വം പെരുമാറിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സമരഭൂമിയില്‍ പ്രവേശിച്ചാല്‍ തടയുമെന്നൊക്കെയുള്ള പ്രചാരണങ്ങള്‍ അസ്ഥാനത്താക്കിയാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ സ്വീകരിച്ചത്. ഇതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18, 19, 20 തീയതികളില്‍ വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും ഭൂസമരത്തിനെതിരെ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. 18ന് ജാഥ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും 20ന് ജാഥാസമാപനം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. സിപിഐ എം രാഷ്ട്രീയമായി പകപോക്കുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടില്‍ നക്സല്‍ മോഡല്‍ സമരമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍ ബാലകൃഷ്ണപിള്ള, കെ എം മാണി, എം വി രാഘവന്‍, എം പി വീരേന്ദ്രകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചെങ്ങറയിലും വയനാട്ടിലും യുഡിഎഫിന് രണ്ട് നയം: കോടിയേരി
ഭൂമി പ്രശ്നത്തില്‍ യുഡിഎഫിന്റേത് ഇരട്ടത്താപ്പാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവര്‍ക്ക്ചെങ്ങറയില്‍ ഒരു നയവും വയനാട്ടില്‍ മറ്റൊരു നയവുമാണ്. വയനാട്ടില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവരെ കൈയേറ്റക്കാരായാണ് യുഡിഎഫ് കാണുന്നത്. ചെങ്ങറയില്‍ സ്വീകരിച്ച നയത്തിന്റെ നേര്‍വിപരീതമാണ് ഇത്. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎസ്ടിഎ) 19- ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി കൈയേറ്റവും ഭൂമിക്കുവേണ്ടിയുള്ള സമരവും രണ്ടാണ്. ഇതിനെ രണ്ടായിത്തന്നെയാണ് എല്‍ഡിഎഫ് കാണുന്നത്. വയനാട്ടില്‍ സമരം ചെയ്യുന്നവരുമായി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരം കാണും. ചെങ്ങറയിലും ഇതേ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്. ചെങ്ങറയില്‍ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടി അതിവേഗം പൂര്‍ത്തിയാവുകയാണ്. എന്നാല്‍ ഭൂമാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടി സ്വീകരിക്കും-കോടിയേരി പറഞ്ഞു.
അമ്പായത്തോട്ടില്‍ 1101 കുടുംബം ഭൂമിയുടെ അവകാശികളായി
ഒന്നരപ്പതിറ്റാണ്ടായി അമ്പായത്തോട് മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരടക്കം 1101 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി. ആഹ്ളാദവും ആവേശവും അലയടിച്ച അന്തരീക്ഷത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പട്ടയവിതരണം ഉദ്ഘാടനംചെയ്തു. കോഴിക്കോട്- വയനാട് ദേശീയപാതയോരത്ത് താമരശേരിക്കടുത്ത് രാരോത്ത് വില്ലേജിലാണ് അമ്പായത്തോട് മിച്ചഭൂമി. ഇവിടെ 16 വര്‍ഷമായി കൂരകെട്ടി താമസിക്കുന്ന 441 പേര്‍ പട്ടയം ലഭിച്ചവരില്‍പ്പെടും. രാരോത്ത് വില്ലേജില്‍നിന്ന് അപേക്ഷിച്ച 330 പേര്‍ക്കും ജീവിതരേഖ കൈമാറി. സമീപപ്രദേശങ്ങളായ വാവാട്, പുതുപ്പാടി, ഈങ്ങാപ്പുഴ, കെടവൂര്‍ വില്ലേജുകളില്‍നിന്നുള്ള 159 കുടുംബങ്ങള്‍ക്കും കോഴിക്കോട് താലൂക്കിലെ ഭൂരഹിതരായ 171 പേര്‍ക്കും ഭൂമിയുടെ അവകാശപത്രം വിതരണംചെയ്തു. അമ്പായത്തോടില്‍ താമസിച്ചിരുന്നവര്‍ക്കുപുറമെ സമീപഗ്രാമങ്ങളിലും കോഴിക്കോട് താലൂക്കിന്റെ വിവിധഭാഗങ്ങളില്‍നിന്നും അപേക്ഷ സ്വീകരിച്ചാണ് ഭൂമിക്ക് അവകാശികളെ കണ്ടെത്തിയത്. ഏഴായിരത്തോളം അപേക്ഷ പരിശോധിച്ചായിരുന്നു റവന്യൂവകുപ്പിന്റെ നടപടി. ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വയനാട്ടിലെയും മൂന്നാറിലെയും പ്രമാണിമാരുടെ ഭൂമികൈയേറ്റം തടയുമെന്നും വ്യക്തമാക്കി. സമ്പന്നരുടെ കൈയേറ്റം തടയുന്ന കാര്യത്തില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രനും പറഞ്ഞു.
