Thursday, February 18, 2010

സമ്പൂര്‍ണ വൈദ്യുതീകരണം ശ്രദ്ധേയ നേട്ടം

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറിയത് കേരളത്തിന് അത്യധികം അഭിമാനിക്കാവുന്ന നേട്ടമാണ്. 21 കോടി 36 ലക്ഷം രൂപ വിനിയോഗിച്ചാണ് ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയത്. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സമ്പൂര്‍ണ വൈദ്യുതിവല്‍ക്കരണത്തിനുള്ള പരിശ്രമം താമസിയാതെ വിജയത്തിലെത്തും. കേന്ദ്രസഹായമില്ലാതെതന്നെ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി രാജ്യത്തിന് മാതൃക കാട്ടിയ കേരളത്തെ കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മറയില്ലാതെ പ്രശംസിക്കുകയും സംസ്ഥാന വൈദ്യുതിമന്ത്രി എ കെ ബാലനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 26 അസംബ്ളി മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചുകഴിഞ്ഞു. എപതോളം മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതിമേഖലയിലുണ്ടായ വന്‍തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാകുന്നത്. 10 വര്‍ഷം കൊണ്ട് വൈദ്യുതി സ്വയംപര്യാപ്തത എന്ന ലക്ഷ്യം പ്രഖ്യാപിച്ച് ഉല്‍പ്പാദന രംഗത്ത് മുടങ്ങിക്കിടന്ന പദ്ധതികള്‍ ത്വരിതപ്പെടുത്താനും പുതിയ പദ്ധതികള്‍ ആരംഭിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറ്റ്യാടി, ടെയില്‍റേസ്, നേര്യമംഗലം എക്സ്റന്‍ഷന്‍ എന്നിവ കമീഷന്‍ചെയ്തു. പാലക്കാട് അട്ടപ്പാടിയിലും ഇടുക്കി രാമക്കല്‍മേട്ടിലുമായി 34 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചതടക്കം 96 മെഗാവാട്ട് ഉല്‍പ്പാദനശേഷി കൂട്ടിച്ചേര്‍ത്തു. 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷന്‍ എക്സ്റന്‍ഷന്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. മുപ്പതോളം പദ്ധതിയില്‍നിന്നായി 730 മെഗാവാട്ടിന്റെ പ്രവൃത്തികള്‍ വിവിധഘട്ടങ്ങളിലാണുള്ളത്. മൂന്നുതവണ വിശദമായ പരിശോധന നടത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ അതിരപ്പിള്ളി പദ്ധതി പണി തുടങ്ങാന്‍പോകുമ്പോള്‍ നല്‍കിയ അനുമതി പിന്‍വലിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് അതേ മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ സമീപനം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമാകില്ല എന്ന് മന്ത്രി എ കെ ബാലന്‍ പാലക്കാട്ടെ ചടങ്ങില്‍ പറയുകയുണ്ടായി.

കേന്ദ്ര ഗവമെന്റ് ഇക്കാര്യത്തില്‍ യാഥാര്‍ഥ്യത്തിനു നിരക്കുന്ന സമീപനം സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷത്തെ ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ് കേരളത്തിനാണ് കിട്ടിയത്. വൈദ്യുതിമേഖലയിലെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പുരോഗതി ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് വിലയിരുത്തിയതില്‍ രാജ്യത്തെ മൂന്നാം സ്ഥാനം കേരളത്തിനാണ്. ഉല്‍പ്പാദന, പ്രസരണ, വിതരണ മേഖലകളിലെ സമഗ്രമായ പുരോഗതിയുടെ സൂചകമാണ് സമ്പൂര്‍ണ വൈദ്യുതീകരണം. ഇത് സംസ്ഥാനത്തിന്റെ സമസ്ത തലത്തിലുള്ള പുരോഗതിയുടെ സൂചനകൂടിയാണ്. ഈ നേട്ടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച മന്ത്രിയെയും ബോര്‍ഡിനെയും ബന്ധപ്പെട്ട എല്ലാവരെയും ഞങ്ങള്‍ മുക്തകണ്ഠം പ്രശംസിക്കുന്നു. വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ വിധ ആശംസയും അറിയിക്കുന്നു; സഹായ-സഹകരണങ്ങള്‍ വാഗ്ദാനംചെയ്യുന്നു.

ദേശാഭിമാനി മുഖപ്രസംഗം

1 comment:

  1. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറിയത് കേരളത്തിന് അത്യധികം അഭിമാനിക്കാവുന്ന നേട്ടമാണ്. 21 കോടി 36 ലക്ഷം രൂപ വിനിയോഗിച്ചാണ് ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയത്. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സമ്പൂര്‍ണ വൈദ്യുതിവല്‍ക്കരണത്തിനുള്ള പരിശ്രമം താമസിയാതെ വിജയത്തിലെത്തും. കേന്ദ്രസഹായമില്ലാതെതന്നെ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി രാജ്യത്തിന് മാതൃക കാട്ടിയ കേരളത്തെ കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മറയില്ലാതെ പ്രശംസിക്കുകയും സംസ്ഥാന വൈദ്യുതിമന്ത്രി എ കെ ബാലനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 26 അസംബ്ളി മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചുകഴിഞ്ഞു.

    ReplyDelete