നാലുപതിറ്റാണ്ട് നീണ്ട സഹനസമരങ്ങള്‍ക്കൊടുവിലാണ് അമ്പായത്തോടിലെ പാവപ്പെട്ട കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായത്. കെഎസ്കെടിയു നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയാണ് ഭൂരഹിതരുടെ പ്രക്ഷോഭം നയിച്ചത്. എ കെ ജിയടക്കമുള്ള സിപിഐ എം നേതാക്കള്‍ വിവിധഘട്ടങ്ങളില്‍ സമരത്തിന് ആവേശം പകര്‍ന്നു. ഭൂവുടമയായ ജോളി തോമസ് അനധികൃതമായി കൈയടക്കിയ 126.56 ഏക്കര്‍ ഭൂമിയില്‍ 1970ലാണ് കര്‍ഷകത്തൊഴിലാളികള്‍ സമരം തുടങ്ങിയത്. '87ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തൂ. '93ല്‍ ഉദ്ദേശം 1156 പേര്‍ ഭൂമിയില്‍ കയറി കുടില്‍കെട്ടി താമസമാക്കി. യുഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രിയായ എ കെ ആന്റണി സിആര്‍പിഎഫ് ക്യാമ്പിന് അമ്പായത്തോട് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. പാവങ്ങളെ കുടിയിറക്കാനുള്ള ആന്റണിസര്‍ക്കാരിന്റെ ശ്രമത്തിനെതിരായും ശക്തമായ ചെറുത്തുനില്‍പ്പുണ്ടായി. എന്നാല്‍,ഭൂവുടമ കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ ദുര്‍ബലസമീപനം എടുത്തതിനാല്‍ ഭൂരഹിതര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സുപ്രീംകോടതിയിലടക്കം സജീവമായി ഇടപെട്ടാണ് പാവങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിച്ചത്. അമ്പായത്തോട് മിച്ചഭൂമി വിതരണത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക നിയമവും പാസാക്കി. ജനകീയപ്രക്ഷോഭത്തിന്റെയും എല്‍ഡിഎഫ് ഭരണത്തിന്റെ ജനപക്ഷനിലപാടിന്റെയും ഭാഗമായാണ് അമ്പായത്തോട് നിവാസികള്‍ ഇപ്പോള്‍ കിടപ്പാടത്തിന് അവകാശികളായത്. പുതുജീവിതവും കിടപ്പാടവും സമ്മാനിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ആയിരക്കണക്കിന് സ്ത്രീകളടക്കം പങ്കെടുത്ത കൂറ്റന്‍പ്രകടനവുമുണ്ടായി. മന്ത്രിമാരായ എളമരം കരീം, കെ പി രാജേന്ദ്രന്‍ എന്നിവരും പട്ടയം വിതരണംചെയ്തു.
ദേശാഭിമാനി 130210
യുഡിഎഫില്‍ ചേക്കേറിയതിനാലാണ് വയനാട്ടില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചതെന്ന വാദം കൈയേറ്റക്കാരനെ സംരക്ഷിക്കാന്‍. എം പി വീര്രേന്ദ്രകുമാര്‍ എല്‍ഡിഎഫ് ഘടകകക്ഷിയായിരിക്കെ തന്നെ ശ്രേയാംസ്കുമാറിന്റെ ഭൂമി കൈയേറ്റം സിപിഐ എം പുറത്തുകൊണ്ടുവന്നിരുന്നു. വീരേന്ദ്രകുമാറും കുടുംബവും സര്‍ക്കാര്‍- ദേവസ്വം ഭൂമികള്‍ വ്യാപകമായി കൈയേറിയിട്ടുണ്ടെന്നും നടപടിയെടുക്കണമെന്നും ജനതാദള്‍ എല്‍ഡിഎഫ് ഘടകകക്ഷിയായിരുന്ന സമയത്തുതന്നെ സിപിഐ എം ആവശ്യപ്പെട്ടിട്ടുമുണ്ട്. മൂന്നാറിലെയും മറ്റും ഭൂമികൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച വേളയിലാണ് വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ വന്‍ ഭൂമി കൈയേറ്റത്തിന്റെ വിവരങ്ങള്‍ സിപിഐ എം വ്യക്തമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയേറ്റ ഭൂമി പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെയാണ് വീര്രേന്ദ്രകുമാര്‍ എല്‍ഡിഎഫ് വിട്ടത്. ലോകസഭാ തെരഞ്ഞെടുപ്പ് വേളയിലെ സീറ്റ് തര്‍ക്കം മുണണി വിടാനുള്ള നിമിത്തം മാത്രമായിരുന്നു. ആദര്‍ശത്തിന്റെ പേരിലല്ല, പകരം കൈയേറ്റ ഭൂമി സംരക്ഷിക്കാനാണ് വീരേന്ദ്രകുമാര്‍ യുഡിഎഫിലേക്ക് പോയത്.
ReplyDelete